Monday, January 24, 2011

നഗ്നന്മാര്‍ സംഘം ചേര്‍ന്നാല്‍ നാണം മാറുമോ?

സിപിഐ എമ്മിനെതിരെ ഏത് പെരുങ്കള്ളവും ആരുന്നയിച്ചാലും രണ്ടാമതൊന്നാലോചിക്കാതെ വാരി വിളമ്പാന്‍ തങ്ങള്‍ പ്രഗത്ഭരാണെന്ന് നമ്മുടെ "നിഷ്പക്ഷ'' മാധ്യമങ്ങള്‍ പലതവണ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

    സ്പെക്ട്രം അഴിമതി മുതല്‍ ആഴ്ചതോറുമുള്ള പെട്രോള്‍ വിലക്കയറ്റം വരെ എഴുതാനാണെങ്കില്‍ വാര്‍ത്തകള്‍ക്ക് പഞ്ഞം ഉണ്ടായ കാലമില്ല. വിക്കിലീക്സും റാഡിയാ ടേപ്പും നാട്ടുകാരെ ഒന്നറിയിക്കണമെന്നു തോന്നിയാല്‍ ആഴ്ചകളുടെ പരമ്പരകള്‍ക്ക് വകുപ്പുണ്ടുതാനും. അതൊക്കെ ചെയ്താല്‍ ക്ഷീണിച്ചുപോകുന്നത് വലതുപക്ഷമാകയാല്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വഴിവേറെ നോക്കണമെന്ന് മാധ്യമങ്ങള്‍ക്കറിയാം. കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പാര്‍ടി പി ബി ശാസിച്ചുവെന്ന ക്ഷോഭജനകമായ "വാര്‍ത്ത'' എത്ര വേഗമാണ് കേരളം മുഴുവന്‍ പരന്നത്. ചാനല്‍ ചര്‍ച്ചക്കാരായ ധൂമകേതുക്കള്‍ ന്യൂസ് റൂമുകളിലേക്ക് ഓടിയെത്തി.

    ലോട്ടറി മാഫിയായെ സിബിഐ അന്വേഷണത്തില്‍നിന്നും രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന മാര്‍ക്സിസ്റ്റു പാര്‍ടിയുടെ "ചീട്ടുകീറുന്ന'' വിചാരണ ന്യൂസ് അവറുകളില്‍ നടന്നു. "അതുകൊണ്ടരിശംതീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു''വെന്ന് നമ്പ്യാര്‍ പാടിയതുപോലെ, നേരം വെളുത്തപ്പോള്‍ 'മ'കാര മാധ്യമങ്ങളുടെ ഊഴമായി. "വാര്‍ത്ത ചോര്‍ത്തിയതിനെതിരെ വി എസ് രംഗത്തെ''ന്ന് കിടിലന്‍ തലക്കെട്ടുമായി ബദല്‍ വാര്‍ത്തയും അരങ്ങേറി. യുദ്ധമുഖത്തേക്ക് നീങ്ങുമ്പോള്‍ പടനായകനെതിരെ യുദ്ധം ചെയ്യുന്ന പാര്‍ടിയായി സിപിഐ എമ്മിനെ അവതരിപ്പിച്ചു.

    കൊല്‍ക്കത്തയില്‍നിന്ന് വിമാനം കയറി നേതാക്കള്‍ ദില്ലിയിലെത്തിയപ്പോഴേയ്ക്കും, ആടിനെ പട്ടിയാക്കുന്ന മാധ്യമവിദ്യ പൊടിപാറിയിരുന്നു. "സത്യം ചെരുപ്പിടുമ്പോഴേയ്ക്കും അസത്യം ലോകസഞ്ചാരം നടത്തിയിരിക്കുമെന്ന്'' പറയുന്നതുപോലെ കള്ളവാര്‍ത്തയും അതിന്റെ വ്യാഖ്യാനങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ പാര്‍ടി പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രത്യേക പത്രസമ്മേളനം വിളിച്ച് വസ്തുതകള്‍ വ്യക്തമാക്കി.

1. ലോട്ടറിവിഷയം സിപിഐ എം പി ബി ചര്‍ച്ച ചെയ്തില്ല.
2. മുഖ്യമന്ത്രിയെ പാര്‍ടിക്കുള്ളില്‍ ശാസിച്ചെന്ന പ്രചാരണം നുണയാണ്.
3. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതാരെന്ന ചോദ്യത്തിന് അത് കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്ന് ചൂണ്ടിക്കാട്ടി.

