Wednesday, January 26, 2011

കള്ളപ്പണം തടയാന്‍ അഞ്ചിന തന്ത്രം

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരം പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നിയമപരമായ ചട്ടക്കൂട് ഇന്ത്യയില്‍ ഇല്ലെന്നുംധനമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണം സംബന്ധിച്ച വ്യക്തമായ കണക്കും സര്‍ക്കാരിന്റെ കൈവശമില്ല. 462 ബില്യ അമേരിക്കന്‍ ഡോളര്‍ (21 ലക്ഷം കോടി രൂപ) കള്ളപ്പണമുണ്ടെന്നാണ് ഏകദേശ കണക്ക്. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതിയും സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ടികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രണബ് മുഖര്‍ജി പത്രസമ്മേളനം നടത്തിയത്.

കള്ളപ്പണം സംബന്ധിച്ച് സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നു പറഞ്ഞ് തുടങ്ങിയ മുഖര്‍ജിയുടെ പത്രസമ്മേളനം ഒരു വിവരവും പുറത്തുവിടാനാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണുണ്ടായത്. വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന കള്ളപ്പണത്തിന്റെ വിവരം പുറത്തുവിടുന്നതിന് തടസ്സങ്ങളുണ്ട്. തരുന്ന വിവരങ്ങള്‍ പുറത്തുവിടില്ലെന്ന ഉറപ്പിലാണ് അവ ലഭിക്കുന്നത്. ഇന്നത് പുറത്തുവിട്ടാല്‍ നാളെ മറ്റു രാജ്യങ്ങള്‍ വിരങ്ങള്‍ നല്‍കാതാകും. അന്താരാഷ്ട്ര പ്രതിബദ്ധത മാനിക്കുന്നില്ലെന്ന ആരോപണം ഉയരും- മുഖര്‍ജി പറഞ്ഞു. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ സീല്‍ചെയ്ത കവറില്‍ പിന്നീട് കോടതിയെ ധരിപ്പിക്കും. ആദായനികുതി വിഭാഗം കുറ്റവിചാരണ ആരംഭിക്കുമ്പോള്‍ കള്ളപ്പണക്കാരുടെ വിവരം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിന്റെ വ്യക്തമായ കണക്കും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മുഖര്‍ജി അറിയിച്ചു.

ബിജെപിയുടെ കര്‍മസമിതി 2009ല്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 50,000- 1,50,000 കോടി ഡോളറിനിടയിലാണ് രാജ്യത്തുനിന്ന് പുറത്തേക്കൊഴുകിയ കള്ളപ്പണം. എന്നാല്‍, ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി റിപ്പോര്‍ട്ടനുസരിച്ച് ഏകദേശം 21 ലക്ഷം കോടി രൂപയാണ് കള്ളപ്പണം. യഥാര്‍ഥ കണക്ക് തയ്യാറാക്കാന്‍ ബഹുതലസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മൂന്ന് ഏജന്‍സി ഉള്‍പ്പെടുന്നതാണ് സമിതി. കള്ളപ്പണം തടയാന്‍ അഞ്ചിന തന്ത്രത്തിനും സര്‍ക്കാര്‍ രൂപം നല്‍കി. സാര്‍വദേശീയ രാജ്യങ്ങള്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗഭാക്കാവുക, നിയമചട്ടക്കൂട് ഉണ്ടാക്കുക, കള്ളപ്പണം തടയാനാവശ്യമായ സംവിധാനം സൃഷ്ടിക്കുക, ഇവ നടപ്പാക്കാനുള്ള സംവിധാനം വികസിപ്പിക്കുക, ഫലപ്രദമായ നടപടി കൈക്കൊള്ളാനുള്ള വൈദഗ്ധ്യം നേടുക എന്നിവയാണിവ.

