Monday, January 24, 2011

ബംഗാള്‍: തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടണം

പശ്ചിമബംഗാളില്‍ ജനവിധി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷ പാര്‍ടികള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ നിവേദനം ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന സുപ്രധാന വെല്ലുവിളികളെയാണ് തുറന്നുകാട്ടുന്നത്. നിയമസഭ‘തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂര്‍വവുമായി നടക്കുമെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ, നീലോല്‍പല്‍ ബസു(സിപിഐ എം), സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ആര്‍എസ്പി ദേശീയ സെക്രട്ടറി അബനി റോയി, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നീ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. കരട് വോട്ടര്‍പട്ടിക പുറത്തുവന്നപ്പോള്‍ പുതുതായി 56,19,057 പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത്രയും വര്‍ധന അവിശ്വസനീയമാണെന്നും അര്‍ഹരായവര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുമ്പോള്‍ത്തതന്നെ വ്യാജവോട്ടര്‍മാരെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുമ്പ് ഇടതുപക്ഷം നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ 20 ലക്ഷത്തില്‍പരം പേര്‍ കരട് പട്ടികയില്‍നിന്ന് ഒഴിവായി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുലര്‍ത്തിയ ജാഗ്രത തൃപ്തികരമാണ്. എന്നാല്‍, വോട്ടര്‍പട്ടിക കുറ്റമറ്റതായതുകൊണ്ടു മാത്രം സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നില്ല.

സംസ്ഥാനത്തെ ചില ജില്ലകളില്‍ മാവോയിസ്റുകള്‍ നിരന്തരം ആക്രമണം നടത്തുകയാണ്. ബാങ്കുറ, പുരുളിയ, പശ്ചിമ മിഡ്നാപ്പുര്‍ എന്നീ മൂന്ന് ജില്ലയില്‍ മാവോയിസ്റുകള്‍ അങ്ങേയറ്റം അക്രമാസക്തരാണ്. ഒറീസ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന ഈ ജില്ലകളില്‍ വിപുലമായ വനമേഖലയുണ്ട്. ആക്രമണം അഴിച്ചുവിട്ട് ‘ഭീതി സൃഷ്ടിക്കുകയെന്ന മാവോയിസ്റുകളുടെ തന്ത്രം പയറ്റാന്‍ ഈ മേഖലയുടെ ഭൂമിശാസ്ത്രം സഹായിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തില്‍ വിശ്വാസമില്ലെന്നും അക്കാരണത്താല്‍തന്നെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കില്ലെന്നും മാവോയിസ്റുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് കമീഷന് ബോധ്യമുള്ള സംഗതിയാണ്.

ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തകരെയും നേതാക്കളെയുമാണ് മാവോയിസ്റുകള്‍ കൂടുതലായും വധിക്കുന്നത്. സംഘടിത ഇടതുപക്ഷപ്രസ്ഥാനങ്ങളോടുള്ള രൂഢമൂലമായ വിരോധമാണ് മാവോയിസ്റുകളുടെ രാഷ്ട്രീയസ്വഭാവം. 1960കളുടെ അവസാനത്തിലും 70കളുടെ തുടക്കത്തിലും നക്സലൈറ്റുകള്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിനു നേരെ നടത്തിയ കടന്നാക്രമണം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. അക്കാലത്ത് ഉശിരന്മാരായ 550 പ്രവര്‍ത്തകരുടെ ജീവനാണ് സിപിഐ എമ്മിന് ബംഗാളില്‍ നഷ്ടപ്പെട്ടത്. ഇതേത്തുടര്‍ന്ന് ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച നക്സലൈറ്റ് പ്രസ്ഥാനംതന്നെ പിന്നീട് ബംഗാളില്‍നിന്ന് അപ്രത്യക്ഷമായി. എന്നാല്‍, ഇപ്പോഴത്തെ നരമേധവും ജനവിരുദ്ധ ആക്രമണങ്ങളും കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. കാരണം, സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ മാവോയിസ്റുകള്‍ക്ക് കൂട്ടാളിയായി ലഭിച്ചിരിക്കുന്നു. നന്ദിഗ്രാം സംഭവവികാസങ്ങളുടെ കാലത്താണ് മാവോയിസ്റുകളും തൃണമൂലും ഒത്തുചേര്‍ന്നത്. ആക്രമണങ്ങളും കൊള്ളയും ചാലിച്ച രാഷ്ട്രീയത്തിന്റെ ബലത്തില്‍ ഇടതുപക്ഷത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള ഉറച്ച സഖ്യമായി ഈ കൂട്ടുകെട്ട് വളര്‍ന്നിരിക്കുന്നു.

2008ല്‍ ബംഗാളില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ നില മെച്ചപ്പെടുത്തിയതിനുശേഷം ഇത്തരം ആക്രമണങ്ങളുടെ തോത് പെരുകിയിരിക്കുകയാണ്. 2007ല്‍ സംസ്ഥാനത്ത് 189 അക്രമസംഭവങ്ങളില്‍ 28 പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ 2008ല്‍ ഇത് 1094 സംഭവങ്ങളില്‍ 60 ആയി. 2009ല്‍ 1115 ആക്രമണങ്ങളിലായി 106 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 2010ല്‍ ഒക്ടോബര്‍ 31 വരെ മാത്രം 943 ആക്രമണങ്ങളിലായി 95 പേര്‍ കൊല്ലപ്പെട്ടു. 2009-2010 കാലത്ത് 333 പേര്‍ മാവോയിസ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതില്‍ 230ഉം ഇടതുപക്ഷ പാര്‍ടി പ്രവര്‍ത്തകരാണ്.

