Tuesday, January 25, 2011

കുട്ടികള്‍ക്ക് വിട്ടുകൊടുക്കുക കലോത്സവങ്ങള്‍

ഒമ്പതിനായിരത്തിലേറെ പ്രതിഭകള്‍ ആറുദിവസങ്ങളിലായി 216 ഇനത്തില്‍ മത്സരിച്ച വൈവിധ്യമാര്‍ന്ന കലാകേളിയുടെ അന്യാദൃശമായ സംഗമവേദിയായിരുന്നു കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം. പണ്ടേതന്നെ ഏഷ്യയിലെ അതിബൃഹത്തായ കലാമേളയെന്നു വാഴ്ത്തപ്പെട്ട സംസ്ഥാന സ്കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെകൂടി പങ്കാളിത്തമായതോടെ സമാനതകളില്ലാത്ത ഉത്സവമായി മാറിയിരിക്കുകയാണ്. അക്ഷരനഗരിയെന്ന അപരാഭിധാനംകൊണ്ട് പുകള്‍പെറ്റ കോട്ടയത്താണ് ഇക്കുറി കലോത്സവം നടന്നത്. അക്ഷരനഗരിയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഈ മഹാമേളയുടെ ആറു പകലിരവുകള്‍ അര്‍ഥദീപ്തമാക്കിയെന്നത് കോട്ടയത്തുകാര്‍ക്കു മാത്രമല്ല മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ആഹ്ളാദിക്കാനും അഭിമാനിക്കാനും വകനല്‍കുന്നതാണ്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്ന് എത്തിയ മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കോട്ടയത്തിന്റെ ആതിഥ്യസുകൃതം കീഴടക്കിയ അനുഭവമായിരുന്നു. ഗണ്യമായ അലോസരങ്ങളോ അപസ്വരങ്ങളോ ഉണ്ടാക്കാതെ മേള പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് കലയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. പുതിയ കാലവും പുതിയ ജീവിതവും ആവശ്യപ്പെടുന്ന എല്ലാ നന്മകളിലേക്കുമുള്ള വരുംതലമുറയുടെ കൂട്ടായ്മയുടെയും മുന്നേറ്റത്തിന്റെയും നിദര്‍ശനമായി മലയാളിയുടെ ഈ സ്വന്തം മേളയെ കണക്കാക്കേണ്ടിയിരിക്കുന്നു.

മേളയെ മഹത്തരമാക്കാന്‍ വിയര്‍പ്പൊഴുക്കിയവര്‍ ഒത്തിരിയാണ്. കൌമാരപ്രതിഭകളുടെ സമര്‍പ്പണമുണ്ട്. അവര്‍ക്ക് കലയുടെ ചുവടുകളും താളങ്ങളും പകര്‍ന്നുകൊടുത്ത ഗുരുവര്യന്മാരുണ്ട്. വീടുകളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും അവരെ അരങ്ങുകളിലേക്ക് എത്തിക്കാന്‍ മനസ്സും ശരീരവും സമര്‍പ്പിച്ച രക്ഷാകര്‍ത്താക്കളും അധ്യാപകരുമുണ്ട്. എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്. മേളയില്‍ വിജയങ്ങള്‍ കൊയ്തുകൂട്ടിയവര്‍ ഒത്തിരിയാണ്. ഇടറിവീണവരുമുണ്ട്. വിജയത്തിന്റെയും പരാജയത്തിന്റെയും സാങ്കേതികത്വത്തിനപ്പുറം മേളയ്ക്ക് ചാരുത പകര്‍ന്നവരെന്ന നിലയില്‍ ഇവര്‍ക്കും ഞങ്ങളുടെ അഭിനന്ദനങ്ങളും ആശംസകളും.

നമ്മുടെയെല്ലാം സ്വകീയമായ അഹങ്കാരമെന്നുപോലും പറയാവുന്ന ഈ കലാമാമാങ്കം ഇനിയും അര്‍ഥദീപ്തമാക്കാന്‍ ഗൌരവതരമായ ഇടപെടലും പരിഷ്കരണവും വേണമെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് കൊടിയിറങ്ങിയത്. കുട്ടികളുടെ സര്‍ഗവാസനകള്‍ ഇതള്‍വിരിഞ്ഞ് പരിലസിക്കേണ്ട കലോത്സവവേദികള്‍ കിടമത്സരങ്ങളുടെയും വെട്ടിപ്പിടിക്കലുകളുടെയും അരങ്ങുകളായി മാറുന്നുവെന്ന ആക്ഷേപം പുതിയതല്ല. ആശാസ്യമല്ലാത്ത ഈ പ്രവണതകള്‍ എല്ലാ സീമകളും ലംഘിച്ച 2005ലെ തിരൂരിലെ കലോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമാവലിയില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്തിയത്. കലാപ്രതിഭ-തിലക പട്ടങ്ങള്‍ നിര്‍ത്തലാക്കുക മാത്രമല്ല, മാര്‍ക്കുകള്‍ക്കു പകരം ഗ്രേഡ് സമ്പ്രദായം കൊണ്ടുവന്നതും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഇതും പൂര്‍ണമായി കുറ്റമറ്റസംവിധാനമല്ലെന്നാണ് പരിഷ്കാരങ്ങള്‍ക്കുശേഷമുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നത്. സാങ്കേതികമായി ഗ്രേഡ് നല്‍കുമ്പോഴും മാര്‍ക്കുകള്‍ കണക്കാക്കി ആദ്യ മൂന്നു സ്ഥാനം ലഭിക്കുന്നവരുടെ പേരുകള്‍ ഔദ്യോഗികമായിത്തന്നെ നല്‍കുന്ന പ്രവണത തുടരുകയാണ്. ഇതിലെ യുക്തിരാഹിത്യം ഒഴിവാക്കപ്പെടേണ്ടതുതന്നെ.

നേരത്തെ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കായിരുന്നു പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ മൂന്നുസ്ഥാനവും ഇല്ലെങ്കില്‍പ്പോലും ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടുമെന്നതാണ് അവസ്ഥ. അതുകൊണ്ട് എങ്ങനെയും ആദ്യഗ്രേഡ് തരപ്പെടുത്താനുള്ള തത്രപ്പാടിലാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും. ഇതിന്റെ ഫലമായി പലയിനങ്ങളിലും (പ്രത്യേകിച്ച് നൃത്തയിനങ്ങളില്‍) മത്സരിക്കുന്ന എല്ലാവര്‍ക്കുംതന്നെ എ ഗ്രേഡ് നല്‍കുന്ന സ്ഥിതിയുമുണ്ട്. മത്സരത്തിന്റെ ഗൌരവം ചോര്‍ത്തിക്കളയുന്ന ഈ സ്ഥിതിക്കും മാറ്റമുണ്ടാകേണ്ടതാണ്.

അപ്പീലുകളാണ് കലോത്സവത്തിന്റെ ഗൌരവം ചോര്‍ത്തുന്ന മറ്റൊരു സംഗതി. ഇത്തവണ വിവിധ ജില്ലകളില്‍നിന്ന് 513 പേരാണ് അപ്പീലിന്റെ ബലത്തില്‍ അരങ്ങുകളിലെത്തിയത്. ഡിഡിഇയും ലോകായുക്തയും ഹൈക്കോടതിയുമൊക്കെ മത്സരിച്ച് അപ്പീലുകള്‍ നല്‍കുന്നതാണ് ഇത്തവണയും കണ്ടത്. ഇതിനുപുറമെ സംസ്ഥാന കലോത്സവത്തിലെതന്നെ മത്സരങ്ങളുടെ വിധിനിര്‍ണയത്തിന്മേല്‍ 139 അപ്പീല്‍ ഉണ്ടായി. വിവിധ കലകളില്‍ പ്രാവീണ്യം സിദ്ധിച്ച വിദഗ്ധര്‍ തീര്‍പ്പുകല്‍പ്പിക്കുന്ന വിധിനിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടെന്ന് ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യമില്ലാത്ത ഉദ്യോഗസ്ഥരോ കോടതിയോ തീരുമാനിക്കുന്നതിലെ വൈചിത്ര്യം ഇനിയും പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു. അപ്പീലുകള്‍ കര്‍ശനമായി നിയന്ത്രിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നതിനെപ്പറ്റിയും ആലോചിക്കേണ്ടിയിരിക്കുന്നു. വിധിനിര്‍ണയത്തില്‍ നൂറുശതമാനം സുതാര്യത ഉറപ്പാക്കുക മാത്രമാണ് ഇതിനു പോംവഴി. സ്വാധീനങ്ങളില്‍ അഭിരമിക്കാത്ത, കലയോട് സമര്‍പ്പണമുള്ളവരെ മാത്രമേ വിധികര്‍ത്താക്കളാക്കാവൂ. നടന്‍ മോഹന്‍ലാലും മറ്റും അഭിപ്രായപ്പെട്ടതുപോലെ മത്സരയിനങ്ങള്‍ക്ക് വിധികര്‍ത്താക്കള്‍ നല്‍കുന്ന മാര്‍ക്കുകള്‍ അതതുവേദികളില്‍ അപ്പോള്‍ത്തന്നെ പരസ്യമായി പ്രഖ്യാപിക്കുന്നതും പരിഗണിക്കാവുന്നതാണ്.

