Thursday, December 2, 2010

വിക്കിലീക്ക്‌സ് : അസാഞ്ചേയ്ക്കായി ഇന്റര്‍പോള്‍ വലവിരിച്ചു

സ്റ്റോക്ക് ഹോം: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചേയ്‌ക്കെതിരെ അന്താരാഷ്ട്ര അന്വേഷണ സംഘമായ  ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

സ്വീഡനില്‍ നടന്ന ലൈംഗിക പീഡനക്കേസിലുള്‍പ്പെടുത്തിയാണ് ഇന്റര്‍പോള്‍ അസാഞ്ചേയെ റെഡ്‌ലിസ്റ്റിലുള്‍പ്പെടുത്തിയത്. ഏറ്റവും പെട്ടെന്ന് പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയാണ് റെഡ്‌ലിസ്റ്റ്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ അഫ്ഗാന്‍ യുദ്ധരഹസ്യരേഖകള്‍ പ്രസിദ്ധീകരിക്കുന്നതിനായി സ്വീഡനിലെത്തിയ സമയത്ത് അസാഞ്ചേ തങ്ങളെ പീഡിപ്പിച്ചതായി രണ്ട് യുവതികള്‍ കൊടുത്ത പരാതിയിന്‍മേലാണ് നടപടി. ഓസ്‌ട്രേലിയന്‍ വംശജനായ അസാഞ്ചേ സ്വീഡന്‍ പൗരത്വം സ്വീകരിച്ചശേഷം സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തനിക്കെതിരെയുളളത് കളളക്കേസാണെന്നും രേഖകള്‍ പുറത്തുവിട്ടതിനെതിരെയുളള പ്രതികാര നടപടിയാണെന്നും അസാഞ്ചേ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

വിക്കിലീക്ക്‌സ് ജീവനുകള്‍ നഷ്ടപ്പെടുത്തുമെന്ന് ബില്‍ ക്‌ളിന്റണ്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ അന്താരാഷ്ട്രതലത്തിലുളള നയതന്ത്രരേഖകള്‍ ചോര്‍ന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്‌ളിന്റണ്‍ വിലയിരുത്തി. ഇതിന്റെ ഫലമായുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ഒട്ടനവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രേഖകളുടെ ചോര്‍ച്ച ഒട്ടേറെപേരുടെ സ്ഥാനനഷ്ടത്തിന് കാരണമാകുമെന്നും നോര്‍ത്ത് കരോലിനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

വിക്കിലീക്ക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചേയെ അമേരിക്കന്‍ കോടതിയ്ക്ക് മുന്‍പില്‍ കൊണ്ടുവരുമെന്ന ഭാര്യയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്‌ളിന്റന്റെ അഭിപ്രായത്തെ അദ്ദേഹം സാധൂകരിച്ചു.

വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ സൗദി നിഷേധിച്ചു

ദുബായ്: സൗദി അറേബ്യയുമായി ബന്ധപ്പെടുത്തി വിക്കിലീക്ക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്ന് വിദേശമന്ത്രാലയം. ഇറാനെ ആക്രമിക്കാന്‍ തയ്യാറാകണമെന്ന് അമേരിക്കയോട് സൗദി രാജാവ് അബ്ദുളള ആവശ്യപ്പെട്ടതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിരുന്നു. വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളുടെ  വിശ്വാസ്യതയെക്കുറിച്ചോ ആരാണ് ഇത് പുറത്തുവിട്ടതെന്നോ സൗദി ഭരണകൂടം ആശങ്കപ്പെടുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഒസാമ അല്‍ നഖ്‌ലി മാധ്യമങ്ങളോട് വ്യക്തമാക്കി.

റിയാദിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും ചോര്‍ന്നതെന്നവകാശപ്പെട്ട് വിക്കിലീക്ക്‌സ് പുറത്തുവിട്ട കേബിളില്‍ ഇറാന്റെ ആണവപദ്ധതികള്‍ക്ക് അവസാനം കാണാന്‍ ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മേഖലയിലെ സമാധാനാന്തരീക്ഷം തകരുമെന്നും കിംഗ് അബ്ദുളള അമേരിക്കയോടാവശ്യപ്പെട്ടതായി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിന് സൗദി അറേബ്യ എതിരല്ലെന്നും മധ്യേഷ്യയെ യുദ്ധഭൂമിയാക്കുന്ന തരത്തില്‍ ആണവായുധങ്ങള്‍ ശേഖരിച്ച് കൂട്ടുന്ന ശക്തികള്‍ക്കെതിരെ സൗദി അറേബ്യ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി. മധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് സൗദിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ അറബ് മേഖലയിലെ തങ്ങളുടെ പ്രധാനശത്രു ഇസ്രായേലാണെന്നും ഇറാനല്ലെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യക്തമാക്കി.

വധിക്കപ്പെടുമെന്ന് സര്‍ദാരി കണക്കുകൂട്ടിയിരുന്നു

ലണ്ടന്‍/വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ പട്ടാള അട്ടിമറിയുണ്ടാകുമെന്നും താന്‍ വധിക്കപ്പെടുമെന്നും പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി ഭയന്നിരുന്നതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. കരസേനാ മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് ഖയാനിയുമായി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ബന്ധത്തെത്തുടര്‍ന്നാണ് തന്റെ ചില മുന്‍ഗാമികള്‍ക്കുണ്ടായ വിധി തനിക്കുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ദാരി വിലയിരുത്തിയത്.

വിക്കിലീക്ക്‌സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്ര കേബിളുകളില്‍ പാകിസ്ഥാനിലെ  അമേരിക്കന്‍ സ്ഥാനപതി ആനി പാറ്റേഴ്‌സണുമായി സര്‍ദാരി ഇക്കാര്യം വിശദമായി സംസാരിക്കുന്നുണ്ട്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ തന്റെ സഹോദരി ഫര്‍യാല്‍ താല്‍പ്പൂരിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കണമെന്ന് തന്റെ മകന്‍ ബിലാവലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ദാരി പാറ്റേഴ്‌സണോട് വെളിപ്പെടുത്തുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും എത്രത്തോളം അകന്നുവെന്നതിന്റെ തെളിവാണ് ഈ വെളിപ്പെടുത്തലുകള്‍.

മാര്‍ച്ച് 2009 ല്‍ അമേരിക്കന്‍ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ദാരി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ഖയാനി അഭിപ്രായപ്പെടുകയും പകരം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അവാമി നാഷണല്‍ പാര്‍ട്ടിയിലെ  അസ്ഫന്‍ഡിയാര്‍ വാലിഖാനെ പിന്തുണയ്ക്കുമെന്ന് പറയുകയും ചെയ്തതായി കേബിളുകള്‍ വ്യക്തമാക്കുന്നു. നവാസ് ഷെരീഫ് നേതൃസ്ഥാനത്ത് വരാന്‍ അനുവദിക്കില്ലെന്നും ഖയാനി അഭിപ്രായപ്പെട്ടു. സര്‍ദാരിയെ എതിര്‍ക്കുന്നതോടൊപ്പം തന്നെ ഷെരീഫിനെ ഖയാനി അവിശ്വസിക്കുകയും ചെയ്യുന്നതായി പാറ്റേഴ്‌സണ്‍ വൈറ്റ്ഹൗസിലേയ്ക്കയച്ച സന്ദേശത്തില്‍ പറയുന്നു. ഖയാനി തന്നെ പുറത്താക്കുമെന്ന ആശങ്കയോടൊപ്പം തന്നെ താലിബാനെതിരെ യാതൊരു തരത്തിലും വിജയം കൈവരിക്കാനാകില്ലെന്ന് സര്‍ദാരി പറഞ്ഞതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിദന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിനോട് നടത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേലിന് അത്യന്താധുനിക ആയുധങ്ങള്‍ അമേരിക്ക നല്‍കി


ജെറൂസലെം: അറബ് ലോകത്തെ സഖ്യകക്ഷികള്‍ക്ക് അമേരിക്ക നല്‍കുന്ന ആയുധ സഹായത്തിനെതിരെ ഉറ്റസഖ്യകക്ഷിയായ  ഇസ്രായേല്‍ പ്രതിഷേധിച്ചപ്പോള്‍ അത്യാധുനിക ആയുധങ്ങള്‍ നല്‍കി അമേരിക്ക അവരെ മയപ്പെടുത്തിയതായി വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. ഇറാനെന്ന പൊതുശത്രുവിനെതിരായാണ് അറബ് സഖ്യകക്ഷികളെ സഹായിക്കുന്നതെന്നും  ഇസ്രായേലിന് നല്‍കുന്നതിനേക്കാള്‍ താരതമ്യേന ശേഷി കുറഞ്ഞ ആയുധങ്ങളാകും ഇവര്‍ക്ക് നല്‍കുന്നതെന്നും അമേരിക്ക ഇസ്രായേലിന് വാഗ്ദാനം നല്‍കിയതായി വിക്കിലീക്ക്‌സ് കേബിളുകള്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യ ഉള്‍പ്പെടെയുളള സുന്നി അറബ് രാജ്യങ്ങള്‍ക്കാണ് അമേരിക്ക ആയുധങ്ങള്‍ ലഭ്യമാക്കിയത്. ഇറാനെതിരെ അറബ് ലോകത്ത് പ്രതിരോധനിര വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു അമേരിക്കയുടേത്. എഫ്-15 വിമാനങ്ങളും മിസൈലുകളും സൗദിക്ക് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച ഇസ്രായേലിനോട് ഇറാനെ പൊതു ശത്രുവായി കണ്ടുകൊണ്ടുളള തീരുമാനമാണിതെന്നും അതിനാല്‍ അംഗീകരിക്കണമെന്നും അമേരിക്കന്‍  സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആന്‍ഡ്രൂ ഷാപിറോ ഇസ്രായേലിനോടഭ്യര്‍ഥിക്കുകയും ഇസ്രായേലിന് ഗുണകരമായ തീരുമാനമാണിതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.
 
അനുനയ തന്ത്രങ്ങളുമായി അമേരിക്ക


ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ നടത്തിയ ചാരവൃത്തി പുറം ലോകമറിഞ്ഞതിനു തൊട്ടുപിറകെ അനുനയ തന്ത്രങ്ങളുമായി അമേരിക്ക രംഗത്ത്. വിക്കി ലീക്‌സ് എന്ന വെബ്‌സൈറ്റാണ്, ഐക്യരാഷ്ട്ര സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്നവരെ നിരീക്ഷിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ യു എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത പുറത്തുവിട്ടത്. രക്ഷാസമിതിയിലേയ്ക്ക് ഇന്ത്യ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നാണ് ഹിലാരി വിക്കി ലീക്ക്‌സ് രേഖകളില്‍ പറയുന്നത്. ലോകത്തിലെ തന്നെ പ്രധാന ശക്തിയായി ഇന്ത്യ വളര്‍ന്നു വരുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നുണ്ടെന്നാണ്, അനുനയ തന്ത്രങ്ങളുമായി എത്തിയ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി ജെ റോമര്‍ ഇന്നലെ അഭിപ്രായപ്പെട്ടത്. ജനാധിപത്യമടക്കം പല കാര്യങ്ങളിലും ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ന്നതാണെന്നും തിമോത്തി പറഞ്ഞു.

രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ അനൗദ്യോഗികമായ വിവരങ്ങള്‍ പുറത്തുവന്നതില്‍ ഖേദിക്കുന്നതായി തിമോത്തി ജെ റോമര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വിടുകവഴി മനുഷ്യാവകാശ ലംഘനമാണ് വിക്കി ലീക്ക്‌സ് നടത്തിയത്. വ്യക്തി സ്വാതന്ത്രത്തിനു നേരെയുള്ള കടന്നു കയറ്റമാണിത്. ഇതിനെ നിയമ പരമായി നേരിടുമെന്നും തിമോത്തി പറഞ്ഞു.

ഈ മാസം തുടക്കത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിക്കി ലീക്ക്‌സ് രേഖകള്‍ പുറത്തുവന്നത്.

ജനയുഗം 021210

1 comment:

  1. ഇന്ത്യയ്‌ക്കെതിരെ നടത്തിയ ചാരവൃത്തി പുറം ലോകമറിഞ്ഞതിനു തൊട്ടുപിറകെ അനുനയ തന്ത്രങ്ങളുമായി അമേരിക്ക രംഗത്ത്. വിക്കി ലീക്‌സ് എന്ന വെബ്‌സൈറ്റാണ്, ഐക്യരാഷ്ട്ര സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്നവരെ നിരീക്ഷിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ യു എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത പുറത്തുവിട്ടത്. രക്ഷാസമിതിയിലേയ്ക്ക് ഇന്ത്യ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നാണ് ഹിലാരി വിക്കി ലീക്ക്‌സ് രേഖകളില്‍ പറയുന്നത്. ലോകത്തിലെ തന്നെ പ്രധാന ശക്തിയായി ഇന്ത്യ വളര്‍ന്നു വരുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നുണ്ടെന്നാണ്, അനുനയ തന്ത്രങ്ങളുമായി എത്തിയ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി ജെ റോമര്‍ ഇന്നലെ അഭിപ്രായപ്പെട്ടത്. ജനാധിപത്യമടക്കം പല കാര്യങ്ങളിലും ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ന്നതാണെന്നും തിമോത്തി പറഞ്ഞു.

    ReplyDelete