Saturday, January 22, 2011

റേഷന്‍കട വഴി പലവ്യഞ്ജനം, മറ്റു വാര്‍ത്തകള്‍

റേഷന്‍കടകള്‍ വഴി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. 13 നിത്യോപയോഗ സാധനങ്ങള്‍ 14,000 റേഷന്‍കട വഴി വിതരണം ചെയ്യാനുള്ള ബൃഹദ്പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. പൊതുവിപണയില്‍ നിന്ന് 10 മതല്‍ 20 ശതമാനം വരെ വിലക്കുറവിലാണ് ഇവ നല്‍കുക. 337 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മുടക്കുക. തുടക്കത്തില്‍ രണ്ടായിരം റേഷന്‍കടകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന് ഫെബ്രുവരി രണ്ടാംവാരം തടക്കമാകും. ഈ വര്‍ഷം അവസാനത്തോടെ 14,000 റേഷന്‍കടകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ശബരി സ്റ്റോറുകളായ 1400 റേഷന്‍കടകളില്‍ ഇപ്പോള്‍തന്നെ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവ ഒഴികെയുള്ള കടകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, കടല, തുവരപരിപ്പ്, പീസ്പരിപ്പ്, ജീരകം, മല്ലി, കടുക്, ഉലുവ എന്നീ ഇനങ്ങളാണ് റേഷന്‍കട വഴി നല്‍കുക. വിതരണത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി സപ്ളൈകോ സമാഹരിക്കും.

പദ്ധതിക്ക് സഹായം തേടി കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. 337 കോടി ചെലവുള്ള പദ്ധതിയ്ക്ക് 84.25 കോടിയാണ് ചോദിച്ചത്. ഭക്ഷ്യക്കമ്മിയുള്ള കേരളം 75 ശതമാനം നിത്യോപയോഗ സാധനങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ടെന്നും കൂടുതലായി ഒന്നും തരാന്‍ കഴിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നീട് പ്രധാനമന്ത്രിയെയും കേന്ദ്രഭക്ഷ്യമന്ത്രിയെയും കണ്ട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെ തുടര്‍ന്ന് പദ്ധതി ഒറ്റയ്ക്ക് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വിലക്കയറ്റം തടയുന്നതിന് അടുത്ത വാര്‍ഷിക പദ്ധതിയില്‍ 80 കോടി വകയിരുത്താന്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഈ തുക പദ്ധതിക്ക് വിനിയോഗിക്കും. വില നിയന്ത്രിക്കാന്‍ പദ്ധതി വിഹിതത്തില്‍ തുക നല്‍കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. രണ്ടുരൂപയ്ക്ക് അരി, ഓണക്കിറ്റ് തുടങ്ങിയവയെല്ലാം തുക പദ്ധതിയേതര ഫണ്ടിലാണ് അനുവദിക്കുക. സപ്ളൈകോ സമാഹരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ താലൂക്കുതലത്തില്‍ വാടകയ്ക്കെടുക്കുന്ന സംഭരണകേന്ദ്രങ്ങളില്‍ പായ്ക്ക് ചെയ്ത് റേഷന്‍കടയിലെത്തിക്കും. പായ്ക്കിങ്ങ് ചുമതല സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. സംഭരണകേന്ദ്രം വാടകയ്ക്ക് 13 ലക്ഷവും പാക്കിങ്ങിന് രണ്ടു കോടിയും നിത്യോപയോഗസാധനങ്ങള്‍ സമാഹരിക്കുന്നതിന് 328 കോടിയും ആണ് ചെലവ് കണക്കാക്കുന്നത്. വിതരണം സുഗമമാക്കാന്‍ 110 ജീവനക്കാരെ നിയമിക്കും.
(ആര്‍ സാംബന്‍)

