Sunday, January 30, 2011

ടെലികോം നയം തിരുത്തുന്നു സ്പെക്ട്രത്തിനും പണം നല്‍കണം

മൊബൈല്‍ ടെലികോം സേവനത്തിനുള്ള ലൈസന്‍സിനൊപ്പം സ്പെക്ട്രം സൌജന്യമായി അനുവദിച്ചിരുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തുന്നു. ലൈസന്‍സിനൊപ്പം ഇനി സ്പെക്ട്രത്തിനും ടെലികോം കമ്പനികള്‍ വിപണിവില നല്‍കേണ്ടി വരുമെന്ന് ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഖജനാവിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തിലാണ് നയംമാറ്റം. ഭാവിയില്‍ ലൈസന്‍സിനൊപ്പം സ്പെക്ട്രം കൂടി അനുവദിക്കില്ലെന്ന് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏകീകൃത ലൈസന്‍സ് എന്ന നിലയിലായിരിക്കും ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുക. ലാന്‍ഡ്ലൈന്‍ സേവനമോ മൊബൈല്‍ സേവനമോ ഏത് ആരംഭിക്കണമെന്നത് ബന്ധപ്പെട്ട കമ്പനിക്ക് തീരുമാനിക്കാം. മൊബൈല്‍ സേവനം ആരംഭിക്കാനാണ് താല്‍പ്പര്യമെങ്കില്‍ അതിനാവശ്യമായ സ്പെക്ട്രം വിപണിപ്രക്രിയയിലൂടെ കമ്പനികള്‍ സ്വന്തമാക്കണം- സിബല്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നയംമാറ്റം മൊബൈല്‍നിരക്കുകള്‍ വര്‍ധിക്കുന്നതിന് വഴിയൊരുക്കുമെന്ന് പുതിയതായി ലൈസന്‍സ് നേടിയ കമ്പനികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് 6.2 മെഗാഹെര്‍ട്ട്സ് സ്പെക്ട്രമായിരുന്നു അനുവദിച്ചിരുന്നത്. പുതുതായി ലൈസന്‍സ് നേടിയവര്‍ക്ക് 6.2 മെഗാഹെര്‍ട്ട്സിനൊപ്പം 1.8 മെഗാഹെര്‍ട്ട്സ് കൂടി അനുവദിച്ചു. അധികമായി ലഭിച്ച 1.8 മെഗാഹെര്‍ട്ട്സിന് ഇനി വിപണിവില നല്‍കേണ്ടിവരും. പുതിയ കമ്പനികള്‍ക്കൊപ്പം ഭാരതി, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളും 1.8 മെഗാഹെര്‍ട്ട്സ് സ്പെക്ട്രം അധികമായി സ്വന്തമാക്കിയിരുന്നു. ഇവരും അധികസ്പെക്ട്രത്തിന് വിപണിവില നല്‍കണം. സര്‍ക്കാരിന്റെ നയംമാറ്റം ടെലികോം സേവനരംഗത്തേക്ക് അടുത്ത കാലത്ത് കടന്നുവന്ന തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് പുതിയ കമ്പനികള്‍ പറയുന്നു. ഉപഭോക്താക്കളെ കണ്ടെത്താന്‍ തങ്ങള്‍ വിഷമിക്കുകയാണ്. ഇതോടൊപ്പം സ്പെക്ട്രത്തിന് ഉയര്‍ന്ന വിലകൂടി നല്‍കേണ്ടി വന്നാല്‍ വലിയ നഷ്ടം വരും-കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

കമ്പനികള്‍ക്ക് നല്‍കിയ അധിക സ്പെക്ട്രത്തിന് വിപണിവില എങ്ങനെ ഈടാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് കപില്‍സിബല്‍ പറഞ്ഞു. ലേലപ്രക്രിയയാണ് ഗൌരവമായി പരിഗണിക്കുന്നത്. ലേലപ്രക്രിയയില്‍ ആവശ്യത്തിന് മത്സരമുണ്ടാകുമെന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തില്‍ ട്രായിയുടെ അഭിപ്രായങ്ങള്‍ തേടണം. സ്പെക്ട്രം നിരക്കെന്ന നിലയില്‍ കമ്പനികള്‍ സര്‍ക്കാരിന് തങ്ങളുടെ വരുമാനത്തിന്റെ തുല്യവിഹിതം നല്‍കേണ്ടി വരും. കമ്പനികള്‍ക്ക് ആവശ്യത്തിന് സ്പെക്ട്രം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ സ്പെക്ട്രം വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തും- സിബല്‍ പറഞ്ഞു.

ദേശാഭിമാനി 300111

1 comment:

  1. മൊബൈല്‍ ടെലികോം സേവനത്തിനുള്ള ലൈസന്‍സിനൊപ്പം സ്പെക്ട്രം സൌജന്യമായി അനുവദിച്ചിരുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തുന്നു. ലൈസന്‍സിനൊപ്പം ഇനി സ്പെക്ട്രത്തിനും ടെലികോം കമ്പനികള്‍ വിപണിവില നല്‍കേണ്ടി വരുമെന്ന് ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഖജനാവിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതിയുടെ പശ്ചാത്തലത്തിലാണ് നയംമാറ്റം. ഭാവിയില്‍ ലൈസന്‍സിനൊപ്പം സ്പെക്ട്രം കൂടി അനുവദിക്കില്ലെന്ന് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete