Sunday, January 30, 2011

സര്‍ക്കാരിനെതിരെ പ്രക്ഷോഭം: ഈജിപ്ത് തിളച്ചുമറിയുന്നു

ഈജിപ്തില്‍ ഹൊസ്‌നി മുബാരക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും പ്രയോഗിച്ചു. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ ചെയര്‍മാനും മുബാരക്കിന്റെ കടുത്ത വിമര്‍ശകനുമായ മുഹമ്മദ് എല്‍ബരദേയി നാട്ടിലെത്തിയത് പ്രക്ഷോഭകര്‍ക്ക് ആവേശമായിട്ടുണ്ട്. ടുണീഷ്യയില്‍ ഏകാധിപത്യ ഭരണത്തിനെതിരെ തുടക്കമിട്ട പ്രക്ഷോഭമാണ് യെമനും പിന്നിട്ട് ഈജിപ്തിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നത്.

പ്രക്ഷോഭത്തിന്റെ നാലാം ദിനമായ ഇന്നലെ പ്രാര്‍ഥനയ്ക്കു ശേഷം ഗിസ സ്‌ക്വയറില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. മുഹമ്മദ് എല്‍ ബരദേയിയാണ് ഇവിടെ പ്രക്ഷോഭകര്‍ക്ക് നേതൃത്വം നല്‍കിയത്. പൊലീസില്‍നിന്ന് എല്‍ബരദേയിയെ രക്ഷിക്കാന്‍ അനുയായികള്‍ വലയം തീര്‍ത്തതായി ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അലക്‌സാണ്ട്രിയ, മിനിയ, അസ്യൂത്, എല്‍ ആരിഷ് എന്നിവിടങ്ങളിലും പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. ചൊവ്വാഴ്ച തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെ ഏഴു പേര്‍ പൊലീസ് നടപടിയില്‍ മരിച്ചിട്ടുണ്ട്. കെയ്‌റോയിലെ രാംസിസ് സ്‌ക്വയറില്‍ പൊലീസും പ്രക്ഷോഭകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. എല്‍ നൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥനയ്ക്കു ശേഷം എത്തിയവരാണ് ഇവിടെ അണിനിരന്നത്. മുഹന്തിസീനില്‍ പതിനായിരത്തിലേറെ പ്രക്ഷോഭകര്‍ മുബാരക്കിനെതിരെ മുദ്രാവാക്യം വിളികളുമായി റാലി നടത്തി.

രാജ്യത്ത് പലയിടത്തും മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തടസ്സപ്പെട്ടു.

ആഫ്രിക്കയിലെ അമേരിക്കയുടെ മുഖ്യ പങ്കാളിയായ മുബാരക്കിനെതിരായ പ്രക്ഷോഭത്തില്‍ ഈജിപ്തിലെ പ്രമുഖ ഗ്രൂപ്പായ മുസ്‌ലിം ബ്രദേഴ്‌സ് മുന്‍നിരയിലുണ്ട്. ഏറെ ജനപിന്തുണയുള്ള മുസ്‌ലിം ബ്രദേഴ്‌സിനു പുറമേ എല്‍ബരദേയിയുടെ പിന്തുണ കൂടിയായതോടെ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുകയാണ്.

ജനയുഗം 290111

1 comment:

  1. ഈജിപ്തില്‍ ഹൊസ്‌നി മുബാരക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും പ്രയോഗിച്ചു. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ ചെയര്‍മാനും മുബാരക്കിന്റെ കടുത്ത വിമര്‍ശകനുമായ മുഹമ്മദ് എല്‍ബരദേയി നാട്ടിലെത്തിയത് പ്രക്ഷോഭകര്‍ക്ക് ആവേശമായിട്ടുണ്ട്. ടുണീഷ്യയില്‍ ഏകാധിപത്യ ഭരണത്തിനെതിരെ തുടക്കമിട്ട പ്രക്ഷോഭമാണ് യെമനും പിന്നിട്ട് ഈജിപ്തിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നത്.

    ReplyDelete