Sunday, January 23, 2011

സംസ്ഥാന വാര്‍ത്തകള്‍ 7

പരിയാരം സഹ:മെഡിക്കല്‍ കോളേജ് എംബിബിഎസിന് ന്മെഡിക്കല്‍ കൌണ്‍സില്‍ സ്ഥിരാംഗീകാരം.

കണ്ണൂര്‍: പരിയാരം സഹകരണമെഡിക്കല്‍ കോളേജ് എംബിബിഎസിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ സ്ഥിരാംഗീകാരമായി. കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വിജേന്ദര്‍ കുമാര്‍ പ്രിന്‍സിപ്പലിനെ അറിയിച്ചതാണിത്. കൌണ്‍സിലിന്റെ സ്ഥിരാംഗീകാരം ലഭിക്കുന്ന കേരളത്തിലെ അഞ്ചാമത്തെ മെഡിക്കല്‍ കോളേജാണ് പരിയാരം. ഇനിയുള്ള അഞ്ചുവര്‍ഷത്തേക്ക് കോഴ്സ് സംബന്ധിച്ച് കൌണ്‍സില്‍ പരിശോധനയുണ്ടാവില്ല. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജിന്റെ എംബിഎസ് ഡിഗ്രിക്ക് ലോകത്തെവിടെയും അംഗീകാരം ലഭിക്കും. 3 വര്‍ഷമായി താല്‍ക്കാലികമായി പ്രവേശനത്തിനുള്ള അനുമതി മാത്രമേ നല്‍കിയിരുന്നുള്ളു. ബിരുദത്തിന് അംഗീകാരമുണ്ടായിരുന്നില്ല. മറ്റ് ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. 100 വിദ്യാര്‍ഥികളടങ്ങുന്ന ബാച്ചിന് ഇനിമുതല്‍ സ്ഥിരമായി അംഗീകാരം ലഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വ്വകലാശാലകളിലും ഗവേഷണപഠനത്തിനും പ്രാക്ടീസിനും ഇനി മുതല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും അര്‍ഹത നേടി

വിദ്യാലയങ്ങളില്‍ മാര്‍ച്ച് 31നകം ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലുള്ള തീരദേശ ജില്ലകളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റും യൂറിനല്‍ കോംപ്ളക്സുകളും നിര്‍മിക്കുന്നതിന് പരിപാടി ആവിഷ്കരിച്ചതായി മന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു. പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 284 വിദ്യാലയത്തിലാണ് പരിപാടി നടപ്പാക്കുക. 305 ടോയ്ലറ്റ് കോംപ്ളക്സും 536 യൂറിനല്‍ കോംപ്ളക്സും ഈ വര്‍ഷം നിര്‍മിക്കും. പാലോളി കമ്മിറ്റി നിര്‍ദേശം നടപ്പാക്കുന്നതിന് ബജറ്റില്‍ പദ്ധതിയിതര ഇനത്തില്‍ അനുവദിച്ച തുകയില്‍നിന്ന് ഏഴേകാല്‍കോടി രൂപ വകയിരുത്തി.

സംസ്ഥാന ശുചിത്വമിഷന്റെ സാങ്കേതിക സഹായത്തോടെ വിദ്യാലയങ്ങളിലെ അധ്യാപക- രക്ഷാകര്‍തൃ സമിതികളാണ് കോംപ്ളക്സുകള്‍ നിര്‍മിക്കുക. പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ന്യൂനപക്ഷ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പു സെക്രട്ടറിമാരുടെയും വകുപ്പുതലവന്മാരുടെയും നേതൃത്വത്തില്‍ സംസ്ഥാനതല സമിതി നിലവില്‍ വന്നു. ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉടന്‍ നിലവില്‍ വരും. മാര്‍ച്ച് 31നകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ കര്‍മപദ്ധതിക്ക് സംസ്ഥാനസമിതി രൂപം നല്‍കിയെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തെക്ക്-വടക്ക് റെയില്‍ ഇടനാഴി പരിഗണനയില്‍: കരീം

കോഴിക്കോട്: തെക്ക്- വടക്ക് റെയില്‍ ഇടനാഴി സംസ്ഥാനസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. അമ്പതിനായിരം കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാധ്യതാപഠനത്തിന് ജാപ്പനീസ് ഏജന്‍സിയുമായി ചര്‍ച്ച തുടരുകയാണ്. കലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍ മാനേജ്മെന്റ് കവന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വ്യവസായവികസനകോര്‍പറേഷനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ചര്‍ച്ചകള്‍ക്കായി കെഎസ്ഐഡിസി എംഡിയും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തായ്വാന്‍ സന്ദര്‍ശനത്തിലാണിപ്പോള്‍.