രക്ഷിതാക്കള്‍ വിട്ടുനില്‍ക്കുകയും കലോത്സവം പൂര്‍ണമായും കുട്ടികള്‍ക്കു മാത്രമായി വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ഗാനഗന്ധര്‍വന്‍ യേശുദാസ് കോട്ടയത്തെ സമ്മാനദാനചടങ്ങില്‍ നടത്തിയ അപേക്ഷാപൂര്‍വമുള്ള അഭിപ്രായപ്രകടനവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കലോത്സവം കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരവേദികള്‍ എന്ന അവസ്ഥയില്‍നിന്ന് മാധ്യമങ്ങളുടെ കിടമത്സരത്തിന്റെ വേദികളായി മാറുന്നെന്ന അപകടകരമായ അവസ്ഥയും ഗൌരവപൂര്‍വം കാണേണ്ടതാണ്. പോയവര്‍ഷം കോഴിക്കോട്ടെ കലോത്സവത്തില്‍ എല്ലാ ചാനലും ചേര്‍ന്ന് നടത്തിയ മല്‍പ്പിടിത്തത്തിലായിരുന്നു കപ്പ് ഒടിഞ്ഞതെങ്കില്‍ ഇത്തവണ ഒരുചാനല്‍ സ്വര്‍ണക്കപ്പ് ജേതാക്കളെ ആദ്യം ലോകത്തിനു മുന്നില്‍ കാണിച്ച് 'ബ്രേക്കിങ് ന്യൂസ്' സ്വന്തമാക്കാനുള്ള യുദ്ധത്തിലാണ് കപ്പിന്റെ ഒരുഭാഗം ഒടിഞ്ഞുവീണത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കിടമത്സരങ്ങളെപ്പറ്റി വിമര്‍ശമുയര്‍ത്തുന്ന ഈ മാധ്യമങ്ങള്‍ ലക്കും ലഗാനുമില്ലാതെ കാട്ടിക്കൂട്ടുന്ന ഇത്തരം നടപടി മാധ്യമങ്ങളുടെ ഗൌരവം മാത്രമല്ല മേളയുടെതന്നെ സ്പിരിറ്റിനെയാകെ ചോര്‍ത്തിക്കളയുന്നതാണ്.

മലയാളത്തിന്റെ ക്ളാസിക്കല്‍ പദവിയും മഹത്വവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഘട്ടത്തിലെങ്കിലും കലോത്സവത്തിലെ ഇത്തരം ആശാസ്യമല്ലാത്ത പ്രവണതകള്‍ക്ക് അന്ത്യംകുറിക്കാന്‍ നമുക്കു കഴിയണം. എങ്കില്‍ മാത്രമേ ഇത്തരം കലാമേളകള്‍ നമ്മുടെ കുരുന്നുകളില്‍ കൂട്ടായ്മയുടെ പുണ്യം സംക്രമിപ്പിക്കുന്ന തരത്തില്‍ ഉയരൂ.

ദേശാഭിമാനി മുഖപ്രസംഗം 250111

1 comment:

  1. രക്ഷിതാക്കള്‍ വിട്ടുനില്‍ക്കുകയും കലോത്സവം പൂര്‍ണമായും കുട്ടികള്‍ക്കു മാത്രമായി വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ഗാനഗന്ധര്‍വന്‍ യേശുദാസ് കോട്ടയത്തെ സമ്മാനദാനചടങ്ങില്‍ നടത്തിയ അപേക്ഷാപൂര്‍വമുള്ള അഭിപ്രായപ്രകടനവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കലോത്സവം കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരവേദികള്‍ എന്ന അവസ്ഥയില്‍നിന്ന് മാധ്യമങ്ങളുടെ കിടമത്സരത്തിന്റെ വേദികളായി മാറുന്നെന്ന അപകടകരമായ അവസ്ഥയും ഗൌരവപൂര്‍വം കാണേണ്ടതാണ്. പോയവര്‍ഷം കോഴിക്കോട്ടെ കലോത്സവത്തില്‍ എല്ലാ ചാനലും ചേര്‍ന്ന് നടത്തിയ മല്‍പ്പിടിത്തത്തിലായിരുന്നു കപ്പ് ഒടിഞ്ഞതെങ്കില്‍ ഇത്തവണ ഒരുചാനല്‍ സ്വര്‍ണക്കപ്പ് ജേതാക്കളെ ആദ്യം ലോകത്തിനു മുന്നില്‍ കാണിച്ച് 'ബ്രേക്കിങ് ന്യൂസ്' സ്വന്തമാക്കാനുള്ള യുദ്ധത്തിലാണ് കപ്പിന്റെ ഒരുഭാഗം ഒടിഞ്ഞുവീണത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും കിടമത്സരങ്ങളെപ്പറ്റി വിമര്‍ശമുയര്‍ത്തുന്ന ഈ മാധ്യമങ്ങള്‍ ലക്കും ലഗാനുമില്ലാതെ കാട്ടിക്കൂട്ടുന്ന ഇത്തരം നടപടി മാധ്യമങ്ങളുടെ ഗൌരവം മാത്രമല്ല മേളയുടെതന്നെ സ്പിരിറ്റിനെയാകെ ചോര്‍ത്തിക്കളയുന്നതാണ്.

    ReplyDelete