Thursday, January 20, 2011

തകരുന്നത് പ്രതിഭകളുടെ മനോവീര്യം

കോട്ടയം: സംസ്ഥാന സ്കൂള്‍ കലോത്സവമികവ് ഇടിച്ചുതാഴ്ത്താന്‍ ചിലരുടെ ആസൂത്രിത നീക്കം. മത്സരയിനങ്ങളുടെ വിധി നിര്‍ണയത്തില്‍ പാകപ്പിഴകളെന്നു വരുത്താന്‍ തുടക്കദിവസംതന്നെ 'മലയാളമനോരമ' രംഗത്തുവന്നത് മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചു. കാശു വാങ്ങി ഫലം മാറ്റിമറിക്കാനുള്ള ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് പത്രത്തിന്റെ മുഖ്യവാര്‍ത്ത. മികച്ച അവതരണങ്ങളിലൂടെ ഒന്നാമതെത്തിയവരെ ആക്ഷേപിക്കാനേ ഇത്തരം സമീപനം ഇടയാക്കൂവെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഒപ്പം ഒന്നാം നിരയില്‍ എത്താന്‍ കഴിയാത്തവരെയെല്ലാം കൂടുതല്‍ നിരാശരാക്കുന്നതുമാണ് ഈ പ്രചാരണം. വിധികര്‍ത്താവിന് പണം നല്‍കാത്തതിനാലാണ് പിന്തള്ളപ്പെട്ടതെന്ന തോന്നല്‍ ഇവരില്‍ വളരും. ഇത് സാംസ്കാരിക ഉണര്‍വേകേണ്ട കലോത്സവത്തിന്റെ അന്തഃസത്തയെത്തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കലാകേരളത്തിന്റെ അഭിമാനമായി വളര്‍ന്നുവരേണ്ട കൌമാരപ്രതിഭകളുടെ മനസ്സിനെ മലീമസമാക്കാനേ 'കലോത്സവകോഴ' വിവാദംപോലുള്ളവ ഇടയാക്കൂ. വിധിനിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടാകാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് 'ദേശാഭിമാനി'യോടു പറഞ്ഞു.

"പണം നല്‍കി വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നുവെന്ന നിലയില്‍ ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ല. കോഴിക്കോട്ട് കലോത്സവം നടക്കുമ്പോള്‍ പേരു പറയാതെ ഒരാള്‍ സമാനമായ പരാതി പറഞ്ഞതായി ഓര്‍മയുണ്ട്. എന്നാല്‍ കോട്ടയത്തെ വിധി നിര്‍ണയം സംബന്ധിച്ച് അത്തരമൊരാക്ഷേപം ഇതുവരെ ഫോണില്‍പോലും പറഞ്ഞിട്ടില്ല.''

പിന്നെങ്ങനെ വാര്‍ത്ത വരുന്നൂവെന്ന ചോദ്യത്തിന് "അത് എനിക്കറിയില്ലെ''ന്നായിരുന്നു പ്രതികരണം.

വിധികര്‍ത്താക്കള്‍ സ്ഥലത്തെത്തിക്കഴിഞ്ഞും മാറ്റം വരുത്താന്‍ കഴിയും. അവര്‍ വേദിയിലെത്തുന്നതുവരെ പ്രത്യേക സ്ക്വാഡിന്റെ വലയത്തിലുമാണ്. ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന് വശംവദരായെന്നു ബോധ്യപ്പെട്ടാല്‍ ആജീവനാന്തവിലക്കും വരും. പിന്നെ ചില്ലിക്കാശിന് ക്രമക്കേട് കാട്ടുമോ? ഇത് അവിശ്വസനീയമാണ്- ഡിപിഐ പറഞ്ഞു. ഏജന്റുമാരായി ചമഞ്ഞ് ആര്‍ക്കെങ്കിലുമൊക്കെ നിഷ്കളങ്കരായ രക്ഷിതാക്കളെ വഴിതെറ്റിക്കാനുള്ള സാഹചര്യമാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. പലരും കെട്ടുകഥകള്‍ പറയും. സമ്മാനം കിട്ടാത്തവര്‍ക്ക് നിരാശയും വരും. ഗ്രേഡിങ്ങിലൂടെ മാര്‍ക്ക് കിട്ടുന്ന സാഹചര്യം മത്സരത്തിനിപ്പോഴും അനാവശ്യവാശി നല്‍കുന്നുണ്ട്. സ്പോര്‍ട്സില്‍ ആദ്യ എട്ട് സ്ഥാനത്തെത്തുന്നവര്‍ക്കു മാത്രമാണ് ഗ്രേസ് മാര്‍ക്ക്. എന്നാല്‍ ഇവിടെ ഗ്രേഡ് എത്ര പേര്‍ക്ക് കിട്ടിയാലും മാര്‍ക്ക് കിട്ടുന്നു. ഇക്കാര്യത്തിലെ മാറ്റം പരിഗണിക്കേണ്ടതാണ്- അദ്ദേഹം പറഞ്ഞു. വാര്‍ത്തയ്ക്കുവേണ്ടി കഥ ചമയ്ക്കാതെ ഈ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടെതെന്നാണ് സംഘാടകസമിതിയുടെ മറ്റ് ഭാരവാഹികളും പറയുന്നത്.

പരീക്ഷണം പുലിവാലായാല്‍

കോട്ടയം: പുതിയ പരീക്ഷണം പുലിവാലായാല്‍ എന്തുചെയ്യും? നനഞ്ഞിറങ്ങിയാല്‍ കുളിച്ചുകയറുകതന്നെ. പരീക്ഷണത്തിനിറങ്ങി നാട്ടുകാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടയത്തെ പ്രമുഖ പത്രം. പുതുമയ്ക്കുവേണ്ടിയുള്ള പരക്കംപാച്ചിലിലാണ് പത്രം പരീക്ഷണത്തിന് കച്ചകെട്ടിയിറങ്ങിയത്. കലോത്സവവുമായി ബന്ധപ്പെട്ട് വാര്‍ത്തയെന്നു തോന്നുന്ന എന്തും ആര്‍ക്കും പത്രം ഓഫീസിലക്ക് വിളിച്ചുപറയാമെന്നായിരുന്നു പരസ്യം. ഒരു പണിയുമില്ലാതിരുന്ന ചില വിരുതന്മാര്‍ ഉടനെ 'പണി' തുടങ്ങി. ദാ വരുന്നു....തുരുതുരാ ഫോ വിളികള്‍. പത്രം ഓഫീസില്‍ ഫോ എടുത്ത റിപ്പോര്‍ട്ടര്‍ എന്‍ക്വയറി കൌണ്ടറില്‍ അകപ്പെട്ട ടെലിഫോണ്‍ ഓപ്പറേറ്ററെപ്പോലെയായി. ദാരിദ്ര്യത്തോടു പടവെട്ടി മികച്ച ജയം നേടിയ മത്സരാര്‍ഥിയെ ഇന്റര്‍വ്യൂ ചെയ്യണമെങ്കില്‍ വേഗം വരൂ... ഇവിടെ ഞങ്ങള്‍ കാത്തുനില്‍ക്കുകയാണെന്നായിരുന്നു ഒരു കോള്‍. പത്രക്കാര്‍ക്ക് പണി കൊടുക്കാന്‍ കിട്ടിയ 'അവസരം' പലരും ശരിക്ക് വിനിയോഗിച്ചു. പട്ടിണിപ്പാവങ്ങളെ തേടി റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും പാഞ്ഞുനടന്നത് മിച്ചം.

ദേശാഭിമാനി 200111

1 comment:

  1. സംസ്ഥാന സ്കൂള്‍ കലോത്സവമികവ് ഇടിച്ചുതാഴ്ത്താന്‍ ചിലരുടെ ആസൂത്രിത നീക്കം. മത്സരയിനങ്ങളുടെ വിധി നിര്‍ണയത്തില്‍ പാകപ്പിഴകളെന്നു വരുത്താന്‍ തുടക്കദിവസംതന്നെ 'മലയാളമനോരമ' രംഗത്തുവന്നത് മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചു. കാശു വാങ്ങി ഫലം മാറ്റിമറിക്കാനുള്ള ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് പത്രത്തിന്റെ മുഖ്യവാര്‍ത്ത. മികച്ച അവതരണങ്ങളിലൂടെ ഒന്നാമതെത്തിയവരെ ആക്ഷേപിക്കാനേ ഇത്തരം സമീപനം ഇടയാക്കൂവെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

    ReplyDelete