Friday, January 28, 2011

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മിഷനിംഗിന് സജ്ജമായി

വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മിഷനിംഗിന് സജ്ജമാകുന്നു. ഫെബ്രുവരി രണ്ടാംവാരം പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം ഉദ്ഘാടനത്തീയതി നിശ്ചയിക്കുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. വല്ലാര്‍പാടത്തേക്ക് ദേശീപാതയില്‍നിന്നുള്ള റോഡ് കണക്ടിവിറ്റിയും റയില്‍ കണക്ടിവിറ്റിയും നേരത്തെ പൂര്‍ത്തിയായിരുന്നു. കപ്പല്‍ചാലിന്റെയും വല്ലാര്‍പാടം ബേസിനിന്റെയും ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്ജിംഗ്‌ജോലികള്‍ അന്തിമഘട്ടത്തിലാണ്.

വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ യാര്‍ഡിന്റെയും ഓഫീസ് സമുച്ചയത്തിന്റെയും മിനുക്കുപണികളും ദുബൈ പോര്‍ട്‌സ് വേള്‍ഡ് അധികൃതരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്നു. വെല്ലിങ്ടണ്‍ ഐലന്‍ഡിലെത്തുന്ന കണ്ടെയ്‌നര്‍ ട്രക്കുകളെ കായല്‍ മാര്‍ഗം വല്ലാര്‍പാടത്തിനടുത്തുള്ള ബോള്‍ഗാട്ടി ദ്വീപിലെത്തിക്കുന്ന റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) ഫെറി സര്‍വീസും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. സിംഗപ്പൂര്‍ ആസ്ഥാനമായ ലോട്ടസ് ഷിപ്പിംഗിനാണ് ഇതിന്റെ ചുമതല.

വല്ലാര്‍പാടം ടെര്‍മിനല്‍ നിര്‍മാണത്തിന്റെ കരാര്‍ ദുബൈ പോര്‍ട്‌സ് വേള്‍ഡിനാണെങ്കിലും കപ്പല്‍ചാലിന്റെയും ബേസിന്‍ മേഖലയുടെയും ആഴംകൂട്ടലും ടെര്‍മിനലിലേക്കുള്ള റോഡ്, റയില്‍സൗകര്യങ്ങളുമടക്കം മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനച്ചുമതല പോര്‍ട്ട് ട്രസ്റ്റിനായിരുന്നു. ഇതില്‍ ഇനി ഡ്രഡ്ജിംഗ് മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. റോഡ്‌നിര്‍മാണം ദേശീയപാത അതോറിറ്റിയും റയില്‍നിര്‍മാണം റയില്‍ വികാസ് നിഗം ലിമിറ്റഡുമാണ് നിര്‍വഹിച്ചത്.

വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്യുന്നതോടെ വെല്ലിങ്ടണ്‍ ഐലന്‍ഡിലുള്ള കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം വല്ലാര്‍പാടത്തേക്ക് മാറ്റും. ഇതിനായി വല്ലാര്‍പാടം ബെര്‍ത്തിന്റെ 400-450 മീറ്റര്‍ ഭാഗത്ത് ആഴം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഫെബ്രുവരി ആദ്യവാരംതന്നെ 16 മീറ്റര്‍ ഡ്രാഫ്റ്റ് ഉറപ്പാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കപ്പല്‍ ചാലില്‍ നിന്നും ബേസിന്‍ മേഖലയില്‍നിന്നുമായി മൊത്തം 2.60 കോടി ക്യുബിക് മീറ്റര്‍ ചെളി നീക്കണമെന്നാണു കണക്ക്. ഇതില്‍ 2.50 കോടി ക്യുബിക് മീറ്ററോളം നീക്കിയിട്ടുണ്ട്.

ഫെബ്രുവരി ആദ്യവാരത്തോടെതന്നെ വല്ലാര്‍പാടത്തെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണു കരാറുകാരായ ഡി പി വേള്‍ഡിന്റെ കണക്കുകൂട്ടല്‍. ഫെബ്രുവരി എട്ടിന് ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ വല്ലാര്‍പാടത്തെ പുതിയ ബെര്‍ത്തില്‍ അടുക്കും. ഇതിലേക്കുള്ള കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗവും റയില്‍മാര്‍ഗവും റോ റോ സംവിധാനത്തിലുമെല്ലാം ടെര്‍മിനലില്‍ എത്തിക്കും. ടെര്‍മിനല്‍ പ്രവര്‍ത്തനം മാറ്റാനായി വല്ലാര്‍പാടത്തു പുതിയ ബെര്‍ത്തിന്റെ 350 മീറ്റര്‍ ഭാഗത്ത് 16 മീറ്റര്‍ ഡ്രാഫ്റ്റ് ഉറപ്പാക്കിയിട്ടുണ്ടെന്നു ഡി പി വേള്‍ഡ് കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ കെ കൃഷ്ണദാസ് അറിയിച്ചു. ബേസിന്‍ മേഖലയിലെ ആഴം ഉറപ്പാക്കിയശേഷമേ കപ്പലുകള്‍ എത്തുന്നത് സംബന്ധിച്ച് അന്തിമതീരുമാനമാകൂ.

കളമശേരിയില്‍നിന്നു വല്ലാര്‍പാടം പദ്ധതിപ്രദേശത്തേക്ക് നാലുവരിപ്പാതയാണ് നിര്‍മിക്കുന്നതെങ്കിലും ഇപ്പോള്‍ രണ്ടുവരിപ്പാതയാണ് ഗതാഗതസജ്ജമായിരിക്കുന്നത്. അതേസമയം ഇടപ്പള്ളിയില്‍നിന്നും വല്ലാര്‍പാടത്തേക്ക് വൈദ്യുതീകരിച്ച റയില്‍പാത പൂര്‍ണതോതില്‍ ഗതാഗതസജ്ജമാണ്. റയില്‍വെ എഞ്ചിനുകളുടെയും റേക്കുകളുടെയും പരീക്ഷണ ഓട്ടവും പൂര്‍ത്തിയായി.

ടെര്‍മിനലിലേക്ക് വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്നും കായല്‍മാര്‍ഗം കണ്ടെയ്‌നര്‍ നീക്കം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള 'റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വീസ് ഫെബ്രുവരി മധ്യത്തോടെ ആരംഭിക്കും. കരാറുകാരായ ലോട്ടസ് ഷിപ്പിംഗ് സിംഗപ്പൂരില്‍നിന്നെത്തിച്ച ഡബിള്‍ എന്‍ഡ് ഫെറിയാണ് ഇതിന് ഉപയോഗിക്കുക. ഈ ഫെറിക്ക് ഓരോ ട്രിപ്പിലും 20 അടി നീളമുള്ള കണ്ടെയ്‌നറുകള്‍ കയറ്റിയ 15 ട്രക്കുകള്‍ കടത്താനാവും. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍നിന്നും ഇടുക്കി ഭാഗത്തുനിന്നും ദേശീയപാതവഴി വരുന്ന കണ്ടെയ്‌നര്‍ട്രക്കുകളെ നഗരത്തിരക്ക് ഒഴിവാക്കി വല്ലാര്‍പാടത്ത് എത്തിക്കാന്‍ റോ റോ സംവിധാനം സഹായകമാവും.

janayugom 280111

1 comment:

  1. വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മിഷനിംഗിന് സജ്ജമാകുന്നു. ഫെബ്രുവരി രണ്ടാംവാരം പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം ഉദ്ഘാടനത്തീയതി നിശ്ചയിക്കുമെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. വല്ലാര്‍പാടത്തേക്ക് ദേശീപാതയില്‍നിന്നുള്ള റോഡ് കണക്ടിവിറ്റിയും റയില്‍ കണക്ടിവിറ്റിയും നേരത്തെ പൂര്‍ത്തിയായിരുന്നു. കപ്പല്‍ചാലിന്റെയും വല്ലാര്‍പാടം ബേസിനിന്റെയും ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്ജിംഗ്‌ജോലികള്‍ അന്തിമഘട്ടത്തിലാണ്.

    ReplyDelete