    ഓരോ ചാനലിലും ഫ്ളാഷ് ന്യൂസ് വന്നതോടെയാണ് അസത്യമായ ഈ വാര്‍ത്തയുടെ പ്രചാരം തുടങ്ങിയത്. ആര്, ആദ്യം നടത്തിയെന്ന് ചാനലുകള്‍ പരിശോധിച്ചാലറിയാം. ആദ്യം വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വ്യക്തമാക്കേണ്ടത് ആരാണ് ഈ വ്യാജം തങ്ങളെ അറിയിച്ചതെന്നാണ്. ഇത്തരമൊരു വാര്‍ത്ത ലഭിച്ചാല്‍, പാര്‍ടി നേതൃത്വത്തെ ബന്ധപ്പെട്ട് ശരിയാണോയെന്ന് ഉറപ്പുവരുത്തേണ്ട എന്തെങ്കിലും ചുമതല തങ്ങള്‍ക്കുള്ളതായി മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കുന്നുണ്ടോ?

    പാര്‍ടിയുടെ നിഷേധം പുറത്തുവന്നതോടെ പരിഭ്രാന്തിയിലായ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതു കണ്ടു. ഏഷ്യാനെറ്റിലെ ന്യൂസ് അവറില്‍ പ്രശാന്ത് രഘുവംശത്തെ, തലേന്ന് റിപ്പോര്‍ട്ട് ചെയ്ത ലേഖകനെന്ന പേരില്‍ വീണ്ടും അവതരിപ്പിക്കുന്നതുകണ്ടു. "കോഴിക്കള്ളനെ''ന്നുവിളിക്കാന്‍ തങ്ങളുടെ തലയില്‍ കോഴിയുടെ പൂട ഇരിപ്പില്ലല്ലോയെന്ന് ഏഷ്യാനെറ്റ് ഉറപ്പുവരുത്തിയതു കണ്ടപ്പോള്‍ പ്രതിയെ പിടികിട്ടി. പ്രശാന്ത് രഘുവംശം സ്വയം ന്യായീകരിക്കാന്‍ പറഞ്ഞത് അതിനേക്കാള്‍ രസകരമായി. പി ബി തീരുമാനങ്ങള്‍ പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് വിശദീകരിക്കുമ്പോള്‍ തന്നെ ഈ വാര്‍ത്ത ചാനലുകളില്‍ വന്നിരുന്നുവെന്നും അത് കാരാട്ട് നിഷേധിച്ചില്ലയെന്നുമാണ്. അത്തരമൊരു വാര്‍ത്ത അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് കൊല്‍ക്കത്തയിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ലേഖകന്‍ പത്രസമ്മേളനത്തില്‍ തന്നെ ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചില്ല എന്നതിനാണ് ഏഷ്യാനെറ്റ് ലേഖകന്‍ ഉത്തരം പറയേണ്ടത്. മാത്രമല്ല, വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് തുറന്നുപറയാന്‍ ബാധ്യതയില്ലേ? ഒരു സംസ്ഥാന മുഖ്യമന്ത്രിയെപ്പറ്റി വ്യാജവാര്‍ത്ത നല്‍കി അപമാനിക്കുന്നത് അത്ര നിസ്സാരമായ കാര്യമാണോ? മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ വസ്തുതകളുമായി രംഗത്തുവരാന്‍ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതുമല്ലേ?

    ഇവിടെ സ്വയരക്ഷയ്ക്കായി മാധ്യമങ്ങള്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം, എന്തുകൊണ്ട് വാര്‍ത്ത നിഷേധിക്കാന്‍ പാര്‍ടി കേന്ദ്രത്തിന് ഒരു ദിവസം വേണ്ടി വന്നുവെന്നതാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ സദാസമയവും പ്രവഹിക്കുന്നതില്‍ ഉയര്‍ന്ന പാര്‍ടി കേന്ദ്രത്തിനുപോയിട്ട് സാധാരണ സഖാക്കള്‍ക്കുപോലും അല്‍ഭുതമുണ്ടാകാറില്ല. ഇവിടെ പാര്‍ടിയുടെ ഉയര്‍ന്ന നേതാവായ ഒരു മുഖ്യമന്ത്രിയെപ്പറ്റി എല്ലാ മാധ്യമങ്ങളിലും ഒരേ വാര്‍ത്ത പ്ളാന്റു ചെയ്തിരിക്കുന്നു. മനോരമയുടെ കുഞ്ചുക്കുറുപ്പ് ഒരു പടികൂടിക്കടന്ന് ഈ വാര്‍ത്ത നല്‍കാത്ത പാര്‍ടി മുഖപത്രത്തെ കളിയാക്കാന്‍ കൂടി മുതിര്‍ന്നു. തങ്ങള്‍ എല്ലാവരും കൂടി വ്യാജവാര്‍ത്തയിട്ടുവെന്നു മാത്രമല്ല, അതിന്റെ കൂടെക്കൂടാന്‍ തയ്യാറില്ലെങ്കില്‍ പാര്‍ടിയുടെ മുഖപത്രത്തെ വരെ കുറ്റപ്പെടുത്തുമെന്നാണ് വെല്ലുവിളി. ഇത് ഒരു മാധ്യമമോ, ഒരു മാധ്യമ പ്രവര്‍ത്തകനോ ഒറ്റയ്ക്കു ചെയ്യുന്നതല്ല. അതിനാല്‍ ഇതിനെ സിണ്ടിക്കേറ്റ് എന്നു തന്നെ വിളിക്കാം. തങ്ങള്‍ നല്‍കിയ വാര്‍ത്ത പിതൃശൂന്യമല്ലെങ്കില്‍ വാര്‍ത്തയുടെ പിതാവാരാണെന്ന് പിതൃത്വത്തിന്റെ മഹത്വമറിയുന്ന ഏതെങ്കിലുമൊരു മാധ്യമം വ്യക്തമാക്കട്ടെ. അതല്ല, ഈ പിതൃശൂന്യതയെ തുടര്‍ന്നും ആഘോഷിക്കാനാണു ഭാവമെങ്കില്‍ തങ്ങളുടെ മുഖമുദ്രയില്‍ "പിതൃശൂന്യത ജയിക്കട്ടെ''യെന്നോ മറ്റോ ചേര്‍ത്ത് സത്യത്തോട് അത്രയുമെങ്കിലും അടുത്തുനില്‍ക്കാന്‍ മഹാമനസ്കത കാട്ടണം.

    വ്യാജവാര്‍ത്തകള്‍ ഇറങ്ങിയത് തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന് പിറ്റേന്ന് മലയാള പത്രങ്ങള്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നു കൂടി നോക്കണം. "വി എസ് തിരിച്ചടിക്കുന്നു'' എന്ന ഉഗ്രന്‍ തലക്കെട്ടില്‍ സിപിഐ എം കേന്ദ്ര നേതൃത്വത്തെ വി എസ് പരോക്ഷമായി വെല്ലുവിളിക്കുന്നുവെന്നാക്കി മനോരമ. തലേന്ന് തങ്ങളുടെ തലക്കെട്ടിനിടയാക്കിയ വലിയ വാര്‍ത്ത 'നുണ'യായിരുന്നുവെന്ന് വ്യക്തമാക്കിയാല്‍ തങ്ങളുടെ ലേഖകന്റെ വിശദീകരണം ചേര്‍ക്കുന്ന രീതി പണ്ടുണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ "രഘുവംശം'' പോലെ അറിയപ്പെടുന്ന വിലാസമുള്ളവരോ അല്ലാത്തവരോ ആയ ആരുടെയെങ്കിലും വിശദീകരണം ഒരു മലയാളപത്രത്തിലും കണ്ടില്ല. മനോരമ ന്യൂസ് കൈകാര്യം ചെയ്ത വേണു പറഞ്ഞ ന്യായം ഇതേ വാര്‍ത്ത ടെലഗ്രാഫില്‍ വന്നതാണല്ലോ എന്നതാണ്. ഒരേ വാര്‍ത്ത അത് എത്ര വ്യാജമാണെങ്കിലും കുറെ പത്രങ്ങള്‍ ഒരുമിച്ചു കൊടുത്താല്‍ സത്യമാകുമെന്ന മാധ്യമ ന്യായം എത്ര ജുഗുപ്സാവഹമാണ്.

    സിപിഐ എമ്മിന്റെ സംഘടനാ തത്വങ്ങളില്‍ പ്രാഥമികമായതുപോലും അറിയാതെയാണ് പാര്‍ടിയെക്കുറിച്ച് എല്ലാമറിയാവുന്നതായി നടിക്കുന്ന ചിലര്‍ വാര്‍ത്തകള്‍ ചമച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു സഖാവിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കും മുമ്പ്, ബന്ധപ്പെട്ട ഘടകത്തില്‍ ആ സഖാവ് പങ്കെടുത്ത് ചര്‍ച്ച നടത്തി വിശദീകരണം അറിഞ്ഞശേഷമാണ് നടപടിവേണമോയെന്ന പ്രശ്നം ഉദിക്കുന്നതു തന്നെ. ഇവിടെ കേന്ദ്ര കമ്മിറ്റിയംഗമായ ഒരാളുടെ അസാന്നിദ്ധ്യത്തില്‍ ഉപരികമ്മിറ്റിയിലെ നേതാക്കള്‍ യോഗം ചേര്‍ന്ന് നടപടിയെടുക്കുമെന്നാണോ മാധ്യമങ്ങള്‍ കരുതിയത്? പാര്‍ടി സംഘടനാതത്വങ്ങള്‍ക്ക് നിരക്കാത്ത ഒരു കാര്യം പി ബി നടത്തിയെന്ന് എത്ര വളച്ചു തിരിച്ചവതരിപ്പിച്ചാലും ബോധ്യപ്പെടുന്നതുമല്ല. ഇത്രയേറെ തങ്ങള്‍ തുറന്നുകാട്ടപ്പെട്ടിട്ടും, മാര്‍ക്സിസ്റ്റ് പാര്‍ടിയോടല്ല, തങ്ങളുടെ വായനക്കാരോടെങ്കിലും തെറ്റുപറ്റിയെന്ന് പറയാനുള്ള ആര്‍ജ്ജവം ആര്‍ക്കുമില്ലാതെ വരുന്നതെന്തുകൊണ്ട്? നിഷ്പക്ഷതയുടെ മേലങ്കികള്‍ നഷ്ടപ്പെട്ടപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നഗ്നതയാണ് വെളിവാക്കപ്പെട്ടത്. നഗ്നരായവര്‍ ഒരുമിച്ച് ചേര്‍ന്ന് നാണം മറയ്ക്കാന്‍ ശ്രമിക്കുമ്പോഴും നഗ്നത മറയുന്നില്ലയെന്ന സത്യംകൂടി, ഇല്ലാത്ത നടപടിയുടെ പേരില്‍ മുഖ്യമന്ത്രിയെ അപമാനിച്ചവര്‍ തിരിച്ചറിയണം.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 280111

1 comment:

  1. സിപിഐ എമ്മിനെതിരെ ഏത് പെരുങ്കള്ളവും ആരുന്നയിച്ചാലും രണ്ടാമതൊന്നാലോചിക്കാതെ വാരി വിളമ്പാന്‍ തങ്ങള്‍ പ്രഗത്ഭരാണെന്ന് നമ്മുടെ "നിഷ്പക്ഷ'' മാധ്യമങ്ങള്‍ പലതവണ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

    സ്പെക്ട്രം അഴിമതി മുതല്‍ ആഴ്ചതോറുമുള്ള പെട്രോള്‍ വിലക്കയറ്റം വരെ എഴുതാനാണെങ്കില്‍ വാര്‍ത്തകള്‍ക്ക് പഞ്ഞം ഉണ്ടായ കാലമില്ല. വിക്കിലീക്സും റാഡിയാ ടേപ്പും നാട്ടുകാരെ ഒന്നറിയിക്കണമെന്നു തോന്നിയാല്‍ ആഴ്ചകളുടെ പരമ്പരകള്‍ക്ക് വകുപ്പുണ്ടുതാനും. അതൊക്കെ ചെയ്താല്‍ ക്ഷീണിച്ചുപോകുന്നത് വലതുപക്ഷമാകയാല്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വഴിവേറെ നോക്കണമെന്ന് മാധ്യമങ്ങള്‍ക്കറിയാം. കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പാര്‍ടി പി ബി ശാസിച്ചുവെന്ന ക്ഷോഭജനകമായ "വാര്‍ത്ത'' എത്ര വേഗമാണ് കേരളം മുഴുവന്‍ പരന്നത്. ചാനല്‍ ചര്‍ച്ചക്കാരായ ധൂമകേതുക്കള്‍ ന്യൂസ് റൂമുകളിലേക്ക് ഓടിയെത്തി.

    ReplyDelete