Monday, January 31, 2011

യുഡിഎഫിന്റെ ദുര്‍ഗന്ധം

കേരളത്തിലെ വലതുപക്ഷരാഷ്ട്രീയം വീണുപതിച്ച ചെളിക്കുണ്ടിന്റെ ദുര്‍ഗന്ധവും അറപ്പുളവാക്കുന്ന കാഴ്ചയുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി ജനങ്ങളുടെ മനംമടുപ്പിച്ച് പുറത്തുവരുന്നത്. മുന്‍ മന്ത്രിയും ഐക്യജനാധിപത്യമുന്നണിയിലെ രണ്ടാം കക്ഷിയുടെ അനിഷേധ്യ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്നും ഒരു ബന്ധു ബ്ളാക്ക് മെയിലിങ്ങിന് ശ്രമിക്കുകയാണെന്നും പത്രസമ്മേളനം വിളിച്ച് പറഞ്ഞതോടെ തുടങ്ങിയ വിവാദവും വെളിപ്പെടുത്തലുകളും അവയുടെ അനുരണനങ്ങളായ രാഷ്ട്രീയ ചലനങ്ങളും അവിരാമം തുടരുകയാണ്.

1991-96ലും 2001-06ലും ഭരിച്ച യുഡിഎഫ് മന്ത്രിസഭകളിലെ സമുന്നത സ്വാധീനമുള്ള മന്ത്രിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. ഭരണ സ്വാധീനവും അവിഹിതമായി സമ്പാദിച്ച ധനവും ഉപയോഗിച്ച് അദ്ദേഹം വഴിവിട്ട പലതുംചെയ്തു എന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍തന്നെ ആരോപണമുയര്‍ന്നതാണ്. കോഴിക്കോട്ടെ ഒരു ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്കാളിത്തം സംസ്ഥാനത്ത് സജീവമായ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും വഴിമരുന്നിട്ടു. ആ കേസുമായി ബന്ധപ്പെട്ട്, പീഡനത്തിനിരയായ റജീന എന്ന യുവതി പരസ്യമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്തുനിന്നുതന്നെ ഇറങ്ങിപ്പോകേണ്ടിവന്നു. അന്നെല്ലാം മുസ്ളിംലീഗും യുഡിഎഫും പറഞ്ഞ ന്യായം കുഞ്ഞാലിക്കുട്ടിയെ ഒരു കോടതിയും ശിക്ഷിച്ചില്ലല്ലോ; സുപ്രീം കോടതിവരെ പരിശോധിച്ച് 'കഴമ്പില്ലെന്നു കണ്ടെത്തിയ' കേസിനെച്ചൊല്ലി വിവാദമെന്തിന് എന്നായിരുന്നു.

അത്തരം വാദമുഖങ്ങളെയാകെ ഖണ്ഡിക്കുന്നതും കേസില്‍നിന്നുള്ള രക്ഷപ്പെടല്‍ വഴിവിട്ട നീക്കങ്ങളിലൂടെയായിരുന്നുവെന്ന് തെളിയിക്കുന്നതുമാണ് സമീപനാളുകളില്‍ പുറത്തുവന്ന വിവരങ്ങള്‍. ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിച്ചാണ് കേസില്‍നിന്ന് രക്ഷപ്പെട്ടത് എന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന തെളിവ്. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും രാഷ്ട്രീയ ശത്രുക്കളല്ല അതിന് മുതിര്‍ന്നത്. തനിക്കെതിരെ നീങ്ങുന്നു; വധിക്കാന്‍വരെ ശ്രമിക്കുന്നു എന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നയാളും പുറത്തുള്ളതല്ല-കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരിക്കൊണ്ട കാലത്ത് നിഴല്‍പോലെ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്ന ആള്‍. അയാള്‍ അന്ന് താന്‍കൂടി ചെയ്ത കൊള്ളരുതായ്മകളാകെ വിളിച്ചു പറയുന്നു-കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി. ഇതെല്ലാം യുഡിഎഫിലും ചുറ്റുവട്ടത്തും നടന്ന കാര്യങ്ങളാണ്.

സ്വാഭാവികമായും ഇത്തരമൊരവസ്ഥ വരുമ്പോള്‍ ആ മുന്നണിയില്‍നിന്ന് മാന്യമായ പ്രതികരണം ജനങ്ങള്‍ പ്രതീക്ഷിക്കും. എന്നാല്‍, യുഡിഎഫ് നേതൃത്വത്തില്‍നിന്നും മുസ്ളിം ലീഗില്‍നിന്നുമുണ്ടായ പ്രതികരണങ്ങള്‍ അങ്ങനെയുള്ളതല്ല. താന്‍ അധികാരത്തിലിരുന്ന കാലത്ത് വഴിവിട്ട കാര്യങ്ങള്‍ചെയ്തു എന്ന കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം സ്വന്തം സര്‍ക്കാരിനുനേരെയുള്ള കുറ്റപത്രംതന്നെയാണെന്ന് അറിയാത്തയാളല്ല ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കാനാണ് മുതിര്‍ന്നത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാകട്ടെ, പുതിയ വിവാദത്തില്‍ ലീഗിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്കല്ല എന്നാണ് എല്ലാവരും പറയുന്നത്. അതുതന്നെയാണ് പ്രസക്തമായ പ്രശ്നവും.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതും വരാനിരിക്കുന്നതുമായ കൊള്ളരുതായ്മകള്‍, അഴിമതി, ജുഡീഷ്യറിയെപ്പോലും ദുരുപയോഗപ്പെടുത്തുന്ന ഇടപെടലുകള്‍, അവിഹിത സ്വത്തുസമ്പാദനം-ഇത്തരം കാര്യങ്ങളിലൊന്നും കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനാവില്ല. അത് യുഡിഎഫിന്റെ, അതിലെ മുഖ്യ കക്ഷികളുടെ പൊതുസ്വഭാവമാണ്. അങ്ങനെയല്ലെങ്കില്‍, അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായ ഘട്ടത്തില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം തട്ടിയകറ്റാന്‍ യുഡിഎഫ് കൂട്ടായി രംഗത്തിറങ്ങുമായിരുന്നില്ല.

