Thursday, January 20, 2011

കേന്ദ്രം അവധിവ്യാപാരം നിരോധിക്കണം: കേരളം

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണമടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം ആഭ്യന്തരോല്‍പ്പാദനത്തിന്റെ അരശതമാനംകൂടി (2000 കോടി രൂപ) വായ്പയെടുക്കുന്നതിന് സംസ്ഥാനത്തെ അനുവദിക്കണമെന്നും 13 അവശ്യവസ്തുക്കള്‍കൂടി റേഷന്‍കടവഴി വിതരണംചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ 337 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസഹായമുണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റിനു മുന്നോടിയായി ധനമന്ത്രി പ്രണബ്മുഖര്‍ജി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.

കേരളം ആവശ്യപ്പെട്ട മറ്റുപ്രധാന കാര്യങ്ങള്‍ ഇവയാണ്: കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി നടപ്പാക്കാന്‍ അനുവദിക്കണം. ഇറക്കുമതി വിലയ്ക്ക് തുല്യമായ വിധത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തണം. സംസ്ഥാന ഹൈവേകളുടെയും പ്രധാന ജില്ലാറോഡുകളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് 1000 കോടി രൂപ ധനസഹായം അനുവദിക്കണം. കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കുകയും വിഴിഞ്ഞം ടെര്‍മിനല്‍ പദ്ധതി, കണ്ണൂര്‍ വിമാനത്താവള പദ്ധതി എന്നിവയ്ക്ക് കേന്ദ്രസഹായം ഉറപ്പുവരുത്തുകയും ചെയ്യണം. ആയിരം കോടിരൂപ പ്രാഥമിക ഗ്രാന്റോടെ എല്ലാ പ്രധാന തോട്ടവിളകള്‍ക്കും വിലസ്ഥിരതാനിധി രൂപീകരിക്കണം. നിലവില്‍ പാമോയിലിന് അനുവദിക്കുന്ന ലിറ്ററിന് 15 രൂപ സബ്സിഡി വെളിച്ചെണ്ണയ്ക്കും ബാധകമാക്കണം. കൊല്ലം ആസ്ഥാനമായി കശുവണ്ടിബോര്‍ഡ് രൂപീകരിക്കുകയും കൈത്തറിക്കും കയറിനുമുള്ള റിബേറ്റ് പുനഃസ്ഥാപിക്കുകയും വേണം. കേരളത്തിന് ഐഐടി എന്ന ദീര്‍ഘകാല ആവശ്യം അംഗീകരിക്കണം. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന് അധിക ഗ്രാന്റ് വേണം. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ റീജണല്‍ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനൊപ്പം കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ അനുവദിക്കുകയും കോഴിക്കോട്ട് റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് തുടങ്ങുകയും വേണം. തൊണ്ടുശേഖരണം, റബറിന്റെയും തെങ്ങിന്റെയും പുനര്‍കൃഷി, സ്വയംസഹായസംഘങ്ങളുടെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവൃത്തികളെ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് നേരിട്ട് നിര്‍വഹണഏജന്‍സികള്‍ക്ക് കൈമാറുന്ന നിലവിലുള്ള രീതി മാറ്റി സംസ്ഥാനസര്‍ക്കാരുകള്‍ വഴി നല്‍കണം. പ്രധാനമന്ത്രി ഗ്രാമീണ റോഡുപദ്ധതിയുടെ എട്ടുമീറ്റര്‍ വീതിയെന്ന നിബന്ധന കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറുമീറ്ററാക്കണം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സഹായവും തോമസ് ഐസക് മുന്നോട്ടുവച്ചു. ഇറക്കുമതി എല്‍എന്‍ജിക്കും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിനും വിലനിര്‍ണയത്തിന് പൂളിങ്സംവിധാനം ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ കേരളത്തിന് നഷ്ടം സംഭവിക്കുമെന്നും ഐസക് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വളം-ഊര്‍ജ നിലയങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാതകം അനുവദിക്കണം. ഫാക്ടിന് 2012ല്‍ പ്രകൃതിവാതകം ലഭിച്ചുതുടങ്ങുംവരെ പലിശരഹിത വായ്പയായി 450 കോടി അനുവദിക്കണം. 685 കോടി മുതല്‍മുടക്കിലുള്ള പുതിയ യൂറിയ പ്ളാന്റിനും ഫാക്ടംഫോസ് പ്ളാന്റിന്റെ ശേഷിവര്‍ധിക്കല്‍ പദ്ധതിക്കും അനുമതി നല്‍കണം- മന്ത്രി ആവശ്യപ്പെട്ടു.
(എം പ്രശാന്ത്)

ദേശാഭിമാനി 200111

1 comment:

  1. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണമടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം ആഭ്യന്തരോല്‍പ്പാദനത്തിന്റെ അരശതമാനംകൂടി (2000 കോടി രൂപ) വായ്പയെടുക്കുന്നതിന് സംസ്ഥാനത്തെ അനുവദിക്കണമെന്നും 13 അവശ്യവസ്തുക്കള്‍കൂടി റേഷന്‍കടവഴി വിതരണംചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ 337 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസഹായമുണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റിനു മുന്നോടിയായി ധനമന്ത്രി പ്രണബ്മുഖര്‍ജി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്.

    ReplyDelete