Tuesday, January 25, 2011

തൃശൂരിന് സമ്പൂര്‍ണ വെളിച്ചം

തൃശൂരിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി ഈ മാസം 22ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഈ നേട്ടം ആദ്യമായി കൈവരിച്ച ജില്ല പാലക്കാടാണെന്ന് നമുക്കറിയാം. 2010 ഫെബ്രുവരി 16നാണ് പാലക്കാട് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായത്. രണ്ടാമതായി ഇപ്പോള്‍ തൃശൂരും. ഫെബ്രുവരി 19ന് ആലപ്പുഴ, എറണാകുളം ജില്ലകള്‍കൂടി നേട്ടം കൈവരിക്കും. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായി വൈദ്യുതീകരിച്ച നിയോജകമണ്ഡലം എന്ന പദവി നേടിയ ഇരിങ്ങാലക്കുട ഉള്‍പ്പെടെ പതിനാല് മണ്ഡലമാണ് തൃശൂര്‍ ജില്ലയിലുള്ളത്. കൊടകര, നാട്ടിക, ചേലക്കര, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, ഗുരുവായൂര്‍, മണലൂര്‍, തൃശൂര്‍, കുന്ദംകുളം, മാള, ചേര്‍പ്പ്, ഒല്ലൂര്‍ തുടങ്ങിയ എല്ലാ മണ്ഡലങ്ങളും വൈദ്യുതീകരിച്ച് പ്രഖ്യാപനം നടത്തി. കേരളത്തില്‍ 140ല്‍ 52 നിയോജക മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. അമ്പതിലേറെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. പ്രസരണ, വിതരണ മേഖലയില്‍ നടന്ന വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ‘ഭാഗമായാണ് ഈ നിലയില്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നത്.

കേരളത്തിലാകെ 21 ലക്ഷത്തിലധികം കണക്ഷനുകളാണ് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നല്‍കിയത്. 18,000 ട്രാന്‍സ്ഫോര്‍മറുകളും 13, 000 കിലോമീറ്റര്‍ 11 കെവി ലൈനുകളും 30,000ത്തോളം കിലോമീറ്റര്‍ എല്‍ടി ലൈനുകളും സ്ഥാപിച്ചു. 95 സബ്സ്റ്റേഷനുകള്‍ കമീഷന്‍ചെയ്തു. ഈ രംഗത്തൊക്കെ സര്‍വകാല റെക്കോഡാണ് കഴിഞ്ഞ നാലരക്കൊല്ലം കൊണ്ടുണ്ടായത്. തൃശൂര്‍ ജില്ല സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനേഴര കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തു നടപ്പാക്കിയത്. ഇതില്‍ 49 ലക്ഷം എംപി ഫണ്ടും 507 ലക്ഷം എംഎല്‍എ ഫണ്ടും 57 ലക്ഷം എസ്ടി ഫണ്ടും 11 ലക്ഷം എസ്സി ഫണ്ടും 136 ലക്ഷം ത്രിതല പഞ്ചായത്ത് ഫണ്ടും 215 ലക്ഷം ടിആര്‍പി തുടങ്ങിയ മറ്റു ഫണ്ടുകളും ഉപയോഗിച്ചാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയിലെ വിതരണ പ്രസരണ മേഖലകളില്‍ വലിയ മുന്നേറ്റമാണുണ്ടായത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശൂര്‍ ജില്ലയില്‍ ആകെ 2,07912 പുതിയ കണക്ഷനുകള്‍ നല്‍കി. ഇതില്‍ 2,5065 ബിപിഎല്‍ കുടുംബങ്ങളും 6228 പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടും. ജില്ലയിലെ വിതരണമേഖലയില്‍ 2555 വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് വര്‍ക്കുകളും 1150 കിമീ 11 കെവി ലൈനും 2185 ട്രാന്‍സ്ഫോര്‍മറുകളും 2495 കിമീ എല്‍ടി ലൈനും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിതരണമേഖലയില്‍ ജില്ലയിലാകെ 293 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ നടന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശൂര്‍ ജില്ലയില്‍ രണ്ട് പുതിയ ഡിവിഷന്‍ (ഇലക്ട്രിക്കല്‍ ഡിവിഷന്‍, വടക്കാഞ്ചേരി, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, ചാലക്കുടി) ഒരു സബ് ഡിവിഷന്‍ (കുണ്ടന്നൂര്‍) മൂന്ന് സെക്ഷന്‍ (ദേശമംഗലം, പഴയന്നൂര്‍, പുന്നംപറമ്പ്) എന്നിവ ആരംഭിച്ചു. പ്രസരണമേഖലയില്‍ പത്ത് 33 കെവി സബ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഒരു 33 കെവി സബ് സ്റ്റേഷന്റെയും രണ്ട് 110 കെവി സബ് സ്റ്റേഷന്റെയും ശേഷി വര്‍ധിപ്പിക്കുന്ന ജോലിയും നടന്നുവരുന്നു. പ്രസരണമേഖലയില്‍ ആകെ ചെലവ് 38 കോടി രൂപയാണ്.

വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ തൃശൂര്‍ ജില്ലയില്‍ വന്‍സാധ്യതകളാണ് ഉള്ളത്. ചിമ്മിനി 2.5 മെഗാവാട്ട്, പീച്ചി 1.25 മെഗാവാട്ട് എന്നീ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതോടൊപ്പം ആനക്കയം, പെരിങ്ങല്‍ക്കുത്ത്, തുമ്പൂര്‍മൂഴി, കണ്ണംകുഴി തുടങ്ങിയ ചെറുകിട പദ്ധതികള്‍കൂടി അടുത്തുതന്നെ ഏറ്റെടുക്കാനാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയില്‍ ഉല്‍പ്പാദനമേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 19 കോടി രൂപ ചെലവഴിക്കുകയുണ്ടായി. ഒന്നര കോടി സിഎഫ്എല്‍ വിതരണം ചെയ്തു. എപിഡിആര്‍പി, ആര്‍എപിഡിആര്‍പി, ആര്‍ജിജിവിവൈ, ടിആര്‍പി, തുടങ്ങിയ സ്കീമുകള്‍ അടക്കം വൈദ്യുതിമേഖലയില്‍ ആകെ 350 കോടി രൂപയോളം ചെലവാക്കിയിട്ടുണ്ട്. വൈദ്യുതി വെളിച്ചം ഇതുവരെ സ്വപ്നംമാത്രമായിരുന്ന ഒളകര, മണിയന്‍കിണര്‍, കരടിക്കുന്ന്, അടിച്ചില്‍തൊടി, മുക്കംപുഴ, വാച്ചുമരം, തവളക്കുഴിപ്പാറ, അരിക്കാപ്പ്, വെട്ടിവിട്ടകാട് മുതലായ വിദൂര ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു എന്നത് ഈ പദ്ധതിയുടെ സുപ്രധാന നേട്ടമാണ്. ഇതില്‍ മുക്കംപുഴ, അടിച്ചില്‍തൊടി, തവളക്കുഴിപ്പാറ, വാച്ചുമരം, അരിക്കാപ്പ്, വെട്ടിവിട്ടകാട് തുടങ്ങിയ കോളനികളിലെ 260 വീടുകളിലേക്ക് അനെര്‍ട്ടിന്റെ സഹായത്തോടെ സൌരോര്‍ജ വിളക്കുകള്‍ നല്‍കുകയായിരുന്നു. വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം വൈദ്യുതിലൈന്‍ വലിച്ച് കണക്ഷന്‍ നല്‍കും.

എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടന്ന ഈ സമ്പൂര്‍ണ വൈദ്യുതീകരണ യജ്ഞത്തില്‍ എംപിമാര്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, ബ്ളോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയോടൊപ്പം തൃശൂര്‍ ജില്ലയിലെ കെഎസ്ഇബിയുടെ എല്ലാ ഓഫീസുകളും നല്ല ഇടപെടലാണ് നടത്തിയത്. റവന്യൂ, വനം, എസ്സി/എസ്ടി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ ആത്മാര്‍ഥമായ സഹകരണവും ഈ പരിപാടിയുടെ വന്‍വിജയത്തിന് സഹായകരമായി.

എ കെ ബാലന്‍ ദേശാഭിമാനി 250111

1 comment:

  1. തൃശൂരിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി ഈ മാസം 22ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഈ നേട്ടം ആദ്യമായി കൈവരിച്ച ജില്ല പാലക്കാടാണെന്ന് നമുക്കറിയാം. 2010 ഫെബ്രുവരി 16നാണ് പാലക്കാട് സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായത്. രണ്ടാമതായി ഇപ്പോള്‍ തൃശൂരും. ഫെബ്രുവരി 19ന് ആലപ്പുഴ, എറണാകുളം ജില്ലകള്‍കൂടി നേട്ടം കൈവരിക്കും. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായി വൈദ്യുതീകരിച്ച നിയോജകമണ്ഡലം എന്ന പദവി നേടിയ ഇരിങ്ങാലക്കുട ഉള്‍പ്പെടെ പതിനാല് മണ്ഡലമാണ് തൃശൂര്‍ ജില്ലയിലുള്ളത്.

    ReplyDelete