Friday, January 21, 2011

വി-സ്റ്റാര്‍: സിഐടിയുവിനെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം

കൊച്ചി: എളമക്കര വി-സ്റ്റാര്‍ എന്ന സ്ഥാപനത്തിലേക്കു വന്ന ലോഡ് സിഐടിയുക്കാര്‍ തടഞ്ഞ് നോക്കുകൂലി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തുമാണെന്ന് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 43-ാം പൂളിലെ രജിസ്ട്രേഡ് തൊഴിലാളികളാണ് 15 വര്‍ഷമായി 35,000 സ്ക്വയര്‍ഫീറ്റ് വരുന്ന ആസാദ് ഗോഡൌണുകളിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ചെയ്യുന്നത്. വി-സ്റ്റാര്‍ എന്ന സ്ഥാപനം വരുന്നതിനുമുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശ്രീഗിരി പേപ്പര്‍, നോവിനോ ബാറ്ററി എന്നിവിടങ്ങളിലും ഈ തൊഴിലാളികളാണ് പണി ചെയ്തിരുന്നത്. ഇവിടെ 4000 സ്ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച വി-സ്റ്റാറില്‍ രജിസ്ട്രേഡ് തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ ചെല്ലുകയും, തൊഴില്‍ ചെയ്യുന്നതിന് അവകാശം ഉന്നയിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു. എന്നാല്‍, നിയമാനുസൃത തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച് അനധികൃതമായി കാര്‍ഡ് സമ്പാദിച്ചവരെക്കൊണ്ട് തൊഴിലെടുപ്പിക്കാനാണ് സ്ഥാപന ഉടമ ശ്രമിച്ചത്. തൊഴിലാളികളോട് വളരെ ധാര്‍ഷ്ട്യത്തോടും നിന്ദയോടുംകൂടിയാണ് തൊഴിലുടമ പെരുമാറിയത്. തന്റെ സ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികളടക്കം മുന്നൂറോളം പേരെയും, ദൃശ്യ-മാധ്യമ പ്രതിനിധികളെയും മുന്‍കൂട്ടി വിളിച്ചുവരുത്തിയശേഷം ലോഡുമായി ലോറി എത്തിച്ച് ഉടമതന്നെ ലോഡ് ഇറക്കിയത് ബോധപൂര്‍വമാണ്.

തൊഴില്‍ചെയ്യുന്നതിനുള്ള അവകാശം ഉന്നയിക്കുകയല്ലാതെ തൊഴിലാളികള്‍ തൊഴില്‍ തടസപ്പെടുത്തിയിട്ടില്ല. ചെയ്യാത്ത ജോലിക്ക് കൂലിവേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. നോക്കുകൂലിക്കെതിരായി ശക്തമായ നിലപാടാണ് സിഐടിയു സ്വീകരിച്ചിട്ടുള്ളത്. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ വരുന്നതിനെ സിഐടിയു സ്വാഗതംചെയ്യുന്നു. പ്രദേശത്ത് ഒരുവിധ തര്‍ക്കങ്ങളോ, പ്രശ്നങ്ങളോ നിലവിലില്ല. തൊഴിലുടമകളും ക്ഷേമബോര്‍ഡും അംഗീകരിച്ചിട്ടുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. അംഗീകൃത തൊഴിലാളികളെ ഒഴിവാക്കി ക്ഷേമബോര്‍ഡിലേക്ക് അടയ്ക്കേണ്ട ലെവി അടയ്ക്കാതിരിക്കാനാണ് വി-സ്റ്റാര്‍ ഉടമ ശ്രമിക്കുന്നത്. വസ്തുത ഇതായിരിക്കെ തൊഴിലാളികള്‍ക്ക് 43-ാം പൂളിലെ മറ്റു സ്ഥാപനങ്ങളിലെന്നപോലെ വി സ്റ്റാറിലും ജോലി അനുവദിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ മണിശങ്കര്‍ തൊഴിലുടമയോടും മറ്റ് അധികാരികളോടും അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 210111

11 comments:

  1. തൊഴില്‍ചെയ്യുന്നതിനുള്ള അവകാശം ഉന്നയിക്കുകയല്ലാതെ തൊഴിലാളികള്‍ തൊഴില്‍ തടസപ്പെടുത്തിയിട്ടില്ല. ചെയ്യാത്ത ജോലിക്ക് കൂലിവേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. നോക്കുകൂലിക്കെതിരായി ശക്തമായ നിലപാടാണ് സിഐടിയു സ്വീകരിച്ചിട്ടുള്ളത്. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ വരുന്നതിനെ സിഐടിയു സ്വാഗതംചെയ്യുന്നു. പ്രദേശത്ത് ഒരുവിധ തര്‍ക്കങ്ങളോ, പ്രശ്നങ്ങളോ നിലവിലില്ല. തൊഴിലുടമകളും ക്ഷേമബോര്‍ഡും അംഗീകരിച്ചിട്ടുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. അംഗീകൃത തൊഴിലാളികളെ ഒഴിവാക്കി ക്ഷേമബോര്‍ഡിലേക്ക് അടയ്ക്കേണ്ട ലെവി അടയ്ക്കാതിരിക്കാനാണ് വി-സ്റ്റാര്‍ ഉടമ ശ്രമിക്കുന്നത്. വസ്തുത ഇതായിരിക്കെ തൊഴിലാളികള്‍ക്ക് 43-ാം പൂളിലെ മറ്റു സ്ഥാപനങ്ങളിലെന്നപോലെ വി സ്റ്റാറിലും ജോലി അനുവദിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ മണിശങ്കര്‍ തൊഴിലുടമയോടും മറ്റ് അധികാരികളോടും അഭ്യര്‍ഥിച്ചു.

    ReplyDelete
  2. സി.ഐ.ടി.യു. തര്‍ക്കങ്ങളൊന്നുമില്ലെങ്കില്‍ കൊച്ചൌസേപ്പ്
    തൊഴിലാളി സംഘടനകളുടെ മാടംബി/ഗുണ്ടാമനോഭാവത്തിനെതിരെ
    തന്റെ അഭിപ്രായം കേരള ജനതയെ അറിയിച്ചതായിരിക്കും !!!
    ഏതായാലും ഗംഭീരമായി. കാശുചിലവില്ലാതെ വീ-ഗാര്‍ഡ് ഗ്രൂപ്പിന്
    കോടികളുടെ പബ്ലിസിറ്റി മാടംബി പാര്‍ട്ടിയുടെ ദാര്‍ഷ്ട്ര്യത്തില്‍ നിന്നും ഉത്പ്പാദിപ്പിക്കാനായി. ബുദ്ധി... ബുദ്ധി എന്നു പറഞ്ഞാല്‍ അതാണ്.

