ബജറ്റ് സമ്മേളനത്തിനുശേഷം വീണ്ടും അഴിച്ചുപണിയും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബുധനാഴ്ച യുപിഎ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. വീണ്ടും അഴിച്ചുപണിയും എന്ന് ഇപ്പോള്‍തന്നെ പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നത് ഇപ്പോഴത്തെ അഴിച്ചുപണിയില്‍ തൃപ്തിയില്ല എന്നതുകൊണ്ടാണെന്നത് വ്യക്തം. പ്രധാനമന്ത്രിയില്‍പോലും അസംതൃപ്തിയേ അവശേഷിപ്പിക്കുന്നുള്ളൂ എന്ന് വരുമ്പോള്‍ ആ അഴിച്ചുപണിയുടെ സാംഗത്യത്തിനുനേര്‍ക്ക് വലിയൊരു ചോദ്യചിഹ്നമുയരുന്നു. അഴിച്ചുപണികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുന്നില്ലെന്ന് പ്രധാനമന്ത്രിക്കുതന്നെ ഉറപ്പുണ്ടെന്നും വരുന്നു. എങ്കില്‍പ്പിന്നെ, അപൂര്‍ണവും അതൃപ്തവുമായ നിലവിലുള്ള ഈ അഴിച്ചുപണി എന്തിനായിരുന്നു?
മേഖലാപരമായ പ്രാതിനിധ്യവുമായി ബന്ധപ്പെട്ടുള്ള അസന്തുലിതാവസ്ഥ നീക്കാനായിരുന്നില്ല. ദുഷിച്ച രക്തം ചോര്‍ത്തിക്കളയാനായിരുന്നില്ല. ശുദ്ധരക്തം സ്വീകരിക്കാനായിരുന്നില്ല. കഴിവില്ലാത്തവരെ ഒഴിവാക്കാനായിരുന്നില്ല. പ്രഗത്ഭരെ ഉള്‍പ്പെടുത്താനുമായിരുന്നില്ല. എന്നിട്ടും മന്ത്രിസഭ അഴിച്ചുപണിതു. അതുകൊണ്ടാണ്, ഇത് കണ്ണില്‍ പൊടിയിടാനുള്ള വിദ്യമാത്രമാണെന്ന് വിലയിരുത്തേണ്ടിവരുന്നത്.
തുടര്‍ച്ചയായി വന്ന അഴിമതികളിലൂടെ യുപിഎ മന്ത്രിസഭയുടെ പ്രതിച്ഛായ കരിപുരണ്ടുനില്‍ക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനം, 2ജി സ്പെക്ട്രം, ആദര്‍ശ്ഫ്ളാറ്റ്, ഹൈവേ കരാര്‍ എന്നിങ്ങനെ തുടരെവന്ന അഴിമതികള്‍കൊണ്ട് നഷ്ടപ്പെട്ട പ്രതിച്ഛായ അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിച്ചുകൊണ്ടുതന്നെ തിരിച്ചുപിടിക്കാനുള്ള ഒരു ഞാണിന്മേല്‍ കളി! ആ അഭ്യാസമാണ് മന്‍മോഹന്‍സിങ് നടത്തിയത്. മന്ത്രിസഭയില്‍ മാറ്റംവരുത്തിയെന്ന് വരുത്തിതീര്‍ത്ത് ശുദ്ധമായ ഭരണമുന്നണിയുണ്ടാവുക എന്ന പ്രതീതി സൃഷ്ടിക്കുക. ഇതുമാത്രമാണ് മന്‍മോഹന്‍സിങ്ങിന്റെ മനസ്സിലുണ്ടായിരുന്ന പ്രധാനകാര്യം. അതുകൊണ്ടുതന്നെയാണ്, അഴിമതിക്ക് പ്രതിക്കൂട്ടിലായ മന്ത്രിമാരെയെല്ലാം അധികാരത്തില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹം അഴിച്ചുപണി നടത്തിയത്.
കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് സംഭവത്തില്‍ ജെറ്റ് എയര്‍വേസിനുവേണ്ടി പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ തകര്‍ത്തുകൊടുക്കുന്ന ദൌത്യം ഏറ്റെടുത്ത 'ദല്ലാള്‍' എന്ന് വിശദീകരിക്കപ്പെട്ടയാളാണ് പ്രഫുല്‍പട്ടേല്‍. അദ്ദേഹത്തെ പറഞ്ഞയക്കാനുള്ള ധൈര്യമില്ല പ്രധാനമന്ത്രിക്ക്. എന്നുമാത്രമല്ല, വകുപ്പുമാറ്റി ക്യാബിനറ്റ് റാങ്കിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകകൂടി ചെയ്തിരിക്കുന്നു മന്‍മോഹന്‍സിങ്! നീര റാഡിയ ടേപ്പില്‍ റിലയന്‍സ് കമ്പനിയുടെ ഏജന്റ് എന്നാണ് മുരളി ദേവ്റ വിശേഷിപ്പിക്കപ്പെട്ടത്. റിലയന്‍സിന്റെ മുകേഷ് അംബാനിയാണ് ദേവ്റയ്ക്ക് പെട്രോളിയം വകുപ്പ് ഉറപ്പാക്കിക്കൊടുത്തതെന്ന് ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗം എന്‍ കെ സിങ്ങും നീര റാഡിയയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെട്ടിരുന്നു. ആ ദേവ്റയെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനുള്ള ധൈര്യം മന്‍മോഹന്‍ സിങ്ങിനുണ്ടായില്ല.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മുഖ്യരക്ഷാധികാരിയായ തരുദാസും നീര റാഡിയയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ ഏതു കരാറിലും പതിനഞ്ചുശതമാനം സ്വന്തമാക്കുമെങ്കിലും വളരെയധികം പ്രയോജനംചെയ്യുന്ന മന്ത്രി എന്നാണ് കമല്‍നാഥ് വിശേഷിപ്പിക്കപ്പെട്ടത്. ആ കമല്‍നാഥിനെയും തൊടാന്‍ കഴിയുന്നില്ല മന്‍മോഹന്‍സിങ്ങിന്. അദ്ദേഹവും മന്ത്രിസ്ഥാനത്തുതന്നെ തുടരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുംഭകോണങ്ങളുടെ കരിനിഴലിലാണ് ജയ്പാല്‍റെഡ്ഡി. അദ്ദേഹവും മന്ത്രിയായി തുടരുന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ, വിലാസ്റാവു ദേശ്മുഖ്, ഹജ്ജ്ക്വോട്ട കുംഭകോണത്തില്‍ ആരോപണവിധേയനായ ഇ അഹമ്മദ്, കോമവെല്‍ത്ത് ഗെയിംസ് സംഘാടനത്തിനുപിന്നിലെ അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കുന്ന എം എസ് ഗില്‍ തുടങ്ങിയവരൊക്കെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തപ്പെട്ടിരിക്കുന്നു.
ഇവരില്‍ ചിലരുടെയൊക്കെ വകുപ്പുമാറ്റിയല്ലോ എന്നാണ് യുപിഎ മന്ത്രിസഭയുടെ സ്തുതിപാടുന്ന ചില മുഖ്യധാരാമാധ്യമങ്ങള്‍ ആശ്വാസംകൊള്ളുന്നത്. അഴിമതി നടത്താന്‍ നിശ്ചയിച്ചവര്‍ക്ക് ഇന്ന വകുപ്പിലേ അഴിമതി നടത്തൂവെന്ന് ശാഠ്യമൊന്നുമില്ലല്ലോ. അവര്‍ ഏതു വകുപ്പിലും അഴിമതി നടത്തും. ഇത് മറച്ചുപിടിക്കാനാണ് അഴിമതിക്കാരെ വകുപ്പുമാറ്റാനുള്ള ധീരത പ്രധാനമന്ത്രി കാട്ടിയെന്ന വാദം. അഴിമതിക്കാരന്‍ പെട്രോളിയം വകുപ്പിലായാല്‍ അംബാനിയുടെ ഏജന്റാകും. വ്യോമയാന വകുപ്പിലായാല്‍ നരേഷ് ഗോയലിന്റെ ഏജന്റാകും. അത്രമാത്രം. പ്രഫുല്‍പട്ടേല്‍ വ്യോമയാനമന്ത്രിയായിരിക്കെ ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ ഏജന്റായിരുന്നുവെന്നാണ് നീര റാഡിയ ടേപ്പില്‍നിന്ന് വെളിപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ ഘനവ്യവസായത്തിന്റെയും പൊതുമേഖലയുടെയും മന്ത്രിയായിരിക്കുന്നു. അതും ക്യാബിനറ്റ് റാങ്കോടെ. നീര റാഡിയ ടേപ്പിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പറഞ്ഞയക്കുന്നതിനു പകരം ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയതിനെതിരെ ഒരു വാക്കുപോലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പറയാനില്ല. മാധ്യമങ്ങളും ഭരണരാഷ്ട്രീയവും കോര്‍പറേറ്റ് കമ്പനികളും ഉള്‍പ്പെട്ട അവിശുദ്ധസഖ്യത്തിന് ഇതേക്കാള്‍ നല്ല ഉദാഹരണം വേറെ വേണ്ടതില്ല.
കോണ്‍ഗ്രസ് പ്ളീനറി സമ്മേളനം പ്രഖ്യാപിച്ചത് അഴിമതിക്കെതിരെ കൃത്യമായ നടപടി വരുംദിവസങ്ങളിലുണ്ടാകുമെന്നാണ്. അഴിമതിക്കാരന് സ്ഥാനക്കയറ്റം നല്‍കുക എന്നതാണോ ആ നടപടി എന്നത് എഐസിസിയാണ് വിശദീകരിക്കേണ്ടത്. ഭരണം ഉചിതമായ തരത്തിലാവാത്തത് സഖ്യകക്ഷിസമ്മര്‍ദം മൂലമാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഏതു കക്ഷിയുടെ സമ്മര്‍ദംമൂലമാണ് കോണ്‍ഗ്രസ് അഴിമതിക്കാരായ സ്വന്തം മന്ത്രിമാരെ മന്ത്രിസഭയില്‍ സംരക്ഷിച്ചുനിലനിര്‍ത്തിയിരിക്കുന്നത്? ഒരു കല്ലനക്കിയാല്‍ കോട്ടയാകെ ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് ഭയക്കുന്നുണ്ടാവണം പ്രധാനമന്ത്രി. അല്ലെങ്കില്‍, ഓരോ അഴിമതിക്കുപിന്നിലും ഏത് കരങ്ങളാണോ ഉള്ളത് ആ കരങ്ങളാണ് തന്നെ പ്രധാനമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്നുണ്ടാവണം അദ്ദേഹം. അതുമല്ലെങ്കില്‍ മഹാകുംഭകോണങ്ങളുടെ കൂട്ടുകച്ചവടത്തില്‍ പങ്കാളിയായിരിക്കണം അദ്ദേഹം. ഇതില്‍ ഏതെങ്കിലും ഒന്നാകണം പ്രധാനമന്ത്രിയെ നയിക്കുന്നത്. അതല്ലെങ്കില്‍ അദ്ദേഹം ഇത്ര ഭയക്കേണ്ട കാര്യമില്ലല്ലോ.
മന്ത്രിസഭ അഴിച്ചുപണിക്കു പിന്നിലുള്ള മറ്റ് രണ്ട് ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും ജാതിപരിഗണനകളുമാണ്. 2011ല്‍ കേരള നിയമസഭയിലേക്കും 2012ല്‍ യുപി നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബേനിപ്രസാദ് വര്‍മയെ മന്ത്രിസഭയിലെടുത്തത് അവിടത്തെ പ്രബല സമുദായമായ കുര്‍മി വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്ന കണക്കുകൂട്ടലോടെയാണ്. കേരളത്തിന്റെ പ്രാതിനിധ്യത്തിലും രാഷ്ട്രീയമോ വികസനപരിഗണനകളോ അല്ല, ജാതിപരിഗണനയാണ് വിലപ്പോയതെന്ന് കോണ്‍ഗ്രസ് തന്നെ മടികൂടാതെ പറയുന്ന നിലയായിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാട്ടുന്ന ഇത്തരം വിദ്യകള്‍കൊണ്ട് ഒരു സമുദായത്തെയാകെ കബളിപ്പിച്ച് കൂടെ നിര്‍ത്താമെന്നും അവര്‍ക്ക് അതുമതി എന്നുമുള്ള പുച്ഛം കലര്‍ന്ന ഈ സമീപനത്തെ സമൂഹം എങ്ങനെ കാണുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തിന് മന്ത്രിയുണ്ടോ എന്നതല്ല, കേന്ദ്രത്തില്‍നിന്ന് കേരളത്തിനു നേര്‍ക്ക് പരിഗണനയുണ്ടോ എന്നതാണ് അതേക്കാള്‍ പ്രധാനം. അതുണ്ടാകുന്നില്ല എന്നതാണ് കേരളത്തിന്റെ ദുരന്തം.
ദേശാഭിമാനി മുഖപ്രസംഗം 210111
കേരളത്തിന്റെ പ്രാതിനിധ്യത്തിലും രാഷ്ട്രീയമോ വികസനപരിഗണനകളോ അല്ല, ജാതിപരിഗണനയാണ് വിലപ്പോയതെന്ന് കോണ്‍ഗ്രസ് തന്നെ മടികൂടാതെ പറയുന്ന നിലയായിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാട്ടുന്ന ഇത്തരം വിദ്യകള്‍കൊണ്ട് ഒരു സമുദായത്തെയാകെ കബളിപ്പിച്ച് കൂടെ നിര്‍ത്താമെന്നും അവര്‍ക്ക് അതുമതി എന്നുമുള്ള പുച്ഛം കലര്‍ന്ന ഈ സമീപനത്തെ സമൂഹം എങ്ങനെ കാണുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തിന് മന്ത്രിയുണ്ടോ എന്നതല്ല, കേന്ദ്രത്തില്‍നിന്ന് കേരളത്തിനു നേര്‍ക്ക് പരിഗണനയുണ്ടോ എന്നതാണ് അതേക്കാള്‍ പ്രധാനം. അതുണ്ടാകുന്നില്ല എന്നതാണ് കേരളത്തിന്റെ ദുരന്തം
ReplyDelete