Friday, January 21, 2011

സമഗ്ര വികസന പദ്ധതിയിലൂടെ പച്ചക്കറി സ്വയംപര്യാപ്തതയിലേയ്ക്ക്

കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വ് 2

ഒന്നാം ഭാഗം ഇവിടെ

നെല്‍കര്‍ഷകരുടെ വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി സംയോജിത കന്നുകാലി വികസന പദ്ധതിപ്രകാരം ഒരു പശുവും 5 കോഴികളുമടങ്ങുന്ന ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 1,41,000 രൂപ ധനസഹായം നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ 1000 നെല്‍കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

തുടര്‍ച്ചയായി വിലത്തകര്‍ച്ചയില്‍പ്പെട്ടിരുന്ന കേര വിപണിക്ക് ഉണര്‍വേകിക്കൊണ്ട് ഗവണ്‍മെന്റ് അഞ്ചു ജില്ലകളില്‍ പച്ചത്തേങ്ങ സംഭരിച്ചു. കേരകര്‍ഷകരുടെ നെടുനാളത്തെ ഒരാവശ്യമായിരുന്നു ഇത്. തൊണ്ടുകളഞ്ഞ 450 ഗ്രാമില്‍ കുറയാത്ത നാളികേരം നാലു രൂപ നാല്‍പ്പതു പൈസ നിരക്കിലും വെള്ളം കളഞ്ഞ ഒരു കിലോ നാളികേരം 11 രൂപ നിരക്കിലുമാണ് സഹകരണസംഘങ്ങള്‍, ക്ലസ്റ്ററുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവ മുഖേന സംഭരിച്ചത്. ഇതിന്റെ ഫലമായി മൂന്ന് രൂപവരെയായി ഇടിഞ്ഞ നാളികേരവില എട്ട് രൂപവരെയായി വര്‍ധിച്ചു. കേരകൃഷി രംഗത്ത് ഇനിയും പരിഹരിക്കേണ്ട പ്രശ്‌നങ്ങളുണ്ട്. നാളികേര ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം സജീവമാക്കിയും നാളികേര ഉല്‍പ്പന്നങ്ങളുടെ വ്യാപ്തി വിപുലപ്പെടുത്തിയും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള തീവ്രയത്‌നങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

കുറഞ്ഞ പ്രീമിയം തുകമാത്രം ഈടാക്കി തെങ്ങിന് കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്ന പദ്ധതി സംസ്ഥാന ഗവണ്‍മെന്റ് ആദ്യമായി നടപ്പാക്കി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി തുടര്‍ന്ന് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. 15 വര്‍ഷംവരെ പ്രായമുള്ള തെങ്ങുകളുടെ നഷ്ടത്തിന് തെങ്ങൊന്നിന് 600 രൂപ പ്രകാരവും 15 മുതല്‍ 60 വര്‍ഷവരെ പ്രായമുള്ള തെങ്ങുകളുടെ നഷ്ടത്തിന് തെങ്ങൊന്നിന് 1150 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക.

കേരളത്തെ പച്ചക്കറിയുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുകയും അതോടൊപ്പം ഗുണമേന്മയുള്ള ജൈവ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയും ലക്ഷ്യമിട്ട് സമഗ്ര പച്ചക്കറി വികസന പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും. പരമ്പരാഗത പച്ചക്കറി വികസന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കും. പരമ്പരാഗത പച്ചക്കറികൃഷി മേഖലകള്‍ക്കു പുറമെ തരിശ്ശിട്ടിരിക്കുന്ന പ്രദേശങ്ങളിലും സര്‍ക്കാര്‍ ഫാമുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതാണ്. ഇങ്ങനെ 5000 ഹെക്ടറില്‍ ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുക വഴി ഒരു ലക്ഷം ടണ്‍ പച്ചക്കറി അധികം ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍ക്കും. ഇതിനു പുറമെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലും നഗരങ്ങളിലെ രണ്ട് സെന്റെങ്കിലും കൃഷി ചെയ്യാന്‍ സൗകര്യമുള്ള 25,000 യൂണിറ്റുകളിലും പച്ചക്കറികൃഷി ആരംഭിച്ചു. ശീതകാല പച്ചക്കറിയിനങ്ങള്‍ സമതലങ്ങളില്‍ കൂടി വ്യാപിപ്പിക്കുവാനുള്ള വിജയകരമായ പരിശ്രമവും നടത്തുകയുണ്ടായി.

25 ലക്ഷം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുവാനും വീട്ടമ്മമാരുടെ ടെറസ് കൃഷി, വിദ്യാലയങ്ങളിലെ കൃഷി എന്നിവ വിപുലമാക്കുവാനും വരുംവര്‍ഷ പദ്ധതികളില്‍ നിര്‍ദേശങ്ങളുണ്ട്. 500 സ്‌കൂളുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി തുടങ്ങും. പച്ചക്കറി കൃഷിക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനും ഉദ്ദേശിക്കുന്നു. പച്ചക്കറി പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേറ്റ് വെജിറ്റബിള്‍ മിഷനു രൂപം നല്‍കിയിട്ടുണ്ട്.

ഫലവര്‍ഗങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം നമ്മുടെ വൃക്ഷ സമ്പത്ത് വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ഫലശ്രീ. അഞ്ച് ലക്ഷം ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നാംഘട്ടമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം എന്ന പദ്ധതിയിലൂടെ മൂന്നു ലക്ഷം ഫലവൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.

കൃഷിവകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ വളരെ മെച്ചപ്പെട്ട പ്രവര്‍ത്തനഫലങ്ങള്‍ ഉണ്ടാക്കുകയും പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍കാലത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാലു സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിയപ്പോള്‍ മറ്റ് നാലെണ്ണം ലാഭം വര്‍ധിപ്പിക്കുകയുണ്ടായി.

സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കി കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടായി. മുന്‍കാലത്ത് 5 കോടി രൂപ നഷ്ടമുണ്ടാക്കിയ കേരഫെഡ് കഴിഞ്ഞ 3 വര്‍ഷത്തില്‍ 10 കോടി ലാഭമുണ്ടാക്കി. വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍, ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ് എന്നിവയും നഷ്ടത്തില്‍നിന്നും ലാഭത്തിലായി. കാംകോ, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഓയില്‍പാം ഇന്ത്യ, സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കും ലാഭം വര്‍ധിപ്പിക്കുവാനായി. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, നടുക്കര ആഗ്രോ പ്രോസസിംഗ് കമ്പനി എന്നിവ കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി.

ഓയില്‍പാം ഇന്ത്യയുടെ കേര്‍ണല്‍ ഓയില്‍ പ്രോജക്ട് കമ്മിഷന്‍ ചെയ്തു. കാംകോയുടെ ചെറിയ ട്രാക്ടര്‍ നിര്‍മാണവും ഈ ഗവണ്‍മെന്റിന്റെ കാലത്തുതന്നെ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ലഭ്യമാക്കിയതുള്‍പ്പെടെ നെല്‍കൃഷി മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന് സഹായിച്ചു. പച്ചക്കറി വിപണിയില്‍ ഇടപെട്ട് വിലവര്‍ധനവ് ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുവാന്‍ ഹോര്‍ട്ടികോര്‍പ്പും വി എഫ് പി സി കെയും സഹായിച്ചു. വി എഫ് പി സി കെയുടെ വിത്തു സംസ്‌കരണശാലയില്‍ നിന്നും നല്ലയിനം പച്ചക്കറിവിത്തുകള്‍ ന്യായവിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയതും എടുത്തുപറയേണ്ടതാണ്. ഈ നിലയില്‍ കാര്‍ഷികരംഗത്ത് സജീവമുന്നേറ്റം സാധ്യമായ നാലു വര്‍ഷമാണ് കേരളം പിന്നിടുന്നത്.

മുല്ലക്കര രത്‌നാകരന്‍ ജനയുഗം 210101

1 comment:

  1. നെല്‍കര്‍ഷകരുടെ വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി സംയോജിത കന്നുകാലി വികസന പദ്ധതിപ്രകാരം ഒരു പശുവും 5 കോഴികളുമടങ്ങുന്ന ഒരു യൂണിറ്റ് സ്ഥാപിക്കുന്നതിന് 1,41,000 രൂപ ധനസഹായം നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ 1000 നെല്‍കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

    ReplyDelete