Saturday, January 22, 2011

ഇടതുമുന്നണി സര്‍ക്കാര്‍ വ്യവസായമേഖലയില്‍ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി

ഇടതുമുന്നണി സര്‍ക്കാര്‍ വ്യവസായമേഖലയില്‍ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി
പാലക്കാട്: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി മന്ത്രി എളമരം കരീം പറഞ്ഞു. 32,000ലധികം പുതിയ ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെയാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാനായത്. മികച്ച ചെറുകിട വ്യവസായ സംരംഭകര്‍ക്കുള്ള സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ഏറ്റവും വിജയകരമായ വ്യവസായ ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനം കേരളമാണ്. മുമ്പെങ്ങുമില്ലാത്ത സുരക്ഷയോടെയാണ് വ്യവസായ സംരംഭകര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചെറുകിട വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം നിലവിലുള്ളവയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടതുസര്‍ക്കാരിനായി. ബാങ്കുകള്‍ ചെറുകിട വ്യാപാരികളെ കൂടുതല്‍ സഹായിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് കൂടുതല്‍ വായ്പ നല്‍കാനും ബാങ്കുകള്‍ തയ്യാറാകണം. കെ എസ് എഫ് ഇ യിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച്  പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ മനസ്സിലാക്കി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മനോഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കെ കെ ദിവാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, എ ഡി എം ഗണേശ് എന്നിവര്‍ സംസാരിച്ചു.

ഭക്ഷ്യസുരക്ഷയില്‍ വമ്പിച്ച മുന്നേറ്റം: മുഖ്യമന്ത്രി

കുളത്തൂപ്പുഴ: ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് കഴിഞ്ഞ 56 മാസത്തിനിടയില്‍ വമ്പിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. 60000 ഏക്കറില്‍ പുതുതായി നെല്‍കൃഷിയും ഒന്നേകാല്‍ ലക്ഷം ടണ്ണിന്റെ അധികോല്‍പ്പാദനവും ഉണ്ടായി.

അരിയുടെ ഉല്‍പ്പാദനം പോലെ പ്രധാനമാണ് മൃഗസംരക്ഷണ മേഖലയിലെ ഉല്‍പ്പാദനവര്‍ദ്ധനയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  കുളത്തൂപ്പുഴ ഫാം അങ്കണത്തില്‍ കെ എല്‍ ഡി ബോര്‍ഡിന്റെ  ഹൈടെക് ഫാം രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷീരോല്‍പ്പാദനം വര്‍ദ്ധിക്കാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് കഴിഞ്ഞ നാലര വര്‍ഷമായി നടപ്പാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില ഗണ്യമായി വര്‍ദ്ധിപ്പിച്ച് നല്‍കാനും പെന്‍ഷന്‍ നിയമം നടപ്പാക്കാനും കഴിഞ്ഞു. പാല്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. നമുക്കാ വശ്യമായ പാല്‍ മുഴുവന്‍ ഇവിടെതന്നെ ഉല്‍പ്പാദിപ്പിക്കണം. ഇതിന് ഹൈടെക് ഫാം സഹായകമാകും. ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെയാണ് വികസിത സമൂഹങ്ങളില്‍ ഡയറിഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്.

മനുഷ്യ സ്വാഭാവികമായ വീഴ്ചകള്‍ പോലും ഒഴിവാക്കി തികച്ചും ശാസ്ത്രീയമായി നിര്‍വഹിക്കപ്പെടുന്ന മൃഗപരിപാലനം പാലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാവും.

അരിയുടെ കാര്യത്തില്‍ അമ്പത് ശതമാനമെങ്കിലും ഉല്‍പ്പാദന വര്‍ധന, പച്ചക്കറി ഉള്‍പ്പെടെ മറ്റ് മേഖലകളില്‍ സ്വയംപര്യാപ്തത - അതാണ് ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം സഫലമാക്കുന്നതില്‍ ഭക്ഷ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും വലിയ മുന്നേറ്റമാണ് നടത്തിയത്. കുളത്തൂപ്പുഴ ഹൈ ടെക് ഫാം അതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും അത്ഭുതകരമായ മാറ്റം ഉണ്ടായ പുതിയ കേരളത്തെയാണ് നാം ദര്‍ശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി സി ദിവാ കരന്‍ പറഞ്ഞു. പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായ സമീപനത്തോടെ മൃഗസംരക്ഷണ മേഖലയില്‍ വമ്പിച്ച മാറ്റം വരുത്തുന്നതിന്റെ ആദ്യപടിയാണ് ഹൈടെക് ഫാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ രാജു എം എല്‍ എ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എല്‍ ഡി ബോ ര്‍ഡ് എംഡി ഡോ. അനി എസ് ദാസ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു.

എന്‍ പീതാംബരകുറുപ്പ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ ഗോപാലകൃഷ്ണ പിള്ള, ഡോ. കെ എന്‍ ഹരിലാല്‍, ഡോ. കെ രാധാ കൃഷ്ണന്‍, അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, കല്ലട രമേശ്, എസ് ജയമോഹന്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രഞ്ച് ഗവണ്‍മെന്റ് പ്രതിനിധി ഫിലിപ്പ് ബേറിസും ചടങ്ങില്‍ സംബന്ധിച്ചു. 

കെ എല്‍ ഡി ബോര്‍ഡിന്റെ 'തൃപ്തി' പാലിന്റെ വിതരണോദ് ഘാടനം മന്ത്രി സി ദിവാകരന്‍ നിര്‍വഹിച്ചു. നാഷണല്‍ പ്രോജക്ട് ഫോര്‍ കാറ്റില്‍ ആന്‍ഡ് ബഫല്ലോ ബ്രീഡിംഗ് പദ്ധതിയില്‍ വിഭാവനം ചെയ്ത പത്ത് മദര്‍ ഫാമുകളില്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ആദ്യത്തെ ഹൈ ടെക് ബുള്‍ മദര്‍ ഫാമാണ്  കുളത്തൂപ്പുഴയിലേത്.

ജനയുഗം 220111

1 comment:

  1. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി മന്ത്രി എളമരം കരീം പറഞ്ഞു. 32,000ലധികം പുതിയ ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെയാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാനായത്. മികച്ച ചെറുകിട വ്യവസായ സംരംഭകര്‍ക്കുള്ള സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

    ReplyDelete