Sunday, January 30, 2011

ഇന്ത്യാവിഷനു പറയാനുള്ളത്

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് വേണ്ടി ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘം കഴിഞ്ഞ നാല് മാസമായി ചില അന്വേഷണങ്ങള്‍ നടത്തിവരികയായിരുന്നു. കേസിന്റെ അന്വേഷണഘട്ടത്തിലും വിചാരണയുടെ ഘട്ടത്തിലും അധികാര കേന്ദ്രങ്ങളില്‍ നിന്ന് അവിഹിതമായ ഇടപെടലുകള്‍ ഉണ്ടായി എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ.റഊഫ് ഈ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്. കേസിലെ ഇരകളും സാക്ഷികളുമായ മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍, കേസിലെ പ്രതിപട്ടികയിലെ ചിലര്‍, കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ തുടങ്ങി 12 ഓളം പേരുടെ വെളിപ്പെടുത്തലുകളാണ് ഞങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയത്. അന്വേഷണ ഘട്ടത്തിലും വിചാരണയുടെ ഘട്ടത്തിലും കേസിന്റെ പ്രതിപട്ടികയില്‍ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി വരുന്നത് ഒഴിവാക്കാനുള്ള നിയമബാഹ്യമായ ഇടപെടലുകള്‍ നടന്നുവെന്ന വ്യക്തമായ സൂചനകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഒരു മുന്‍ അഡ്വേക്കറ്റ് ജനറല്‍, ഒരു അഡീഷണല്‍ അഡ്വേക്കറ്റ് ജനറല്‍, ഒരു മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ കേസില്‍ അവിഹിതമായി ഇടപെട്ടുവെന്നതിന് ഞങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ന്യായാധിപന്മാരില്‍ രണ്ടുപേര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധി നല്‍കുന്നതിനായി വന്‍തുക കൈപ്പറ്റിയിട്ടുണ്െടന്നതിന് ഈ വെളിപ്പെടുത്തലുകളില്‍ ശക്തമായ തെളിവുകളുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ.സി. പീറ്റര്‍ തന്നെയാണ് ഒളിക്യാമറയ്ക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് ന്യായാധിപര്‍ക്കെതിരായ ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ മറ്റു ചിലരുടെ മൊഴികളിലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ ജുഡീഷ്യറിക്കകത്ത് നടന്ന ഇടപെടലുകളെ കുറിച്ച് ഞങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍
പുറത്തുവിടുകയാണ്. എന്നാല്‍ ഈ കേസിന്റെ പൂര്‍വ്വചരിത്രം പരിഗണിച്ച് ഇന്ത്യാവിഷന് ലഭിച്ച മറ്റ് മൊഴികള്‍ സംപ്രേഷണം ചെയ്യേണ്ടതില്ല എന്നാണ് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം.

ഞങ്ങള്‍ക്ക് മൊഴി നല്‍കിയ കേസിലെ സാക്ഷികളായ സ്ത്രീകള്‍ ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നവരാണ്. പണവും അധികാരകേന്ദ്രങ്ങളും ചേര്‍ന്ന് നേരത്തേ ഛിന്നഭിന്നമാക്കിയ അവരുടെ ജീവിതത്തില്‍ ഇനിയും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഈ സ്ത്രീകളില്‍ ചിലര്‍ ഞങ്ങളെ വിളിക്കുകയും ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ജീവന് ഭീഷണിയുണ്െടന്നാണ് അവര്‍ പറഞ്ഞത്. ഈ കേസിന്റെ ചരിത്രം അറിയാവുന്നതുകൊണ്ട് ഞങ്ങള്‍ അവരെ അവിശ്വസിക്കുന്നില്ല. പ്രതികളെ രക്ഷിച്ചെടുക്കാന്‍ അന്വേഷണ സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗപ്പെടുത്തപ്പെട്ട ചരിത്രമാണ് ഐസ്ക്രീം പാര്‍ലര്‍ കേസിനുള്ളത്. പ്രതികള്‍ക്കും കുറ്റാരോപിതര്‍ക്കുമെതിരെ നല്‍കപ്പെട്ട മൊഴികള്‍ ഞൊടിയിടയില്‍ തിരുത്തപ്പെട്ട ചരിത്രവുമുണ്ട് ഈ കേസിന്. ഇത്തരത്തിലുള്ള മൊഴി മാറ്റങ്ങള്‍ക്ക് ഇനിയും കളമൊരുങ്ങുന്നതായും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ കേസിലെ സാക്ഷികളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ സംപ്രേഷണം ചെയ്യേണ്ടതില്ല എന്നാണ് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം.

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണത്തിന്റെ സാധ്യത പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് പുനരന്വേഷിക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പ്രതികരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഈ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പുനരന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. അത്തരത്തിലുള്ള ഒരു അന്വേഷണം പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ ചുമതലപ്പെടുത്തപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കോ ഞങ്ങളുടെ പക്കലുള്ള തെളിവുകളും വിശദാംശങ്ങളും നല്‍കാന്‍ തയ്യാറാണെന്ന്
ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പ്രേഷകരെ അറിയിക്കുന്നു. ഐസ്ക്രീം കേസിന്റെ തെളിവുകള്‍ മിക്കവയും കൈവശമുള്ള ഞങ്ങള്‍ക്ക് ഇതില്‍ നടന്ന അവിഹിത, നിയമലംഘന ഇടപെടലുകളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്. മലയാളി പൊതു ജീവിതത്തിന്റെ സംശുദ്ധിയും നീതിന്യായ വ്യവസ്ഥയുടെ സംശുദ്ധമായ നിലനില്‍പ്പും ആഗ്രഹിക്കുന്ന പൊതു സമൂഹം ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം മുസ്ളിം ലീഗ് അടക്കമുള്ള കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും നേതാക്കളും സത്യത്തിന് വേണ്ടി നിലകൊള്ളുമെന്നും ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു, നന്ദി.

ഇന്ത്യാവിഷന്‍ വെബ് സൈറ്റില്‍ നിന്ന് 
ലിങ്ക്

1 comment:

  1. കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് വേണ്ടി ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘം കഴിഞ്ഞ നാല് മാസമായി ചില അന്വേഷണങ്ങള്‍ നടത്തിവരികയായിരുന്നു. കേസിന്റെ അന്വേഷണഘട്ടത്തിലും വിചാരണയുടെ ഘട്ടത്തിലും അധികാര കേന്ദ്രങ്ങളില്‍ നിന്ന് അവിഹിതമായ ഇടപെടലുകള്‍ ഉണ്ടായി എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ.റഊഫ് ഈ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്. കേസിലെ ഇരകളും സാക്ഷികളുമായ മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍, കേസിലെ പ്രതിപട്ടികയിലെ ചിലര്‍, കേസ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ തുടങ്ങി 12 ഓളം പേരുടെ വെളിപ്പെടുത്തലുകളാണ് ഞങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയത്. അന്വേഷണ ഘട്ടത്തിലും വിചാരണയുടെ ഘട്ടത്തിലും കേസിന്റെ പ്രതിപട്ടികയില്‍ മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി വരുന്നത് ഒഴിവാക്കാനുള്ള നിയമബാഹ്യമായ ഇടപെടലുകള്‍ നടന്നുവെന്ന വ്യക്തമായ സൂചനകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്

    ReplyDelete