    അല്ലാതെ, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ പോലും തൊഴിലാളി ഇല്ലാതിരിക്കുന്ന പംബര വിഢിത്തത്തില്‍ ... അഭിമാനിക്കുന്നതിനെ ബുദ്ധിയെന്ന് പറയാനാകില്ലല്ലോ.
    ജനത്തെ, മാടംബി നിയമങ്ങള്‍ കാട്ടി, ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നത് പൊളിറ്റ് ബ്യൂറോയിലിരിക്കുന്ന മാടംബി നേതാക്കളുടെ ജന്മിത്വ പാരംബര്യത്തിന്റെ ഭാഗമായാണ്.,തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹനീയ ബോധം കൊണ്ടല്ല.തൊഴിലാളികള്‍ക്ക് മാന്യതയും നീതിയും ലഭ്യമാക്കാന്‍ ശാസ്ത്രം ഉപയോഗിക്കുകയാണുവേണ്ടത്. കയറ്റിറക്കു തൊഴിലാളികള്‍ക്ക് നല്ല ഹൈഡ്രാളിക് ഉപകരണങ്ങളും,ആരോഗ്യ സുരക്ഷക്കാവശ്യമായ സംവിധാനങ്ങളും, വികസിത-വിദേശമാതൃകയിലുള്ള നല്ല പരിശീലനങ്ങളും നല്‍കി അവരെ ആത്മാഭിമാനമുള്ളവരാക്കാന്‍ മാടംബികളുടെ ഉടമസ്തതയിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേരമില്ലല്ലോ. എന്നും തല്ലാനും,കൊല്ലാനും,തങ്ങള്‍ക്കുവേണ്ടി ചാകാനുമുള്ള നേര്‍ച്ചക്കോക്കോഴികളല്ലേ തൊഴിലാളികള്‍ !!! പോരാത്തതിനു മാടംബിത്തം കുത്തിവച്ച് അവരെ സാംസ്ക്കാരികമായി നശിപ്പിക്കുകയും ചെയ്യുന്നു !!! ഈ കപട കമ്മ്യൂണിസത്തെ എന്നാണു നമ്മള്‍ തിരിച്ചറിയുക തൊഴിലാളി വര്‍ഗ്ഗമേ !!!!!!!!!

    ReplyDelete
  3. ചിത്രകാ‍രന്‍ ചിരിപ്പിക്കും. മാടംബിയും കൂടംബിയുമൊക്കെ ഒന്ന് അങ്ങോട്ട് തിരിച്ച് വെക്ക് ചിത്രകാരാ. എയിം മാറിപ്പോയെന്ന് മനസ്സിലാകാത്തതോ മന:പൂര്‍വമോ? രണ്ടായാലും വിരോധമില്ല. എവിടെ നില്‍ക്കുന്നു എന്ന് മനസിലാകുന്നു വെന്ന് മാത്രം.

    ReplyDelete
  4. "മുതലാളി വല്ലപ്പോഴും തൊഴിലാളി പണിയെടുക്കുന്നതെങ്ങനെ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്, രണ്ടൂസം നീര് വീഴ്ചയൊക്കെ കാണും. സാരമില്ല.എന്നും ഈ പണി എടുക്കാനല്ലല്ലോ" - സ: ലോറന്‍സ്

    ReplyDelete
  5. നോക്ക് കൂലി പലയിടത്തും ഉണ്ട് എന്നത് പച്ചയായ യാധാര്ത്യമാണ് . അതുമു നേരെ കണ്ണടച്ചിട്ടു കാര്യമില്ല .ട്രേഡ് ഉനിയന്‍ നേതാക്കളും മറ്റും നോക്ക് കൂലിയെ അനുകൂലിക്കുന്നവരാനെന്നും തോന്നുന്നില്ല ,, കാരണം ഇത് തൊഴിലാളികള്‍ക്ക് തന്നെ നാണക്കേടാണ് . പക്ഷെ ശീലിച്ചു പോയ ഒരു കാര്യം പെട്ടെന്ന് മാറ്റാന്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ അല്പം ബുദ്ധിമുട്ട് കാണും .

    പക്ഷെ ഈ സംഭവത്തില്‍ പ്രശനം നോക്ക് കൂലിയാണ് എന്ന് തോന്നുന്നില്ല . പകരം തങ്ങള്‍ ഇഷ്ടപ്പെടുന്ന ചിലരെ ക്കൊണ്ട് മാത്രം പണി ചെയ്യിപ്പിക്കാനുള്ള ഒരു താത്പര്യം നടക്കാത്തതിന്റെ പ്രശനമാണ് എന്നേ കാണാന്‍ പറ്റൂ .. ട്രേഡ് യുനിയനുകള്‍ ലോകത്ത് വരുന്നതിനു മുമ്പ് ഈ അവസ്ഥയാണ് ഉണ്ടായിരുന്നത് ..അതിന്റെ സ്വാഭാവിക പരിണിത ഫലം ചൂഷണവും . എന്ത് കൊണ്ടാണ് പുറത്തു നിന്നും കേരളത്തിലേക്ക് വരുന്ന തൊഴിലാകികള്‍ പ്രാകൃതമായ അവസ്ഥകളില്‍ ജോലി തുച്ചമായ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നത് എന്ന് ചോദിച്ചാല്‍ അവര്‍ അസംഘടിതര്‍ ആയതു കൊണ്ടും തന്റെ മുതലാളിക്ക് വിധേയര്‍ ആയതു കൊണ്ട് ആണ് എന്നു നമുക്ക് എളുപ്പം കാണാം .

    അത് കൊണ്ട് സംഘടിതമായ തൊഴിലാളി സമൂഹം എന്നത് ഒരു ഗുണം തന്നെ ആണ് .. അതിനെ ചോദ്യം ചെയ്യുകയാണ് ഇവിടെ ചെയ്തത് .. . എന്നാല്‍ സംഘടിതമായ ഈ തൊഴിലാളികള്‍ക്ക് സമൂഹത്തിനോടും ഉത്തരവാദിത്വമുണ്ട് .അത് മാന്യമായ പെരുമാട്ടതിലൂറെയും , ഉഅതരവദത്തൊടു കൂടി തൊഴില്‍ ചെയ്യുന്നതില്ലൂടെയും അവര്‍ നെടിയെടുക്കെണ്ടാതാണ് , മുതലാളിയെ ശത്രുവായി കാണുന്ന സമീപനവും ഉപേക്ഷിക്കപ്പെടണം .. അതിനു സംഘടന നേതൃത്വം തന്നെ മുന്‍ കയ്യെടുക്കണം

    ReplyDelete
  6. എല്ലാ തൊഴിലാളികളും ഒരേ ബോധനിലവാരമുള്ളവരല്ലെന്നും അപഭ്രംശങ്ങള്‍ കാണുമെന്നും കണ്ടാല്‍ നടപടിയെടുക്കുകയും തിരുത്തുകയും ചെയ്യുമെന്ന് സഖാവ് ലോറന്‍സ് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതില്‍ കൂടുതല്‍ തുറന്ന രീതിയില്‍ എങ്ങിനെ കാര്യങ്ങളെ കാണാന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ല.

    ReplyDelete
  7. വിലക്കയറ്റം തടയുന്നതിനാവശ്യമായ അടിയന്തരനടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക, നിര്‍മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, യന്ത്രവല്‍ക്കരണംമൂലം തൊഴില്‍ നഷ്ടപ്പെടുന്നതിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ കേന്ദ്രങ്ങളില്‍ ചുമട്ടുതൊഴിലാളികള്‍ സായാഹ്നധര്‍ണ നടത്തി. 'നോക്കുകൂലി വേണ്ടേ, വേണ്ട' എന്ന മുദ്രാവാക്യവും ധര്‍ണയില്‍ മുഴങ്ങി. എളമക്കരയിലെ വി-സ്റ്റാര്‍ എന്ന സ്ഥാപനത്തില്‍ തൊഴിലവകാശം ഉന്നയിച്ചതിനെ നോക്കുകൂലിപ്രശ്നമായി ചിത്രീകരിച്ചതില്‍ സമരം പ്രതിഷേധിച്ചു. ഹൈക്കോടതി ജങ്ഷനു സമീപം ചേര്‍ന്ന ധര്‍ണാസമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു.

    ReplyDelete
  8. നോക്കുകൂലിയെന്ന ഗുണ്ടാപ്പിരിവ് എല്ലാ ട്രേഡ് യൂണിയനുകളും വന്‍ സ്ഥാപനങ്ങള്‍ മുതല്‍ നാട്ടിലെ അട്ടിമറിയിടങ്ങളില്‍ വരെ വാങ്ങുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതിന് തൊഴിലുടമ പാവപ്പെട്ടവനോന്നോ പണക്കാരനെന്നോ യാതൊരു മനഃസാക്ഷിയും തൊഴിലാളിഗുണ്ടകള്‍ കാണിക്കാറില്ല. ഈ ചൂഷണത്തിന് മാതൃകയും നേതൃത്വവും വഹിച്ച കക്ഷി കമ്മ്യൂണിസ്റ്റുകളും പ്രത്യേകിച്ച് സി.പി.എം ആണ്. ഇത് കേരളത്തില്‍ ഒരു പൊതു ചര്‍ച്ചയായി മാറിയതിനു ശേഷം ജനകീയ ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് ഈ ഗുണ്ടാപ്പിരിവിനെ തള്ളിപ്പറയുകയല്ലാതെ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്നു. പക്ഷെ പബ്ലിക്കായി തള്ളിപ്പറയുകയും രഹസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നേതാക്കള്‍ സ്വീകരിച്ചു പോരുന്നത്. കൊച്ചൌസേപ്പ് എന്തായാലും സി.ഐ.റ്റി.യു.വിനെ നാണംകെടുത്താനുള്ള ത്രാണിയുള്ളയാളാണെന്നു തോന്നുന്നില്ല. അദ്ദേഹം ന്യായമായും നേതാക്കളോട് പരാതിപ്പെട്ടുകാണും. നേതാക്കള്‍ തങ്ങളുടെ ഇരട്ടാത്താപ്പ് തന്ത്രം സ്വീകരിച്ചു കാണും. അങ്ങനെ സഹികെട്ടപ്പോള്‍ രണ്ടും കല്പിച്ച് കൊച്ചൌസേപ്പ് ധീരമായ നടപടി സ്വീകരിച്ചിരിക്കണം. ഇതായിരിക്കും നടന്നിട്ടുള്ളതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാകും.

    തൊഴിലാളികള്‍ മറ്റുള്ളവരെ ഊമ്പിച്ചു തിന്നാതെ വേലയെടുത്തു ജീവിക്കുന്ന സംസ്ക്കാരമുള്ളവരായി മാറണമെങ്കില്‍ ആദ്യം അവരുടെ ട്രേഡ്യൂണിയന്‍ നേതാക്കള്‍ വേലയെടുക്കുന്നവരായി മാറുകയും തൊഴിലാളികളെ ഊമ്പിച്ചു തിന്നുന്ന നേതാക്കളെ മാറ്റുകയും വേണം. ഇത് സി.ഐ.റ്റി.യുവിലോ സി.പി.എമ്മിലോ നടക്കുന്ന കാര്യമാണോ ?!!!

    ReplyDelete
  9. നിസഹയന്‍ താങ്കള്‍ ആദ്യം സംസ്കാരത്തോടെ സംസാരിക്കാന്‍ പഠിക്ക്, എന്നിട്ട് തൊഴിലാളികളെ സംസ്കാരിപ്പിക്ക്! "പക്ഷെ പബ്ലിക്കായി തള്ളിപ്പറയുകയും രഹസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നേതാക്കള്‍ സ്വീകരിച്ചു പോരുന്നത്" ഈ മഹത്തായ കാര്യം താങ്കള്‍ എപ്പോഴാണ് കണ്ടു പിടിച്ചത്? മൊത്തത്തില്‍ പറഞ്ഞാല്‍ താങ്കള്‍ക്ക് ഒരു സയന്‍സ് ഫിക്ഷന്‍ എഴുതാം നോക്കാം. മുടിഞ്ഞ ഹിറ്റ്‌ ആകും. ഒന്ന് കൂടി സാമന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം വേണ്ടി നിസ്സഹായന്‍ മറുപടി പറഞ്ഞു വിഷമിക്കരുത്. കുറച്ചു മറ്റുള്ളവരും പറയട്ടെ. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന എല്ലാ തൊഴിലാളി വിരുദ്ധ പിന്തിരിപ്പന്മാരും കൂടി അവരുടെ അഭിപ്രായം സാമാന്യ ജനത്തിന്റെ അഭിപ്രായമാക്കി മാറ്റുവാന്‍ നോക്കേണ്ടതില്ല.

    ReplyDelete
  10. @ Vinu Vikram,

    "പക്ഷെ പബ്ലിക്കായി തള്ളിപ്പറയുകയും രഹസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നേതാക്കള്‍ സ്വീകരിച്ചു പോരുന്നത്" ഈ മഹത്തായ കാര്യം താങ്കള്‍ എപ്പോഴാണ് കണ്ടു പിടിച്ചത് ?"
    ഞാന്‍ കേരളത്തിലാണ് താമസ്സിക്കുന്നത്. ജീവിതത്തില്‍ ഇതൊന്നും അനുഭവിക്കാത്ത പൊട്ടന്മാരല്ല മലയാളികള്‍. എല്ലാവരും പത്രവും വായിക്കുന്നവരാണ്.

    തൊഴിലാളികളെ സംസ്ക്കാരം പഠിപ്പിക്കേണ്ടത് ഞാനല്ലല്ലോ ? അതിനല്ലേ പ്രസ്ഥാനങ്ങള്‍! തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നവരെ തൊഴിലാളിവിരുദ്ധരാക്കി ചിത്രീകരിക്കുന്നത് നല്ല തന്ത്രമാണ്. എന്റെ അഭിപ്രായങ്ങള്‍ എന്റേതാണ്. അത് തെറ്റാണെങ്കില്‍ അക്കാര്യം പറയുക. പിന്നെ ഇവിടെയെങ്ങും വന്ന് വിമര്‍ശിച്ചാല്‍ കൈകാര്യം ചെയ്യപ്പെടുന്നതായിരിക്കുമെന്നുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചാല്‍ വരാതിരിക്കാം. കാരണം സംഗതി ഫാസിസ്റ്റുകളുടേത് ആണെല്ലോ !!

    ReplyDelete
  11. താങ്കള്‍ എല്ലാ പത്ത്രങ്ങളും കൃത്യമായി വായിക്കുന്നുണ്ടെന്നു നേരത്തെ തന്നെ മനസിലായി. പിന്നെ പത്രം വായിച്ചാല്‍ ഇതൊക്കെ എങ്ങനെയാണു അനുഭവിക്കുന്നത്? കേരളത്തില്‍ ഇപ്പോള്‍ ശരാശരി ചൂട് 34 -36 ഉം ചിലപ്പോള്‍ 40 വരെയും ആകുമെന്ന് താങ്കള്‍ വായിച്ചു കാണുംമല്ലോ. ആ പൊരി വെയിലത്ത് നിന്നു ചുമട് എടുക്കുന്നവറെ കഷ്ടപാട് നിസഹായന്‍ ഏതു പത്രത്തിലാണ് വായിച്ചത്? അതൊന്നും മനസിലാകാത്ത 'നിസഹായര്‍' മാത്രമാണ് കേരളത്തിലെ പൊട്ടന്മാര്‍. സ്വായം വിമര്‍ശനത്തോട് കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവയന്‍ ഇടതു പക്ഷ തൊഴിലാളി സംഘടനകള്‍. അതുകൊണ്ട് തന്നെ ഒരു വിമര്‍ശനഗലെയും ഭയക്കേണ്ട കാര്യം ഈ സംഘടനകല്‍ക്കില്ല. വിമര്‍ശനങ്ങളിലൂടെ ആണു അവ മുന്നോട്ടു നയിക്കപ്പെടുന്നത്. എന്നാല്‍ വിമര്‍ശനങ്ങളും, തൊഴിലാളി വിരുദ്ധതയും ക്ര്യുത്യമായി മനസിലാക്കുവാന്‍ കഴിയും. നിസഹായ താങ്കള്‍ക്ക് ഫാസിസ്റ്റ് എന്നതിന്റെ അര്‍ഥം അത്ര പിടിയില്ലെന്നു തോനുന്നു.

    ReplyDelete