കുഞ്ഞാലിക്കുട്ടി വഴിവിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. കൂട്ടുപ്രതിതന്നെയാണദ്ദേഹം. എന്തൊക്കെ അന്ന് നടന്നു; നാടിനെ എങ്ങനെയെല്ലാം കൊള്ളയടിച്ചു-ഉമ്മന്‍ചാണ്ടി എണ്ണിപ്പറഞ്ഞേതീരൂ. നിശ്ചയമായും കേരളത്തില്‍ വരുംനാളുകളില്‍ സജീവ ചര്‍ച്ചയ്ക്കു വരുന്ന പ്രശ്നമാണിത്. ഏതെങ്കിലും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിവരങ്ങള്‍ മൂടിവച്ചതുകൊണ്ട് കെട്ടുപോകുന്നതല്ല പടര്‍ന്നുകയറുന്ന അഗ്നി. കുഞ്ഞാലിക്കുട്ടിക്ക് വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ; എല്ലാകാര്യങ്ങളും വഴിവിട്ടുമാത്രം നടന്ന മുന്‍ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ഓര്‍മകളിലേക്കാണ് ഈ ചര്‍ച്ച ജനങ്ങളെ നയിക്കുന്നത്.

കുഞ്ഞാലിക്കുട്ടി ചെയ്തതായി റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങളും അതിന് ചെലവിട്ട പണവും കേരളത്തിന്റെ പൊതുമേഖല കൊള്ളയടിച്ചിട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വിലയിരുത്തിയത് പ്രസക്തമാണ്. അന്ന് പൊതുമേഖല വിറ്റുതുലച്ച് പണം ഇങ്ങനെ പലതിനുമായി ധൂര്‍ത്തടിച്ചുവെങ്കില്‍ ഇന്ന് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളാകെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏതാനും മാധ്യമങ്ങള്‍ അപ്രധാനമായി തള്ളിയതുകൊണ്ടോ, യുഡിഎഫിന് താല്‍പ്പര്യമില്ലെന്നതുകൊണ്ടോ അവസാനിപ്പിക്കേണ്ടതല്ല കുഞ്ഞാലിക്കുട്ടിവിഷയവുമായി ബന്ധപ്പെട്ട പരിശോധനകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകഴിഞ്ഞു. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും പ്രധാനമാണ്. ഗുജറാത്തിലെ ബെസ്റ് ബേക്കറി കേസില്‍ ദൃക്സാക്ഷിയായിരുന്ന സൈറാ ഷെയ്ക്കിനെ സ്വാധീനം ചെലുത്തി മൊഴിമാറ്റിച്ച അനുഭവം സ്മരണീയമാണ്. മനുഷ്യക്കുരുതി നേരിട്ടുകണ്ട സൈറ, സ്വാധീനത്തിനു വഴങ്ങി മൊഴി മാറ്റിയപ്പോള്‍ ആ കേസുതന്നെ ഇല്ലാതാകുന്ന സ്ഥിതിവന്നു. മൊഴിമാറ്റിയ സൈറയെ ഒടുവില്‍ സുപ്രീംകോടതി ഒരുകൊല്ലം തടവിന് ശിക്ഷിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയുംചെയ്തു. ഗുജറാത്തില്‍ മൊഴിമാറ്റിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളും ഇവിടെ മുസ്ളിം ലീഗ് നടത്തിയ നീക്കങ്ങളും സമാനമാണ് എന്നാണ് റൌഫിന്റെ മൊഴിയിലൂടെ തെളിയുന്നത്.

ഇവയെല്ലാം നിയമപരമായി പരിശോധിക്കപ്പെട്ടേ തീരൂ. പുനരന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഭരണതലത്തിലും നിയമപാലനത്തിന്റെ തലത്തിലും ഇതുസംബന്ധിച്ച അടിയന്തര നടപടികളുണ്ടാകണം. അതോടൊപ്പം യുഡിഎഫിന്റെ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിപ്പിക്കുന്ന മുഖം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍, ആ മുന്നണിയുടെ കാപട്യങ്ങളില്‍ കുരുങ്ങിപ്പോയ ജനങ്ങളും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 310111

1 comment:

  1. കുഞ്ഞാലിക്കുട്ടി ചെയ്തതായി റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങളും അതിന് ചെലവിട്ട പണവും കേരളത്തിന്റെ പൊതുമേഖല കൊള്ളയടിച്ചിട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വിലയിരുത്തിയത് പ്രസക്തമാണ്. അന്ന് പൊതുമേഖല വിറ്റുതുലച്ച് പണം ഇങ്ങനെ പലതിനുമായി ധൂര്‍ത്തടിച്ചുവെങ്കില്‍ ഇന്ന് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളാകെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. ഏതാനും മാധ്യമങ്ങള്‍ അപ്രധാനമായി തള്ളിയതുകൊണ്ടോ, യുഡിഎഫിന് താല്‍പ്പര്യമില്ലെന്നതുകൊണ്ടോ അവസാനിപ്പിക്കേണ്ടതല്ല കുഞ്ഞാലിക്കുട്ടിവിഷയവുമായി ബന്ധപ്പെട്ട പരിശോധനകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകഴിഞ്ഞു. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടേണ്ടതുണ്ട്.

    ReplyDelete