Tuesday, January 25, 2011

യുപിഎക്ക് വേണ്ടത് ചോദ്യംചെയ്യാത്ത ജുഡീഷ്യറി: പിണറായി

ഭരണത്തിന്റെ അഴിമതിയെയും ജനവിരുദ്ധനയങ്ങളെയും ചോദ്യംചെയ്യാത്ത ജുഡീഷ്യറിയാണ് യുപിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 2ജി സ്പെക്ട്രം ഇടപാടില്‍ 16 മാസം പ്രധാനമന്ത്രി എന്തുകൊണ്ടു മൌനംപാലിച്ചുവെന്ന സുപ്രീം കോടതിയുടെ ചോദ്യം യുപിഎ സര്‍ക്കാരിനെ നിസ്സാരമായല്ല അലോസരപ്പെടുത്തുന്നത്. സ്വിസ് ബാങ്കില്‍ 65 ലക്ഷം കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുപറയാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം ജുഡീഷ്യറിയെയും ബാധിക്കുന്നുണ്ടെങ്കിലും സമൂഹനന്മയെ ലക്ഷ്യമാക്കിയും അഴിമതിക്കെതിരായുമുള്ള ഇത്തരം ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സ. വര്‍ക്കല രാധാകൃഷ്ണന്‍ നഗറില്‍ (തൃശൂര്‍ തെക്കേ ഗോപുരനട) ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

നേരത്തേ 2ജി സ്പെക്ട്രം ലേലം സുതാര്യമായിരിക്കണമെന്ന് ടെലികോം മന്ത്രി രാജക്ക് കത്തുകൊടുത്ത ആളാണ് മന്‍മോഹന്‍സിങ്. ഇതിന് രാജ മറുപടിയും നല്‍കി. അതിനുശേഷം പ്രധാനമന്ത്രി നിശബ്ദനായി. എന്തുകൊണ്ട് ഈ മൌനമെന്നാണ് കോടതി ചോദിക്കുന്നത്. ഏതു ശക്തിയാണ് അദ്ദേഹത്തെ നിശബ്ദനാക്കിയത്. അതിന് ഉത്തരം ഇനിയും കിട്ടിയിട്ടില്ല. അറിഞ്ഞുകൊണ്ട് പ്രധാനമന്ത്രി തെറ്റു ചെയ്തുവെന്നാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്. 2ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് അഴിമതികളിലെല്ലാം രാജ്യത്തിന്റെ സമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. അതിനെല്ലാം കൂട്ടുനില്‍ക്കുന്ന ജുഡീഷ്യറിയെയാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഇവിടെ കോടതികളുടെ സ്വതന്ത്രസ്വഭാവത്തിന് പ്രാധാന്യം ഏറെയാണ്. കോടതികളെപ്പോലും സ്വാധീനിക്കുന്ന, വലിയതോതില്‍ ഇടപെടുന്ന മാധ്യമപ്പടതന്നെ നമ്മുടെ രാജ്യത്തുണ്ട്. പ്രതിഫലം വാങ്ങി കൈവെട്ടുകയും കാലുവെട്ടുകയും ചെയ്യുന്ന ക്വട്ടേഷന്‍സംഘത്തിനു സമാനമായി പുതിയ സമൂഹത്തില്‍ മാധ്യമ ക്വട്ടേഷന്‍സംഘം വളര്‍ന്നുവന്നിട്ടുണ്ട്. തെറ്റായ കാര്യം ഇക്കൂട്ടര്‍ ബോധപൂര്‍വം ഏറ്റെടുത്ത് പ്രചരിപ്പിക്കും. അതു ജുഡീഷ്യറിയെയും സ്വാധീനിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. മാധ്യമങ്ങളുടെ ഈ പ്രചാരണത്തിനെല്ലാം നിക്ഷിപ്തതാല്‍പ്പര്യങ്ങളുണ്ട്. അതിനു നിരവധി ഉദാഹരണങ്ങളുമുണ്ട്. ഇതിലൂടെ മുതലാളിത്ത, സാമ്രാജ്യത്വതാല്‍പ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അത് പൊതു ജനാധിപത്യം തകര്‍ക്കുന്നു. പുരോഗമന സാമൂഹ്യവ്യവസ്ഥയെ പിറകോട്ടടിക്കുന്നു. അതിനായി പാലമെന്റിനെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും സ്വാധിക്കുന്നു. ഈ അവസ്ഥക്കെതിരെ സമൂഹം ജാഗ്രത കാട്ടണം. തെറ്റായ നയങ്ങള്‍ക്കെതിരായി ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ.

