Monday, January 31, 2011

കര്‍ണാടകത്തിലെ പൊറാട്ട് നാടകം; അഴിമതിയുടെ ദുര്‍ഗന്ധവും

രാജ്യത്തെ രണ്ടു വലിയ ബൂര്‍ഷ്വാ പാര്‍ടികളും ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടപ്പെടുന്ന, ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന, ധാര്‍മികമായി അധ:പതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വാതന്ത്ര്യം വാങ്ങിത്തന്നതിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വയം ഏറ്റെടുക്കുന്ന കോണ്‍ഗ്രസും ആ പാര്‍ടിക്ക് പകരം നില്‍ക്കാന്‍ കെല്‍പുള്ള, സംശുദ്ധമായ 'വേറിട്ട പാര്‍ടി' എന്ന് സ്വയം ഉയര്‍ത്തിക്കാണിച്ച ബിജെപിയും ഈ റിപ്പബ്ളിക്ദിനത്തില്‍പോലും സ്വയം അപഹാസ്യരായിനില്‍ക്കുന്നു.

    രാജ്യം മുഴുവന്‍, രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം, അണിനിരന്ന് ആഘോഷിക്കേണ്ട വിശേഷ ദിവസങ്ങളാണ് റിപ്പബ്ളിക്ദിനവും സ്വാതന്ത്യ്രദിനവും. ലോകത്തിലെ എല്ലാ രാജ്യങ്ങളും അതതു രാജ്യത്തെ ജനങ്ങളുടെ മഹോത്സവമായിട്ടാണ് സ്വാതന്ത്യ്രദിനംപോലെയുള്ള ദിനങ്ങള്‍ ആചരിക്കാറുള്ളത്. എല്ലാ പാര്‍ടികളിലും പെട്ട ആളുകളെയും ഒരു പാര്‍ടിയിലും പെടാത്തവരെയും അണിനിരത്തിക്കൊണ്ട് ഔദ്യോഗികമായി ആഘോഷിക്കുന്ന ഇത്തരം ഒരു വിശേഷദിനത്തെ, തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ-വര്‍ഗീയ താല്‍പര്യ മുതലെടുപ്പിനുവേണ്ടി വിഭാഗീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി റിപ്പബ്ളിക് ദിനത്തില്‍ ശ്രമിച്ചത്. ഓരോ സ്ഥലത്തുമുള്ളവര്‍, അതതു സ്ഥലത്തെ ഔദ്യോഗിക ചടങ്ങുകളില്‍ കൂട്ടായി പങ്കെടുത്ത് ദിനാചരണം വിജയിപ്പിക്കുകയാണ് പതിവ്. അതിന് വിരുദ്ധമായി വിദൂരത്തുള്ള ജമ്മു-കാശ്മീരിലെ ലാല്‍ചൌക്കില്‍ ചെന്ന് ബലംപ്രയോഗിച്ച് പതാക ഉയര്‍ത്തിക്കൊണ്ട്, തങ്ങളുടെ രാജ്യസ്നേഹവും ദേശാഭിമാനവും പ്രകടിപ്പിക്കുമെന്ന് വാശിപിടിച്ചവര്‍ രാജ്യസ്നേഹമല്ല പ്രകടിപ്പിച്ചത്; മറിച്ച് തങ്ങളുടെ മനസ്സിലുറഞ്ഞുകിടക്കുന്ന രാജ്യദ്രോഹ ബുദ്ധിയാണ്. ഒരു മത വിഭാഗത്തെ മറ്റൊരു മതവിഭാഗത്തിനെതിരായി അണിനിരത്തണമെന്ന ദ്രോഹബുദ്ധിയാണ് പ്രകടിപ്പിച്ചത്.

    ആ ശ്രമം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. തങ്ങള്‍ മുന്നോട്ടാണ് പോകുന്നതെന്ന് കരുതി വണ്ടിയില്‍ ഇരിപ്പുറപ്പിച്ചവര്‍, തങ്ങളെ നേതൃത്വം പിന്നോട്ടാണ് കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കിയത് നേരം പുലര്‍ന്നപ്പോഴാണത്രെ! ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം നേരം ഇപ്പോഴും പുലര്‍ന്നിട്ടില്ലെങ്കിലും, അവരുടെ വിഘടനപരവും രാജ്യദ്രോഹപരവുമായ നീക്കത്തിന് മറ്റൊരിടത്തുനിന്നും പിന്‍തുണയോ പ്രോത്സാഹനമോ ലഭിച്ചില്ല എന്നത് അവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അവരുടെ സഖ്യകക്ഷികളായ ഐക്യജനതാദളും മറ്റും അവരെ തള്ളിപ്പറഞ്ഞതോടെ, അവര്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്തു. രാഷ്ട്രപിതാവിനെ സ്വാതന്ത്യ്രത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ വെടിവെച്ചുകൊന്നവരുടെ രാജ്യസ്നേഹവും ദേശാഭിമാനവും കപടമായ പ്രകടനമാണെന്ന് ജനങ്ങള്‍ വീണ്ടും മനസ്സിലാക്കി. സമാന ഫാസിസ്റ്റ് സ്വഭാവമുള്ള സഖ്യകക്ഷിയായ ശിവസേനപോലും അവരുടെ ഈ പ്രകടനത്തെ ഏറെയൊന്നും സ്വാഗതംചെയ്തതായി കണ്ടില്ല.

    കപട ദേശാഭിമാന പ്രകടനത്തിന്റെപേരില്‍ ജനങ്ങളില്‍നിന്ന് സ്വയം ഒറ്റപ്പെട്ട് അപഹാസ്യരായ ബിജെപിക്കാര്‍, കര്‍ണാടകത്തില്‍ തങ്ങള്‍തന്നെ കുഴിച്ച അഴിമതിയുടെ അഗാധമായ കുഴിയില്‍കിടന്ന് ചക്രശ്വാസം വലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അഴിമതിയില്‍ പുതഞ്ഞുകിടക്കുന്ന കോണ്‍ഗ്രസുകാരില്‍നിന്ന് വ്യത്യസ്തരാണ് തങ്ങളെന്നും സദ്ഭരണം കാഴ്ചവെയ്ക്കാന്‍ കഴിവുള്ള 'വേറിട്ട പാര്‍ടി'യാണ് തങ്ങളുടേതെന്നും അവകാശപ്പെട്ടുകൊണ്ടാണ് ബിജെപിക്കാര്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കുത്തക പത്രങ്ങളുടെ ഗാനസംഘവും അവര്‍ക്ക് സ്തുതിപാടിക്കൊണ്ടിരുന്നു. പക്ഷേ ഭരണംനേടിയ കോണ്‍ഗ്രസിന്റെ അധ:പതനത്തിന് രണ്ടു മൂന്ന് പതിറ്റാണ്ടു വേണ്ടിവന്നുവെങ്കില്‍ വേറിട്ട പാര്‍ടിയുടെ അധ:പതനത്തിന് നിമിഷാര്‍ധം മതിയെന്നാണ് കര്‍ണാടകം സാക്ഷ്യപ്പെടുത്തുന്നത്. ഭരണം ഏറ്റെടുത്തതിന്റെ പിറ്റേദിവസംതൊട്ട് ശ്രീരാമസേനയേയും വിശ്വഹിന്ദുപരിഷത്തിനേയും ബജരംഗദളിനേയും മറ്റും അഴിച്ചുവിട്ട് അന്യമതവിദ്വേഷം ആളിക്കത്തിച്ചു തുടങ്ങിയ ബിജെപിസര്‍ക്കാര്‍, സാമൂഹ്യ പൊലീസിങ്ങിന്റെപേരില്‍ യുവാക്കളടക്കമുള്ള ജനവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്യ്രം, സംഘം ചേരാനുള്ള സ്വാതന്ത്യ്രം, ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, വസ്ത്രധാരണ സ്വാതന്ത്യ്രം, ജീവന്റെ ആധാരമായ പ്രണയസ്വാതന്ത്ര്യം തുടങ്ങി എല്ലാ സ്വാതന്ത്ര്യങ്ങളുടെമേലും നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തി. ഒരു പരിഷ്കൃത-ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തിനും പൊറുക്കാന്‍ കഴിയാത്ത കാടത്തവും കടന്നാക്രമണവും ആണ് അവര്‍ നടത്തിയത്.

