Tuesday, January 25, 2011

തോട്ടവിളകള്‍ കൃഷി ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് റബര്‍, തേങ്ങ, അടയ്ക്കാ കൃഷി ചെയ്യുന്നവര്‍ ഇനി മുതല്‍ 'കര്‍ഷകരല്ല' എന്ന് കേന്ദ്രസര്‍ക്കാര്‍. 2011ലെ ജനസംഖ്യാ കണക്കെടുപ്പിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശക പുസ്തകത്തിലാണ് കര്‍ഷകന്‍ എന്ന പട്ടികയില്‍ നിന്ന് തോട്ട വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ പുറത്തായിരിക്കുന്നത്. കാപ്പി, തേയില, റബര്‍, തേങ്ങ, അടയ്ക്കാ വിളകളെ കൃഷിയായി പരിഗണിക്കില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. തോട്ടവിളകളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ കര്‍ഷകനായോ കര്‍ഷക തൊഴിലാളിയായോ കണക്കാക്കേണ്ടതില്ല. പകരം അവരെ 'മറ്റു ജോലിയുള്ളവര്‍' എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിവക്ഷിക്കുന്നത്. അതേസമയം കഞ്ചാവ്, സിങ്കോണ, കറുപ്പ് തുടങ്ങിയവ കൃഷി ചെയ്യുന്നവരെ പോലും കര്‍ഷകനായി അംഗീകരിച്ചിട്ടുണ്ട്.

വിവരശേഖരണത്തിനായി വീട്ടിലെത്തുന്ന എന്യൂമെറേറ്ററോട് വീട്ടിലെ അംഗം താനൊരു കര്‍ഷകനെന്നോ കര്‍ഷക തൊഴിലാളിയാണെന്നോ പറയുകയാണെങ്കില്‍ അയാള്‍ ഏതുതരം വിളയാണ് കൃഷി ചെയ്യുന്നതെന്ന പ്രത്യേകം ചോദിച്ചറിയേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തോട്ടവിള കര്‍ഷകനാണെങ്കില്‍ അദ്ദേഹത്തെ മറ്റ് ജോലി ചെയ്യുന്നവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തോട്ടങ്ങളിലെ ജോലി, കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തലും പട്ടുനിര്‍മാണവും, പാല്, മുട്ട, തേന്‍, മെഴുക് തുടങ്ങിയവയുടെ ഉല്‍പ്പാദനം, മീന്‍വളര്‍ത്തല്‍ തുടങ്ങിയവയും മറ്റു ജോലികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉഴുകല്‍, വിതയ്ക്കല്‍, കൊയ്ത്ത്, പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനം, ഗോതമ്പ്, നെല്ല്, ചൗവ്വരി, ബജ്‌റ, കൂവരക് തുടങ്ങിയ ധാന്യങ്ങളുടെ ഉല്‍പ്പാദനം, കരിമ്പ്, പുകയില, നിലക്കടല, മരച്ചീനി തുടങ്ങിയവയുടെ ഉല്‍പ്പാദനം, പരുത്തി, നാരുചെടികള്‍, ചണം, ഔഷധച്ചെടികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പുഷ്പങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ഷകരുടെ പട്ടികയിലാണ്.

വടക്കേ ഇന്ത്യയിലെ കുത്തക ലോബികളെ സഹായിക്കുന്ന ഈ മാനദണ്ഡങ്ങള്‍ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ വമ്പിച്ച പ്രത്യാഘാതമുണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പച്ചക്കറി, നെല്‍ കര്‍ഷകരുടെ എണ്ണം നന്നേ കുറവായ കേരളത്തില്‍ റബര്‍, തേയില, കാപ്പി, തേങ്ങ, അടയ്ക്ക വിളകള്‍ കൃഷി ചെയ്യുന്നവരെ കൂടി കര്‍ഷകന്‍ എന്ന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കും. 2011ലെ ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ 'കര്‍ഷകരു'ടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതിന് ഇതിടയാക്കും. ഒരു പക്ഷെ കര്‍ഷക സംസ്ഥാനമെന്ന ഖ്യാതി കൂടി കേരളത്തിന് നഷ്ടമായേക്കാം. രാജ്യത്തിന്റെ വിഭവാസൂത്രണത്തിന് തന്നെ മാനദണ്ഡമാക്കുന്നത് സെന്‍സസിലൂടെ ലഭിക്കുന്ന വിലപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. ഭാവിയില്‍ സംസ്ഥാനത്തിനുള്ള അടിസ്ഥാന മേഖലയുടെ വിഹിതത്തില്‍ തന്നെ വന്‍കുറവ് വരുത്താന്‍ ഇതിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഡോ. സ്വാമിനാഥന്‍ അധ്യക്ഷനായിരുന്ന കാര്‍ഷിക കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള പട്ടിക അട്ടിമറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ജനയുഗത്തോട് പ്രതികരിച്ചു. കേരളത്തിന്റെ സാമൂഹ്യജീവിതത്തെ തന്നെ പ്രതീകൂലമായി ബാധിക്കുന്ന ഈ വിഷയത്തെ സംബന്ധിച്ച് സംസ്ഥാനത്തിനുള്ള ശക്തമായ പ്രതിഷേധം കേന്ദ്രത്തെ  അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജേഷ് വെമ്പായം ജനയുഗം 250111

