Sunday, January 23, 2011

ലോട്ടറി: ഉമ്മന്‍ചാണ്ടി മാപ്പുപറയണം-ഐസക്

അന്യസംസ്ഥാന ലോട്ടറിമാഫിയക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച സാഹചര്യത്തില്‍, സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന വാദമാണ് കോടതി വിധിയോടെ പൊളിഞ്ഞത്. ഏറ്റവും അവസാനത്തെ കോടതിവിധിയും കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്രഗവമെന്റിനു മാത്രമേ അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാനോ നിരോധിക്കാനോ അധികാരമുള്ളൂ എന്ന് കോടതി സംശയരഹിതമായി ആവര്‍ത്തിച്ചിരിക്കുന്നു. സംസ്ഥാന സര്‍കാര്‍ പരിമിതമായ അധികാരങ്ങള്‍ ലോട്ടറിമാഫിയക്കെതിരെ ഉപയോഗിക്കുമ്പോള്‍ കേന്ദ്രത്തിന്റെ അധികാരപരിധിയിലേക്ക് കടക്കരുതെന്നാണ് കോടതി വിധിക്കുന്നത്. അധികാരമുണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവമെന്റ് നടപടിയെടുക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. മുഖ്യമന്ത്രിയായിരിക്കെ രണ്ടുതവണ കത്തയച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി വിശദീകരിക്കണം.

ലോട്ടറിരംഗത്തെ കുഴപ്പത്തിനുകാരണക്കാര്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസുമാണ്. ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് പരിപൂര്‍ണമായ അധികാരമെന്ന് ഹൈക്കോടതി പലപ്പോഴായി പറഞ്ഞു. എന്നാല്‍, സംസ്ഥാനത്തിന് നികുതി പിരിക്കാനും നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ ക്രിമിനല്‍ കേസെടുക്കാനും അധികാരമുണ്ട്. ഇത്തരത്തിലുള്ള അധികാരം പരമാവധി പ്രയോഗിക്കുന്നുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ലോട്ടറിമാഫിയയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി. നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിച്ചു. അപ്പോഴെല്ലാം ലോട്ടറിമാഫിയ കോടതികളെ സമീപിക്കുകയാണുണ്ടായത്. കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്ന് സുപ്രീംകോടതിവരെ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടി ലോട്ടറിമാഫിയക്കുവേണ്ടി ചിദംബരം വാദിച്ചതിനെക്കുറിച്ചും മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ചുമൊക്കെ വിശദീകരിക്കണം. മുന്‍കൂര്‍ നികുതി സ്വീകരിക്കുന്നതുസംബന്ധിച്ച് ഉദ്യോഗസ്ഥരാണ് തീരുമാനമെടുക്കേണ്ടത്. കോടതിവിധി പരിശോധിച്ചും നിയമവശം ആലോചിച്ചും ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കും- മന്ത്രി അറിയിച്ചു.

മേഘയുടെ മുന്‍കൂര്‍ നികുതി സ്വീകരിച്ചില്ല

പാലക്കാട്: അന്യസംസ്ഥാന ലോട്ടറിവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ മുന്‍കൂര്‍ നികുതിപ്പണം പാലക്കാട് വാണിജ്യനികുതി ഓഫീസില്‍ സ്വീകരിച്ചില്ല. മേഘയുടെ മുന്‍കൂര്‍ നികുതിപ്പണം സ്വീകരിക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയുടെ പകര്‍പ്പുമായാണ് മേഘയുടെ ഉദ്യോഗസ്ഥര്‍ വാണിജ്യനികുതി ഓഫീസില്‍ ശനിയാഴ്ച രാവിലെ എത്തിയത്. എന്നാല്‍, കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കാത്ത സാഹചര്യത്തില്‍ നികുതി സ്വീകരിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് മേഘയുടെ ഉദ്യോഗസ്ഥരെ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.

ദേശാഭിമാനി 230111

2 comments:

  1. അന്യസംസ്ഥാന ലോട്ടറിമാഫിയക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച സാഹചര്യത്തില്‍, സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

    ReplyDelete
  2. അന്യസംസ്ഥാന ലോട്ടറികളില്‍നിന്നും ലൈസന്‍സ് നികുതി വാങ്ങരുതെന്നും ആവശ്യമെങ്കില്‍ നിയമോപദേശം തേടണമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ജാഥയോടനുബന്ധിച്ച് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് നടത്തിപ്പില്‍ അപാകതയുണ്ടോ എന്നു പരിശോധിക്കണം. മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി വില്‍ക്കുന്നത് തടയാന്‍ അനുവാദം നല്‍കുന്ന നിയമം സുപ്രീംകോടതി തടഞ്ഞതിനാലാണ് കേന്ദ്രത്തിന് ഇടപെടാന്‍ കഴിയാത്തത്. മറ്റു രാജ്യങ്ങള്‍ നടത്തുന്ന ലോട്ടറി തടയേണ്ടത് കേന്ദ്രമല്ലേ എന്ന ചോദ്യത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശം താന്‍ ആവശ്യപ്പെടേണ്ട കാര്യമല്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

    ReplyDelete