Friday, January 28, 2011

കായിക സര്‍വകലാശാല; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സംസ്ഥാനത്ത് കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിച്ച എ കെ പാണ്ഡ്യ കമ്മിഷന്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കായികമന്ത്രി എം വിജയകുമാര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. മുഹമ്മദ് അഷ്‌റഫ് സന്നിഹിതനായിരുന്നു. സായി സ്ഥാപക ഡയറക്ടറര്‍ ജനറല്‍ കൂടിയായ പാണ്ഡ്യ ചെയര്‍മാനായിരുന്ന സ്‌പോര്‍ട്‌സ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശമായിരുന്നു കായിക സര്‍വകലാശാല. 2013-14 അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് കായികവിദ്യാഭ്യാസം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പോര്‍ട്‌സിലുള്ള തുടര്‍ പഠനത്തിന് കായിക സര്‍വകലാശാല സഹായകമാകും. കായികരംഗവുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും കായിക സര്‍വകലാശാലയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കായിക വിദ്യാഭ്യാസത്തില്‍ നാലുവര്‍ഷത്തെ ഡിഗ്രി കോഴ്‌സാകും സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലുണ്ടാകുക. ഇതുകൂടാതെ പരിശീലനത്തിലും നാലുവര്‍ഷത്തെ ഡിഗ്രി കോഴ്‌സുണ്ടാകും. കായികപഠനത്തിന് പി ജി കോഴ്‌സുകള്‍ ആരംഭിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സ്‌പോര്‍ട്‌സ് എന്‍ജിനിയറിംഗ്, സ്‌പോര്‍ട്‌സ് എം ബി എ, സ്‌പോര്‍ട്‌സ് ജേണലിസം തുടങ്ങിയ പ്രഫഷണല്‍ കോഴ്‌സുകള്‍ സര്‍വകലാശാലയിലുണ്ടാകും. ഇതുകൂടാതെ സ്‌പോര്‍ടസ് സയന്‍സിനായി ഗവേഷണ വിഭാഗം രൂപീകരിക്കാനും നിര്‍ദേശമുണ്ട്. സ്‌പോര്‍ട്‌സ് സയന്‍സ് സെന്റര്‍ ഒഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരിലാകും ഇതു പ്രവര്‍ത്തിക്കുക. നിലവില്‍ ഡിഗ്രി കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് പ്രത്യേക വിഷയമായി പഠിപ്പിക്കുന്ന കോളജുകളിലെ മൂന്നു വര്‍ഷ കോഴ്‌സ് നാലുവര്‍ഷ കോഴ്‌സായി അപ്‌ഗ്രേഡ് ചെയ്യും. ആരോഗ്യസര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ഇത്തരം കോളജുകളെ സര്‍വകലാശാലയുടെ ഭാഗമായി മാറ്റിയതുപോലെ സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജുകളെയും കായിക സര്‍വകലാശാലയുടെ ഭാഗമാക്കും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ കായിക പഠനം ഐച്ഛിക വിഷയമായി ഉള്‍പ്പെടുത്തണമെന്നുള്ളതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന നിര്‍ദേശം. സി ബി എസ് ഇ സിലബസില്‍ അടുത്തവര്‍ഷം മുതല്‍ ഈ പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സിലബസിലും ഇത്തരം മാറ്റമുണ്ടാകണമെന്ന നിര്‍ദേശം. സി ബി എസ് ഇക്കായി എന്‍ സി ഈ ആര്‍ ടി തയ്യാറാക്കുന്ന സിലബസിന്റെ ചുവടുപിടിച്ചാകും ഇവിടുത്തെയും സിലബസ്. എല്ലാ ജില്ലകളിലെയും ഓരോ സ്‌കൂളുകളിലാകും കോഴ്‌സുകള്‍ അനുവദിക്കുക. സ്വന്തമായി കളിസ്ഥലങ്ങളുള്ള സ്‌കൂളകള്‍ക്കാകും പരിഗണന. പ്ലസ്ടു ഹ്യുമാനിറ്റീസ് ഗ്രൂപ്പിന്റെ ഭാഗമായി ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബോഡി ഫിറ്റ്‌നസ്, ബേസിക് ഹെല്‍ത്ത് തുടങ്ങിയ പേരുകളിലുള്ള കോഴ്‌സുകള്‍ ആരംഭിക്കാനാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

രാജ്യത്ത് രണ്ട് കായികസര്‍വകലാശാലകള്‍ ആരംഭിക്കുന്നതില്‍ ഒന്ന് കേരളത്തിന് നല്‍കാമെന്നു മുന്‍ കായിക മന്ത്രി എം എസ് ഗില്‍ സംസ്ഥാനത്തിന് ഉറപ്പു നല്‍കിയിരുന്നതായി മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. അതിനാല്‍ കേന്ദ്രസഹായത്തോടെ സര്‍വകലാശാല സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യു ജി സി മാനദണ്ഡം അനുസരിച്ച് പുതുതായി തുടങ്ങുന്ന സര്‍വകലാശാലകള്‍ക്ക് ആകെ ചെലവിന്റെ 80 ശതമാനം കേന്ദ്ര വിഹിതം ലഭിക്കും. ബാക്കി സംസ്ഥാനം മുടക്കിയാല്‍ മതിയാകും. ഈ രീതിയില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ട കരട് റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. കായിക സര്‍വകലാശാല നിയമ നിര്‍മാണത്തിന് നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലും പാണ്ഡ്യ തയാറാക്കി. മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ ഇവയുടെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. തിരുവനന്തപുരമായിരിക്കും സര്‍വകലാശാലയുടെ ആസ്ഥാനം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ 50 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സംസ്ഥാനം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിനു വേണ്ടി നിര്‍മിക്കുന്ന സ്റ്റേഡിയങ്ങള്‍ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സര്‍വകലാശാലയ്ക്ക് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിവര്‍ഷം അഞ്ചുകോടി രൂപയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനച്ചെലവ് പ്രതീക്ഷിക്കുന്നത്.

janayugom 280111

1 comment:

  1. സംസ്ഥാനത്ത് കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിച്ച എ കെ പാണ്ഡ്യ കമ്മിഷന്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കായികമന്ത്രി എം വിജയകുമാര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. മുഹമ്മദ് അഷ്‌റഫ് സന്നിഹിതനായിരുന്നു. സായി സ്ഥാപക ഡയറക്ടറര്‍ ജനറല്‍ കൂടിയായ പാണ്ഡ്യ ചെയര്‍മാനായിരുന്ന സ്‌പോര്‍ട്‌സ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശമായിരുന്നു കായിക സര്‍വകലാശാല. 2013-14 അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

    ReplyDelete