Monday, January 24, 2011

വിപണിയില്‍ വിസ്മയമായി ദിനേശ്

ബീഡിത്തൊഴിലാളികളുടെ വിയര്‍പ്പില്‍നിന്നാണ് സഹകരണരംഗത്തെ വിസ്മയമായ ദിനേശിന്റെ തുടക്കം. ഭക്ഷ്യോല്‍പന്നം മുതല്‍ ഐടിവരെയുള്ള വൈവിധ്യമാര്‍ന്ന സംരംഭങ്ങളുമായി മുന്നേറുമ്പോഴും ബീഡിതെറുക്കുന്നവരെ ദിനേശ് മറന്നില്ല. തൊഴിലാളി ക്ഷേമത്തിന് വിവിധ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 30 ശതമാനം വര്‍ധനയോടെ തൊഴിലാളികളുടെ മിനിമം വേതനം 130 രൂപയാക്കി. ചികിത്സ, ബോണസ്, ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങി ആനുകൂല്യം കൂടുമ്പോള്‍ പ്രതിഫലം വീണ്ടും ഉയരും. തെറുക്കുന്ന ബീഡിയുടെ ക്വാട്ട ഒഴിവാക്കിയതോടെ മികച്ച തൊഴിലാളികള്‍ക്ക് നല്ല പ്രതിഫലം ഉറപ്പ്. ദിനേശിന്റെ മുന്‍കൈയില്‍ ബീഡിതെറുപ്പുകാര്‍ക്ക് ശുഭകാലം വരികയാണ്. ദിനേശിന്റെ എല്ലാ സംരംഭങ്ങളും പ്രതീക്ഷകളുടെ ചിറകിലാണ്. സംസ്ഥാനസര്‍ക്കാരിന്റെ കൈത്താങ്ങാണ് സംഘശക്തിയുടെ പ്രസ്ഥാനത്തിന് പുതിയ ഊര്‍ജം പകരുന്നത്.

വൈവിധ്യവല്‍ക്കരണത്തിനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച ഏഴുകോടിയില്‍ നാലുകോടി ഉപയോഗിച്ച് രണ്ട് വസ്ത്രനിര്‍മാണ യൂണിറ്റ് തുടങ്ങി. മൂന്നാമത്തെ യൂണിറ്റ് അടുത്തമാസം ചെറുവത്തൂരില്‍ തുറക്കും. ഇവിടെ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി. അത്യാധുനികയന്ത്രങ്ങളാണ് ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ നൂറ്റമ്പതും പിന്നീട് മുന്നൂറോളം പേര്‍ക്കും തൊഴില്‍ ലഭിക്കും. യൂറോപ്പ്, ദുബായ്, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് വസ്ത്ര കയറ്റുമതി. രുചിയുടെ പര്യായമാണ് ദിനേശിന്റെ ഭക്ഷ്യോല്‍പന്നം. അച്ചാര്‍ മുതല്‍ ചായപ്പൊടി വരെ വിപണിയിലുണ്ട്. തേങ്ങാപ്പാലിന്റെ സംസ്കരണവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു. 20 ലക്ഷം രൂപ ചെലവിലാണ് നവീകരണം. കുപ്പിക്ക് പകരം റിട്ടോട്ട് പൌച്ചിലാണ് ഇനി തേങ്ങാപ്പാല്‍ ഇറക്കുക. ബാക്ടീരിയരഹിത പാക്കിങ് ചേമ്പറും നിര്‍മിക്കും. ചകിരി, ചിരട്ട എന്നിവ കത്തിച്ച് ആവിയുണ്ടാക്കിയാണ് സംസ്കരണം. വാളന്‍പുളിയുടെ സത്തും വിശേഷ ഉല്‍പന്നമാണ്. കോട്ട, സിന്തറ്റിക്, സില്‍ക്ക് തുണികളിലുള്ള ദിനേശ് ഷര്‍ട്ടുകള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെ. 'ഗോള്‍ഡ ഓറിയോള്‍' എന്ന സില്‍ക്ക് ഷര്‍ട്ടിന് സില്‍ക്ക് ബോര്‍ഡിന്റെ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. രാജ്യത്ത് ആദ്യമാണിത്. ദിനേഷ് ഡ്യൂക്, എം ജാക് തുടങ്ങിയ ബ്രാന്‍ഡുകളിലാണ് ഷര്‍ട്ട് വില്‍പന.

ഫ്ളമിംഗോ എന്ന പേരില്‍ കോട്ടണ്‍ ബെഡ്ഷീറ്റ്, ബ്ളൂ ഫാന്‍സി എന്ന പേരില്‍ കര്‍ച്ചീഫ് തുടങ്ങിയവയും വിപണിയിലെത്തിക്കുന്നു.ദിനേശിന്റെ കുടകളും വിജയപഥത്തിലാണ്. ത്രീഫോള്‍ഡ്, സിംഗിള്‍ ഫോള്‍ഡ്, ഓട്ടോമാറ്റിക് എന്നിങ്ങനെ വിവിധ തരത്തിലുള്ള മുപ്പതോളം കുട നിര്‍മിക്കുന്നു. ദിനേശിന്റെ ഐടി സ്ഥാപനവും ശാസ്ത്രസാങ്കേതികരംഗങ്ങളിലെ വളര്‍ച്ചയ്ക്ക് ഉദാഹരണമാണ്. വിവിധ ബാങ്കുകള്‍, മറ്റ് വ്യവസായസ്ഥാപനം എന്നിവക്കാണ് ദിനേശ് ഐടിയുടെ സേവനം. എണ്ണായിരത്തഞ്ഞൂറോളം പേര്‍ക്കാണ് വിവിധ സംരംഭങ്ങളിലായി തൊഴില്‍ ലഭിക്കുന്നത്. സി രാജന്‍ ചെയര്‍മാനും കെ ബാലകൃഷ്ണന്‍ ഡയറക്ടറുമായ ഭരണസമിതിയാണ് നേതൃത്വം നല്‍കുന്നത്. ദിനേശിന്റെ വിജയം സഹകരണപ്രസ്ഥാനത്തിന്റെ മാത്രം വിജയമല്ല. നിശ്ചയദാര്‍ഢ്യമുള്ള ഒരു ജനതയുടെ അതിജീവനത്തിന്റെ അടയാളംകൂടിയാണ്.

ദേശാഭിമാനി 240111

1 comment:

  1. ബീഡിത്തൊഴിലാളികളുടെ വിയര്‍പ്പില്‍നിന്നാണ് സഹകരണരംഗത്തെ വിസ്മയമായ ദിനേശിന്റെ തുടക്കം. ഭക്ഷ്യോല്‍പന്നം മുതല്‍ ഐടിവരെയുള്ള വൈവിധ്യമാര്‍ന്ന സംരംഭങ്ങളുമായി മുന്നേറുമ്പോഴും ബീഡിതെറുക്കുന്നവരെ ദിനേശ് മറന്നില്ല. തൊഴിലാളി ക്ഷേമത്തിന് വിവിധ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 30 ശതമാനം വര്‍ധനയോടെ തൊഴിലാളികളുടെ മിനിമം വേതനം 130 രൂപയാക്കി. ചികിത്സ, ബോണസ്, ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങി ആനുകൂല്യം കൂടുമ്പോള്‍ പ്രതിഫലം വീണ്ടും ഉയരും. തെറുക്കുന്ന ബീഡിയുടെ ക്വാട്ട ഒഴിവാക്കിയതോടെ മികച്ച തൊഴിലാളികള്‍ക്ക് നല്ല പ്രതിഫലം ഉറപ്പ്. ദിനേശിന്റെ മുന്‍കൈയില്‍ ബീഡിതെറുപ്പുകാര്‍ക്ക് ശുഭകാലം വരികയാണ്. ദിനേശിന്റെ എല്ലാ സംരംഭങ്ങളും പ്രതീക്ഷകളുടെ ചിറകിലാണ്. സംസ്ഥാനസര്‍ക്കാരിന്റെ കൈത്താങ്ങാണ് സംഘശക്തിയുടെ പ്രസ്ഥാനത്തിന് പുതിയ ഊര്‍ജം പകരുന്നത്.

    ReplyDelete