സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചാവേര്‍പ്പടയായി ചില മാധ്യമങ്ങളും: പിണറായി
കൊട്ടാരക്കര: സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താന്‍ യുഡിഎഫിനൊപ്പം ചാവേര്‍പ്പടയായി ചില മാധ്യമങ്ങളും രംഗത്തുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച പാര്‍ടി ഏരിയ കമ്മിറ്റി അംഗം ആര്‍ മുരളീധരന്‍ കുടുംബസഹായഫണ്ട് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എമ്മിനെ പിടിച്ചുതാഴ്ത്തിക്കെട്ടാനും എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താനും ചില മാധ്യമങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ഭാവനയിലൂടെ സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ് ഇന്ന് അഴിമതിയുടെ കൂടാരമായി മാറി. തൊട്ടതിലെല്ലാം അഴിമതിയുടെ നാറ്റം വമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഒരുപാട് പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും ഒരാളെ സുപ്രീംകോടതി ഇത്ര രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടോ. കോണ്‍ഗ്രസുകാര്‍ പറയുന്നത് നീതിമാനായ പ്രധാനമന്ത്രിയെന്നാണ്. 2ജി സ്പെക്ട്രം അഴിമതിയുമായി പ്രധാനമന്ത്രിയുടെ പങ്ക് എന്താണ്. മന്‍മോഹന്‍സിങ് ഒരു ഘട്ടത്തില്‍ 2ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് സ്വീകരിച്ചു. നടപടികള്‍ സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് രാജയ്ക്ക് അയച്ചിരുന്നു. ചില വ്യവസ്ഥകളും പ്രധാനമന്ത്രി വച്ചു. എന്നാല്‍, പ്രധാനമന്ത്രിയും പ്രണബ്മുഖര്‍ജിയും തമ്മില്‍ നടത്തിയ ചര്‍ച്ച ഓര്‍മയുണ്ടായിരിക്കണമെന്നു കാണിച്ച് രാജ മറുപടിക്കത്തെഴുതി. അതിനുശേഷം പ്രധാനമന്ത്രി നിശബ്ദനായി. എന്തുകൊണ്ട് 16 മാസം നിശബ്ദനായെന്നും സുതാര്യത ഉറപ്പാക്കാന്‍ ഇടപെട്ടില്ലെന്നുമാണ് കോടതിയുടെ ചോദ്യം. അപ്പോള്‍ കാര്യം പ്രധാനമന്ത്രിക്കും അറിയാമായിരുന്നുവെന്നത് വ്യക്തമാണ്.
ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ ഒരു മുഖ്യമന്ത്രിമാത്രം പോയാല്‍ പോര. വേറെയും കേന്ദ്രമന്ത്രിമാരുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ഒരു സുരേഷ് കല്‍മാഡിയെക്കൊണ്ടുമാത്രം തീരില്ല. പെട്രോളിന്റെ വിലവര്‍ധനയുടെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. ഇപ്പോള്‍ പറയുന്നു ഡീസലിന്റെയും പാചകവാതകത്തിന്റെയുമെല്ലാം വിലനിയന്ത്രണം എടുത്തുകളയുമെന്ന്. രാജ്യത്തെ നവരത്ന കമ്പനിയുടെ ഷെയറുകള്‍ വിദേശകമ്പനികള്‍ക്ക് വില്‍ക്കുന്നു. ടാറ്റ, റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകള്‍ക്കുവേണ്ടി നീര റാഡിയയെപ്പോലുള്ളവര്‍ ദല്ലാള്‍ പണി നടത്തുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍വരെ അതില്‍ പങ്കാളികളാകുന്നു. ഇവരെല്ലാംകൂടിയുള്ള കൂട്ടുകെട്ട് രൂപപ്പെടുകയാണ്. രാജ്യത്ത് മന്ത്രിയാരാകണം, എംപി ആരാകണം എന്നെല്ലാം ഇക്കൂട്ടരാണ് തീരുമാനിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ഇടതുസര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തി
യുഡിഎഫിന്റെ ചാവേറുകളായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സമനില തെറ്റിയ രീതിയില്‍ എല്‍ഡിഎഫിനെതിരെ നെറികേടുകള്‍ പ്രചരിപ്പിക്കാനിടയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.
കേരളത്തിന്റെ പുരോഗതിക്ക് ഭരണമാറ്റമല്ല, ഭരണ തുടര്‍ച്ചയാണ് വേണ്ടതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മനസിലാക്കിയ ചില മാധ്യമങ്ങള്‍ അവരുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന രീതിയിലാണ് കള്ളപ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ ഇത് തുടരും. എല്‍ഡിഎഫ് സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ എല്ലാവിധ ശ്രമങ്ങളും നടക്കും. ഇത് ചെറുത്ത് നിജസ്ഥിതി ജനങ്ങളിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ജീവനക്കാരും പങ്കാളികളാവണം. ഏതാനും മാസമായി യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലായിരുന്നു. അഞ്ച് വര്‍ഷം ഒരു കൂട്ടര്‍, അടുത്ത അഞ്ച് വര്‍ഷം മറ്റൊരു കൂട്ടര്‍ എന്ന നിലയില്‍ അനായാസം ഭരണം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ കണക്കുകൂട്ടല്‍ പിഴയ്ക്കുകയാണെന്ന് വ്യക്തമായതോടെ യുഡിഎഫ് ക്യാമ്പ് ഇപ്പോള്‍ വല്ലാത്ത നിരാശയിലാണ്.
കേരളത്തിലെ ജനങ്ങള്‍ സ്വന്തം അനുഭവത്തിലൂടെയാണ് എല്‍ഡിഎഫ് ഭരണതുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നത്. മൂന്ന് ദശാബ്ദത്തിനിടയില്‍ യുഡിഎഫ് അധികാരത്തില്‍ വന്ന ഓരോ ഘട്ടത്തിലും ജനവിരുദ്ധ നടപടികളാണ് സ്വീകരിച്ചത്. സിവില്‍ സര്‍വീസ് തകര്‍ക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം കവരുന്നതിനും എടുത്ത നടപടി പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാവും. 1982-87 കാലയളവില്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ ശമ്പള പരിഷ്കരണത്തിന് തുരങ്കം വച്ചു. ജീവനക്കാരും അധ്യാപകരും രണ്ടു തവണ അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെ നടത്തിയശേഷമാണ് പരിഷ്കരണം നടപ്പാക്കിയത്. അപ്പോഴും 100 കോടി രൂപയുടെ ആനുകൂല്യം കവര്‍ന്നു. പിന്നീട് 1991-96 കാലയളവില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്‍ക്രിമെന്റ് കുറച്ചു, ലീവ് സറണ്ടര്‍ ആനുകൂല്യവും പെന്‍ഷന്‍ ആനുകൂല്യവും വെട്ടിക്കുറച്ചു. 2001-06 കാലയളവിലാണ് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത്. സിവില്‍ സര്‍വീസിന്റെ അസ്തിത്വംതന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നു. ഒരു ലക്ഷം തസ്തിക വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചു. എല്ലാ പുതിയ നിയമനങ്ങളും മരവിപ്പിച്ചു. ലീവ് സറണ്ടര്‍, ഭവന വായ്പ എന്നിവ നിര്‍ത്തി. 500 കോടിയുടെ ആനുകൂല്യങ്ങളാണ് ഈ കാലയളവില്‍ തട്ടിപ്പറിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ സിവില്‍ സര്‍വീസ് ഏറെക്കുറെ പൂര്‍ണമായും തകരുമായിരുന്നു. ശരിയായ ദിശാബോധത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തി.
സമസ്ത മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു പോലും അംഗീകരിക്കേണ്ടി വന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും കണ്ട് കേരളത്തെ പ്രശംസിക്കരുതെന്ന് നിവേദനം നല്‍കിയത്- പിണറായി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍ എന്നിവര്‍ സംസാരിച്ചു. സി ആര്‍ ജോസ് പ്രകാശ് അധ്യക്ഷനായി. കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന കണ്‍വീനര്‍ എം കൃഷ്ണന്‍ ഭാവി പരിപാടി അവതരിപ്പിച്ചു. എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ സ്വാഗതവും പ്രസിഡന്റ് യു ഉസ്മാന്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി 280111
കൊട്ടാരക്കര: സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താന്‍ യുഡിഎഫിനൊപ്പം ചാവേര്‍പ്പടയായി ചില മാധ്യമങ്ങളും രംഗത്തുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച പാര്‍ടി ഏരിയ കമ്മിറ്റി അംഗം ആര്‍ മുരളീധരന്‍ കുടുംബസഹായഫണ്ട് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete