Sunday, January 30, 2011

സംസ്ഥാനത്ത് 32 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍

സംസ്ഥാനത്ത് പുതിയ ബി പി എല്‍ പട്ടിക പൂര്‍ത്തിയായി. ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്താകെ 32.29 ലക്ഷം കുടുംബങ്ങളാണുളളതെന്ന് തദ്ദേശ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു. നഗരപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 4.37 ലക്ഷം കുടുംബങ്ങളും ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 27.92 ലക്ഷം കുടുംബങ്ങളുമാണുളളതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ കുടുംബങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 3,98,981. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്(1,06,794). സംസ്ഥാന സര്‍ക്കാര്‍ 2009 ഏപ്രില്‍-മെയ് മാസങ്ങളില്‍ അധ്യാപകരെ ഉപയോഗിച്ചു പുതിയ സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലാണ് സംസ്ഥാനത്ത് ആകെയുള്ള 76.12 ലക്ഷം കുടുംബങ്ങളില്‍ 32.29 കുടുംബങ്ങള്‍ ദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയത്. ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള കുടുംബം പിന്നീടുളള പരിശോധനയില്‍ അനര്‍ഹരെന്ന് കാണുകയാണെങ്കില്‍ അത്തരം കുടുംബങ്ങളെ കാരണം രേഖപ്പെടുത്തി ഒഴിവാക്കുന്നതിന് ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും അധികാരമുണ്ടായിരിക്കും. ദരിദ്ര കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്‍ മേല്‍ ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും കൂടി പരിശോധിച്ച് അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തേണ്ടതായി വന്നേക്കാം. പരാതികള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നു കണക്കാക്കുന്നു. ഇതു കൂടി ഉള്‍പ്പെടുന്നതായിരിക്കും സംസ്ഥാനത്തെ ആകെ ബി പി എല്‍ കുടുംബങ്ങളുടെ എണ്ണമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത്-നഗരസഭാ തലത്തിലുളള ബി പി എല്‍ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് തയ്യാറായി കഴിഞ്ഞു. അടുത്തമാസം ഒന്നു മുതല്‍ പഞ്ചായത്ത് നഗരസഭാ തലങ്ങളില്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. ബി പി എല്‍ പട്ടിക സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമുളള ഡേറ്റാബേസ് തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പിനു കീഴില്‍ സൂക്ഷിക്കാനും വെബ്‌സൈറ്റില്‍ നിന്നു ലഭ്യമാക്കാനും കൂടി ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കണക്കു പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 10.25 ലക്ഷം കുടുംബങ്ങളാണ് ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നത്.  ഈ എണ്ണത്തോടും അതു കണ്ടെത്തുന്ന മാനദണ്ഡങ്ങളോടും കേരളത്തിനുളള എതിര്‍പ്പ് നേരത്തെ പ്രകടമാക്കിയിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിന് സംസ്ഥാനം തയ്യാറാക്കിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുളള കുടുംബങ്ങള്‍ക്ക് മാത്രമേ കേന്ദ്ര സഹായം നല്‍കുകയുളളൂവന്നാണ് അവര്‍ പറയുന്നത്. ബാക്കി വരുന്ന കുടുംബങ്ങളുടെ കാര്യം സംസ്ഥാനം പരിഗണിക്കേണ്ടി വരും. ബി പി എല്‍ പട്ടികയില്‍ വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരേപോലെ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ധനസഹായം കേന്ദ്രം അനുവദിക്കുന്ന സംഖ്യ അനുസരിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനയുഗം 290111

1 comment:

  1. സംസ്ഥാനത്ത് പുതിയ ബി പി എല്‍ പട്ടിക പൂര്‍ത്തിയായി. ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്താകെ 32.29 ലക്ഷം കുടുംബങ്ങളാണുളളതെന്ന് തദ്ദേശ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു. നഗരപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 4.37 ലക്ഷം കുടുംബങ്ങളും ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 27.92 ലക്ഷം കുടുംബങ്ങളുമാണുളളതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete