Friday, January 28, 2011

ഭാഷയുടെ അപാരസാധ്യതകള്‍ സ്വാംശീകരിക്കുന്നില്ല: കെ ഇ എന്‍

മലയാളത്തിന് പുതുമയും ആത്മാഭിമാനവും ഉണ്ടാകുമ്പോഴാണ് പ്രതിരോധം ഉയര്‍ത്താന്‍ കഴിയുന്നതെന്ന് കെ ഇ എന്‍ പറഞ്ഞു. ഭാഷയുടെ പ്രശ്നം അതിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന ഭാഷയ്ക്ക് സമരോത്സുകതയും പ്രതിരോധശേഷിയും ഉണ്ടാകില്ല. മലയാളഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ഭാഷയുടെ പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ ഇ എന്‍.

മലയാളം മലയാളിയുടെ അസ്തിത്വമാണ്, അതീജിവനവും ആവിഷ്കാരവുമാണ്. മലയാളിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന സാംസ്കാരിക സാന്നിധ്യമാണ് ഭാഷ. ഭാഷ സാധ്യമായിരിക്കെത്തന്നെ പരിമിതികളുമുണ്ട്. മലയാളം ഇന്നും സമഗ്രമായ അര്‍ഥത്തില്‍ സ്വതന്ത്രമായിട്ടില്ല. ഇന്നും സംസ്കൃതത്തിനും ഇംഗ്ളീഷിനും കപ്പം കൊടുക്കുന്നു. എന്നാല്‍, ഈ ഭാഷകളോട് സര്‍ഗാത്മകമായ ഒരു ബന്ധം സൃഷ്ടിച്ച് മലയാളത്തിന് സ്വയം മെച്ചപ്പെടാന്‍ കഴിയും. ഐക്യത്തിന്റെ അടയാളമായ മലയാളം അഭയാര്‍ഥിയായി മാറിയാല്‍ പിന്നെ ഐക്യത്തിന് സംഭവിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കുമെന്നും കെ ഇ എന്‍ പറഞ്ഞു.

പി കെ ഗോപന്‍ ചടങ്ങില്‍ മോഡറേറ്ററായി. ഡോ. പി പവിത്രന്‍, ഉമയനല്ലൂര്‍ കുഞ്ഞുകൃഷ്ണപിള്ള, റിജു ടോം ലാല്‍, ആര്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 280111

1 comment:

  1. മലയാളത്തിന് പുതുമയും ആത്മാഭിമാനവും ഉണ്ടാകുമ്പോഴാണ് പ്രതിരോധം ഉയര്‍ത്താന്‍ കഴിയുന്നതെന്ന് കെ ഇ എന്‍ പറഞ്ഞു. ഭാഷയുടെ പ്രശ്നം അതിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന ഭാഷയ്ക്ക് സമരോത്സുകതയും പ്രതിരോധശേഷിയും ഉണ്ടാകില്ല. മലയാളഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ഭാഷയുടെ പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ ഇ എന്‍.

    ReplyDelete