    എന്നാലത്, പൊതുസ്വത്ത് സ്വന്തക്കാര്‍ക്കും ആശ്രിതര്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള ഗൂഢനീക്കത്തിന്റെ തുടക്കവും മറയും മാത്രമായിരുന്നു; ഖനിജങ്ങളും മറ്റ് അപൂര്‍വ്വ വിഭവങ്ങളും കൊള്ളചെയ്യുന്നതിനുള്ള മറ മാത്രമായിരുന്നു. ഇരുമ്പയിര് മോഷ്ടിച്ചുവിറ്റ് റെഡ്ഡി സഹോദരന്മാര്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ പൊതു സ്വത്ത് കൊള്ളയടിക്കുമ്പോള്‍, 1992ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണായ സ്ഥലത്തെ ഭൂമി 2009 ഡിസംബറില്‍ ഡീ നോട്ടിഫൈചെയ്ത്, സ്വന്തക്കാര്‍ക്ക് സ്വകാര്യമായി വീതിച്ചുകൊടുത്ത് മുഖ്യമന്തി യെദ്യൂരപ്പയും കൂട്ടരും പകല്‍ക്കൊള്ള നടത്തുന്നു. ഈ സ്ഥലങ്ങളൊക്കെ ഇങ്ങനെ മറിച്ചുവില്‍ക്കാമെന്ന് 2007 ഡിസംബറില്‍തന്നെ കരാറുമുണ്ടാക്കിയിരുന്നു.

    ഇങ്ങനെ ബിജെപി മന്ത്രിമാരും നേതാക്കളും കാടും മേടും നഗരവും കൊള്ളചെയ്യുകയാണ്. മുഖ്യമന്ത്രി ഒറ്റയ്ക്ക്, സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും വീതിച്ചുകൊടുത്ത സര്‍ക്കാര്‍ ഭൂമിയുടെ വിലതന്നെ 500 കോടി രൂപ വരും എന്നാണ് കോടതിയിലെത്തിയ 5 കേസുകളില്‍ ഉള്‍പ്പെട്ട 15 സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്; കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കന്മാരും ലക്ഷക്കണക്കിന് കോടി രൂപ മോഷ്ടിക്കുമ്പോള്‍, കര്‍ണാടകത്തിലെ ബിജെപി നേതാക്കന്മാരും മന്ത്രിമാരും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിക്കൊണ്ടിരിക്കുന്നു. അളവിലേ അല്‍പം വ്യത്യാസമുള്ളൂ. ഒരുപക്ഷേ എല്ലാവരും നിക്ഷേപിക്കുന്നത് സ്വിസ്ബാങ്കുകളടക്കമുള്ള വിദേശബാങ്കുകളിലാവും. അറബിക്കഥകളിലെ കള്ളന്മാര്‍ കൊള്ളമുതല്‍ വിദൂരമായ മലകളിലെ ഗുഹകളില്‍ രഹസ്യമായി സൂക്ഷിക്കുന്നതുപോലെ.

    അഴിമതിയുടെപേരില്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ ഭരദ്വാജും കളിക്കുന്ന "ടോം ആന്‍ഡ് ജെറി'' കളി അറപ്പുളവാക്കുന്നു. ഇതില്‍ ടോം ആണോ ജെറിയാണോ മഹാകള്ളന്‍ എന്നേ സംശയമുള്ളു-രണ്ടുകൂട്ടരും ഒരേപോലെ കള്ളന്മാര്‍തന്നെ.

    യുക്തിബോധമുള്ള ജനങ്ങളെയാകെ വിഡ്ഢികളാക്കുന്ന ഈ കളിയ്ക്ക് രണ്ടുവശങ്ങളുണ്ട്-ബിജെപിയുടെ മുഖ്യമന്ത്രിയായ യെദ്യുരപ്പയുടെയും കൂട്ടരുടെയും ഹിമാലയന്‍ അഴിമതിയാണ് ഒന്നാമത്തേത്; മുരത്ത കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ ഭരദ്വാജിന്റെ പക്ഷപാതപരവും രാഷ്ട്രീയ വിദ്വേഷപരവുമായ സംസ്ഥാന വിരുദ്ധ നീക്കങ്ങളാണ് രണ്ടാമത്തേത്. ഇതിനെ രണ്ടിനേയും കൂട്ടിക്കുഴച്ച് ആദ്യത്തേതിനെ തമസ്കരിച്ച്, രണ്ടാമത്തേതിനോട് സമരംചെയ്യാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, രണ്ടാമത്തേതിനെ തമസ്കരിച്ച് ആദ്യത്തേതിനെ ഉയര്‍ത്തിക്കാണിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസും കേന്ദ്രഭരണക്കാരും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. ആ രണ്ട് നിലപാടുകളും അപൂര്‍ണമാണ്. രണ്ടിനേയും വേറെവേറെയും തുല്യ പ്രാധാന്യത്തോടുംകൂടി കാണേണ്ടതുണ്ട്.

    കേന്ദ്രഭരണകക്ഷിയുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു കക്ഷിയോ കക്ഷികളുടെ കൂട്ടുകെട്ടോ ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരിലൂടെ സംസ്ഥാന ഭരണത്തിന് പരമാവധി തടസ്സം സൃഷ്ടിക്കുക എന്ന കേന്ദ്ര നടപടി 1957ലെ കേരളത്തില്‍ തൊട്ട് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. കേരളം, പശ്ചിമബംഗാള്‍, ജമ്മു-കാശ്മീര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ എത്രയോ സംസ്ഥാനങ്ങള്‍ക്ക് നിരവധി തിക്താനുഭവങ്ങളുടെ കഥകള്‍ വിവരിക്കാനുണ്ട്. രാമകൃഷ്ണറാവുതൊട്ട് ധര്‍മവീര, ജഗ്മോഹന്‍, രാംലാല്‍ തുടങ്ങിയ കേന്ദ്രഭരണ കക്ഷിയുടെ ചട്ടുകങ്ങളായ (അത് കോണ്‍ഗ്രസായാലും ബിജെപിയായാലും) ഗവര്‍ണര്‍മാരുടെ പക്ഷപാതപരവും രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടുകൂടിയതുമായ പ്രവൃത്തികള്‍, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തീരാ കളങ്കം സൃഷ്ടിച്ചിട്ടുണ്ട്.

    ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി എന്‍ ടി രാമറാവു അമേരിക്കയില്‍ ചികിത്സയ്ക്കുപോയ തക്കംനോക്കി സഭയില്‍ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ മന്ത്രിസഭയെ പിരിച്ചുവിട്ട് ഭാസ്കരറാവുവിന്റെ പാവ സര്‍ക്കാരിനെ വാഴിച്ചതും ജമ്മു-കാശ്മീരില്‍ ഫാറൂക് അബ്ദുള്ളയുടെ സര്‍ക്കാരിനെ പുറത്താക്കി തൊട്ടടുത്ത നിമിഷം ജി എം ഷായെ മുഖ്യമന്ത്രിയാക്കി വാഴിച്ചതും പശ്ചിമബംഗാളില്‍ 1967-69 കാലഘട്ടത്തില്‍ രണ്ടു മന്ത്രിസഭകളെ തകര്‍ത്തതും ഗവര്‍ണര്‍മാര്‍തന്നെയായിരുന്നുവല്ലോ.

