Friday, January 28, 2011

ഏകാധിപത്യഭരണങ്ങള്‍ക്കെതിരെ കലാപം

ടുണീഷ്യയില്‍ ബിന്‍ അലിയുടെ പലായനത്തിന് ഇടയാക്കിയ ജനകീയവിപ്ളവമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഈജിപ്ഷ്യന്‍ പ്രക്ഷോഭകര്‍ പറയുന്നു. ടുണീഷ്യയില്‍ ഉയര്‍ന്ന അതേ മുദ്രാവാക്യങ്ങളാണ് ഈജിപ്തിലും കേള്‍ക്കുന്നത്. ടുണീഷ്യയിലെ സമ്പത്തിന്റെ ഏറിയപങ്കും ബിന്‍ അലിയുടെ കുടുംബം കൈയടക്കിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടവരുത്തിയ ഘടകങ്ങളില്‍ ഒന്നാണ്. ഈജിപ്തില്‍ എട്ടുകോടി വരുന്ന ജനസംഖ്യയുടെ പകുതിയോളം കൊടിയദാരിദ്ര്യത്തിലാണ്. തന്റെ മകന്‍ ഗമാലിനെ പിന്‍ഗാമിയാക്കാന്‍ മുബാറക്ക് ശ്രമിക്കുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും വാനോളം ഉയര്‍ന്ന രാജ്യത്ത് നില്‍ക്കക്കള്ളിയില്ലാതെ ജനങ്ങള്‍ കല്ലും തീപ്പന്തവും മറ്റുമായി തെരുവിലിറങ്ങുകയായിരുന്നു. ഭീഷണിക്കും അറസ്റ്റിനും ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതകപ്രയോഗത്തിനും ജനങ്ങളെ പിന്തിരിപ്പിക്കാനാകുന്നില്ല.

ഈജിപ്തിലെ സംഭവവികാസങ്ങള്‍ അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും അങ്കലാപ്പിലാക്കി. 1980കള്‍ മുതല്‍ അറബ്രാജ്യങ്ങളില്‍ അമേരിക്കന്‍പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. ഈജിപ്ത് ജനകീയപ്രക്ഷോഭത്തിന്റെ ഗതി എങ്ങോട്ടാകുമെന്നത് അമേരിക്കയെ അലട്ടുന്ന ചോദ്യമാണ്. മുബാറക്കിന്റെ ഭരണം അവസാനിപ്പിക്കുമെന്ന നിശ്ചയത്തിലാണ് പ്രക്ഷോഭകര്‍. എന്നാല്‍, സൈന്യം നിഷ്പക്ഷത പാലിച്ചതും പൊലീസില്‍ ഗണ്യമായ പങ്ക് പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേര്‍ന്നതുമാണ് ടുണീഷ്യന്‍വിപ്ളവം ദിവസങ്ങള്‍ക്കകം വിജയത്തിലേക്ക് നീങ്ങാന്‍ കാരണം. ഈജിപ്തില്‍ ഇത്തരം ഘടകങ്ങളുടെ പങ്ക് വ്യക്തമായിട്ടില്ല. എന്നാല്‍ ചൊവ്വാഴ്ച ആരംഭിച്ച പ്രതിഷേധപ്രകടനം വെള്ളിയാഴ്ചയും തുടര്‍ന്നത് ജനങ്ങളുടെ രാഷ്ട്രീയഇച്ഛാശക്തിയുടെ വിളംബരമാണ്.

യെമനില്‍ സലേഹിന്റെ ദുര്‍ഭരണത്തില്‍ വ്യാപിക്കുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്നും അല്‍ ഖായ്ദയുടെ താവളമായി യെമന്‍ മാറുകയാണെന്നും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി. പാശ്ചാത്യ അനുകൂലിയായ സലേഹ് 1978ല്‍ ഉത്തര യെമനിലാണ് ആദ്യം അധികാരത്തില്‍ വന്നത്. 1990ല്‍ ഉത്തര-ദക്ഷിണ യെമനുകളുടെ ലയനത്തിനുശേഷം ഏകീകൃത രാജ്യത്തിന്റെ പ്രസിഡന്റായി. 2006ല്‍ നടന്ന തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ വീണ്ടും അധികാരം പിടിച്ചു. എന്നാല്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമൂഹികഅനീതികള്‍ ജനങ്ങളെ അസ്വസ്ഥരാക്കി. മതതീവ്രവാദികള്‍ ഈ അവസ്ഥ മുതലെടുക്കുന്നത് തടയാനുള്ള ജാഗ്രതയും പ്രക്ഷോഭത്തില്‍ വ്യക്തമാണ്. ടുണീഷ്യന്‍ ജനകീയമുന്നേറ്റത്തെ മുല്ലപ്പൂ വിപ്ളവം എന്നാണ് വിശേഷിപ്പിക്കുന്നത്. ടുണീഷ്യയില്‍നിന്ന് മുല്ലപ്പൂ വിപ്ളവം ഉത്തരആഫ്രിക്കയിലാകെ പടരുകയാണ്.

ദേശാഭിമാനി 280111

1 comment:

  1. ടുണീഷ്യയില്‍ ബിന്‍ അലിയുടെ പലായനത്തിന് ഇടയാക്കിയ ജനകീയവിപ്ളവമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഈജിപ്ഷ്യന്‍ പ്രക്ഷോഭകര്‍ പറയുന്നു. ടുണീഷ്യയില്‍ ഉയര്‍ന്ന അതേ മുദ്രാവാക്യങ്ങളാണ് ഈജിപ്തിലും കേള്‍ക്കുന്നത്. ടുണീഷ്യയിലെ സമ്പത്തിന്റെ ഏറിയപങ്കും ബിന്‍ അലിയുടെ കുടുംബം കൈയടക്കിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടവരുത്തിയ ഘടകങ്ങളില്‍ ഒന്നാണ്. ഈജിപ്തില്‍ എട്ടുകോടി വരുന്ന ജനസംഖ്യയുടെ പകുതിയോളം കൊടിയദാരിദ്ര്യത്തിലാണ്. തന്റെ മകന്‍ ഗമാലിനെ പിന്‍ഗാമിയാക്കാന്‍ മുബാറക്ക് ശ്രമിക്കുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും വാനോളം ഉയര്‍ന്ന രാജ്യത്ത് നില്‍ക്കക്കള്ളിയില്ലാതെ ജനങ്ങള്‍ കല്ലും തീപ്പന്തവും മറ്റുമായി തെരുവിലിറങ്ങുകയായിരുന്നു. ഭീഷണിക്കും അറസ്റ്റിനും ലാത്തിച്ചാര്‍ജിനും കണ്ണീര്‍വാതകപ്രയോഗത്തിനും ജനങ്ങളെ പിന്തിരിപ്പിക്കാനാകുന്നില്ല.

    ReplyDelete