Friday, January 28, 2011

കശ്മീരിന്റെ മുറിവില്‍ മുളക് തേക്കുന്നുവോ?

ബിജെപി എന്നും എടുത്തുപയോഗിച്ചിട്ടുള്ള ആയുധമാണ് കശ്മീര്‍. 1986ല്‍ അന്നത്തെ ദയനീയമായ അവസ്ഥയെ (ലോക്സഭയില്‍ രണ്ടുസീറ്റില്‍മാത്രം ബിജെപി) മറികടക്കാന്‍ ബിജെപിയുടെ പ്ളീനറി സമ്മേളനം ചേര്‍ന്ന് തീരുമാനിച്ചത് ഏകീകൃത സിവില്‍കോഡ്, കശ്മീരിന്റെ പ്രത്യേകപദവി റദ്ദുചെയ്യല്‍ എന്നീ വിഷയങ്ങള്‍ ഏറ്റെടുക്കാനായിരുന്നു. ഇപ്പോഴിതാ, രാജ്യത്താകെ തളര്‍ന്നു നില്‍ക്കുകയും വിശ്വാസ്യത ചോര്‍ന്നുപോവുകയുംചെയ്ത ഘട്ടത്തില്‍ ആ പാര്‍ടി വീണ്ടും കശ്മീര്‍ പ്രശ്നം മുന്നോട്ടുകൊണ്ടുവരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുരളീമനോഹര്‍ ജോഷി ലാല്‍ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പോയിരുന്നു. അതിന്റെ രണ്ടാം പതിപ്പാണ് ഈ റിപ്പബ്ളിക് ദിനത്തില്‍ ബിജെപി ആസൂത്രണംചെയ്തിരുന്നത്. പക്ഷേ, ഇക്കുറി ലാല്‍ചൌക്കില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം പൂര്‍ത്തിയാക്കാതെ 'ഏകതായാത്ര' ബിജെപി നേതാക്കള്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നു. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച റിപ്പബ്ളിക്ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അഭ്യര്‍ഥിച്ചെങ്കിലും അത് ബിജെപി നേതാക്കള്‍ നിരസിക്കുകയാണുണ്ടായത്.

കശ്മീരിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതല്ല, മറിച്ച് കശ്മീര്‍ എന്ന ആയുധം തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ബിജെപിയുടേത്. സ്വന്തം സഖ്യകക്ഷികള്‍പോലും അംഗീകരിക്കാത്തതാണ് ആ നീക്കം. ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ഡിഎ ഘടകകക്ഷി നേതാവുമായ നിതീഷ് കുമാറടക്കം 'ഏകതായാത്ര'യെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കശ്മീര്‍ താഴ്വരയിലെ സമാധാനനില വഷളാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ബിജെപി അക്ഷരാര്‍ഥത്തില്‍ നാടകമാടുകയായിരുന്നു. സുഷമ സ്വരാജ് അടക്കമുള്ള ബിജെപി നേതാക്കളുടെ അറസ്റും കശ്മീരിലേക്ക് വന്‍തോതില്‍ പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപി തയ്യാറാക്കിയ പദ്ധതി പരാജയപ്പെടുത്തിയതും ക്രമസമാധാനം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഏജന്‍സികളുടെ ഉചിതമായ ഇടപെടലിനെയാണ് സൂചിപ്പിക്കുന്നത്. റിപ്പബ്ളിക്ദിന പരിപാടികള്‍ അലങ്കോലമാകാതിരിക്കാനാണ് ജമ്മുകശ്മീരിലേക്കുള്ള പ്രവേശന കവാടം അടച്ചതും അതിര്‍ത്തിയിലെ ലഖന്‍പുരില്‍ ബന്തവസ് ഏര്‍പ്പെടുത്തിയതും. ശ്രീനഗറിലേക്കുള്ള റോഡുകളിലെല്ലാം പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിപ്പിക്കേണ്ടിയും വന്നു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യാപകമായ വിമര്‍ശമുയര്‍ന്നിട്ടും ലാല്‍ചൌക്കില്‍ ദേശീയപതാക ഉയര്‍ത്തുന്നതില്‍നിന്ന് പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അഭ്യര്‍ഥിച്ചിട്ടും അനുകൂല പ്രതികരണത്തിന് ബിജെപി നേതൃത്വം തയ്യാറായില്ല. തടഞ്ഞാല്‍ അവിടെ കുത്തിയിരിക്കുമെന്നും വേണമെങ്കില്‍ അറസ്റ്ചെയ്തു നീക്കിക്കോളൂ എന്നുമാണ് സുഷമ സ്വരാജ് പ്രതികരിച്ചത്. കശ്മീരിന്റെ ശാന്തിയല്ല, അശാന്തി രൂക്ഷമാക്കിയാല്‍ ലഭിച്ചേക്കാവുന്ന വര്‍ഗീയനേട്ടമാണ് ഇതിനുപിന്നില്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

കശ്മീരിന്റെ പ്രശ്നം പതാക ഉയര്‍ത്തിയതുകൊണ്ട് തീരുന്ന ഒന്നല്ല. അത് ഒരിരുപ്പിന് ചര്‍ച്ചചെയ്ത് തീര്‍ക്കാവുന്നതുമല്ല. ഒട്ടേറെ നടപടിയിലൂടെയും ചര്‍ച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹാരം കാണേണ്ട സങ്കീര്‍ണമായ പ്രശ്നമാണത്. താഴ്വര ഇന്ന് സംഘര്‍ഷകലുഷമാണ്. തുടര്‍ച്ചയായ ബഹുജനപ്രക്ഷോഭം, ഹര്‍ത്താല്‍, കര്‍ഫ്യൂ, സുരക്ഷാസേനകള്‍ക്കെതിരായ കല്ലേറ്, പൊലീസ് വെടിവയ്പിലെ മരണങ്ങള്‍, കൂട്ട അറസ്റുകള്‍- ഇങ്ങനെയാണ് ഇന്നത്തെ കശ്മീരിന്റെ അവസ്ഥ. ഇതൊന്നും ബിജെപി കാണുന്നില്ല. പകരം പലവട്ടം പ്രയോഗിച്ച കശ്മീര്‍ എന്ന വര്‍ഗീയ ആയുധത്തിന് മൂര്‍ച്ച കൂട്ടാനാണ് അവരുടെ ശ്രമം.

കശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെയും ശ്രമങ്ങളിലൂടെയും പരിഹരിക്കണമെന്ന് സിപിഐ എം നിരന്തരമായി ആവശ്യപ്പെടുന്നതാണ്. സര്‍വകക്ഷി സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന ആവശ്യം സിപിഐ എം ആണ് മുന്നോട്ടുവച്ചത്. ശക്തമായി ആ ആവശ്യം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ അഖിലകക്ഷി യോഗം വിളിക്കുകയും സെപ്തംബറില്‍ അഖിലകക്ഷി സംഘത്തെ കശ്മീര്‍ സമതലത്തിലേക്ക് അയക്കാന്‍ തീരുമാനിക്കുകയുംചെയ്തു. ആ സംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് സ്ഥിതി നേരിടാന്‍ എട്ടിന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കല്ലേറിന് ജയിലിലടയ്ക്കപ്പെട്ട യുവാക്കളെ വിട്ടയക്കുക, പൊതുസുരക്ഷാനിയമത്തിന്‍ കീഴില്‍ തടവിലാക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പുനഃപരിശോധന നടത്തുക, പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുക, വിവിധ വിഭാഗങ്ങളുമായി അഭിപ്രായം പങ്കിടുന്നതിനായി മധ്യസ്ഥരെ നിശ്ചയിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് അന്ന് എടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ മൂന്നു മധ്യസ്ഥരെ നിയോഗിച്ചു. ആ എട്ടിന പരിപാടിയും പൂര്‍ണതോതില്‍ നടപ്പാക്കുന്ന അനുഭവമല്ല ഉണ്ടായത്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനതയാണ് പ്രതിസ്ഥാനത്തുള്ളത്.

ജമ്മു കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളും അക്രമങ്ങളും വന്‍തോതില്‍ കുറഞ്ഞിട്ടും നിലനിര്‍ത്തുന്ന സുരക്ഷാസംവിധാനം ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ ശക്തിയായി മാറുകയാണ് എന്നത് അതീവ ഗൌരവത്തോടെ കാണേണ്ട വിഷയമാണ്. സമതലത്തില്‍ നിലവിലുള്ള സുരക്ഷാസംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിനും സേനാസംവിധാനത്തെ കുറയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എല്ലാ വിഭാഗങ്ങളുമായി രാഷ്ട്രീയ സംവാദം നടത്തുന്നതിന് ഗൌരവാവഹമായ ശ്രമമുണ്ടാകണം. അത്തരം നീക്കങ്ങളില്‍ വ്യാപൃതമായി സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം മുറിവില്‍ മുളകുതേക്കുന്നതാണ് ബിജെപിയുടെ നീക്കം. ഇന്ത്യാ വിഭജനകാലത്ത് 'ഞങ്ങള്‍ ഇന്ത്യയുടെ മക്കളാണ്' എന്നു പ്രഖ്യാപിച്ച് ഇന്നാട്ടില്‍ അഭിമാനപൂര്‍വം ഉറച്ചുനിന്നവരുടെ മണ്ണാണ് കശ്മീരിലേത്്. അങ്ങനെയുള്ള ഉജ്വലപാരമ്പര്യം നെഞ്ചേറ്റുന്ന ജനതയെ കുത്തിനോവിക്കാനുള്ള ഏത് വര്‍ഗീയശ്രമവും പ്രോത്സാഹിപ്പിക്കപ്പെടരുത്. അത്തരം നീക്കങ്ങള്‍ കണ്ടെത്തി ചെറുത്തുതോല്‍പ്പിക്കുകതന്നെ വേണം.

ദേശാഭിമാനി മുഖപ്രസംഗം 280111

1 comment:

  1. ബിജെപി എന്നും എടുത്തുപയോഗിച്ചിട്ടുള്ള ആയുധമാണ് കശ്മീര്‍. 1986ല്‍ അന്നത്തെ ദയനീയമായ അവസ്ഥയെ (ലോക്സഭയില്‍ രണ്ടുസീറ്റില്‍മാത്രം ബിജെപി) മറികടക്കാന്‍ ബിജെപിയുടെ പ്ളീനറി സമ്മേളനം ചേര്‍ന്ന് തീരുമാനിച്ചത് ഏകീകൃത സിവില്‍കോഡ്, കശ്മീരിന്റെ പ്രത്യേകപദവി റദ്ദുചെയ്യല്‍ എന്നീ വിഷയങ്ങള്‍ ഏറ്റെടുക്കാനായിരുന്നു. ഇപ്പോഴിതാ, രാജ്യത്താകെ തളര്‍ന്നു നില്‍ക്കുകയും വിശ്വാസ്യത ചോര്‍ന്നുപോവുകയുംചെയ്ത ഘട്ടത്തില്‍ ആ പാര്‍ടി വീണ്ടും കശ്മീര്‍ പ്രശ്നം മുന്നോട്ടുകൊണ്ടുവരുന്നു.

    ReplyDelete