    സംസ്ഥാനങ്ങളിലെ കേന്ദ്രത്തിന്റെ "കാവല്‍നായ്ക്ക''ളായി ("വാച്ച് ഡോഗ്'') പ്രതിഷ്ഠിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ കാവല്‍പ്പണിനിര്‍ത്തി സംസ്ഥാന ഭരണങ്ങളെ വേട്ടനായ്ക്കളെപ്പോലെ വേട്ടയാടുന്ന ചരിത്രത്തിലെ ഏറ്റവും പുതിയ രംഗമാണ് കര്‍ണാടകത്തില്‍ ഭരദ്വാജ് കളിക്കുന്നത്. (കേരളത്തിലെ ഗവര്‍ണര്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നിരന്തരം തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്).

    2009 ജൂണില്‍ കര്‍ണാടക ഗവര്‍ണറായി അധികാരമേറ്റ നാള്‍ മുതല്‍ ഈ ചാരപ്പണി ആരംഭിച്ച ഗവര്‍ണര്‍ ഭരദ്വാജ്, യെദ്യൂരപ്പ സര്‍ക്കാരിനെ മറിച്ചിടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവല്ലോ. ബിജെപിയിലെ വിമത നീക്കവും അതിനെച്ചൊല്ലിയുള്ള സ്പീക്കറുടെ നടപടികളും ഗവര്‍ണറുടെ ഉടപെടലുകളും ഒന്നും മറക്കാറായിട്ടില്ല. അതിന്റെ മറ്റൊരു ഘട്ടമാണ് 2010 ഡിസംബര്‍ 28ന് രണ്ട് അഭിഭാഷകര്‍ കൊടുത്ത അപേക്ഷയില്‍ ഗവര്‍ണര്‍, ധൃതിപിടിച്ച് അവിഹിതമായി തീര്‍പ്പാക്കിക്കൊണ്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട്ചെയ്യാന്‍ അനുമതി നല്‍കിയത്. ഗവര്‍ണറുടെ ഈ രാഷ്ട്രീയപ്രേരിതമായ നടപടിയെ ന്യായീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും നിയമമന്ത്രി വീരപ്പമൊയ്ലിയും കോണ്‍ഗ്രസ് നേതൃത്വവും മറ്റും പക്ഷേ, യെദ്യൂരപ്പ നടത്തിയ കൊള്ളയേക്കാള്‍ ആയിരക്കണക്ക് മടങ്ങ് വലിയ പകല്‍ക്കൊള്ള നടത്തിയ രാജയേയും കല്‍മാഡിയേയും ചവാനേയും മറ്റും ഇപ്പോഴും സംരക്ഷിക്കുകയാണുതാനും! ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന സമീപനം തികച്ചും പക്ഷപാതപരമാണ്; രാഷ്ട്രീയപ്രേരിതമാണ്.

    കര്‍ണാടക രാഷ്ട്രീയത്തിലെ കേന്ദ-സംസ്ഥാന ബന്ധങ്ങളെ സംബന്ധിക്കുന്ന ഈ പ്രശ്നം അതിനാല്‍ വേറിട്ടുതന്നെ പരിശോധിക്കണം. ഈ പ്രശ്നം വിശദമായി വിശകലനംചെയ്ത് ചില നിര്‍ദ്ദേശങ്ങള്‍ സിപിഐ (എം) 1960കളുടെ അവസാനംതന്നെ മുന്നോട്ടുവെച്ചിരുന്നു. പിന്നീട് 1980കളുടെ തുടക്കത്തില്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ ശ്രീനഗര്‍ സമ്മേളനവും കാതലായ നിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ തലയ്ക്കു മുകളില്‍ തെരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍മാരെ പ്രതിഷ്ഠിക്കരുത്, അങ്ങനെയൊരു പദവിയേ ആവശ്യമില്ല, അഥവാ വേണമെങ്കില്‍ത്തന്നെ സംസ്ഥാന ഗവണ്‍മെന്റുകളോട് ആലോചിച്ച്, അവ നല്‍കുന്ന പാനലില്‍നിന്ന് ഒരാളെ ഗവര്‍ണറായി നിയമിക്കാം എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഒന്നും നടപ്പാക്കപ്പെട്ടിട്ടില്ല. ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന എന്‍ഡിഎ സര്‍ക്കാരും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും പഴയ നയംതന്നെ തുടരുന്നു. അതിന്റെ ഫലമാണ് കര്‍ണാടകത്തിലെ പുതിയ പൊറാട്ടുനാടകം.

    കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഈ സജീവ പ്രശ്നത്തെ തല്‍ക്കാലം അവസരവാദപരമായി ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി, അത്തരം മൌലികപ്രശ്നങ്ങളിലേക്കൊന്നും ഇറങ്ങിച്ചെല്ലാന്‍ ഇപ്പോഴും തയ്യാറില്ല. അതുപയോഗിച്ച് യെദ്യൂരപ്പയുടെയും സംഘത്തിന്റെയും അഴിമതി മറച്ചുവെയ്ക്കണം എന്നേ അവര്‍ക്കുള്ളു.

    അതെന്തായാലും ബിജെപിക്കുള്ളിലെ വിമത നീക്കം, കുതികാല്‍വെട്ട്, ദുര്‍ഭരണം, കടുത്ത അഴിമതി, കെടുകാര്യസ്ഥത, കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ കഴിവില്ലായ്മ, ബിജെപിക്കുള്ളിലെ ജാതീയ സമവാക്യങ്ങള്‍, ഖനി കൊള്ളക്കാരായ റെഡ്ഡിമാരുടെ കുതന്ത്രങ്ങള്‍, ഗവര്‍ണറുടെ രാഷ്ട്രീയക്കളി തുടങ്ങിയ നടപടികള്‍മൂലം സംസ്ഥാനഭരണംതന്നെ സ്തംഭിച്ചിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. ഈ ദുര്‍ഭരണം സംസ്ഥാന ജനതയ്ക്കാകെ ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു.

    യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ കേന്ദ്രത്തിലെ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തിന്റെ അവസ്ഥയും? രണ്ടും തമ്മിലെന്തു വ്യത്യാസം?

    അടിക്കുറിപ്പ്: ബിജെപിയും കോണ്‍ഗ്രസും തുടരുന്ന ദുര്‍ഭരണങ്ങളെ ചൂണ്ടിക്കാണിച്ച് എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒരുപോലെയാണെന്ന് സാമാന്യവല്‍ക്കരിക്കാന്‍ ചില അരാഷ്ട്രീയവാദികള്‍ ശ്രമിക്കാറുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും നിലനില്‍ക്കുന്ന (1957 മുതല്‍ വിവിധ കാലയളവുകളില്‍ നിലവില്‍വന്ന) ഇടതുപക്ഷ-ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ, കോണ്‍ഗ്രസ് - ബിജെപി ദുര്‍ഭരണങ്ങുളുമായി താരതമ്യപ്പെടുത്തി പഠിക്കാന്‍ അവര്‍ തയ്യാറാകേണ്ടതുണ്ട്.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 040211

1 comment:

  1. രാജ്യത്തെ രണ്ടു വലിയ ബൂര്‍ഷ്വാ പാര്‍ടികളും ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടപ്പെടുന്ന, ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന, ധാര്‍മികമായി അധ:പതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വാതന്ത്യ്രം വാങ്ങിത്തന്നതിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വയം ഏറ്റെടുക്കുന്ന കോണ്‍ഗ്രസും ആ പാര്‍ടിക്ക് പകരം നില്‍ക്കാന്‍ കെല്‍പുള്ള, സംശുദ്ധമായ 'വേറിട്ട പാര്‍ടി' എന്ന് സ്വയം ഉയര്‍ത്തിക്കാണിച്ച ബിജെപിയും ഈ റിപ്പബ്ളിക്ദിനത്തില്‍പോലും സ്വയം അപഹാസ്യരായിനില്‍ക്കുന്നു.

    ReplyDelete