Sunday, January 23, 2011

വിമോചന യാത്രയും രാഷ്ട്രീയ യാഥാര്‍ഥ്യവും 1

കഴിഞ്ഞ നാലരവര്‍ഷമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരി നെതിരായി പ്രചരണതന്ത്രം ആവിഷ്‌കരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന യാത്രയുടെ ദിശതെറ്റിയോ? ശങ്കിക്കപ്പെടാന്‍ ന്യായമായും കാരണമുണ്ട്.

2005-ല്‍ അധികാരമേറ്റ് 2011 ഏപ്രിലോടെ അഞ്ച് വര്‍ഷകാലാവധി പൂര്‍ത്തിയാക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ അഴിമതി രഹിതവും ജനക്ഷേമകരവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. അവയോരോന്നും കൊട്ടിഘോഷിക്കപ്പെട്ടില്ലെങ്കിലും ദരിദ്രരേയും സാധാരണക്കാരേയും മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ആശ്വാസ-വികസന പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ അധികാരത്തിലുണ്ടായിരുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ പാവപ്പെട്ട വര്‍ക്കും സാധാരണക്കാര്‍ക്കുമായി എന്താണ് ചെയ്തത്? പ്രതിപക്ഷ നേതാവിന്റെ യാത്ര തെക്കോട്ടായ സ്ഥിതിക്ക് അവയൊന്നു പരിശോധിക്കുന്നത് തീര്‍ത്തും ഉചിതമായിരിക്കും.

ഇപ്പോഴത്തെ പ്രധാനമന്ത്രി നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഇന്ന് തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അറുപതു ശതമാനത്തോളം വരുന്ന പട്ടിണി പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സാമ്പത്തിക ഉദാരവത്ക്കരണം കൊണ്ട് എന്തു ഗുണമാണുണ്ടായത്? ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത 70 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യം ഒരു വലിയ സമ്പന്നരാഷ്ട്രമാകാന്‍ പോകുന്നു എന്ന പത്ര മാധ്യമങ്ങളിലെ വലിയ തലക്കെട്ടും ശ്രവ്യമാധ്യമങ്ങളിലെ മുഴക്കങ്ങളും കേള്‍ക്കുമ്പോള്‍ സാധാരണക്കാരന്‍ പകച്ചുനില്‍ക്കുകയാണ്, സ്വപ്നം കാണുകയല്ല നാളത്തെ ഇന്ത്യയെക്കുറിച്ച്. കാരണം അത്തരത്തില്‍ സ്വപ്‌നം കാണുകയും സാമ്പത്തിക കൂട്ടലും കിഴിക്കലും നടത്തി സംതൃപ്തി അടയുകയും ചെയ്യുന്ന 10 ശതമാനം ജനതയേയൊ, ജീവിതസമ്പാദ്യം മുഴുവന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളിലും കമ്മോഡിറ്റി മാര്‍ക്കറ്റിലും നടക്കുന്ന ചൂതാട്ടങ്ങളില്‍ നിക്ഷേപിച്ച് ആദ്യത്തെ പത്തില്‍ ഒന്നാകാനുള്ള അയഥാര്‍ഥ്യമായ ആഗ്രഹങ്ങളെ താലോലിക്കുന്ന ഒരുവനാകുവാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയുന്നില്ല. അവന്റെ മനസ്സിലെ ചിന്ത തന്റെയും കുട്ടികളുടെയും അന്നത്തെ വിശപ്പ് എങ്ങനെ ശമിപ്പിക്കാം എന്നത് മാത്രമാണ്. ഇത്തരത്തില്‍ പ്രതിശീര്‍ഷവരുമാനം തുലോം കുറഞ്ഞ ജനത ഒരു പക്ഷേ കേരളത്തില്‍ ഉണ്ടാവില്ലെങ്കിലും ഭാരതത്തിന്റെ മുക്കിലും മൂലയിലും കാണുവാന്‍ കഴിയും. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് മുതല്‍ കശ്മീര്‍ വരെയുള്ള എല്ലാ സംസ്ഥാനങ്ങളുടേയും ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഒരു യാത്ര നടത്തിയാല്‍ ഈ ചിത്രം എത്ര ഭയാനകമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ബിഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിന് പര്യായമായി ഇപ്പോഴും നിലകൊള്ളുന്നു.

ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ മൂന്നാമത്തെ ദരിദ്രരാഷ്ട്രമായി ഇന്ത്യ മുദ്രകുത്തപ്പെട്ടിരിക്കുന്നു. അവരുടെ കണക്കുപുസ്തകത്തില്‍ പോലും നമ്മുടെ രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ 80 രൂപ പോലും പ്രതിദിനവരുമാനം ഇല്ലാത്തവരാണ്. ഇവരില്‍ 41 ശതമാനം ജനങ്ങള്‍ അന്താരാഷ്ട്രദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുമാണ്. ഇത്തരത്തില്‍ ദാരിദ്ര്യത്തില്‍ നട്ടംതിരിയുന്ന ഒരു വന്‍ ജനസമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഒരു ഭരണകൂടം. ഈ രാജ്യം സാമ്പത്തിക കൊള്ളയ്ക്കായി കുത്തകകള്‍ക്ക് തുറന്നുെകാടുത്തുകൊണ്ടേയിരിക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂട. രാജ്യത്തിന്റെ വികസനമെന്നാല്‍ അംബരചുംബികളായ കെട്ടിട ങ്ങളും, പാലങ്ങളും, ആറുവരി പാതകളും ചീറി നടക്കുന്ന ഫോറിന്‍ കാറുകളുമാണെന്ന സങ്കല്‍പം അപരിഷ്‌കൃതവും, പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളുടെ സാങ്കല്‍പിക വാദങ്ങളും മാത്രമാണ്. ഒരു പൗരന്റെ പ്രതിശീര്‍ഷവരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ് വികസനത്തിന്റെ അളവ് കോല്‍ എന്ന യാഥാര്‍ഥ്യം മനപ്പൂര്‍വം മറച്ചുവെയ്ക്കപ്പെടുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ തുലോം പത്ത് ശതമാനം വരുന്ന ആധുനിക സമ്പന്നര്‍ക്കും, രാഷ്ട്രീയ മേലാളന്മാര്‍ക്കുമായി രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കാനായി തുറന്നിട്ടിരിക്കുന്ന ഒരു സമ്പദ്ഘടനയുടെ ഉള്ളടക്കമാണ് ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും സ്വകാര്യവത്ക്കരണവും. സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷാപ്രയോഗങ്ങളിലൂടെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന ഞാണിന്‍മേല്‍ കളിയായി ഇത് 1991 മുതല്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു.

ഈ കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച യുടെ അളവുകോല്‍ എത്ര പൊക്കിപിടിക്കാന്‍ ശ്രമിച്ചാലും യാഥാര്‍ഥ്യം മറനീക്കി പുറത്തു വന്നു കൊണ്ടേയിരിക്കും എന്ന വസ്തുതയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരി വര്‍ഗ്ഗത്തിന്റെ ഒരു കൊള്ളയടിയുടെ ഘോഷയാത്രയാണിത്. പൊടുന്നനെയുണ്ടാകുന്ന ഒരു സംഭവവികാസമല്ലിത്. സംഘടനാതലങ്ങളിലോ ഭരണതലങ്ങളിലോ ഉണ്ടാകാ വുന്ന യാദൃശ്ചികമായ ശ്രദ്ധക്കുറവു കൊണ്ടോ, ഉപേക്ഷകൊണ്ടോ, വീഴ്ചകള്‍ കൊണ്ടോ ഉണ്ടാ കുന്ന തിരിച്ചടികളല്ലിത്. ഇത് കണക്കുകുറിച്ച ഇടവേളകളില്‍ ചെയ്യുന്ന മനഃപൂര്‍വ്വമായ പകല്‍കൊ ള്ളയാണ്. ഇതിന്റെ അളവ് വരും കാലങ്ങളില്‍ കൂടികൊണ്ടേയിരിക്കും. കാരണം കഴിഞ്ഞ കൊള്ളയെ മറക്കണമെങ്കില്‍ അതിലും വലിയൊരു കൊള്ള നടന്നേതീരൂ. അതാണ് കുംഭകോണ ങ്ങളുടെ പ്രത്യയശാസ്ത്രവും രസതന്ത്രവും. 1991 മുതല്‍ 2010 വരെയുള്ള കുംഭകോണങ്ങളിലേക്ക്് ഒന്നെത്തി നോക്കിയാല്‍ ഈ കാര്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ഈ കൊള്ളയടിക്കെല്ലാം തന്നെ വ്യക്തമായ ഇതിവൃത്തവും തിരക്കഥയും ഉണ്ടായിരിക്കും. മാത്രമല്ല അതിന് ആനുപാതികമായ ഇടവേളകളും. 2010-ല്‍ നിന്ന് ഒന്ന് പിന്‍തിരിഞ്ഞ് നോക്കിയാല്‍ കാണുന്നതെന്താണ്? രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യു ഡി എഫ് മുന്നണിയ്ക്ക് ഇതൊന്നും ബാധകമല്ലേ! അതോ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ വികസനത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം കൊള്ളയടികള്‍ പൊതിഞ്ഞുവച്ചുകൊണ്ട് തിരുവനന്തപുരത്തേക്ക് ഒരു മാര്‍ച്ച് നടത്തിയാല്‍ മാത്രം മാറുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയാണോ കേരളത്തിലുള്ളത്!

2 ജി സ്‌പെക്ട്രം കൊള്ളയെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 60 ശതമാനം വരുന്ന ദരിദ്രരും നിരക്ഷരകുക്ഷികളുമായ ജനസമൂഹത്തിന് എന്താണിതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ഇവരാണ് ജനാധിപത്യത്തിന്റെ വിധികര്‍ത്താക്കള്‍.

നമ്മുടെ രാജ്യം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൊള്ള-1,76,000 കോടി രൂപ വിരലിലെണ്ണാവുന്ന ചില സമ്പന്നവര്‍ഗ്ഗ പ്രതിനിധികളും ഭരണവര്‍ഗ്ഗവും ചേര്‍ന്ന് തട്ടിെയടുത്തിരിക്കുന്നു. ഇത് കണ്ടുപിടിച്ചതോ സര്‍ക്കാറിന്റെ തന്നെ കണക്കപ്പിള്ളയായ- ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് ജനറല്‍. 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിലതാഴ്ത്തി നല്‍കിയതു മൂലം ഖജനാവിന് 1,76,000 കോടി രൂപ നഷ്ടമായി എന്ന് കണ്ടെത്തിയ ഓഡിറ്റര്‍ ആന്റ് അക്കൗണ്ടന്റ് ജനറല്‍ വിനോദ് റായിയെ ആക്ഷേപിക്കുകയാണ് ടെലികോം വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കപില്‍ സിബല്‍ ചെയ്തത്. ഖജനാവിന് ഒരു പൈസയുടെ പോലും നഷ്ടമുണ്ടായിട്ടില്ല എന്ന മന്ത്രി കപില്‍ സിബലിന്റെ വാദം പൊളിക്കുന്നത് മന്ത്രി രാജയുടെ രാജിതന്നെയാണ്. മാത്രമല്ല ഇത്തരത്തില്‍ ഒരു കൊള്ള നടന്നിട്ടില്ലെങ്കില്‍, ഒരു രൂപപോലും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെങ്കില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്? സുപ്രിംകോടതിയുടെ മേല്‍ നോട്ടത്തില്‍ തന്നെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടത് എന്തുകൊണ്ട്? പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള മഹാഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ പരോക്ഷമായും പരസ്യമായും  ജെ പി സി അന്വേഷണത്തെ പിന്തുണയ്ക്കുന്നത് എന്തിന്! മന്ത്രി കപില്‍ സിബിലോ കോണ്‍ഗ്രസ് വക്താക്കളായ മനീഷ് തിവാരിയോ, അഭിഷേക് സിംഗ്‌വിയോ എത്രമാറ്റി പറയാന്‍ ശ്രമിച്ചാലും വളച്ചൊടിക്കാന്‍ ശ്രമിച്ചാലും ആ ശ്രമങ്ങളെല്ലാം എന്തുകൊണ്ട് വിശ്വസനീയമാകുന്നില്ല.

2001-ലെ ഇടപാട് നടക്കുമ്പോള്‍ മൊബൈല്‍ വരിക്കാരായിരുന്നത് 40 ലക്ഷം പേരായിരുന്നുവെങ്കില്‍ 2008-ല്‍ ലേലം നടക്കുമ്പോള്‍ 3,500 ലക്ഷം
പേരായിരുന്നു മൊബൈല്‍ വരിക്കാരായി ഉണ്ടായിരുന്നത്. ഏകദേശം 90 ഇരട്ടിയോളം മൊബൈല്‍ ഉപഭോക്താക്കളില്‍ വര്‍ധനവ് ഉണ്ടായതിനുശേഷം സ്‌പെക്ട്രം ലൈസന്‍സ് വിറ്റത് 2001-ല്‍ വിറ്റ നാമമാത്രമായ തുകയ്ക്കാണ്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെയും പ്രധാനമന്ത്രിയുടേയും നിര്‍ദ്ദേശത്തെ പാടേ അവഗണിച്ചുകൊണ്ടാണ്  മന്ത്രി രാജ ലേലം സംഘടിപ്പിച്ചത്. 2001-ല്‍ നിന്നും 2008-ലേയ്ക്ക് രാജ്യം നടന്നുനീങ്ങിയപ്പോള്‍ വര്‍ധിച്ച ജീവിത നിലവാര സൂചികക്കോ പണപ്പെരുപ്പനിരക്കിനോ ആനുപാതികമായി പോലും 2 ജി സ്‌പെക്ട്രം ലൈസന്‍സ് മാത്രം എന്തുകൊണ്ട് മാറിയില്ല. മാത്രവുമല്ല ലേലത്തിന് നിഷ്‌കര്‍ഷിച്ചിരുന്ന നിയമാവലിയില്‍ സോപാധികം അടിമുടി മാറ്റം വരുത്തി ചില തത്പരകക്ഷികള്‍ക്ക് അനുകൂലമാക്കി മാറ്റി.

ലേലത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏകപക്ഷീയമായി അറിയിപ്പ് നല്‍കാതെ ഒരാഴ്ച മുന്‍കൂട്ടി അവസാനിപ്പിച്ച് മറ്റുള്ളവരെ ഒഴിച്ചുനിര്‍ത്തി. ഇതിനോടകം തന്നെ ഏകദേശം പത്തോളം കമ്പനികള്‍ക്ക് വെറും 10,772 കോടി രൂപയ്ക്ക് ലൈസന്‍സ് മന്ത്രി രാജ നല്കി കഴിഞ്ഞിരുന്നു. ആദ്യമാദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ലൈസന്‍സ് എന്ന് പ്രഖ്യാപിച്ച രാജ നിരവധി അനര്‍ഹരായ കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുവാന്‍ വേണ്ടി ബോധപൂര്‍വം ലൈസന്‍സ് നല്‍കുകയുണ്ടായി. ഒരു പൊതുലേലത്തില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. ഇത്തരത്തില്‍ ഒരു പൊതുലേലത്തില്‍ പാലിക്കപ്പെടേണ്ട ലിഖിതനിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി സ്വാപാധികം 2001-ല്‍ ലേലം കൊണ്ട വിലനിലവാരത്തില്‍ 2008 ലും ലേലം ചെയ്തതുവഴിയാണ് 1,76,000 ലക്ഷം രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായത്. ഈ ഭീമമായ നഷ്ടത്തിന് മറുപടി പറയാന്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് യാതൊരു ധാര്‍മ്മിക ഉത്തരവാദിത്വവുമില്ലെ! പ്രതിപക്ഷനേതാവെന്തേ ഇക്കാര്യങ്ങളൊന്നും കാസര്‍കോട് മുതലുള്ള യോഗങ്ങൡല്‍ പ്രതിപാദിക്കുന്നില്ല. കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാണോ!

വി പി രാധാകൃഷ്ണന്‍നായര്‍ ജനയുഗം 230111

രണ്ടാം ഭാഗം വിഫലമീയാത്ര ഗൂഢമീ ലക്ഷ്യം

1 comment:

  1. കഴിഞ്ഞ നാലരവര്‍ഷമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരി നെതിരായി പ്രചരണതന്ത്രം ആവിഷ്‌കരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന യാത്രയുടെ ദിശതെറ്റിയോ? ശങ്കിക്കപ്പെടാന്‍ ന്യായമായും കാരണമുണ്ട്.

    ReplyDelete