മാവോയിസ്റുകളും തൃണമൂലും തമ്മിലുള്ള അവിഹിതബന്ധം പുറത്തുകൊണ്ടുവന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ തൃണമൂലിന്റെ ബ്ളോക്ക് പ്രസിഡന്റ് കാര്‍മു മഹാതോ കട്ടക്കില്‍ ഒറീസപൊലീസിന്റെ പിടിയിലായത് കുഴിബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് മാവോയിസ്റുകളെ സുരക്ഷിത താവളത്തില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കബീര്‍ സുമന്‍ എഴുതിയ ആത്മകഥാപരമായ പുസ്തകത്തില്‍ കേന്ദ്രമന്ത്രിമാരായ മമത ബാനര്‍ജിയും സൌഗത റോയിയും കൊല്‍ക്കത്തയിലെ തൃണമൂല്‍ ആസ്ഥാനത്ത് മാവോയിസ്റ് നേതാക്കളായ പ്രസൂന്‍ ചതോപാധ്യായ, രാജ സര്‍ക്കേല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത് വെളിപ്പെടുത്തി. മമത ബാനര്‍ജിയെ മുഖ്യമന്ത്രിപദവിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ(മാവോയിസ്റ്) പൊളിറ്റ്ബ്യൂറോ അംഗം കിഷന്‍ജി പരസ്യപ്രസ്താവനതന്നെ നടത്തി.

അക്രമബാധിതമേഖലകളില്‍ 2009 ജൂണോടെ കേന്ദ്ര അര്‍ധസൈനികവിഭാഗം സംസ്ഥാനപൊലീസുമായി സഹകരിച്ച് തെരച്ചില്‍ ആരംഭിച്ചതോടെ നില മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. മാവോയിസ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍മാരെ ഉള്‍പ്പെടെ അറസ്റ്ചെയ്യാനും വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കാനും കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന് മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും രാഷ്ട്രീയപാര്‍ടികള്‍ക്ക് സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞു. മാവോയിസ്റുകള്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങി. എന്നാല്‍, മാവോയിസ്റ് ‘ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

മറുവശത്ത്, ഇത്തരം ശക്തികളുമായി ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണ ബംഗാളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങിയിരിക്കുന്നു. ഇടതുപക്ഷ പാര്‍ടി പ്രവര്‍ത്തകരെയും അനുഭാവികളെയും അവരുടെ വീടുകളില്‍ കഴിയാന്‍ അനുവദിക്കുന്നില്ല. കിഴക്കന്‍ മിഡ്നാപ്പുരിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ നേരിടുന്ന ഏറ്റവും വലിയ ‘ഭീഷണി മാവോയിസ്റ് ആക്രമണങ്ങളാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു വിപത്ത് പശ്ചിമബംഗാളിന്റെ ജനവിധി അട്ടിമറിക്കാനുള്ള ഉപകരണമായി മാറരുത്. അധികാരംമാത്രം ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയണം. ഇത്തരത്തിലുള്ള സ്ഥിതിവിശേഷം പശ്ചിമബംഗാളില്‍ സൃഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തങ്ങളില്‍ നിക്ഷിപ്തമായ‘ഭരണഘടനാപരമായ ബാധ്യത നിറവേറ്റണം. ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ, വിവേകശൂന്യമായ രാഷ്ട്രീയം കളിച്ച് ബംഗാള്‍ജനതയെ വറുതിയില്‍ തള്ളാന്‍ ആര്‍ക്കും അവസരം നല്‍കരുത്.

ദേശാഭിമാനി മുഖപ്രസംഗം 240111

2 comments:

  1. പശ്ചിമബംഗാളില്‍ ജനവിധി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷ പാര്‍ടികള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ നിവേദനം ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന സുപ്രധാന വെല്ലുവിളികളെയാണ് തുറന്നുകാട്ടുന്നത്. നിയമസഭ‘തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂര്‍വവുമായി നടക്കുമെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ, നീലോല്‍പല്‍ ബസു(സിപിഐ എം), സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ആര്‍എസ്പി ദേശീയ സെക്രട്ടറി അബനി റോയി, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നീ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.

    ReplyDelete
  2. പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ ചരിത്രം സംബന്ധിച്ച് ഗണശക്തി പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനംചെയ്തു. ഇടതുമുന്നണി സര്‍ക്കാരിന്റെ 34 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ പുസ്തകം ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവാണ് പുറത്തിറക്കിയത്. ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് മാര്‍ഗദര്‍ശിയായത് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയാണെന്ന് അദ്ദേഹംപറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതികള്‍ ഉണ്ടെങ്കിലും ജനജീവിതം മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങള്‍ചെയ്യാന്‍ കഴിയുമെന്ന് 1957ലെ ഇ എം എസ് മന്ത്രിസഭ തെളിയിച്ചെന്ന് ബിമന്‍ ബസു പറഞ്ഞു.ഇ എം എസ്, ബി ടി രണദിവെ, എം ബസവപുന്നയ്യ, ഹരേകൃഷ്ണ കോനാര്‍, പ്രമോദ്ദാസ് ഗുപ്ത, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, സരോജ് മുഖര്‍ജി, നൃപന്‍ ചക്രവര്‍ത്തി, അനില്‍ ബിശ്വാസ്, ചിത്തബ്രത മജുംദാര്‍, പ്രകാശ് കാരാട്ട് അടക്കം ഇന്നുള്ള സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളും അമര്‍ത്യ സെന്‍, അശോക് മിത്ര, തുടങ്ങിയ സാമ്പത്തിക വിദഗ്ധരുമടക്കം നിരവധി പേരുടെ ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചത്. 728 പേജുള്ള പുസ്തകത്തിന്റെ വില 300 രൂപയാണ്.

    ReplyDelete