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പണം തടസ്സമല്ല. വ്യവസായികള്‍ മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായി നിക്ഷേപംനടത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. മറ്റു ചില പ്രശ്നങ്ങളാണ് വ്യാവസായികവികസനത്തിന് തടസ്സം. ഇസ്ളാമിക് ബാങ്കിങ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതാണ്. അതിന്റെ മാതൃകയില്‍ കെഎസ്ഐഡിസിയുടെ മുന്‍കൈയില്‍ കേരളത്തില്‍ തുടങ്ങാന്‍ തീരുമാനിച്ച് ഏറെ മുന്നോട്ടുപോയെങ്കിലും തടസ്സപ്പെട്ടു. പ്രമോട്ടിങ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചഘട്ടത്തിലാണ് കോടതിയില്‍ കേസ് പോയി തടസ്സപ്പെട്ടത്- മന്ത്രി പറഞ്ഞു.

മലബാര്‍ സിമന്റ്സ് അഴിമതി: വിജിലന്‍സ് കുറ്റപത്രം നല്‍കി


തൃശൂര്‍: യുഡിഎഫ് ഭരണകാലത്ത് വാളയാറിലെ മലബാര്‍ സിമന്റ്സ് കമ്പനിയില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കി. സിമന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവായ ഫ്ളയാറ്റ്സ് നിയമാനുസൃത ടെന്‍ഡര്‍ പൂര്‍ത്തിയാക്കാതെ തമിഴ്നാട്ടില്‍നിന്നും ഇറക്കുമതി ചെയ്തതില്‍ 17 കോടിയോളം നഷ്ടമുണ്ടായതാണ് വിജിലന്‍സ് കേസ്. മലബാര്‍ സിമന്റ്സ് മുന്‍ എംഡി എസ് എസ് മോനി, മുന്‍ ജനറല്‍ മാനേജര്‍ കെ മുരളീധരന്‍നായര്‍, എആര്‍കെ ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി പ്രൊപ്രൈറ്റര്‍ വി എം രാധാകൃഷ്ണന്‍, ഈ കമ്പനിയെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിട്ട എസ് വടിവേലു, അന്നത്തെ കമ്പനി ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരുമായ ജോണ്‍ മത്തായി, എം കൃഷ്ണകുമാര്‍, ടി പത്മനാഭന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്.

2004 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ ഫ്ളയാറ്റ്സ് ഇറക്കുമതി ചെയ്തതിലും ചരക്കുകൂലിയിനത്തിലും വന്‍ തട്ടിപ്പു നടന്നതായി കണ്ടെത്തി. തമിഴ്നാട്ടില്‍നിന്നും വാളയാര്‍, ചേര്‍ത്തല പ്ളാന്റുകളിലേക്ക് ചരക്ക് എത്തിക്കുന്നതിനാണ് കരാര്‍. എന്നാല്‍ തൂത്തുക്കുടിയില്‍നിന്നും മറ്റ് അടുത്ത സ്ഥലങ്ങളില്‍നിന്നും ചരക്ക് എത്തിച്ച് ചരക്കുകൂലിയില്‍ കൃത്രിമം കാണിച്ചതായ!ം കണ്ടെത്തി. നിയമാനുസൃത ടെന്‍ഡറുകള്‍ വിളിക്കാത്തതുമൂലം വന്‍നഷ്ടം സംഭവിച്ചു. പാലക്കാട്ടുള്ള മറ്റു സിമന്റ് കമ്പനികളുമായി താരതമ്യപഠനം നടത്തിയപ്പോഴാണ് തട്ടിപ്പു കണ്ടെത്തിയത്. മൊത്തം 16,17,16,372 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷമാണ് കമ്പനിയുടെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവായത്. കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി സെയ്ഫുള്ള സെയ്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്്. പാലക്കാട് ഡിവൈഎസ്പിയായിരിക്കെയാണ് അന്വേഷണം ആരംഭിച്ചത്. കോടതിനിര്‍ദേശപ്രകാരം അന്വേഷണച്ചുമതല തുടരുകയാണ്.

എണ്ണമേഖലയിലെ തൊഴിലാളികള്‍ ഫെഡറേഷന്‍ രൂപീകരിക്കും

കൊച്ചി: കേരളത്തിലെ എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ രൂപീകരിക്കും. 10 യൂണിയനുകള്‍ സംയുക്തമായാണ് ഫെഡറേഷന്‍ രൂപീകരിക്കുന്നത്. ഞായറാഴ്ച 10ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന രൂപീകരണ സമ്മേളനത്തില്‍ സിഐടിയു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍, കെ എന്‍ രവീന്ദ്രനാഥ്, കെ ഒ ഹബീബ്, കെ ചന്ദ്രന്‍പിള്ള, പി എസ് മോഹനന്‍, കെ ജെ ജേക്കബ് എന്നിവര്‍ പങ്കെടുക്കും. അഞ്ഞൂറിലധികം പ്രതിനിധികള്‍ സംബന്ധിക്കും.

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ പതിന്മടങ്ങ് പരിഗണന നല്‍കി

കൊച്ചി: മത്സ്യത്തൊഴിലാളിമേഖലയുടെ ഉന്നമനത്തിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ നാലു വര്‍ഷവും പതിന്മടങ്ങ് പരിഗണന സര്‍ക്കാരും ആസൂത്രണബോര്‍ഡും നല്‍കിയതായി ബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളിസമൂഹം നേരിടുന്ന ചരിത്രപരമായ പിന്നോക്കാവസ്ഥ പരിഗണിച്ചായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രജതജൂബിലി ആഘോഷത്തിന്റെ ‘ഭാഗമായി സംഘടിപ്പിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് മത്സ്യത്തൊഴിലാളിസമൂഹം കടുത്ത പിന്നോക്കാവസ്ഥയിലാണെന്ന് ആസൂത്രണ ബോര്‍ഡ് നടത്തിയ മനുഷ്യവികസന സൂചികാപഠനം വ്യക്തമാക്കുന്നു. കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് സ്കൂളില്‍ ചേര്‍ക്കുന്ന കാര്യത്തില്‍മുതല്‍ സാങ്കേതിക, ഉന്നത, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം ഇവര്‍ പിന്നോക്കമാണ്. പ്രൊഫഷണല്‍, ഉന്നത വിദ്യാഭ്യാസരംഗത്തെ സ്ഥാനം പട്ടിക വിഭാഗത്തിനും പിന്നിലാണ്. വീടിന്റെ നിലവാരം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത, ശുചിത്വം എന്നീ കാര്യങ്ങളിലും പിന്നിലാണ്. ഇതെല്ലാം പരിഗണിച്ചാണ് ആസൂത്രിതമായ പക്ഷപാത സമീപനം ഈ വിഭാഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഹരിലാല്‍ പറഞ്ഞു.
മത്സ്യബോര്‍ഡ് മുന്‍ കമീഷണര്‍ ഡി സഞ്ജീവ്ഘോഷ് മോഡറേറ്ററായി. ടി രഘുവരന്‍, കെ ജെ ആന്റണി, ചാള്‍സ് ജോര്‍ജ്, എ ബി മാത്യു മാസ്റര്‍, പി വി മോഹനന്‍, ജി ബി‘ഭട്ട്, ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, എന്‍ പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

36 കര്‍ഷകരുടെ 8.68 ലക്ഷം രൂപ എഴുതിത്തള്ളി

കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ 36 കര്‍ഷകരുടെ 8,68,500 രൂപ സംസ്ഥാന കടാശ്വാസ കമീഷന്‍ നടത്തിയ സിറ്റിങ്ങില്‍ എഴുതിത്തള്ളി. കോട്ടക്കല്‍ പിഡബ്ള്യുഡി ഗസ്റ്ഹൌസില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിങ്ങില്‍ കമീഷന്‍ ചെയര്‍മാന്‍ ജസ്റിസ് കെ എ അബ്ദുള്‍ ഗഫൂര്‍, അംഗം സി കെ ഗോപി എന്നിവര്‍ പങ്കെടുത്തു. 2007ന് മുന്‍പ് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. ആദ്യദിവസം നടന്ന സിറ്റിങ്ങില്‍ 92 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 16 പേരുടെ 2,93,500 രൂപ എഴുതിത്തള്ളി. അഞ്ച് കേസുകള്‍ വിശദമായ രേഖകളില്ലാത്തതിനാല്‍ പിന്നീട് പരിഗണിക്കും. രണ്ടാം ദിവസം നടന്ന സിറ്റിങ്ങില്‍ 100 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 20 പേര്‍ക്ക് 5,75,000 രൂപ ആശ്വാസം നല്‍കി. നാല് കേസുകള്‍ മാറ്റിവച്ചു. കഴിഞ്ഞ മൂന്ന്വര്‍ഷത്തിനിടെ ജില്ലയില്‍ 80ലക്ഷം രൂപയുടെ കടം എഴുതിത്തള്ളി. 2008 മുതല്‍ 2011 വരെ 13, 894 അപേക്ഷകളാണ് കമീഷന്റെ പരിഗണനക്കെത്തിയത്. ഇതില്‍ 3000പേര്‍ക്ക് ആശ്വാസം നല്‍കി.

