Friday, January 21, 2011

കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാതെ സൂക്ഷിക്കുന്നതിനെ സുപ്രിംകോടതി ഇക്കഴിഞ്ഞ ദിവസവും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ വിമര്‍ശനം ഇതാദ്യമായല്ല. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അതിഗൂഢമായ നിലപാടാണ് കൈക്കൊണ്ടുവരുന്നത്. സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെ സംബന്ധിച്ചും നിക്ഷേപകരെ കുറിച്ചുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതെന്തിനാണെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഒരുവിദേശ രാഷ്ട്രവുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം വിദേശബാങ്ക് നിക്ഷേപം വെളിപ്പെടുത്താനാവുകയില്ലെന്ന അഴകൊഴമ്പന്‍ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്.

സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള അനധികൃതമായ പണം കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഈ ആവശ്യം ഏറെക്കാലമായി സി പി ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഉന്നയിക്കുന്നതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനു സന്നദ്ധമായിരുന്നില്ല. 2009 ല്‍ സി പി ഐ പ്രതിനിധികള്‍, സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടി കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

സ്വിസ് ബാങ്കുകളിലേതടക്കമുള്ള വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപത്തെക്കുറിച്ച് സുപ്രിംകോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടും നിസ്സംഗ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ലോകത്തെ 2000 പ്രമുഖരുടെ പട്ടിക പരസ്യപ്പെടുത്തുമെന്ന് വിക്കിലീക്ക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചെ വെളിപ്പെടുത്തിയിരുന്നു. അതില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളതെന്ന് വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ 280 ലക്ഷം കോടിരൂപയിലേറെ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ കണക്ക് സ്വിസ് ബാങ്ക് അധികൃതര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരുടെ നിക്ഷേപമെത്രയെന്ന് വെളിപ്പെടുത്താന്‍ അവര്‍ സന്നദ്ധമല്ല. ഈ നിലപാടു തന്നെ ദുരൂഹത വളര്‍ത്തുന്നു. 280 ലക്ഷം കോടിരൂപ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരില്‍ രാഷ്ട്രീയക്കാരും വ്യവസായികളും ഉള്‍പ്പെടുന്നുണ്ട്. അനധികൃതമായി സമ്പാദിച്ച പണമാണ് ഇത്തരക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.

കള്ളപ്പണവും കണക്കില്‍പ്പെടാത്ത പണവും വിദേശബാങ്കുകളില്‍ നിക്ഷേപിച്ച് ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരുമായി ഇന്ത്യയില്‍ അരങ്ങുവാഴുകയാണ് അവര്‍. അവര്‍ നടത്തുന്നത് കടുത്ത രാജ്യവഞ്ചനയാണ്. പക്ഷേ ഇത്തരം ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് രാജ്യത്തിലെ ഉന്നത നീതിപീഠം കേന്ദ്രസര്‍ക്കാരിനെ ആവര്‍ത്തിച്ചുള്ള രൂക്ഷവിമര്‍ശനത്തിന് വിധേയമാക്കിയത്. വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ച കള്ളപ്പണം രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതാണെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചു. അത്തരക്കാരുടെ പേരുവിവരം വെളിപ്പെടുത്താതിരിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും പ്രശ്‌നത്തെ കേവലം നികുതിവെട്ടിപ്പായി ലഘൂകരിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ കൊള്ളയടിക്കുകയും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം നടത്തുകയും ചെയ്യുന്നവരായാണ് സുപ്രിംകോടതി വിദേശബാങ്കിലെ കള്ളപ്പണ നിക്ഷേപകരെ വിശേഷിപ്പിച്ചത്.

സുപ്രിംകോടതി രൂക്ഷവിമര്‍ശനം തുടരുമ്പോള്‍ പിടിച്ചു നില്‍ക്കാനായി ജര്‍മനിയിലെ ലിഷ്‌ടെന്‍ സ്റ്റൈന്‍ ബാങ്കില്‍ നിക്ഷേപമുള്ള 26 പേരുടെ വിവരങ്ങള്‍ സമര്‍പ്പിച്ച് തലയൂരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അതും സുപ്രിംകോടതിയുടെ കടുത്ത വിമര്‍ശനത്തിനിടയാക്കി. വിദേശ ബാങ്കുകളില്‍ അനധികൃതമായ പണം നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ ആളുകളുടെയും പേരുവിവരം നല്‍കാന്‍ മടിക്കുന്നതെന്തുകൊണ്ട് എന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി അപ്പോള്‍ ആരാഞ്ഞത്.

ഇക്കാര്യത്തില്‍ അനധികൃത നിക്ഷേപകര്‍ക്ക് വക്കാലത്തുമായി പ്രധാനമന്ത്രിയും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയും രംഗത്തുവരികയും ചെയ്തു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം പെട്ടെന്നു തിരികെകൊണ്ടുവരാന്‍ സര്‍ക്കാരിന് മാര്‍ഗമില്ലെന്നാണ് മന്‍മോഹന്‍സിംഗ് പറഞ്ഞത്. അനധികൃത നിക്ഷേപകര്‍ക്ക് പിഴ ചുമത്തി നിക്ഷേപത്തിന് നികുതി ഈടാക്കി കള്ളപ്പണത്തെ നിയമപരമാക്കണമെന്നാണ് ബി ജെ പിയുടെ വാദം.

സുപ്രിംകോടതി നിരീക്ഷിച്ചതുപോലെ ഈ പണമാകെ രാജ്യത്തിന്റെ സമ്പത്താണ്. അത് രാജ്യത്തിന് പുറത്ത് നിക്ഷേപിച്ച് ദേശദ്രോഹം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക തന്നെവേണം. ആ പണം പിടിച്ചെടുത്ത് രാജ്യത്തിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമായി വിനിയോഗിക്കുകയും വേണം. പക്ഷേ  കള്ളപ്പണക്കാരുടെയും കോടീശ്വരന്മാരുടെയും കുത്തകമുതലാളിമാരുടെയും താല്‍പര്യം സംരക്ഷിക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അതിനു തയ്യാറല്ലെന്നാണ് അനുഭവം തെളിയിക്കുന്നത്.

janayugom editorial 21-01-2011


കള്ളപ്പണം ലേബലിലെ പഴയ പോസ്റ്റുകള്‍

1 comment:

  1. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാതെ സൂക്ഷിക്കുന്നതിനെ സുപ്രിംകോടതി ഇക്കഴിഞ്ഞ ദിവസവും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ വിമര്‍ശനം ഇതാദ്യമായല്ല. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അതിഗൂഢമായ നിലപാടാണ് കൈക്കൊണ്ടുവരുന്നത്. സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ള വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെ സംബന്ധിച്ചും നിക്ഷേപകരെ കുറിച്ചുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതെന്തിനാണെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഒരുവിദേശ രാഷ്ട്രവുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം വിദേശബാങ്ക് നിക്ഷേപം വെളിപ്പെടുത്താനാവുകയില്ലെന്ന അഴകൊഴമ്പന്‍ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്.

    ReplyDelete