Monday, January 24, 2011

വിഫലമീയാത്ര, ഗൂഢമീലക്ഷ്യം

വിമോചന യാത്രയും രാഷ്ട്രീയ യാഥാര്‍ഥ്യവും- അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ

നമ്മുടെ രാജ്യത്തെ നിരന്തരം കൊള്ളയടിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയ-ഭരണ കൊള്ളക്കാരുടെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തുന്ന മറ്റൊരു വന്‍കൊള്ളയാണ് കോമണ്‍വെല്‍ത്ത് ഗെയിം സില്‍ നടന്നത്. 70,000 കോടിരൂപയാണ് വെറുമൊരു അന്താരാഷ്ട്ര ഗെയിംസ് സംഘടിപ്പിച്ചതിലൂടെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം അടിച്ചുമാറ്റിയത്. മറ്റ് വന്‍ ഏഷ്യന്‍-യുറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍ നിരവധി റിക്കോര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ ഗെയിംസ് ഇന്ത്യയില്‍ നടന്നപ്പോള്‍ നാം റെക്കോഡുകള്‍ വാരിക്കൂട്ടിയത് ഗെയിംസ് ഇനങ്ങളിലല്ല, മറിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കോണ്‍ട്രാക്റ്റ് അനുവദിക്കുന്നതിലും, സാധനസാമഗ്രികള്‍ വാങ്ങുന്നതിലും തുടങ്ങി ഗെയിംസ് വില്ലേജ് നിര്‍മ്മാണം മുതല്‍ ക്യൂന്‍സ് ബാറ്റണ്‍ റാലി വരെ കൊള്ളയ്ക്കു വിധേയമാക്കി കല്‍മാഡിമാര്‍ പുതിയ റിക്കോര്‍ഡ് കുറിച്ചു. 70000 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എന്ത് അന്വേഷണം! എവിടെ എത്തും ഈ അന്വേഷണം എന്ന് ഇന്ത്യയില്‍ ജനിച്ച ഏതൊരു കുഞ്ഞിനും അറിയാം. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഗെയിംസ് നാടകങ്ങളും വിദേശബാങ്കുകളിലേയ്ക്ക് സുരക്ഷിതമായി കടത്തുന്ന കൊള്ളപ്പണവും അന്വേഷണം എന്ന പ്രഹസനത്തിന് വെറുമൊരു മേമ്പൊടി മാത്രം. ഇതെല്ലാം സഹിക്കാനും ചുമക്കാനും വിധിക്കപ്പെട്ടവരാണ് ഇന്ത്യന്‍ ജനാധിപത്യം. പ്രതിപക്ഷനേതാവിന് എന്തേ കോമണ്‍വെല്‍ത്ത് ഗെയിംസിനെ ക്കുറിച്ച് അറിയാതെപോയി!

2 ജിയും കോമണ്‍വെല്‍ത്തും അമ്പരിപ്പിച്ചിട്ടുണ്ടെങ്കില്‍ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി നമ്മെ ഒന്നടങ്കം നാണം കെടുത്തും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര ജവാന്മാരുടെ ചേതനയറ്റ ശരീരത്തിനുമുകളില്‍ നിന്നുകൊണ്ട് നടത്തിയ നാണംകെട്ട കൊള്ളയാണ് ആദര്‍ശ്. ഈ കൊള്ള നടത്തുന്നതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും കൊള്ളയില്‍ പരോക്ഷമായി പങ്കാളിയുമായ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്റെ രാജി നാടകത്തിലൂടെ താത്ക്കാലിക ആശ്വാസം കണ്ട കോണ്‍ഗ്രസ് എന്തേ പിന്നെ മിണ്ടുന്നില്ല. ഷിന്‍ഡെമാരും, ദേശ്മുഖ്മാരും എങ്ങനെ രക്ഷപ്പെട്ടു? എന്തുകൊണ്ട് അവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. ധീരരക്തസാക്ഷികളായ ജവാന്മാരുടെ പേരില്‍ പതിച്ചുകിട്ടിയ സ്ഥലത്ത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെല്ലാം മാറ്റി മറിച്ച് കെട്ടിപൊക്കിയ അംബരചുംബിയായ 8.5 കോടിയുടെ ഫ്‌ളാറ്റുകള്‍ വെറും 60 ലക്ഷം രൂപയ്ക്ക് പതിച്ചെടുത്തത് ചവാന്റെയും ഷിന്‍ഡെയുടെയും ദേശ്മുഖ്മാരുടെയും അനുയായികളും, സേനാനായകന്‍മാരും ഐ എ എസ്/ഐ പി എസ് ഓഫീസര്‍മാരും ആയിരുന്നു. രക്തസാക്ഷികള്‍ ശവകുടീരങ്ങളില്‍ നിലകൊള്ളുന്നു. അവരുടെ കുടുംബങ്ങള്‍  ആ ദുഃഖസ്മരണകളിലും. വര്‍ഷങ്ങളോളം നീളാവുന്ന അന്വേഷണം എന്ന പ്രഹസനകെട്ടില്‍ ആദര്‍ശും ആദര്‍ശവും തളയ്ക്കപ്പെട്ടു. പ്രതിപക്ഷനേതാവിനെന്തേ മിണ്ടാട്ടമില്ല!

ഉന്നതരാഷ്ട്രീയ ഭരണസിരാകേന്ദ്രങ്ങളിലെ അകത്തളങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന അബ്ദുള്‍ കരീം തെല്‍ഗി തന്റെ ഉന്നതഭരണ-രാഷ്ട്രീയ ബന്ധങ്ങളിലൂടെ നടത്തിയത് 20000 കോടിരൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വന്‍സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. വ്യാജ സ്റ്റാമ്പ് പേപ്പര്‍ നിര്‍മ്മിച്ച് രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ വിറ്റഴിച്ചതു മൂലം ഇരുപതിനായിരം കോടി രൂപയാണ് ഖജനാവിന് നഷ്ടമായത്. മന്ത്രി കപില്‍ സിബലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു നഷ്ടമേ അല്ല. ഉണ്ടാകുമായിരുന്ന വരുമാനം ഇല്ലാതെ പോയി- അത്രയേയുള്ളൂ. അതിനെ എങ്ങനെ നഷ്ടമെന്ന് വിളിക്കും!

1980 കളുടെ അവസാനം രാജ്യത്തെ ഞെട്ടിച്ച 72 കോടി രൂപയുടെ (16 മില്യന്‍ ഡോളര്‍) കൊള്ളയുടെ അന്വേഷണവും വിചാരണയും എവിടെ എത്തി നില്‍ക്കുന്നു എന്ന് നമുക്കറിയാം. ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെ പ്രമുഖരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ വരെ ഉള്‍പ്പെട്ടിരുന്നതാണ് ബോഫോഴ്‌സ് സ്‌കാം. ഇന്ന് ഇവയെല്ലാം വളരെ ചെറിയ കൊള്ളകളായി  നിസ്സാരവത്ക്കരിക്കപ്പെടുന്നു. കാരണം ആഴത്തിലും പരപ്പിലുമുള്ള വന്‍കൊള്ളകള്‍ അനുദിനം വര്‍ധിച്ചുവരുമ്പോള്‍ സ്വാഭാവികമായും പഴയവ മനസ്സില്‍ നിന്നും മറയപ്പെടുന്നു. ഈ സ്ഥിതി നല്ലവണ്ണം മനസ്സിലാക്കികൊണ്ടുതന്നെയാണ് ഭരണവര്‍ഗ്ഗം സാധാരണക്കാരനെ കൊള്ളയടിക്കുന്ന സമ്പ്രദായം ചെറിയ ഇടവേളകളിലായി നിര്‍ബാധം തുടരുന്നതും. അത്തരത്തിലുള്ള നിരവധി ചെറുകിട വന്‍കിട കൊള്ളകളും ഈ കാലയളവില്‍ കടന്നുപോയിരിക്കുന്നു. ഐ പി എല്‍ കൊള്ള, കാലിത്തീറ്റ കുംഭകോണം, കര്‍ണ്ണാടകയിലെ ഖനിയില്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍ കൊള്ള, കര്‍ണ്ണാടകയിലെ തന്നെ ഭൂമി വിവാദം, യു പിയിലെ ഭക്ഷ്യകുംഭകോണം തുടങ്ങി നിരവധി എണ്ണം. ഇവയെല്ലാം ഒരു യു പി എ (യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സ്)-െഎക്യപുരോഗമന കൂട്ടായ്മ യുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നടപ്പാക്കിവരുന്ന ഉദാരവത്ക്കരണപ്രക്രിയയിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ച് പാവപ്പെട്ട പട്ടിണികോലങ്ങള്‍ കൂട്ട ആത്മഹത്യയിലേക്ക് തള്ളപ്പെടുന്നു. അനുദിനം റോക്കറ്റിന്റെ വേഗതയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റം മൂലം ഒരുനേരം പോലും ആഹാരത്തിന് വഴിയില്ലാതെ 60 കോടി ജനങ്ങളാണ് വലയുന്നത്. ബാക്കി 55 കോടി കയ്യും വായും തമ്മില്‍ കൂട്ടിമുട്ടിക്കുന്നതില്‍ നന്നേ ബദ്ധപ്പെടുന്നു.

പെട്രോളിനും, ഡീസലിനുമുള്ള സബ്‌സിഡി എടുത്തുകളഞ്ഞ് കമ്പോളം കുത്തകകള്‍ക്ക് തുറന്നുകൊടുത്തതുമൂലം നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ദിനംപ്രതി വില കൂടുകയാണ്. താങ്ങാനാവാതെ പകച്ച് നില്‍ക്കുന്ന ഒരു ജനതയെയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ നാനാഭാഗത്തും കാണാന്‍ കഴിയുന്നത്. പാവം അവര്‍ എന്തുചെയ്യും-ആരോടുപറയും! ഒരു പക്ഷെ പട്ടിണി മരണം നിത്യസംഭവ മായിട്ടുള്ള ഹെയ്തി, എത്തിയോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ മറ്റൊരു രാജ്യത്തും കാണാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലേക്കാണ് ഇന്ത്യ കടന്നുപോകുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായിട്ടുള്ള വിലവര്‍ധന പരിശോധിച്ചാല്‍ നമുക്കിതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയും. 2009-10 കാലയളവിനുള്ളില്‍ മാത്രം പച്ചക്കറിയുടെ വില 59 ശതമാനമാണ് വര്‍ധിച്ചതെങ്കില്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് 20 ശതമാനവും, മുട്ട, പാല്‍, മാംസാഹാരങ്ങള്‍ക്ക് 20 ശതമാനവുമാണ് രാജ്യത്തുണ്ടായ വില വര്‍ധന. സവാളയും, ഉരുളക്കിഴങ്ങും ഇല്ലാത്ത ഒരു ദിനം ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ സവാളയുടെ വില 132 ശതമാനമാണ് കുതിച്ചുയര്‍ന്നെതെങ്കില്‍ വെളുത്തുള്ളിക്ക് 180 ശതമാനമാണ് വര്‍ധനയാണുണ്ടായത്. ഗോതമ്പൊഴിെകയുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില വര്‍ധിച്ചിരിക്കുന്നു. എന്തേ കേന്ദ്രസര്‍ക്കാരിനു നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാരുകളെ പഴിചാരി രക്ഷപ്പെടാന്‍ വൃഥാ ശ്രമിക്കുന്ന കേന്ദ്രത്തിന് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ഇടപെടാന്‍ കഴിയാത്തതെന്താണ്? കാരണം ഉദാരവത്ക്കരണ പ്രക്രിയയിലൂടെ കമ്പോള ഇടെപടലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. രാജ്യത്തിന്റെ ജി ഡി പിയുടെ 0.6 ശതമാനം മാത്രമാണ് പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനായി നീക്കിവെച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. ഇത് ശക്തിപ്പെടുത്തലോ, മനപ്പൂര്‍വ്വമുള്ള ക്ഷയിപ്പിക്കലോ! ഉദ്പാദനരംഗത്തും സംഭരണരംഗത്തും വിതരണരംഗത്തും ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇന്നില്ല. ഊഹക്കച്ചവടത്തിനും, അവധി വ്യാപാരത്തിനും വന്‍കിട കമ്പോള ചൂതാട്ടങ്ങള്‍ക്കുമായി ഇവെയാക്കെ തുറന്നുകൊടുക്കപ്പെട്ടു. എന്നിട്ട് വിലപിച്ചിട്ടെന്തു കാര്യം! ഇവയൊക്കെ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണ വിധേയമാക്കണം. അതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നെട്ടോട്ടമോടുന്ന ജനത്തെ നോക്കി പരിഹസിക്കുകയാണ് ഭരണവര്‍ഗ്ഗം. യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നു മാത്രമല്ല അതിനെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി വക്താക്കള്‍ ചെയ്യുന്നത്. പ്രധാനമന്ത്രി വിളിച്ചുകൂട്ടി എന്നു പ്രഖ്യാപിച്ച രണ്ടുയോഗങ്ങളും കൂടാനായില്ലത്രെ! നമ്മുടെ പ്രധാനമന്ത്രി അത്ര ദുര്‍ബലനാണോ? ഇന്ത്യ എന്ന മഹാരാജ്യത്തെ ഒരു പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ യോഗം പോലും നടക്കാത്തൊരവസ്ഥ. ഇതിനെ 'അരാജകത്വം' എന്നല്ലാതെ എന്താണു വിളിക്കുക.

രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതി ഇതാണെന്നിരിക്കെ കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്ര ഒന്ന് ദിശമാറ്റി അങ്ങ് വടക്കോട്ട് ഡല്‍ഹിയിലേക്കായിരുന്നുവെങ്കില്‍ ദാരിദ്ര്യത്തിന്റെ കൊടും ചുഴിയില്‍ നട്ടം തിരിയുന്ന ശതകോടികള്‍ അദ്ദേഹത്തെ നമിക്കുമായിരുന്നു. ഹാ കഷ്ടം വിഫലമീയാത്ര-ഗൂഢമീ ലക്ഷ്യം എന്നല്ലാതെന്തു പറയാന്‍.

വി പി രാധാകൃഷ്ണന്‍ നായര്‍ ജനയുഗം 240111

1 comment:

  1. നമ്മുടെ രാജ്യത്തെ നിരന്തരം കൊള്ളയടിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയ-ഭരണ കൊള്ളക്കാരുടെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തുന്ന മറ്റൊരു വന്‍കൊള്ളയാണ് കോമണ്‍വെല്‍ത്ത് ഗെയിം സില്‍ നടന്നത്. 70,000 കോടിരൂപയാണ് വെറുമൊരു അന്താരാഷ്ട്ര ഗെയിംസ് സംഘടിപ്പിച്ചതിലൂടെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം അടിച്ചുമാറ്റിയത്. മറ്റ് വന്‍ ഏഷ്യന്‍-യുറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍ നിരവധി റിക്കോര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ ഗെയിംസ് ഇന്ത്യയില്‍ നടന്നപ്പോള്‍ നാം റെക്കോഡുകള്‍ വാരിക്കൂട്ടിയത് ഗെയിംസ് ഇനങ്ങളിലല്ല, മറിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കോണ്‍ട്രാക്റ്റ് അനുവദിക്കുന്നതിലും, സാധനസാമഗ്രികള്‍ വാങ്ങുന്നതിലും തുടങ്ങി ഗെയിംസ് വില്ലേജ് നിര്‍മ്മാണം മുതല്‍ ക്യൂന്‍സ് ബാറ്റണ്‍ റാലി വരെ കൊള്ളയ്ക്കു വിധേയമാക്കി കല്‍മാഡിമാര്‍ പുതിയ റിക്കോര്‍ഡ് കുറിച്ചു. 70000 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എന്ത് അന്വേഷണം! എവിടെ എത്തും ഈ അന്വേഷണം എന്ന് ഇന്ത്യയില്‍ ജനിച്ച ഏതൊരു കുഞ്ഞിനും അറിയാം. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഗെയിംസ് നാടകങ്ങളും വിദേശബാങ്കുകളിലേയ്ക്ക് സുരക്ഷിതമായി കടത്തുന്ന കൊള്ളപ്പണവും അന്വേഷണം എന്ന പ്രഹസനത്തിന് വെറുമൊരു മേമ്പൊടി മാത്രം. ഇതെല്ലാം സഹിക്കാനും ചുമക്കാനും വിധിക്കപ്പെട്ടവരാണ് ഇന്ത്യന്‍ ജനാധിപത്യം. പ്രതിപക്ഷനേതാവിന് എന്തേ കോമണ്‍വെല്‍ത്ത് ഗെയിംസിനെ ക്കുറിച്ച് അറിയാതെപോയി!

    ReplyDelete