കയര്‍പിരി തൊഴിലാളികളുടെ മിനിമംകൂലി 200 രൂപയാക്കണം: ജി സുധാകരന്‍

ആലപ്പുഴ: കയര്‍പിരി തൊഴിലാളികളുടെ മിനിമംകൂലി 200 രൂപയെങ്കിലും ആക്കണമെന്ന് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു. കയര്‍ സഹകരണസംഘങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുച്ഛമായ കൂലിയാണ് ഇപ്പോഴും ഉടമകള്‍ കയര്‍പിരിതൊഴിലാളികള്‍ക്ക് നല്‍കുന്നത്. ദിവസം 200 രൂപയെങ്കിലും കൂലി ലഭ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഇതിനാവശ്യമായ നടപടികളെക്കുറിച്ച് ആലോചിച്ചുവരികയാണ്. കയര്‍വകുപ്പിന് നേരിട്ട് സഹായം നല്‍കാന്‍ കേന്ദ്ര ഗവമെന്റും കയര്‍ബോര്‍ഡും തയ്യാറാകണം.

മുന്‍കാലങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കയര്‍ബോര്‍ഡ് ഇപ്പോള്‍ ചെയ്യുന്നുണ്ട്. തൊണ്ട് സംഭരണം സഹകരണസംഘങ്ങളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. വിജയകരമായി തൊണ്ട് സംഭരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. സഹകരണസംഘങ്ങള്‍ക്ക് ഇതിനാവശ്യമായ ഗ്രാന്‍ഡ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, കയര്‍വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജി വേണുഗോപാല്‍, കെ ആര്‍ ഭഗീരഥന്‍, എസ് ബാഹുലേയന്‍, കെ കെ ഗണേശന്‍, മദനന്‍ എന്നിവര്‍ സംസാരിച്ചു.

പൈനാപ്പിള്‍ ഗള്‍ഫില്‍ കൂടുതല്‍ വില്‍ക്കാനുള്ള പദ്ധതിക്ക് തുടക്കം


കൊച്ചി: ഭൂസൂചിക പദവി നേടിയ വാഴക്കുളം പൈനാപ്പിള്‍ ഗള്‍ഫില്‍ കൂടുതല്‍ വിറ്റഴിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. യുഎഇയിലെ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ തയ്യാറാക്കിയ പദ്ധതി കേന്ദ്ര സഹമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്തു. വാഴക്കുളം പൈനാപ്പിളിന്റെ ഗുണമേന്മ വിവരിക്കുന്ന സിഡിയും ലേ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാതിരിക്കുകയും ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് കെ വി തോമസ് പറഞ്ഞു. മധ്യവര്‍ത്തികളാണ് പണമുണ്ടാക്കുന്നത്. ഇത് മാറണമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഗള്‍ഫില്‍ പൈനാപ്പിള്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി പെടിക്കാട്ടുകുന്നേല്‍ പറഞ്ഞു. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കേരള കാര്‍ഷികസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍, പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ഡോ. എം സി ജോര്‍ജ്, ഇസ്മയില്‍ റാവുത്തര്‍, ജോസ് പാലേക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

എല്‍ഐസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം: ജ. വി ആര്‍ കൃഷ്ണയ്യര്‍

കൊച്ചി: എല്‍ഐസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. എല്‍ഐസിയെ രക്ഷിക്കുക, ഏജന്റുമാരെ സംരക്ഷിക്കുക, ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രിക്ക് നല്‍കുന്ന നിവേദനത്തില്‍ ഒപ്പുവയ്ക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണയ്യരുടെ വസതിയില്‍ നടന്ന ചടങ്ങില്‍ എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എറണാകുളം ഡിവിഷന്‍ ഭാരവാഹികളായ പി ഡി സതീഷ്കുമാര്‍, വി കെ പ്രകാശന്‍, കെ വി ടോമി, അനില്‍കുമാര്‍, സി ടി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ഫെബ്രുവരി 22ന് നടക്കുന്ന പാര്‍ലമെന്റ് ധണയ്ക്കുശേഷം നിവേദനം നല്‍കും.

യാക്കോബായക്കാര്‍ക്കുള്ള പ്രവേശനം നിരോധിച്ച വിധി നിലവിലില്ല: ഭക്തസംഘടനകള്‍

ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിലും സെമിത്തേരിയിലും യാക്കോബായ വിഭാഗത്തിന് പ്രവേശനം നിരോധിച്ചുള്ള കോടതിവിധി നിലവിലില്ലെന്ന് ഭക്തസംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. അടിസ്ഥാനരഹിതമായ പ്രസ്താവനയാണ് ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്നത്. പരിശുദ്ധ പിതാക്കന്‍മാരുടെ ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് ഇരു വിഭാഗത്തിനും പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിനു അവസരം ഒരുക്കണം. സഭാതര്‍ക്കം കോടതിക്കുപുറത്ത് പറഞ്ഞുതീര്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫാ. ഷെബി ജേക്കബ് അധ്യക്ഷനായി. റജി വര്‍ക്കി, ജയ്ബി പോള്‍, പി വൈ വര്‍ഗീസ്, ടി എം വര്‍ഗീസ്, ഷാന്റി വിന്‍സന്റ്, സാജു ജേക്കബ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 230111

1 comment: