Friday, January 21, 2011

റിലയന്‍സിനുവേണ്ടി വാതകവില കൂട്ടിയതിലും ക്രമക്കേട്

റിലയന്‍സിന് അനുകൂലമായി പ്രകൃതിവാതകവില അന്യായമായി ഉയര്‍ത്തി നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിക്കുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ദീപാങ്കര്‍ മുഖര്‍ജിയടക്കമുള്ളവര്‍ സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സിഎജി അന്വേഷണം. 2ജി ഇടപാടില്‍ 1.76 ലക്ഷം കോടിരൂപയുടെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനുപിന്നാലെയാണ് സിഎജിയുടെ പുതിയ അന്വേഷണം.

ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി തടത്തില്‍നിന്ന് റിലയന്‍സ് ഊറ്റുന്ന പ്രകൃതിവാതകത്തിന് 2007 സെപ്തംബറിലാണ് ഉയര്‍ന്ന വില നിശ്ചയിച്ചത്. റിലയന്‍സും പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷ (എന്‍ടിപിസി)നും 2003ല്‍ ഒപ്പിട്ട കരാര്‍പ്രകാരം ഒരു എംബിടിയു (മില്യ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) വാതകത്തിന് 2.34 ഡോളറാണ് വിലനിശ്ചയിച്ചത്. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകത്തിനാണ് എന്‍ടിപിസി ടെന്‍ഡര്‍ വിളിച്ചത്. 2.34 ഡോളറിന് റിലയന്‍സ് ടെന്‍ഡര്‍ പിടിച്ചു. കൃഷ്ണ- ഗോദാവരി തടത്തില്‍ വന്‍ വാതകനിക്ഷേപം കണ്ടെത്തിയതിനുപിന്നാലെയായിരുന്നു എന്‍ടിപിസിയുമായുള്ള വന്‍ വിതരണകരാര്‍ റിലയന്‍സ് പിടിച്ചത്. എന്നാല്‍, യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രണബ് മുഖര്‍ജി തലവനായ പ്രത്യേക മന്ത്രിസമിതി യോഗം ചേര്‍ന്ന് റിലയന്‍സിന്റെ വാതകത്തിന് അഞ്ചുവര്‍ഷത്തേക്ക് 4.2 ഡോളര്‍ നിശ്ചയിച്ചു. റിലയന്‍സില്‍നിന്ന് വാതകം വാങ്ങുന്ന എല്ലാ വരും ഈ വില നല്‍കണമെന്നും മന്ത്രിസമിതി തീരുമാനിച്ചു. ഇതോടെ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയും ഉയര്‍ന്ന വില നല്‍കേണ്ടിവന്നു.

17 വര്‍ഷത്തേക്ക് 2.34 ഡോളര്‍ നിരക്കില്‍ വാതകം നല്‍കാമെന്ന പഴയ കരാര്‍പ്രകാരംതന്നെ വാതകം ലഭിക്കണമെന്ന ആവശ്യവുമായി എന്‍ടിപിസി പിന്നീട് കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും തുടരുകയാണ്. റിലയന്‍സിന് അനുകൂലമായി മന്ത്രിസമിതിയെടുത്ത തീരുമാനമാണ് വിവാദമാകുന്നത്. എന്ത് കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് 4.2 ഡോളര്‍ എന്ന വിലയില്‍ എത്തിച്ചേര്‍ന്നതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത സുഹൃത്തായ മുന്‍ പെട്രോളിയംമന്ത്രി മുരളി ദേവ്റ, പി ചിദംബരം, ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ തുടങ്ങിയവരായിരുന്നു വില ഉയര്‍ത്താനുള്ള സമിതി യോഗത്തില്‍ പങ്കെടുത്തവര്‍. എന്‍ടിപിസിയുമായി ധാരണയായ വിലയുടെ ഇരട്ടിവില ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ റിലയന്‍സിന് കോടികളുടെ ലാഭമുണ്ടായി. എന്നാല്‍, പ്രകൃതിവാതകത്തെ ആശ്രയിച്ചുപ്രവര്‍ത്തിക്കുന്ന വളം- ഊര്‍ജ പ്ളാന്റുകള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. കൃഷ്ണ- ഗോദാവരി തടത്തില്‍നിന്ന് വാതകം ഊറ്റുന്നതിന് റിലയന്‍സ് മുടക്കിയതായി പറയുന്ന 45,000 കോടിയുടെ കണക്കുകളടക്കം സിഎജി പരിശോധിക്കുന്നുണ്ട്. പ്രകൃതിവിഭവത്തിന്റെ വില്‍പ്പനവിഷയമായതിനാല്‍ സ്വകാര്യകമ്പനിയുടേതടക്കം കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ട്.

റിലയന്‍സിന്റെ കണക്കുകളില്‍ ചില പൊരുത്തക്കേട് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു. വിശദമായ കണക്കും രേഖകളും സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെക്ട്രത്തിനുശേഷം റിലയന്‍സിന്റെ വാതകക്കച്ചവടത്തിലേക്ക് സിഎജി തിരിഞ്ഞതിനുപിന്നാലെയാണ് കേന്ദ്രം രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

ദേശാഭിമാനി 210111

1 comment:

  1. റിലയന്‍സിന് അനുകൂലമായി പ്രകൃതിവാതകവില അന്യായമായി ഉയര്‍ത്തി നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിക്കുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ദീപാങ്കര്‍ മുഖര്‍ജിയടക്കമുള്ളവര്‍ സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സിഎജി അന്വേഷണം. 2ജി ഇടപാടില്‍ 1.76 ലക്ഷം കോടിരൂപയുടെ വെട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനുപിന്നാലെയാണ് സിഎജിയുടെ പുതിയ അന്വേഷണം.

    ReplyDelete