കള്ളപ്പണ നിക്ഷേപകരുടെ വിവരം കൈമാറാന്‍ ഇരട്ടനികുതി ഒഴിവാക്കുന്ന കരാറില്‍ ഭേദഗതിവരുത്താനായി 80 രാജ്യവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പത്ത് രാജ്യവുമായി ചര്‍ച്ച പൂര്‍ത്തിയായി. സ്വറ്റ്സര്‍ലന്‍ഡ് ഉള്‍പ്പെടെ 13 രാജ്യവുമായി കരാര്‍ ഭേദഗതിക്ക് ധാരണയായി. എന്നാല്‍, സ്വിസ് പാര്‍ലമെന്റ് കരാറിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ കള്ളപ്പണം സംബന്ധിച്ച വിരങ്ങള്‍ ലഭിക്കൂ. ബഹാമാസ്, സെന്റ് കീറ്റ്സ് തുടങ്ങി 10 രാജ്യവുമായി നികുതി വിവരങ്ങള്‍ പരസ്പരം കൈമാറുന്ന കരാറിലും ഒപ്പുവച്ചു. സിംഗപ്പുര്‍, മലേഷ്യ ഉള്‍പ്പെടെ എട്ട് രാജ്യത്ത് ആദായനികുതി ഓഫീസും തുറന്നിട്ടുണ്ട്. 36 ഉദ്യോഗസ്ഥരെ വിദേശത്തേക്കയച്ച് വിദേശ നികുതിവിഭാഗത്തെ ശക്തിപ്പെടുത്തി. ഇതിന്റെയൊക്കെ ഫലമായി കഴിഞ്ഞ 18 മാസത്തിനകം 15,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞു. 34,601 കോടി രൂപയുടെ നികുതി പിരിച്ചെടുത്തു. കണക്കില്‍പ്പെടാത്ത 48,784 കോടി രൂപ കണ്ടെത്താനും അതിന്റെ നികുതി ഈടാക്കാനും കഴിഞ്ഞു. പ്രത്യക്ഷ നികുതി ചട്ടം നിലവില്‍ വരുന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമെന്നും മുഖര്‍ജി അറിയിച്ചു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 260111

3 comments:

  1. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരം പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നിയമപരമായ ചട്ടക്കൂട് ഇന്ത്യയില്‍ ഇല്ലെന്നുംധനമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണം സംബന്ധിച്ച വ്യക്തമായ കണക്കും സര്‍ക്കാരിന്റെ കൈവശമില്ല. 462 ബില്യ അമേരിക്കന്‍ ഡോളര്‍ (21 ലക്ഷം കോടി രൂപ) കള്ളപ്പണമുണ്ടെന്നാണ് ഏകദേശ കണക്ക്. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതിയും സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ടികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രണബ് മുഖര്‍ജി പത്രസമ്മേളനം നടത്തിയത്.

    ReplyDelete
  2. വിദേശരാജ്യങ്ങളിലുള്ള കള്ളപ്പണം കണ്ടെത്തി രാജ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നുള്ള പ്രഖ്യാപനമല്ല ഫലപ്രദമായ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല- യെച്ചൂരി പറഞ്ഞു. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും മറ്റും സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന്റെ കണക്ക് കിട്ടുമ്പോള്‍ ഇന്ത്യക്കുമാത്രം ലഭിക്കാത്തതെന്തെന്നും യെച്ചൂരി ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച വിവരം പുറത്തുവരുമെന്നതിനാലാണ് അക്കാര്യം വെളിപ്പെടുത്താനാവില്ലെന്ന് പ്രണബ് മുഖര്‍ജി പറയുന്നതെന്ന് ബിജെപി വക്താവ് രവിശങ്കര്‍പ്രസാദ് പറഞ്ഞു.

    ReplyDelete
  3. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം എത്രയുണ്ടെന്നും അതില്‍ എത്ര പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാനായി എന്നും കണക്കാക്കാന്‍ തയ്യാറാകണമെന്ന് ധനമന്ത്രാലയ പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സുപ്രീംകോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാര്‍ലമെന്ററി സമിതിയും ഈ ആവശ്യം ഉന്നയിച്ചത്. കള്ളപ്പണം ഭീകരവാദികളെ സഹായിക്കാന്‍ ഉപയോഗിച്ചോ എന്ന കാര്യവും പരിശോധിക്കണമെന്നും ബിജെപി നേതാവ് യശ്വന്ത്സിന്‍ഹ ചെയര്‍മാനായ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ റവന്യൂ സെക്രട്ടറി സനില്‍ മിത്ര, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്ര, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ അരുമാഥൂര്‍ എന്നിവരും ഹാജരായി.

    ReplyDelete