ജനാധിപത്യ വ്യവസ്ഥയുടെ മൂന്ന് നെടുംതൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളില്‍ കാത്തുരക്ഷിക്കുന്നതിലും നീതിന്യായ സംവിധാനത്തിന് മുഖ്യമായ സംഭാവന നല്‍കുവാന്‍ കഴിയും. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എക്കാലവും ജുഡീഷ്യറിയെ കാണുന്നത്. ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ് എന്നീ തലങ്ങളില്‍ അപചയം കടന്നുകൂടിയാലും ജുഡീഷ്യറിയെ അതും തെല്ലും ബാധിക്കില്ലെന്ന ദൃഢവിശ്വാസമാണ് ജനതയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ആ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന അനുഭവങ്ങളാണ് സമീപകാലത്തുണ്ടായികൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നവംബര്‍ 26 ന് അലഹബാദ് ഹൈക്കോടതിയിലെ ചില ന്യായാധിപരെക്കുറിച്ച് സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് നടത്തിയ അതിരൂക്ഷമായ വിമര്‍ശനം ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്.
അലഹബാദ് ഹൈക്കോടതിയിലെ പല ജഡ്ജിമാരുടെയും സത്യസന്ധതയില്‍ കടുത്ത സംശയം ഉണ്ടെന്നാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്‌ഠേയ കട്ജുവും ജ്ഞാന്‍സുധാമിശ്രയും ഉള്‍പ്പെട്ട സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് പ്രസ്താവിച്ചത്. അവിടെ അമാന്തമില്ലാതെ ശുദ്ധീകരണപ്രക്രിയ നടത്തണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതിനു മുന്‍കൈയെടുക്കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡിന്റെ ഭൂമി സര്‍ക്കസ് മേളയ്ക്കായി വിട്ടുകൊടുക്കണമെന്ന അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ധാര്‍മികത ലംഘിക്കുന്നതും ഭയാശങ്ക വളര്‍ത്തുന്നതുമായ ഇത്തരം വിധികള്‍ കോടതികളില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ച ഡിവിഷന്‍ ബഞ്ച് അലഹബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ ധാര്‍മികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പരാതികള്‍ ലഭിച്ച കാര്യവും എടുത്തു പറയുകയുണ്ടായി. അയോധ്യ തര്‍ക്കഭൂമിയെ സംബന്ധിച്ച കേസില്‍ വിധി പ്രസ്താവം നടത്തിയ അലഹബാദ് ഹൈക്കോടതിയെകുറിച്ചാണ് ഈ വിമര്‍ശനമെന്നത് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്.
ജഡ്ജിമാരും ബന്ധുക്കളും പരിചയക്കാരുമായ അഭിഭാഷകരും ഒത്തുകളിക്കുന്നു, പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നു, ബന്ധുക്കളും സുഹൃത്തുക്കളും വാദിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ തുടര്‍ച്ചയായി അനുകൂല വിധി സമ്മാനിക്കുന്നു എന്നെല്ലാം ചൂണ്ടിക്കാട്ടിയ കട്ജുവും സുധമിശ്രയും അഭിഭാഷകവൃത്തി തുടങ്ങി വളരെക്കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില ന്യായാധിപരുടെ മക്കളും ബന്ധുക്കളും വന്‍ തുകയുടെ ബാങ്ക് നിക്ഷേപത്തിന്റെയും ആഡംബരകാറുകളുടെയും വന്‍ ബംഗ്ലാവുകളുടെയും ഉടമകളാവുകയും ചെയ്തതില്‍ ആശ്ചര്യപ്പെടുകയും ചെയ്തു.
നമ്മുടെ നീതിന്യായ വ്യവസ്ഥ അഭിമുഖീകരിക്കുന്ന കനത്ത വെല്ലുവിളിയാണ് ഇത് തെളിയിക്കുന്നത്. ന്യായാധിപന്മാരില്‍ മഹാഭൂരിപക്ഷവും ഈ ഗണത്തില്‍പ്പെടുന്നില്ലെന്നത് തീര്‍ച്ച തന്നെ. എന്നാല്‍ നിഷ്പക്ഷതയുടെ ഉന്നത മാതൃകയായിരിക്കേണ്ട ന്യായാധിപരില്‍ ചിലരെങ്കിലും ഇത്തരം വഴിപിഴച്ച പ്രവൃത്തിയിലേര്‍പ്പെടുന്നത് ജുഡീഷ്യറിക്ക് ആകെ കളങ്കമാണ്; പാലില്‍ ഒരു തുള്ളി വിഷം കലരുന്നതുപോലെ. ഒരു തുള്ളിയല്ല എന്നത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുണ്ട്. ന്യായാധിപസമൂഹത്തില്‍ 20 ശതമാനത്തിലേറെപ്പേര്‍ അഴിമതിക്കാരാണെന്ന് പരസ്യപ്രസ്താവന നടത്തിയത് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ബറൂച്ചയാണ്. നീതിന്യായ വ്യവസ്ഥയുടെ അപചയത്തെക്കുറിച്ച് ചീഫ് ജസ്റ്റിസായിരുന്ന പി എന്‍ ഭഗവതിയും കെ ജി ബാലകൃഷ്ണനും ആശങ്കപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സൗമിത്ര സെന്‍ കോടതി നിശ്ചയിച്ച റിസീവറായിരിക്കെ അനധികൃതമായി പണം കൈപ്പറ്റിയതിന്റെ പേരില്‍ ഇംപീച്ച് ചെയ്യപ്പെടാന്‍ പോകുന്നു. അനധികൃതമായി ഭൂമി സമ്പാദിച്ചുകൂട്ടിയതിന്റെ പേരില്‍ കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന ദിനകരന്‍ ആക്ഷേപത്തിന്റെ മുള്‍മുനയില്‍ കഴിയുന്നു. ഉത്തര്‍പ്രദേശിലെ പ്രോവിഡന്റ് ഫണ്ട് കുംഭകോണത്തില്‍ സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപര്‍ സംശയത്തിന്റെ നിഴലിലാണ്.
ജുഡീഷ്യറിയില്‍ കളങ്കിതര്‍ കടന്നുകൂടിയാല്‍ ജനാധിപത്യവ്യവസ്ഥയെ അത് ദുര്‍ബലപ്പെടുത്തും. അതുകൊണ്ടുതന്നെ ഇക്കാര്യം അത്യധികം ഗൗരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന്റെ മാനദണ്ഡങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണോ? അവരെ നിരന്തരം നിരീക്ഷിക്കുന്ന കാര്യക്ഷമമായ സംവിധാനങ്ങള്‍ ആവശ്യമാണോ എന്നതൊക്കെ ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങളാണ്. തങ്ങള്‍ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവരും തങ്ങളുടേതാണ് അവസാന വാക്കെന്നുമുള്ള ധാര്‍ഷ്ട്യത്തില്‍ നിന്ന് ന്യായാധിപന്‍മാര്‍ മോചിതരാകുകയും വേണം. തങ്ങളുടെ സ്വത്തുവിവരം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്ന ബാലിശം ജഡ്ജിമാര്‍ക്കുണ്ടാകുന്നത് ഇത്തരം ധാര്‍ഷ്ട്യത്തില്‍ നിന്നാണ്.
കളങ്കിതരെ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയും അനിവാര്യമായ പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചും നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണം.
ജനയുഗം മുഖപ്രസംഗം 011210
ജനാധിപത്യ വ്യവസ്ഥയുടെ മൂന്ന് നെടുംതൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളില്‍ കാത്തുരക്ഷിക്കുന്നതിലും നീതിന്യായ സംവിധാനത്തിന് മുഖ്യമായ സംഭാവന നല്‍കുവാന്‍ കഴിയും. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എക്കാലവും ജുഡീഷ്യറിയെ കാണുന്നത്. ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ് എന്നീ തലങ്ങളില്‍ അപചയം കടന്നുകൂടിയാലും ജുഡീഷ്യറിയെ അതും തെല്ലും ബാധിക്കില്ലെന്ന ദൃഢവിശ്വാസമാണ് ജനതയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ആ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന അനുഭവങ്ങളാണ് സമീപകാലത്തുണ്ടായികൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നവംബര്‍ 26 ന് അലഹബാദ് ഹൈക്കോടതിയിലെ ചില ന്യായാധിപരെക്കുറിച്ച് സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് നടത്തിയ അതിരൂക്ഷമായ വിമര്‍ശനം ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്.
ReplyDelete