103 പഞ്ചായത്തിനുകൂടി നിര്‍മല്‍ ഗ്രാമപുരസ്കാരം

സംസ്ഥാനത്തെ 103 പഞ്ചായത്തിനെ 2010ലെ നിര്‍മല്‍ ഗ്രാമപുരസ്കാരത്തിനായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തതായി തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി 100 ശതമാനം ശുചിത്വം കൈവരിച്ച പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കാണ് നിര്‍മല്‍ പുരസ്കാരം നല്‍കുന്നത്. തിരുവനന്തപുരം-7, കൊല്ലം-4, കോട്ടയം-55, ഇടുക്കി-6, എറണാകുളം-1, പാലക്കാട്-7, മലപ്പുറം-4, കാസര്‍കോട്-19 എന്നീ ക്രമത്തിലാണ് പുരസ്കാരത്തിന് പഞ്ചായത്തുകള്‍ അര്‍ഹത നേടിയിരിക്കുന്നത്. ഈ വര്‍ഷം 109 പഞ്ചായത്താണ് നിര്‍മല്‍ പുരസ്കാരത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതോടുകൂടി സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 999 പഞ്ചായത്തില്‍ 972 പഞ്ചായത്തും നിര്‍മല്‍ പുരസ്കാരം നേടിയിരിക്കുകയാണ്.

103 പഞ്ചായത്തുകൂടി നിര്‍മല്‍ പുരസ്കാരത്തിന് അര്‍ഹത നേടിയതോടുകൂടി കാസര്‍കോട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകള്‍ സമ്പൂര്‍ണ നിര്‍മല്‍ ജില്ലകളായി പ്രഖ്യാപിക്കുന്നതിന് സാധ്യത കൈവന്നിരിക്കുകയാണ്. നേരത്തെതന്നെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ നിര്‍മല്‍ പദവി കൈവരിച്ചിരുന്നു. എറണാകുളം ജില്ലയില്‍ മുമ്പ് കിട്ടാതിരുന്ന കുമ്പളങ്ങിക്കാണ് ഇപ്പോള്‍ ലഭിച്ചത്. 2003 മുതല്‍ക്കാണ് സമ്പൂര്‍ണ ശുചിത്വയജ്ഞ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന ത്രിതല പഞ്ചായത്തുകളെ അംഗീകരിക്കുന്നതിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ നിര്‍മല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്്.

സഹകാരികള്‍ക്ക് ആശ്വാസപദ്ധതി: ധനസഹായം വിതരണംചെയ്തു

കോഴിക്കോട്: സഹകരണ മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് ഇപ്പോള്‍ അശരണരും നിരാലംബരുമായ സഹകാരികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി വഴി ധനസഹായം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണമന്ത്രി ജി സുധാകരന്‍ വ്യാഴാഴ്ച കോഴിക്കോട്ട് നിര്‍വഹിച്ചു. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ആറ് ജില്ലകളിലെ 23 സഹകാരികള്‍ക്ക് 2,27,500 രൂപ മന്ത്രി വിതരണംചെയ്തു. ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി.

സഹകരണ നവരത്നം ബംബര്‍ ലോട്ടറി ഫണ്ടില്‍നിന്നും ലഭിച്ച രണ്ട് കോടി രൂപ അശരണരായ സഹകാരികളെ സഹായിക്കാനായി തിരുവനന്തപുരത്ത് ബാങ്കിലിട്ടിട്ടുണ്ട്. ഇതിന് 11 ശതമാനം പലിശ കിട്ടും. ഈ തുക ഉപയോഗിച്ചാണ് ധനസഹായം നല്‍കുന്നതെന്ന് സഹകരണമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 53 പേര്‍ക്കായി 4,14,000 രൂപയാണ് ഇത്തവണ വിതരണംചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ജില്ലാ ബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, കോര്‍പറേഷന്‍ കൌണ്‍സിലര്‍ പി കിഷന്‍ചന്ദ് എന്നിവരും സംസാരിച്ചു. അഡീഷണല്‍ രജിസ്ട്രാര്‍ കെ വി സുരേഷ്ബാബു സ്വാഗതവും ജോ. രജിസ്ട്രാര്‍ എം ജി സരസമ്മ നന്ദിയും പറഞ്ഞു.

വികലാംഗ സംവരണം: 1188 ഒഴിവില്‍ പ്രത്യേക നിയമനം

സര്‍ക്കാര്‍ സര്‍വീസില്‍ വികലാംഗ സംവരണപ്രകാരമുള്ള പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ 244 തസ്തികയിലായി 1188 ഒഴിവിലേക്ക് പ്രത്യേക നിയമനം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വികലാംഗര്‍ക്ക് അര്‍ഹമായ നിയമനകുടിശ്ശിക നികത്തുന്നതിന് ക്ളാസ്-രണ്ട് വിഭാഗത്തില്‍ 126ഉം ക്ളാസ്-മൂന്ന് വിഭാഗത്തില്‍ 798ഉം ക്ളാസ്-നാല് വിഭാഗത്തില്‍ 264ഉം തസ്തിക മാറ്റിവയ്ക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഒഴിവുകള്‍ നികത്തുന്നതിന് പ്രത്യേക നിയമനംവഴി റാങ്ക് ലിസ്റ് തയ്യാറാക്കി നിയമന നടപടി ആരംഭിക്കാന്‍ പിഎസ്സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വികലാംഗര്‍ക്ക് സംവരണംചെയ്ത ഒഴിവ് പൂര്‍ണമായും നികത്തുന്നതിനാണ് പ്രത്യേക നിയമനം നടത്താനും 200 തസ്തികകൂടി നീക്കിവയ്ക്കാനും തീരുമാനിച്ചതെന്ന് മന്ത്രി പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേരത്തെ ക്ളാസ് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ 28 തസ്തികയും ക്ളാസ്-മൂന്ന്, നാല് വിഭാഗങ്ങളില്‍ 200 തസ്തികയും വികലാംഗ സംവരണത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനു പുറമെയാണ് ഇപ്പോള്‍ 244 തസ്തികകൂടി നീക്കിവയ്ക്കാന്‍ തീരുമാനിച്ചത്. 1998 മുതല്‍ 2003 വരെയുള്ള സംവരണ നിയമനത്തിനുള്ള ലക്ഷ്യം 2402 ആയിരുന്നു. ഇതില്‍ 1851 പേര്‍ക്കുമാത്രമേ നിയമനം നല്‍കിയുള്ളൂ. 551 എണ്ണം കുടിശ്ശികയാണ്്. 2007 നവംബര്‍ 30ന് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലിചെയ്ത 604 പേര്‍ക്ക് നിയമനം നല്‍കി ഇത് നികത്തി. തുടര്‍ന്ന് 2004-07 കാലയളവിലെ സംവരണനിയമനത്തിന്റെ ലക്ഷ്യം നിശ്ചയിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു. ഇതനുസരിച്ചാണ് 1188 തസ്തിക നിശ്ചയിച്ചത്.

കലക്ടര്‍മാര്‍ മുഖേനയുള്ള റിക്രൂട്ട്മെന്റാണ് നേരത്തെയുണ്ടായിരുന്നത്. ഇതും ഒഴിവുകള്‍ കൃത്യമായി നികത്തുന്നതിന് തടസ്സമായി. ഇത് പരിഹരിക്കുന്നതിന് 2008 മുതലുള്ള മുഴുവന്‍ നിയമനങ്ങളും പിഎസ്സി മുഖേനയാക്കി. കൂടാതെ സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മൂന്നു ശതമാനം തസ്തിക സംവരണംചെയ്തു. എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷംമാത്രം മെഡിക്കല്‍ബോര്‍ഡ് സംഘടിപ്പിച്ച 1340 ക്യാമ്പുവഴി 2,62,000 വികലാംഗര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് നല്‍കി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു ഡിവൈഎസ്പിയെക്കൂടി വിജിലന്‍സ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കോംഗോ പനിയെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ദേശാഭിമാനി 210111

1 comment:

  1. റേഷന്‍കടകള്‍ വഴി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. 13 നിത്യോപയോഗ സാധനങ്ങള്‍ 14,000 റേഷന്‍കട വഴി വിതരണം ചെയ്യാനുള്ള ബൃഹദ്പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. പൊതുവിപണയില്‍ നിന്ന് 10 മതല്‍ 20 ശതമാനം വരെ വിലക്കുറവിലാണ് ഇവ നല്‍കുക. 337 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മുടക്കുക. തുടക്കത്തില്‍ രണ്ടായിരം റേഷന്‍കടകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന് ഫെബ്രുവരി രണ്ടാംവാരം തടക്കമാകും. ഈ വര്‍ഷം അവസാനത്തോടെ 14,000 റേഷന്‍കടകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ശബരി സ്റ്റോറുകളായ 1400 റേഷന്‍കടകളില്‍ ഇപ്പോള്‍തന്നെ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവ ഒഴികെയുള്ള കടകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, കടല, തുവരപരിപ്പ്, പീസ്പരിപ്പ്, ജീരകം, മല്ലി, കടുക്, ഉലുവ എന്നീ ഇനങ്ങളാണ് റേഷന്‍കട വഴി നല്‍കുക. വിതരണത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി സപ്ളൈകോ സമാഹരിക്കും.

    ReplyDelete