Tuesday, January 25, 2011

ഗാന്ധി രാമേട്ടനും കല്ലെറിയുന്ന യൂത്തന്മാരും

ദുര്‍ബലനും ഗാന്ധിയനുമാണ് പി ആര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന് ഗാന്ധിമാര്‍ഗം ഉപദേശിക്കുന്ന ശുദ്ധനാണെന്ന് ആരും ധരിച്ചിരുന്നില്ല. ആര്‍എസ്എസ് വക്കാലത്തുമായി നാടുനീളെ മാര്‍ക്സിസ്റ്റ് അക്രമമെന്ന് മുറവിളി കൂട്ടി ബോധവല്‍ക്കരണം നടത്തുന്നതിനിടെ യൂത്തന്മാര്‍ പണി ഒപ്പിക്കുമെന്ന് ആരാധ്യനായ ഡിസിസി അധ്യക്ഷന്‍ കരുതിയില്ല. ഗാന്ധിസം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമയത്ത് കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ചരിത്രം പഠിച്ചിരുന്നെങ്കില്‍ ഈ അബദ്ധത്തില്‍ ചാടില്ലായിരുന്നു.

യൂത്തുകോണ്‍ഗ്രസ് ജനിച്ചതുതന്നെ പൊതുമുതല്‍ നശിപ്പിക്കുന്ന കല്ലുമായാണ്. കല്ലെറിഞ്ഞ് വളര്‍ന്നവരാണ് മൂത്ത കോണ്‍ഗ്രസ് നേതാക്കളെല്ലാം. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യൂത്തിന് വീര്യം കൂടും. ബോംബും കത്തിയും തോക്കും പ്രയോഗിച്ച് പരിചയമുള്ള പ്രോജ്വലന്‍ എംപിയുടെ വിശാല ഐയുടെ മാനസപുത്രന്മാര്‍ക്കാണ് ഇവിടെ ഭൂരിപക്ഷം. പി ആറിന് റോളൊന്നുമില്ല. ഗാന്ധിസം പ്രസംഗത്തിലല്ല, പ്രയോഗത്തിലാണ് വേണ്ടെതെന്ന ഉപദേശം കൊള്ളാം. ഗാന്ധിയെ തോല്‍പിക്കുന്ന ഗാന്ധിയനാണ് പി ആര്‍. അണികള്‍ അനുസരിക്കില്ലെന്നുമാത്രം. അതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാരെ അക്രമരാഹിത്യം പഠിപ്പിക്കാന്‍ നടക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അക്രമത്തെ പരസ്യമായി തള്ളിപ്പറഞ്ഞ ഗാന്ധിയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉജ്വല സ്വീകരണമായിരുന്നു. ജയിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖം തിരിച്ചുപിടിച്ചെങ്കിലും മറ്റു ശരീര ഭാഗങ്ങള്‍ നല്ലവണ്ണം കാണിച്ചിരുന്നു. പി ആര്‍ സംതൃപ്തനായി. അക്രമത്തിനെതിരായ സമരമാണ് ഗാന്ധിയന്‍ രീതിയെന്ന സന്ദേശവും നല്‍കി ജയിലില്‍നിന്ന് മറക്കാനാവാത്ത അനുഭവവുമായി മടങ്ങി. ജയിലില്‍ ഇത്ര ഊഷ്മള സ്വീകരണം ഒരു നേതാവിനും ലഭിച്ചിരിക്കില്ല. എല്ലാം പ്രോജ്വലന്റെ കളി.

മാര്‍ക്സിസ്റ്റ് അക്രമം മാത്രം ഉരുവിടുന്ന നാവില്‍നിന്ന് യൂത്തിന്റെ തെമ്മാടിത്തത്തെക്കുറിച്ച് നല്ല വാചകങ്ങള്‍ പുറത്തുവന്നതിന് നന്ദിയുണ്ട്. എങ്കിലും ഖദറിനുള്ളില്‍ നല്ല കാവിയുമുണ്ട്. ഖദര്‍ ഉടുത്ത് കാവിയും ചുമലിലിട്ടാണ് ഈ അധ്യാപകന്റെ നടപ്പ്. ഞായറാഴ്ച കോണ്‍ഗ്രസ് എന്നുപറയുമ്പോലെ കണ്ണൂരില്‍ ആര്‍എസ്എസ് കോണ്‍ഗ്രസ് എന്ന സാധനം ഉള്ളതാണ്. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസ്സും. ജില്ലയില്‍ എല്ലായിടത്തും നായിക്കുറുക്കനെപോലെ ഈ വിഭാഗത്തെ പണ്ടുമുതലേ കാണാം. അതാണ് ആര്‍എസിഎസ്സിനെ തൊടുമ്പോള്‍ കോണ്‍ഗ്രസിന് പൊള്ളുന്നത്. കല്യാശേരിയില്‍ പി ആറിന്റെ സ്നേഹം സിപിഐ എം പ്രവര്‍ത്തകനെ കൊന്ന ആര്‍എസിഎസ്സിനോടാണ്. ഇവിടെ മൃദുഹിന്ദുത്വവും ഹിന്ദുത്വവും വിട്ട് തീവ്ര ഹിന്ദുത്വമാണ് കോണ്‍ഗ്രസിന് ഇഷ്ടം.

സിന്‍ഡിക്കേറ്റെന്ന് പറഞ്ഞാല്‍ കണ്ണൂരിലെ മാധ്യമ ശിങ്കങ്ങള്‍ക്ക് കുറച്ചിലാണ്. കോണ്‍ഗ്രസിനെപോലും കാവി പുതപ്പിച്ച് സിപിഐ എമ്മിനെ വേട്ടയാടാന്‍ പറഞ്ഞയക്കുന്ന വൈതാളികന്മാരെന്ന വിശേഷണം ഇവിടെ ഏശില്ല. ദിവസങ്ങളായി കല്യാശേരിയിലെ പട്ടിയോടും പൂച്ചയോടും ഇവര്‍ക്ക് അപാര സ്നേഹമാണ്. അവിടെ ആര്‍എസ്എസ്സുകാര്‍ അരുംകൊല ചെയ്ത മനുഷ്യ ജീവനുവേണ്ടി ഒരിറ്റ് കണ്ണീര്‍പോലും വീണില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും മരിച്ചാല്‍ എല്ലാ ചരിത്രങ്ങളും തപ്പുന്ന മാധ്യമപ്പട കന്നി അയ്യപ്പനെ വെട്ടിനുറുക്കിയപ്പോള്‍ പൊട്ടിച്ചിരിച്ചു. അയ്യപ്പനെ കൊന്നത് ആര്‍എസ്എസ്സാണ്. ആരെങ്കിലും ഇത് വായിച്ച് ആര്‍എസ്എസ്സിനെതിരെ രോഷംകൊണ്ടാല്‍ പ്രശ്നമാണ്. ഇതാണ് ഇവിടുത്തെയും മാധ്യമധര്‍മം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വിലാപയാത്രയിലും ചാനലന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടില്ല. ചത്തത് മാര്‍ക്സിസ്റ്റെങ്കില്‍ പോകരുതെന്ന രാഷ്ട്രീയമാണ് ഇക്കൂട്ടരുടെ മനസ്സിലും സിരകളിലും. ഈ മനസ്സില്‍നിന്നാണ് കല്യാശേരിയിലെ കൊള്ളക്കഥ പിറക്കുന്നത്. എല്ലാ കഥകളുടെയും പിറവി മാര്‍ക്സിസ്റ്റ് വിരുദ്ധതയില്‍നിന്നാണെന്ന് കല്യാശേരിയും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.

ദേശാഭിമാനി 240111 കണ്ണൂര്‍

3 comments:

  1. സിന്‍ഡിക്കേറ്റെന്ന് പറഞ്ഞാല്‍ കണ്ണൂരിലെ മാധ്യമ ശിങ്കങ്ങള്‍ക്ക് കുറച്ചിലാണ്. കോണ്‍ഗ്രസിനെപോലും കാവി പുതപ്പിച്ച് സിപിഐ എമ്മിനെ വേട്ടയാടാന്‍ പറഞ്ഞയക്കുന്ന വൈതാളികന്മാരെന്ന വിശേഷണം ഇവിടെ ഏശില്ല. ദിവസങ്ങളായി കല്യാശേരിയിലെ പട്ടിയോടും പൂച്ചയോടും ഇവര്‍ക്ക് അപാര സ്നേഹമാണ്. അവിടെ ആര്‍എസ്എസ്സുകാര്‍ അരുംകൊല ചെയ്ത മനുഷ്യ ജീവനുവേണ്ടി ഒരിറ്റ് കണ്ണീര്‍പോലും വീണില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും മരിച്ചാല്‍ എല്ലാ ചരിത്രങ്ങളും തപ്പുന്ന മാധ്യമപ്പട കന്നി അയ്യപ്പനെ വെട്ടിനുറുക്കിയപ്പോള്‍ പൊട്ടിച്ചിരിച്ചു. അയ്യപ്പനെ കൊന്നത് ആര്‍എസ്എസ്സാണ്. ആരെങ്കിലും ഇത് വായിച്ച് ആര്‍എസ്എസ്സിനെതിരെ രോഷംകൊണ്ടാല്‍ പ്രശ്നമാണ്. ഇതാണ് ഇവിടുത്തെയും മാധ്യമധര്‍മം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വിലാപയാത്രയിലും ചാനലന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടില്ല. ചത്തത് മാര്‍ക്സിസ്റ്റെങ്കില്‍ പോകരുതെന്ന രാഷ്ട്രീയമാണ് ഇക്കൂട്ടരുടെ മനസ്സിലും സിരകളിലും. ഈ മനസ്സില്‍നിന്നാണ് കല്യാശേരിയിലെ കൊള്ളക്കഥ പിറക്കുന്നത്. എല്ലാ കഥകളുടെയും പിറവി മാര്‍ക്സിസ്റ്റ് വിരുദ്ധതയില്‍നിന്നാണെന്ന് കല്യാശേരിയും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.

    ReplyDelete
  2. ശാന്തിയാത്ര നടത്തുന്നതിന് പകരം പൊതുമുതല്‍ നശിപ്പിക്കുന്ന അക്രമം നിര്‍ത്തുകയാണ് യൂത്ത്കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍. ഗാന്ധിരക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസിസി ഓഫീസില്‍ നടന്ന യോഗത്തിലാണ് ഡിസിസി പ്രസിഡന്റ് യൂത്തിനെതിരെ ആഞ്ഞടിച്ചത്. പ്രസംഗം കത്തിക്കയറിയപ്പോള്‍ വേദിയിലുണ്ടായിരുന്ന എ പി അബ്ദുള്ളക്കുട്ടി ചാനലുകളുണ്ടെന്ന് പറഞ്ഞു തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രാമകൃഷ്ണന്‍ വഴങ്ങിയില്ല. ചാനലുകളും പത്രങ്ങളും ഉണ്ടെന്ന ബോധം യൂത്ത് നേതാക്കള്‍ക്കാണ് വേണ്ടത്. കാര്യം പറയുന്നവരുടെ വായ മൂടിക്കെട്ടാനല്ല ശ്രമിക്കേണ്ടത്- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കലക്ടറേറ്റിന് മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണയില്‍ ഒരു പ്രകോപനവുമില്ലാതെ പൊലീസിന്നേരെ കല്ലെറിയുകയും മൂന്ന് ബസ്സുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. യൂത്തിന്റെ ചെയ്തിയെ പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നു, അക്രമസംഭവത്തില്‍ റിമാന്‍ഡിലായ യൂത്ത്കോണ്‍ഗ്രസുകാര്‍ ജയിലില്‍ പി രാമകൃഷ്ണനെ കാണാന്‍ കൂട്ടാക്കിയില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ രാമകൃഷ്ണന് എതിരായി രംഗത്ത്വരികയുംചെയ്തു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് രാമകൃഷ്ണന്‍ വീണ്ടും യുത്ത്കോണ്‍ഗ്രസുകാര്‍ക്ക് നേരെ തിരിഞ്ഞത്. ഭരണത്തോടും പൊലീസ് നിലപാടോടും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്റെ പേരില്‍ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നേര്‍ക്ക് അതിക്രമം നടത്തുന്നത് ശരിയാണോ എന്ന് യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കണം.അക്രമാസക്തമായ സമരം നടത്തുന്ന യൂത്ത്കോണ്‍ഗ്രസിന് ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ശാന്തിയാത്ര നടത്താന്‍ ധാര്‍മിക അവകാശമുണ്ടോ എന്ന് തന്നെ ബഹിഷ്കരിച്ചവര്‍ ചിന്തിക്കണം- രാമകൃഷ്ണന്‍ പറഞ്ഞു.

    ReplyDelete
  3. ഡിസിസി പ്രസിഡന്റ് നിയമിച്ച പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസുകാര്‍ ധര്‍ണ നടത്തി. പയ്യാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി മൂന്നാം ഗ്രൂപ്പുകാരനായ ടി പി അശ്രഫിനെ നിയമിച്ചതാണ് കോണ്‍ഗ്രസില്‍ പോര് രൂക്ഷമാക്കിയത്. പയ്യാവൂരിലെ തര്‍ക്കം മുതലെടുത്ത് ഡിസിസി പ്രസിഡന്റിനെതിരെ ശക്തമായ നീക്കം നടത്താനാണ് കെ സുധാകരനെ അനുകൂലിക്കുന്ന ഐ ഗ്രൂപ്പിന്റെ ശ്രമം. എ വിഭാഗക്കാരനായ സി പി ജോസിനെ പഞ്ചായത്ത് പ്രസിഡന്റാക്കാമെന്നും ഐ വിഭാഗക്കാരനായ കെ ടി മൈക്കിളിനെ മണ്ഡലം പ്രസിഡന്റാക്കാമെന്നുമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പുകാലത്തെ ധാരണ. ഈ ധാരണക്ക് വിരുദ്ധമായാണ് കെ സി വേണുഗോപാലടക്കമുള്ള മൂന്നാംഗ്രൂപ്പിന്റെ പ്രതിനിധിയായ അശ്രഫിനെ മണ്ഡലം പ്രസിഡന്റായി ഡിസിസി പ്രസിഡന്റ് നിയമിച്ചത്. ക്ഷുഭിതരായ മറുവിഭാഗം കെ സുധാകരന്‍ എംപി, അഡ്വ. സണ്ണി ജോസഫ് എന്നിവരുമായി ചര്‍ച്ച ചെയ്തശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പി രാമകൃഷ്ണന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് ഡിസിസി ഓഫീസില്‍ ധര്‍ണ നടത്തിയത്. കെ ടി മൈക്കിള്‍, പയ്യാവൂര്‍ പഞ്ചായത്ത് അംഗങ്ങളായ ഫിലപ്പ് പാത്തിക്കല്‍, കുര്യക്കോസ്, ജിജി, പി ആര്‍ രാഘവന്‍ ഡെയ്സി, മോളി എന്നിവരടക്കമുള്ളവരാണ് ധര്‍ണയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തുകയും ഡിസിസി പ്രസിഡന്റിനെ അവഹേളിക്കുകയും ചെയ്തതിന് ധര്‍ണ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഒരുവിഭാഗംആവശ്യമുയര്‍ത്തുന്നുണ്ട്. ഡിസിസി പ്രസിഡന്റിനെതിരെയുള്ള നീക്കം ശക്തിപ്പെടുത്താനാണ് സുധാകരനെ പിന്തുണക്കുന്നവര്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്തകാലത്ത് പി രാമകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ നടത്തിയ അക്രമവിരുദ്ധപ്രസംഗം സുധാകരനെ ലക്ഷ്യമിട്ടാണെന്ന ചര്‍ച്ചയും കോണ്‍ഗ്രസില്‍ സജീവമാണ്.

    ReplyDelete