Sunday, January 30, 2011

കേരളം സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാകും: വി എസ്

താരിഫ് വര്‍ധിപ്പിക്കാതെ വൈദ്യുതിമേഖലയില്‍ സുസ്ഥിര വികസനം സാധ്യമായെന്നും കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 14 ജില്ലയിലും മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു നടത്തുന്ന ജനകീയ വൈദ്യുതി അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലാ വൈദ്യുതി അദാലത്തും ഇതോടൊപ്പം നടത്തി. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേവലം 26 മെഗാ വാട്ട് വൈദ്യുതിയാണ് അധികമായി ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ കഴിഞ്ഞ നാലരവര്‍ഷംകൊണ്ട് 204 മെഗാ വാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ 100 നിയോജകമണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിക്കുകയാണ് ലക്ഷ്യം. വര്‍ഷാവസാനത്തോടെ സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതീകരണം സാക്ഷാല്‍ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രിമാരായ എം വിജയകുമാര്‍, വി സുരേന്ദ്രന്‍പിള്ള, സി ദിവാകരന്‍, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ജോര്‍ജ് മേഴ്സിയര്‍, എം എ വാഹിദ്, ജെ അരുന്ധതി, എന്‍ രാജന്‍, മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ ജില്ലയുടെ വൈദ്യുതീകരണം സമ്പൂര്‍ണമാകുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ സമ്പൂര്‍ണവൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി വരികയാണെന്നും ഫെബ്രുവരി 19 ന് ആലപ്പുഴയെ സമ്പൂര്‍ണ വൈദ്യുതീകരിക്കപ്പെട്ട ജില്ലയായി പ്രഖ്യാപിക്കുമെന്നും വൈദ്യുതി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ പ്രഖ്യാപനചടങ്ങിന്റെ രൂപരേഖ തയ്യാറാക്കുകയും വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. അരൂര്‍ മണ്ഡലത്തിലെ എരമല്ലൂരിലാണ് ജില്ലയുടെ സമ്പൂര്‍ണവൈദ്യുതീകരണപ്രഖ്യാപനം നടക്കുക. ആലപ്പുഴ, ഹരിപ്പാട് എന്നീ രണ്ടു മണ്ഡലങ്ങളില്‍ വൈദ്യുതീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. മറ്റ് ഒമ്പതു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ജില്ലയുടെ സമ്പൂര്‍ണ്ണവൈദ്യുതീകരണപ്രഖ്യാപനം നടക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ സി വേണുഗോപാല്‍, മറ്റു മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒമ്പതു മണ്ഡലങ്ങളിലെ സമ്പൂര്‍ണവൈദ്യുതീകരണവുമായി ബന്ധപ്പെട്ട് 8,112 വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ചെലവ് 713.76 ലക്ഷം രൂപയാണ്. ഫെബ്രുവരി 14 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളില്‍ വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍, വിജ്ഞാനപ്രദമായ എക്സിബിഷന്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ എന്നിവയുണ്ടായിരിക്കും. യോഗത്തില്‍ എംഎല്‍എമാരായ എ എം ആരിഫ്, പി തിലോത്തമന്‍, കലക്ടര്‍ പി വേണുഗോപാല്‍, കെഎസ്ഇബി മധ്യമേഖലാ ചീഫ് എന്‍ജിനീയര്‍ ജി സുധാദേവി, ഡെപ്യൂട്ടി സിഇമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എറാണാകുളം സമ്പൂര്‍ണ വൈദ്യുതി ജില്ലാ പ്രഖ്യാപനം ഫെബ്രു. 19ന് പിറവത്ത്


തൃക്കാക്കര : ഫെബ്രുവരി 19ന് ജില്ലയെ സമ്പൂര്‍ണ വൈദ്യുതി ജില്ലയായി പ്രഖ്യാപിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ജില്ലയിലെ എംഎല്‍എമാരുടെയും വൈദ്യുതിവകുപ്പ് ജീവനക്കാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ വൈദ്യുതി ജില്ലയായി പ്രഖ്യാപിക്കുന്നത് പിറവം നിയോജകമണ്ഡലത്തിലെ വലിയപള്ളി പരിസരത്താണ്. എംപിമാര്‍, എംഎല്‍എമാര്‍, വൈദ്യുതിവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. സമ്പൂര്‍ണ വൈദ്യുതി പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജില്ലയാണിത്. പാലക്കാട്, തൃശൂര്‍ എന്നിവ ആദ്യഘട്ടത്തില്‍ കഴിഞ്ഞു.

എല്ലാ കുടുംബങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈദ്യുതിവകുപ്പ് പൂര്‍ത്തിയാക്കുകയാണ്. ജില്ലയില്‍ 12.85 കോടി രൂപ ചെലവഴിച്ചാണ് ഇതു നടപ്പാക്കുന്നത്. അതത് സെക്ഷനുകളില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിഹരിക്കണം. ഓരോ നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഫെബ്രുവരി ആറിനുമമ്പായി പരാതികള്‍ പരിഹരിക്കണം. ജില്ലയില്‍ 14,232 കണക്ഷനുകള്‍ നല്‍കാനുണ്ട്. ഇതില്‍ ഏറ്റവും കൂടുതലുള്ളത് കുട്ടമ്പുഴ പഞ്ചായത്തിലാണ്. 2355 വൈദ്യുതി കണക്ഷനുകളാണ് ഇവിടെ നല്‍കാനുള്ളത്. ഇത് നല്‍കാനുള്ള നടപടികള്‍ അതതു മേഖലകളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നല്‍കി.

വൈദ്യുതിയുമായി ബന്ധപ്പെട്ട് സമകാലീന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെമിനാറുകള്‍ സംഘടിപ്പിക്കും. ശാസ്ത്ര-സാങ്കേതിക, വിജ്ഞാന-വിനോദ-വാണിജ്യ-വ്യവസായിക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി 16 മുതല്‍ 19 വരെ സമ്മേളനനഗരിയില്‍ പ്രദര്‍ശനം നടത്തും. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലയില്‍ വിളംബരജാഥകള്‍ നടത്തും. യോഗത്തില്‍ എംഎല്‍എമാരായ സി എം ദിനേശ്മണി, എം കെ പുരുഷോത്തമന്‍, എം എം മോനായി, ഡൊമിനിക് പ്രസന്റേഷന്‍, കെ ബാബു, എം ജെ ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കലക്ടര്‍ എം ബീന, ചീഫ് എന്‍ജിനിയര്‍ സി വി നന്ദന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരായ യു കേശവദാസ്, കെ എ അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസര്‍കോട് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തി ഉദ്ഘാടനം 1 ന്


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് നിര്‍വഹിക്കുമെന്ന് സി ടി അഹമ്മദലി എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍ മൂന്നിന് മിഞ്ചിപദവ് എംജിഎല്‍സിയില്‍ സി ടി അഹമ്മദലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ് അധ്യക്ഷനാവും.

നിയോജക മണ്ഡലത്തിലെ ബെള്ളൂര്‍, കുമ്പടാജെ, കാറഡുക്ക, ബദിയടുക്ക, മൊഗ്രാല്‍ പുത്തൂര്‍, മുളിയാര്‍, ചെങ്കള എന്നീ പഞ്ചായത്തുകളിലെ വൈദ്യുതി എത്താത്ത പ്രദേശങ്ങളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുമെന്ന് എംഎല്‍എ പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ 99.7 ലക്ഷം രൂപയും മറ്റ് ഏജന്‍സികളുടെ വിഹിതവും ചേര്‍ത്ത് 1.99 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ജെ പോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ പി ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി 29/300111

1 comment:

  1. താരിഫ് വര്‍ധിപ്പിക്കാതെ വൈദ്യുതിമേഖലയില്‍ സുസ്ഥിര വികസനം സാധ്യമായെന്നും കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 14 ജില്ലയിലും മന്ത്രി എ കെ ബാലന്‍ പങ്കെടുത്തു നടത്തുന്ന ജനകീയ വൈദ്യുതി അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete