Friday, January 21, 2011

ചില്ലറവ്യാപാരത്തിന് ഭീഷണി

ചില്ലറ വ്യാപാരരംഗത്ത് മള്‍ട്ടിബ്രാന്‍ഡ് മേഖലയിലടക്കം 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയാണ് യുപിഎ സര്‍ക്കാര്‍. വാണിജ്യ-വ്യവസായവകുപ്പ് തയ്യാറാക്കിയിട്ടുള്ള ഇതുസംബന്ധിച്ച കുറിപ്പില്‍ മന്ത്രിസഭ ഈ ആഴ്ച അനുകൂല തീരുമാനമെടുക്കും എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. രാജ്യത്തിന്റെ ചില്ലറവ്യാപാരരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതുകൊണ്ട് വിലക്കയറ്റത്തിന് തടയിടാന്‍ പറ്റുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം ശുദ്ധ ഭോഷ്ക്കാണ്. ഒരുവശത്ത് വികലമായ നയങ്ങളിലൂടെ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുക. മറുവശത്ത്, ആ വിലക്കയറ്റത്തിന്റെ പേരുപറഞ്ഞ് ബഹുരാഷ്ട്ര കോര്‍പറേറ്റ് സ്ഥാപനങ്ങളെ ചില്ലറവ്യാപാരരംഗത്തേക്ക് കടത്തിവിടുക. ഈ തട്ടിപ്പ് കാണാന്‍മാത്രം ബുദ്ധിയില്ലാത്തവരാണ് ഇന്ത്യന്‍ജനതയെന്ന് യുപിഎ സര്‍ക്കാര്‍ ധരിക്കരുത്.

വിലക്കയറ്റവുമായി എന്തെങ്കിലും വിധത്തില്‍ ബന്ധമുള്ള നടപടിയല്ലിത്. യുഎസ് പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനവുമായാണ് ഈ നടപടിക്ക് ബന്ധം. തന്ത്രപരമായ സൈനികസഖ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പോളത്തിന്റെ സര്‍വതന്ത്ര സ്വതന്ത്രമായ നിയന്ത്രണാധികാരം കൈയടക്കലും ഒബാമയുടെ മുന്‍ഗണനാവിഷയമായിരുന്നു. അന്നത്തെ ചര്‍ച്ചകളുടെ തുടര്‍ച്ചയായ നടപടിയാണ് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം മള്‍ട്ടിബ്രാന്‍ഡ് ചില്ലറരംഗത്ത് അനുവദിക്കുക എന്നത്. ഇത് നടപ്പാകുന്നതോടെ ഇന്ത്യന്‍ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നും ചില്ലറ കച്ചവടക്കാര്‍ തുടച്ചുനീക്കപ്പെടും. ബഹുരാഷ്ട്ര കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ചില്ലറ വ്യാപാരം കൈയടക്കും. ദശലക്ഷക്കണക്കിന് ജോലിക്കാര്‍ ജോലിയില്‍നിന്ന് പറിച്ചെറിയപ്പെടും. ഇന്ത്യന്‍വിപണി ബഹുരാഷ്ട്ര ചൂഷണത്തിനുള്ള തുറന്ന കമ്പോളമായി മാറുകയുംചെയ്യും. വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്നതിനേ ഈ കേന്ദ്രനടപടി സഹായിക്കൂ. കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മറ്റും കാര്യത്തില്‍ ഉല്‍പ്പാദകന്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നം ഇത്തരം കമ്പനികള്‍ക്ക് കൈമാറേണ്ട നില വരും. അതേ ഉല്‍പ്പന്നങ്ങള്‍ പലമടങ്ങ് വിലയ്ക്ക് കമ്പനി ഉപയോക്താവിന് കൈമാറും. ഉല്‍പ്പന്ന വിതരണത്തിന്റെ രണ്ടറ്റത്തും ചൂഷണം. ഇത് വില നിയന്ത്രിക്കാനല്ല, ഉയര്‍ത്താനേ സഹായകമാകൂ. രാജ്യത്തെ അസംഘടിത ചില്ലറവില്‍പ്പനക്കാര്‍ക്കും കോടിക്കണക്കായ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്കും വിനാശകരമാവും കേന്ദ്രത്തിന്റെ ഈ നിലപാട്.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായ തൊഴില്‍രഹിത വളര്‍ച്ച എന്ന സങ്കല്‍പ്പമാണ് കേന്ദ്രനടപടിക്ക് പിന്നിലുള്ളത്. തൊഴിലവസരങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള വ്യവസായവളര്‍ച്ച എന്ന തന്ത്രം ചെറുകിട ചില്ലറ വില്‍പ്പനമേഖലകളില്‍ നടപ്പാക്കപ്പെടുകയാണ്. ആഭ്യന്തര നിക്ഷേപം ആവശ്യമില്ലാതെ, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാതെ, അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ, ലാഭം കുന്നുകൂട്ടാനുള്ള കോര്‍പറേറ്റ് തന്ത്രത്തിന് സൌകര്യം ചെയ്തുകൊടുക്കുകയാണ് കേന്ദ്രം. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖല ചെറുകിട-ചില്ലറ വ്യാപാരരംഗമാണ്. ഇതിലെ 95 ശതമാനവും അസംഘടിതമേഖലയിലാണ്. പന്ത്രണ്ട് ദശലക്ഷം ചില്ലറ വ്യാപാരകടകളും നാല്‍പ്പത് ദശലക്ഷം ചില്ലറ വ്യാപാരികളുമുള്ളതായാണ് കേന്ദ്രത്തിന്റെ പക്കല്‍തന്നെയുള്ള കണക്ക് വ്യക്തമാക്കുന്നത്. 213.33 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണത്രേ ഈ മേഖലയില്‍ നടക്കുന്നത്. അതാകട്ടെ, മൊത്തം ദേശീയവരുമാനത്തിന്റെ 11 ശതമാനമാണ്. നാലാം സാമ്പത്തിക സെന്‍സസിലൂടെയാണ് ചില്ലറവ്യാപാരരംഗം ഇന്ത്യയില്‍ എത്രമേല്‍ രൂഢമൂലമായിക്കഴിഞ്ഞ സംവിധാനമാണെന്നത് തെളിഞ്ഞത്.

2006ല്‍ 6.4 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന നടന്ന ഈ രംഗം 2010ല്‍ 23 ബില്യന്റെ വില്‍പ്പനയുള്ള രംഗമായി വികസിക്കുന്നുവെന്ന സ്ഥിതിവിവരക്കണക്കുകൂടി പുറത്തുവന്നതോടെയാണ് ബഹുരാഷ്ട്ര വിദേശ കോര്‍പറേറ്റുകളുടെ കഴുകന്‍കണ്ണുകള്‍ ഇന്ത്യന്‍ ചില്ലറ വില്‍പ്പനരംഗത്തുനിന്ന് മാറാതെയായത്. അമേരിക്കയുടെ വാള്‍മാര്‍ട്ട്, ബ്രിട്ടന്റെ ടെസ്കോ, ദേബന്‍ ഹംസ്, ജര്‍മനിയുടെ മെട്രോ എജി, ഫ്രാന്‍സിന്റെ കെയര്‍ ഫോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുകയറാന്‍ അവസരം പാര്‍ത്തിരുന്നു. വാള്‍മാര്‍ട്ട് ആകട്ടെ, വിദേശനിക്ഷേപത്തിനുള്ള അനുമതിയാകും മുമ്പുതന്നെ ഭാര്‍തി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭാര്‍തിയുടെ പേരില്‍ സ്റാളുകള്‍ ആരംഭിച്ചു, വില്‍പ്പന തുടങ്ങി. ചെറുകിട വില്‍പ്പനമേഖലയിലെ ഒരു ശരാശരി ഇന്ത്യന്‍ വില്‍പ്പനക്കാരന്റെ വില്‍പ്പനശേഷി 78,000 രൂപയുടേതാണെങ്കില്‍ വാള്‍മാര്‍ട്ടിന് ഇത് 74.18 ലക്ഷം രൂപയുടേതാണ്. സാങ്കേതിക സംവിധാനങ്ങളുടെയും മറ്റും പിന്‍ബലത്തിലാണ് വില്‍പ്പനശേഷിയില്‍ 95 ശതമാനത്തിന്റെ വര്‍ധന സ്ഥാപിച്ചെടുത്തിട്ടുള്ളത്.

ഇന്ത്യയില്‍ 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 ടൌണുകളുണ്ട്. ഇവയില്‍ തങ്ങള്‍ വില്‍പ്പന സ്റാളുകള്‍ തുടങ്ങിയാല്‍ ഓരോ ടൌണിലും 4,32,000 പേര്‍ ചെറുകിട വ്യാപാരരംഗത്തുനിന്ന് പുറത്താകുമെന്നാണ് വാള്‍മാര്‍ട്ട് കണക്കുകൂട്ടിയിട്ടുള്ളത്. ഇങ്ങനെ പുറത്താകുന്ന ജോലിക്കാരുടെയും വില്‍പ്പനശാല ഉടമകളുടെയും ജീവിതം യുപിഎ സര്‍ക്കാരിന് പ്രശ്നമേയല്ല.

യുപിഎ സര്‍ക്കാരിന്റെ വികലവും വിചിത്രവുമായ നിലപാടുകള്‍ ജനമധ്യത്തില്‍ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയുടെയും കാര്‍ഷികോല്‍പ്പാദന വര്‍ധനയുടെയും പേരുപറഞ്ഞ് മൊസാന്റോപോലുള്ള സ്ഥാപനങ്ങളെ ക്ഷണിച്ചുവരുത്തുക. കരാര്‍കൃഷിക്കായി ഇന്ത്യന്‍ കര്‍ഷകരെ അവര്‍ക്കേല്‍പ്പിച്ചുകൊടുക്കുക. ഒടുവില്‍ കടക്കെണിയില്‍പ്പെട്ട് ഇന്ത്യന്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുക. ഇതേപോലെ, വിലക്കയറ്റ നിയന്ത്രണത്തിന് പര്യാപ്തമാവുമെന്നുപറഞ്ഞ് വാള്‍മാര്‍ട്ടിനെയും ടെസ്കോയെയുംമറ്റും ഇവിടേക്ക് കൊണ്ടുവരിക. തുടച്ചുനീക്കപ്പെടുന്ന ചില്ലറ കച്ചവടക്കാരെ അങ്ങനെ ആത്മഹത്യയിലേക്ക് നയിക്കുക.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങളാണ് ഇതില്‍നിന്നൊക്കെ തെളിഞ്ഞുവരുന്നത്. കരാര്‍കൃഷി സമ്പ്രദായവും മറ്റും കടന്നുവന്നതിനെത്തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യയുടെ നിരക്ക് കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം മൊത്തം കര്‍ഷക ആത്മഹത്യയില്‍ മൂന്നില്‍ രണ്ടും നടന്നത് മഹാരാഷ്ട്ര (2872), ആന്ധ്രപ്രദേശ് (2414), കര്‍ണാടകം (2282), ഛത്തീസ്ഗഢ് (1802), മധ്യപ്രദേശ് (1395) എന്നിവിടങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍തന്നെയാണ് കാര്യമായ രീതിയില്‍ കരാര്‍കൃഷി സമ്പ്രദായവും മറ്റും പരീക്ഷിക്കപ്പെട്ടത് എന്നതോര്‍ക്കണം. 17,368 കര്‍ഷകരാണ് 2009ല്‍ ആത്മഹത്യചെയ്തതെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പക്കലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേപോലുള്ള ദുരന്തങ്ങള്‍ ചെറുകിട-ചില്ലറ വ്യാപാരമേഖലകളില്‍ പടരാതിരിക്കാനുള്ള ജാഗ്രത ഉണ്ടായേ മതിയാകൂ.

ദേശാഭിമാനി മുഖപ്രസംഗം 200111

1 comment:

  1. ചില്ലറ വ്യാപാരരംഗത്ത് മള്‍ട്ടിബ്രാന്‍ഡ് മേഖലയിലടക്കം 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയാണ് യുപിഎ സര്‍ക്കാര്‍. വാണിജ്യ-വ്യവസായവകുപ്പ് തയ്യാറാക്കിയിട്ടുള്ള ഇതുസംബന്ധിച്ച കുറിപ്പില്‍ മന്ത്രിസഭ ഈ ആഴ്ച അനുകൂല തീരുമാനമെടുക്കും എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. രാജ്യത്തിന്റെ ചില്ലറവ്യാപാരരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതുകൊണ്ട് വിലക്കയറ്റത്തിന് തടയിടാന്‍ പറ്റുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം ശുദ്ധ ഭോഷ്ക്കാണ്. ഒരുവശത്ത് വികലമായ നയങ്ങളിലൂടെ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുക. മറുവശത്ത്, ആ വിലക്കയറ്റത്തിന്റെ പേരുപറഞ്ഞ് ബഹുരാഷ്ട്ര കോര്‍പറേറ്റ് സ്ഥാപനങ്ങളെ ചില്ലറവ്യാപാരരംഗത്തേക്ക് കടത്തിവിടുക. ഈ തട്ടിപ്പ് കാണാന്‍മാത്രം ബുദ്ധിയില്ലാത്തവരാണ് ഇന്ത്യന്‍ജനതയെന്ന് യുപിഎ സര്‍ക്കാര്‍ ധരിക്കരുത്.

    ReplyDelete