Sunday, January 23, 2011

വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി സഹകരിക്കുമോ: പിണറായി

രാജ്ഭവനുമുമ്പില്‍ ജനപ്രതിനിധികളുടെ ഉജ്വല ധര്‍ണ

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ താക്കീത്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് രാജ്ഭവനു മുന്നില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ധര്‍ണയില്‍ നൂറുകണക്കിന് ജനപ്രതിനിധികള്‍ അണിനിരന്നു. പെട്രോള്‍ വിലനിയന്ത്രണം നീക്കി വന്‍കിടകുത്തകകള്‍ക്ക് രാജ്യം കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. വിലക്കയറ്റം തടയാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ധര്‍ണയില്‍ ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിവിധ ജനവിഭാഗങ്ങളും അണിനിരന്നു.
ധര്‍ണ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷനായി. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ എ അസീസ് എംഎല്‍എ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ശശീന്ദ്രന്‍ എംഎല്‍എ, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാമചന്ദ്രന്‍നായര്‍ സ്വാഗതവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നന്ദിയും പറഞ്ഞു. വിവിധ വര്‍ഗബഹുജനസംഘടനകളും ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി സഹകരിക്കുമോ: പിണറായി

പെട്രോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കുമോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ രാജ്ഭവന്‍ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് തീരുമാനപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം നീക്കിയത്. അതിലുള്ള എതിര്‍പ്പുകൊണ്ടല്ല, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഉമ്മന്‍ചാണ്ടി വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. യുഡിഎഫ് ജാഥ തുടങ്ങിയപ്പോഴാണ് വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് മനസ്സിലായത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍നടപടി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായകമായി. ജനങ്ങള്‍ വിലവര്‍ധന താങ്ങാനാകാതെ വിഷമിക്കുമ്പോള്‍ പ്രധാനമന്ത്രി അവരെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിലകുറഞ്ഞ ഭക്ഷണം കഴിച്ച് ശീലിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്തെ 77 ശതമാനം ജനങ്ങളുടെയും പ്രതിദിനവരുമാനം 20 രൂപയാണ്. ഇവരോടാണ് വിലകുറഞ്ഞ ഭക്ഷണം കഴിച്ചു ശീലിക്കണമെന്ന് കേന്ദ്രം പറയുന്നത്.

വിലക്കയറ്റംമൂലം പാവപ്പെട്ടവര്‍ പട്ടിണിയിലേക്കും മുഴുപട്ടിണിണിയിലേക്കും നീങ്ങുന്നു. എന്നാല്‍, സാധാരണക്കാര്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രം തുനിയുന്നില്ല. കഴിഞ്ഞ ബജറ്റില്‍ ഭക്ഷ്യസബ്സിഡിക്ക് 52,000 കോടിരൂപമാത്രമാണ് നീക്കിവച്ചതെങ്കില്‍ വന്‍കിട കുത്തകകള്‍ക്ക് നല്‍കിയ നികുതിഇളവ് നാലുലക്ഷം കോടിരൂപയാണ്. ഊഹക്കച്ചവടത്തിനും അവധിവ്യാപാരത്തിനും കൂട്ടുനില്‍ക്കുകയാണ് കേന്ദ്രം. കാര്‍ഷികവിളകള്‍ വിളവെടുപ്പിനു തയ്യാറാകുംമുമ്പേ കോര്‍പറേറ്റുകള്‍ അത് വിലയുറപ്പിച്ചുവാങ്ങുന്നു. ഇതുമൂലം കര്‍ഷകനു യഥാര്‍ഥവില ലഭിക്കുന്നില്ല. കുത്തകകള്‍ ഇത് തോന്നിയവിലയ്ക്ക് വില്‍ക്കുന്നു.

ഉള്ളിക്ക് ക്ഷാമവും വില വര്‍ധനയും ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഉള്ളികയറ്റുമതിക്ക് സ്വകാര്യകച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയത്. വിലകുറച്ച് കയറ്റി അയച്ച ഉള്ളി, ക്ഷാമം നേരിട്ടപ്പോള്‍ നികുതി ഇളവുനല്‍കി ഇറക്കുമതിക്കും അനുവദിച്ചു. ഇറക്കുമതി ചെയ്യുമ്പോള്‍ പരമാവധി വില നിശ്ചയിക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. നേരത്തെ പഞ്ചസാരയ്ക്ക് ക്ഷാമവും വിലക്കയറ്റവും നേരിട്ടപ്പോള്‍ ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. പാര്‍ലമെന്റിലെ 543 അംഗങ്ങളില്‍ 300 പേര്‍ കോടീശ്വരന്മാരാണ്. ഇവരില്‍ 138 പേരും കോണ്‍ഗ്രസുകാരാണ്. ഇവര്‍ക്കെങ്ങനെ പാവപ്പെട്ടവരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. എങ്ങനെ പണമുണ്ടാക്കാം, ലാഭം കൂട്ടാം എന്നതുമാത്രമായിരിക്കും അവരുടെ ചിന്ത. സര്‍ക്കാരിനെക്കൊണ്ട് നയപരമായ തീരുമാനമെടുപ്പിക്കാന്‍ കഴിയുംവിധം സ്വാധീനം ഇവര്‍ക്കുണ്ട്. പെട്രോളിയത്തിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത് റിലയന്‍സിനെ സഹായിക്കാന്‍ വേണ്ടിയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് ഭക്ഷ്യധാന്യവിതരണരംഗത്ത് 50 കോടിരൂപമാത്രമാണ് ചെലവഴിച്ചതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പുവര്‍ഷംമാത്രം 400 കോടിരൂപയാണ് ചെലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 230111

1 comment:

  1. പെട്രോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കുമോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ രാജ്ഭവന്‍ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete