Saturday, January 22, 2011

കപില്‍ സിബലിന്റെ പ്രസ്താവന ഉത്തരവാദിത്വമില്ലായ്മ: സുപ്രിം കോടതി

2ജി സ്‌പെക്ട്രം ഇടപാടില്‍ പൊതുഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. സി എ ജി റിപ്പോര്‍ട്ടിനെതിരെ മന്ത്രി നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ട സുപ്രിം കോടതി മന്ത്രി കുറെക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അഭിപ്രായപ്പെട്ടു. സ്‌പെക്ട്രം കേസിലെ സി ബി ഐ അന്വേഷണത്തെ ആരുടെയും അഭിപ്രായ പ്രകടനങ്ങള്‍ സ്വാധീനിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും പ്രകാരം 1,76,000 കോടി രൂപയുടെ നഷ്ടം ഉണ്ടായില്ലെന്നും നഷ്ടം സി എ ജി റിപ്പോര്‍ട്ടില്‍ പെരുപ്പിച്ചു കാട്ടിയിരിക്കുകയാണെന്നും  കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌പെക്ട്രം ഇടപാടില്‍ നഷ്ടമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രിം കോടതി രംഗത്തുവന്നത്. സിബലിന്റെ പ്രസ്താവന 2 ജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെയും വിമര്‍ശനത്തിനിടയാക്കിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയുടെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സുബ്രമണ്യം സ്വാമി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി മന്ത്രിക്കെതിരെ തിരിഞ്ഞത്. കേസില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ നടത്തുന്ന അന്വേഷണത്തില്‍ ഇത്തരത്തിലുള്ള സ്വാധീനമോ ഇടപെടലോ ഉണ്ടാകരുതെന്ന് ജസ്റ്റിസുമാരായ എ കെ ഗാംഗുലി, ജി എസ് സിംഘ്‌വി എന്നിവരുള്‍പ്പെട്ട ബഞ്ച് നിര്‍ദേശം നല്‍കി.

ടു ജി ഇടപാട് സംബന്ധിച്ച് സി ബി ഐ നടത്തുന്ന അന്വേഷണത്തെ ഇത്തരം പ്രസ്താവനകള്‍ സ്വാധീനിക്കരുത്. മാധ്യമങ്ങളിലെ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളും അന്വേഷണത്തെ ബാധിക്കരുതെന്ന് ബഞ്ച് വ്യക്തമാക്കി. കേസില്‍ ലൈസന്‍സ് നേടിയ 11 കമ്പനികളെയും കക്ഷിയാക്കണമെന്നുള്ള സുബ്രമണ്യം സ്വാമിയുടെ പുതുക്കിയ അപേക്ഷ കോടതി അംഗീകരിച്ചു. ലൈസന്‍സ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും 11 ടെലികോം കമ്പനികള്‍ക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. കമ്പനികള്‍ അനധികൃതമായി നേടിയ ലൈസന്‍സ് ചെറിയ പിഴ ഈടാക്കി നിയമാനുസൃതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുബ്രഹ്മണ്യം സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു. കമ്പനികളില്‍നിന്ന് പിഴ ഈടാക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടുകൊണ്ട് അേപക്ഷ നല്‍കാന്‍ കോടതി സ്വാമിക്കു നിര്‍ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എറ്റിസലാറ്റ്, യൂണിനോര്‍, ലൂപ് ടെലികോം, വീഡിയോകോണ്‍, എസ്‌ടെല്‍, അലിയന്‍സ് ഇന്‍ഫ്ര, ഐഡിയ സെല്ലുലാര്‍, ടാറ്റ ടെലി സര്‍വീസസ്, സിസ്റ്റമ ശ്യാം ടെലി സര്‍വീസസ്, ഡിഷ്‌നെറ്റ് വയര്‍ലെസ്, വോഡഫോണ്‍ എസ്സാര്‍ എന്നീ കമ്പനികള്‍ക്കാണ് നോട്ടീസ്.

ആത്മാഭിമാനമുള്ള മന്ത്രിയായിരുന്നെങ്കില്‍ ഇതിനോടകം രാജിവച്ചേനേ എന്ന് കോടതി പരാമര്‍ശങ്ങള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച സുബ്രമണ്യം സ്വമി അഭിപ്രായപ്പെട്ടു. അഭിഭാഷകന്‍ എന്ന നിലയില്‍ പല ടെലികോം കമ്പനികള്‍ക്കു വേണ്ടിയും സിബല്‍ ഹാജരായിട്ടുണ്ടെന്നും അതാണ് ഇടക്കിടയ്ക്ക് അഭിപ്രായങ്ങള്‍ മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സി എ ജി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച സിബലിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി സ്പീക്കര്‍ക്ക് കത്തു നല്‍കി. സിബലിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത പി എ സിയുടെ കഴിഞ്ഞ യോഗത്തില്‍ സമിതി അധ്യക്ഷനെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിരുന്നു. പി എ സി അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷിയാണ് സ്പീക്കര്‍ മീരാ കുമാറിന് കത്ത് നല്‍കിയിരിക്കുന്നത്. പി എ സിയെയും സി എ ജിയെയും കേന്ദ്ര മന്ത്രിമാര്‍ വിമര്‍ശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ജനയുഗം 220111

1 comment:

  1. 2ജി സ്‌പെക്ട്രം ഇടപാടില്‍ പൊതുഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കുകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. സി എ ജി റിപ്പോര്‍ട്ടിനെതിരെ മന്ത്രി നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ട സുപ്രിം കോടതി മന്ത്രി കുറെക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അഭിപ്രായപ്പെട്ടു. സ്‌പെക്ട്രം കേസിലെ സി ബി ഐ അന്വേഷണത്തെ ആരുടെയും അഭിപ്രായ പ്രകടനങ്ങള്‍ സ്വാധീനിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

    ReplyDelete