ആഗോളവല്‍ക്കരണത്തിനു മുമ്പും പിമ്പുമുള്ള ചില കോടതിവിധികളില്‍നിന്നുതന്നെ മുതലാളിത്തനയങ്ങള്‍ എങ്ങനെ കോടതികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാണ്. പ്രശസ്തമായ ഉണ്ണികൃഷ്ണന്‍ കേസില്‍ വിദ്യാലയം കച്ചവടസ്ഥാപനമല്ലെന്നും സാമൂഹ്യനീതിയും മെറിറ്റും നോക്കണമെന്നും കോടതി വിധിച്ചു. എന്നാല്‍, ആഗോളവല്‍ക്കരണം ശക്തിപ്പെട്ടപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കച്ചവടസ്ഥാപനങ്ങളാണെന്നായിരുന്നു വിധി. അതിനുശേഷം കച്ചവടതല്‍പ്പരര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി. ബാര്‍ നടത്തുന്നതിനെക്കാള്‍ ലാഭം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതാണെന്ന് മനസ്സിലാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. എട്ടില്‍നിന്ന് 53 ആയി ശതകോടീശ്വരന്മാരുടെ എണ്ണം ഉയര്‍ന്നതാണ് യുപിഎ സര്‍ക്കാരിന്റെ പ്രധാന നേട്ടം. ഈ മുതലാളിത്തതാല്‍പ്പര്യമാണ് സ്വിസ് ബാങ്കിലെ കള്ളപ്പണനിക്ഷേപകരുടെ പേരുവിവരം വെളിപ്പെടുത്തുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു. ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി രാഘവപ്പൊതുവാള്‍ അധ്യക്ഷനായി

ദേശാഭിമാനി 250111

2 comments:

  1. ഭരണത്തിന്റെ അഴിമതിയെയും ജനവിരുദ്ധനയങ്ങളെയും ചോദ്യംചെയ്യാത്ത ജുഡീഷ്യറിയാണ് യുപിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 2ജി സ്പെക്ട്രം ഇടപാടില്‍ 16 മാസം പ്രധാനമന്ത്രി എന്തുകൊണ്ടു മൌനംപാലിച്ചുവെന്ന സുപ്രീം കോടതിയുടെ ചോദ്യം യുപിഎ സര്‍ക്കാരിനെ നിസ്സാരമായല്ല അലോസരപ്പെടുത്തുന്നത്. സ്വിസ് ബാങ്കില്‍ 65 ലക്ഷം കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുപറയാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം ജുഡീഷ്യറിയെയും ബാധിക്കുന്നുണ്ടെങ്കിലും സമൂഹനന്മയെ ലക്ഷ്യമാക്കിയും അഴിമതിക്കെതിരായുമുള്ള ഇത്തരം ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്

    ReplyDelete
  2. പുതുതായി എന്‍റോള്‍ ചെയ്യുന്ന അഭിഭാഷകര്‍ക്ക് സ്റ്റൈപ്പെന്റും രണ്ടുലക്ഷം രൂപ പലിശ രഹിത വായ്പയും നല്‍കുന്നത് പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഖിലേന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാര്‍ കൌസലിനോടനുബന്ധിച്ച് ലൈബ്രറികള്‍ തുടങ്ങാന്‍ രണ്ടുലക്ഷംരൂപ സഹായം നല്‍കും. സംസ്ഥാനത്ത് സായാഹ്ന കോടതികള്‍ തുടങ്ങുമെന്നും ഇതിനായി അറുപത്തിയേഴര കോടിരൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കോടിയേരി അറിയിച്ചു.

    ReplyDelete