2 comments:

  1. തിരുവനന്തപുരം: രാജ്യത്ത് റബര്‍, തേങ്ങ, അടയ്ക്കാ കൃഷി ചെയ്യുന്നവര്‍ ഇനി മുതല്‍ 'കര്‍ഷകരല്ല' എന്ന് കേന്ദ്രസര്‍ക്കാര്‍. 2011ലെ ജനസംഖ്യാ കണക്കെടുപ്പിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശക പുസ്തകത്തിലാണ് കര്‍ഷകന്‍ എന്ന പട്ടികയില്‍ നിന്ന് തോട്ട വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ പുറത്തായിരിക്കുന്നത്. കാപ്പി, തേയില, റബര്‍, തേങ്ങ, അടയ്ക്കാ വിളകളെ കൃഷിയായി പരിഗണിക്കില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. തോട്ടവിളകളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ കര്‍ഷകനായോ കര്‍ഷക തൊഴിലാളിയായോ കണക്കാക്കേണ്ടതില്ല. പകരം അവരെ 'മറ്റു ജോലിയുള്ളവര്‍' എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിവക്ഷിക്കുന്നത്. അതേസമയം കഞ്ചാവ്, സിങ്കോണ, കറുപ്പ് തുടങ്ങിയവ കൃഷി ചെയ്യുന്നവരെ പോലും കര്‍ഷകനായി അംഗീകരിച്ചിട്ടുണ്ട്.

    ReplyDelete
  2. സെന്‍സസ് ജോലികളില്‍ ഹെഡ്മാസ്റ്റര്‍മാരുള്‍പ്പെടെയുള്ള അധ്യാപകരെ കൂട്ടത്തോടെ നിയമിച്ച നടപടിയില്‍ കെഎസ്ടിഎ പ്രതിഷേധിച്ചു. ഫെബ്രുവരി അഞ്ചുമുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് സെന്‍സസ്. എസ്എസ്എല്‍സി - ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷയുള്‍പ്പെടെ എല്ലാ പരീക്ഷകളും ഈ സമയത്താണ്. മിക്ക സ്കൂളുകളില്‍നിന്നും മുഴുവന്‍ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങള്‍ ഒരു മാസത്തോളം അടച്ചിടേണ്ടിവരും. അ - എയ്ഡഡ് സ്കൂളുകളില്‍നിന്നും ഒരാളെയും നിയമിച്ചിട്ടില്ല. സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍നിന്നു മാത്രമാണ് നിയമനം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പരീക്ഷകളുള്‍പ്പെടെയുള്ള പഠന പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. പരാതികള്‍ കേള്‍ക്കാന്‍പോലും തയ്യാറാകാതെ ധിക്കാരത്തോടെയാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. പല ജില്ലകളിലും ഞായറാഴ്ചയും പരിശീലനം വെച്ചിട്ടുണ്ട്. ഇതില്‍നിന്നും അധ്യാപകര്‍ വിട്ടുനില്‍ക്കും. ഹെഡ്മാസ്റ്റര്‍മാരെ സെന്‍സസ് ജോലികളില്‍നിന്നും പൂര്‍ണമായും ഒഴിവാക്കി മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നും നിയമനം നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.

    ReplyDelete