Monday, January 31, 2011

മലബാര്‍ സിമന്റ്സ്: കൊള്ളയടിച്ചത് യുഡിഎഫ്, പഴി എല്‍ഡിഎഫിന്

മലബാര്‍ സിമന്റ്സില്‍ യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ കൊള്ള മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപവുമായി മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളാണ് യുഡിഎഫിനെ രക്ഷിക്കാന്‍ പാടുപെടുന്നത്.

യുഡിഎഫ് ഭരണകാലത്ത് നടന്ന 34 കോടിയോളം രൂപയുടെ വെട്ടിപ്പുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. 2001-06 കാലത്താണ് ഈ ക്രമക്കേട് നടന്നത്. 2005-06ല്‍ 127 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സ് വാങ്ങിയതിനുപിന്നിലെ ക്രമക്കേടും പിന്നീട് പുറത്തുവന്നു. മൂന്ന് കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നു. 2007ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. 16 കോടിയിലധികം രൂപയുടെ ഫ്ളൈ ആഷ് ഇറക്കുമതി കേസാണ് ഇതിലൊന്ന്. യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തതിന്റെ മറവില്‍ നടന്ന വന്‍വെട്ടിപ്പാണ് മറ്റൊരു കേസ്. ഫ്ളൈ ആഷ് ഇറക്കുമതിക്കുള്ള കരാറിനുപിന്നിലെ ഇടപാടും ചുണ്ണാമ്പുകല്ല് ഇടപാടുമാണ് വിജിലന്‍സ് അന്വേഷിച്ച മറ്റ് കേസുകള്‍. അക്കാലത്തെ പ്രമുഖ ഉദ്യോഗസ്ഥര്‍ പ്രതികളായ ഇടപാടുകള്‍ക്കുപിന്നില്‍ ചരടുവലിച്ചത് വ്യവസായവകുപ്പ് കൈകാര്യം ചെയ്ത മുസ്ളിംലീഗ് നേതൃത്വവും യുഡിഎഫ് നേതാക്കളുമാണ്.

1996 മുതല്‍ 2001 വരെ എല്‍ഡിഎഫ് ഭരിച്ച ഘട്ടത്തില്‍ 80 കോടി രൂപ ലാഭമുണ്ടാക്കിയ മലബാര്‍ സിമന്റ്സ് യുഡിഎഫ് വന്നതോടെ അഴിമതിയുടെയും ക്രമക്കേടുകളുടെയും കേന്ദ്രമായി. 2006ല്‍ യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ മലബാര്‍ സിമന്റ്സിന്റെ ലാഭം രണ്ടുകോടിയായി കുത്തനെ ഇടിഞ്ഞു. വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതോടെയാണ് മലബാര്‍ സിമന്റ്സ് കരകയറിയതും റെക്കോഡ് ലാഭത്തിലേക്ക് നീങ്ങിയതും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ മലബാര്‍ സിമന്റ്സ് എംഡിയായി നിയമിച്ചു. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥരും തുടര്‍ന്ന് സാങ്കേതിക- മാനേജ്മെന്റ് വിദഗ്ധരും സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചു. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് തള്ളിനീക്കിയ സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ഈ വര്‍ഷം 34 കോടി രൂപ ലാഭം ലക്ഷ്യമാക്കുന്നു. അഴിമതിയും ക്രമക്കേടുംമൂലം അടച്ചുപൂട്ടല്‍ഭീഷണി നേരിട്ട സ്ഥാപനമാണ് ഈ വളര്‍ച്ചയിലേക്ക് നീങ്ങിയത്.

2006ല്‍ എല്‍ഡിഎഫ് ഭരണമേറ്റശേഷം മലബാര്‍ സിമന്റ്സില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി യുഡിഎഫിനും മാധ്യമങ്ങള്‍ക്കും ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണത്തില്‍ വഴിവിട്ട ഏര്‍പ്പാടുകള്‍ നടന്നതായി അന്ന് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിതന്നെ തുറന്നുസമ്മതിച്ച സാഹചര്യത്തിലാണ് യുഡിഎഫിന് ഊര്‍ജം പകരാനാകുമെന്ന മോഹത്തില്‍ മാതൃഭൂമി എല്‍ഡിഎഫിനെതിരെ ഒളിയമ്പ് എയ്തത്.

ദേശാഭിമാനി 310111

1 comment:

  1. മലബാര്‍ സിമന്റ്സില്‍ യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ കൊള്ള മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപവുമായി മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങളാണ് യുഡിഎഫിനെ രക്ഷിക്കാന്‍ പാടുപെടുന്നത്.

    ReplyDelete