Thursday, January 27, 2011

പ്രമാണത്തില്‍ പാടം എന്നു രേഖപ്പെടുത്തിയ കരഭൂമിയില്‍ വീടുവയ്ക്കാന്‍ അനുമതി

കരഭൂമിയായി മാറിയ വസ്തുവില്‍ വീടു വയ്ക്കുന്നതിന് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന വൈഷമ്യങ്ങള്‍ പരിഹരിച്ച് ഉത്തരവു പുറപ്പെടുവിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു.

വര്‍ഷങ്ങള്‍ക്കു മുമ്പേ കരഭൂമിയായി മാറിയതാണെങ്കിലും റവന്യു രേഖകളില്‍ പാടം എന്നായതിനാല്‍ വീടുവയ്ക്കുന്നതിന് ഉണ്ടായ തടസ്സം പരിഹരിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.  ചുരുങ്ങിയത് 10 വര്‍ഷത്തിനു മുമ്പെങ്കിലും കരഭൂമിയായി മാറിയതായിരിക്കണമെന്നും സ്ഥലത്തിനു ചുറ്റുമുള്ളത് കരഭൂമി ആയിരിക്കണമെന്നും അപേക്ഷകന് മറ്റൊരിടത്തും വീടു വയ്ക്കാന്‍ കഴിയുന്ന ഭൂമിയില്ലാതിരിക്കണമെന്നും അന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.  300 ച.മീറ്ററില്‍ (3229 ച.അടി)കൂടുതല്‍ വലിപ്പമില്ലാത്ത വാസഗൃഹങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.  കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് അനുമതി നല്‍കാവുന്നതാണോ എന്ന് തീരുമാനിച്ചിരുന്നത്.

എന്നാല്‍ 2008ലെ തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് പല സ്ഥലത്തും ഈ സമിതിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു.  തന്മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് റവന്യു, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ കൂടി ആലോചിച്ച് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയാണുണ്ടായതെന്ന് മന്ത്രി അറിയിച്ചു.

2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പുതുതായി നികത്തുന്നതിനു മാത്രമേ ബാധകമാകുകയുള്ളൂ.  അതിനാല്‍ നിയമം നിലവില്‍ വരുന്നതിന് 10 വര്‍ഷം മുമ്പെങ്കിലും നികത്തപ്പെട്ട സ്ഥലത്ത് വാസഗൃഹ നിര്‍മാണത്തിന് അനുമതി നല്‍കാം.

റവന്യു, കൃഷി വകുപ്പുകളുടെ പ്രതിനിധികള്‍ നിര്‍ബന്ധമായും കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടതും, കമ്മിറ്റി എല്ലാ മാസവും കൂടേണ്ടതുമാണ്.  ഇതിനകം നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകള്‍ക്കും കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മറ്റ് ചട്ടങ്ങളുടെ ലംഘനമില്ലെങ്കില്‍ നമ്പര്‍ നല്‍കാനും തീരുമാനമുണ്ട്.

ജനയുഗം 250111

1 comment:

  1. കരഭൂമിയായി മാറിയ വസ്തുവില്‍ വീടു വയ്ക്കുന്നതിന് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന വൈഷമ്യങ്ങള്‍ പരിഹരിച്ച് ഉത്തരവു പുറപ്പെടുവിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു.

    ReplyDelete