Wednesday, January 26, 2011

നബാര്‍ഡ് നിലപാട് ലക്ഷ്യത്തിനെതിര്

കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് പണം അനുവദിക്കില്ലെന്ന നിലപാട് നബാര്‍ഡിന്റെ സൃഷ്ടിപരമായ ലക്ഷ്യത്തിനെതിരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപത്തിന് നികുതിചുമത്താനുള്ള കേന്ദ്രനീക്കവും കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കും. ഈ നയം കേന്ദ്രം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ടി കെ രാമകൃഷ്ണന്‍ നഗറില്‍(എറണാകുളം രാജേന്ദ്ര മൈതാനി) ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ ശക്തമാക്കാനും കാര്‍ഷികമേഖലയില്‍ ഇടപെടാനുമാണ് നബാര്‍ഡ് രൂപീകരിച്ചതുതന്നെ. എന്നിട്ടും കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് നബാര്‍ഡിന്റെ ഒരു പൈസപോലും സഹായം കിട്ടുന്നില്ല. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പണം കിട്ടാവുന്ന രീതിയില്‍ നബാര്‍ഡ് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തണം. കേരളത്തില്‍ സഹകരണപ്രസ്ഥാനം ശക്തമാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേന്ദ്രം ഒരു നയം രൂപീകരിക്കുമ്പോള്‍ കേരളത്തിന്റെ സവിശേഷതകളും മനസ്സിലാക്കണം. അതിനനുസരിച്ചുവേണം നയം തീരുമാനിക്കാന്‍. സംസ്ഥാന സഹകരണബാങ്കും സംസ്ഥാന കാര്‍ഷികവികസന ബാങ്കും അതിന്റെ ചില പ്രവര്‍ത്തനപോരായ്മകള്‍ മനസ്സിലാക്കി തിരുത്തണം. അച്ചടക്കം ലംഘിച്ച് ബാങ്കിങ് നടക്കില്ല. സഹകരണ മേഖലയിലെ കുഴപ്പങ്ങളും പോരായ്മകളും ആരും കാണരുത് എന്നു ശഠിക്കുന്നത് ശരിയല്ല. സഹകരണമേഖലയില്‍ നിയന്ത്രണം പാടില്ലെന്ന വാദം സഹകാരികള്‍തന്നെ നേരത്തെ തള്ളിയതാണ്.

സഹകരണമേഖലയുടെ വളര്‍ച്ചയ്ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖല ഇന്ന് സഹകരണവകുപ്പില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നല്ല. വ്യവസായം, കയര്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലയില്‍ സഹകരണമേഖല വളരുകയാണ്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളി. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ അനുവദിച്ചു. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ അനുവദിച്ചു. ഇതിന്റെയൊക്കെ ഫലമായി കര്‍ഷകആത്മഹത്യ കേരളത്തില്‍ ഇല്ലാതാക്കി. എന്നാല്‍ അത് മറ്റു സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഇതടക്കം സാമൂഹികമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നേട്ടങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരിക്കാനാണ് യുഡിഎഫ് കള്ളപ്രചാരണം അഴിച്ചുവിടുന്നത്. അതിനെ ചില മാധ്യമങ്ങള്‍ വഴിവിട്ട് സഹായിക്കുന്നു. എല്‍ഡിഎഫിനെ ഇല്ലാക്കഥ മെനഞ്ഞ് ഇകഴ്ത്തിയും യുഡിഎഫിനെ സഹായിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നാശത്തില്‍നിന്ന് കേരളത്തെ എല്‍ഡിഎഫ് രക്ഷിച്ച ചിത്രം ജനങ്ങളുടെ മുന്നില്‍ വരാതിരിക്കാനാണ് ഇവര്‍ പ്രത്യേക രീതിയില്‍ വാര്‍ത്തകള്‍ വിന്യസിക്കുന്നതെന്നും പിണറായി പറഞ്ഞു. കെസിഇയു സംസ്ഥാന പ്രസിഡന്റ് കെ ജനാര്‍ദനന്‍ അധ്യക്ഷനായി.

നബാര്‍ഡ് പിരിച്ചുവിടണം: മന്ത്രി ജി സുധാകരന്‍

കൊച്ചി: സംസ്ഥാനത്തെ സഹകരണമേഖലയോടു പുറംതിരിഞ്ഞുനില്‍ക്കുന്ന നബാര്‍ഡ് പിരിച്ചുവിടണമെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു. സഹകരണമേഖലയെ തകര്‍ക്കാന്‍ സംഘടിതമായ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സഹകരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ ഗ്രാമവികസന ബാങ്കായ നബാര്‍ഡ് ആ ജോലി നിര്‍ത്തി. സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം നബാര്‍ഡ് 100 ശതമാനം പരാജയമാണ്. നാലുവര്‍ഷംമുമ്പുവരെ നബാര്‍ഡ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്തേക്ക് തിരിച്ചുപോകാത്തപക്ഷം മെഡിക്കല്‍ കൌണ്‍സില്‍പോലെ നബാര്‍ഡും പിരിച്ചുവിടുകയാണ് വേണ്ടത്. ജഡായുവിന്റെ ചിറകുകള്‍ അരിഞ്ഞതുപോലെ സഹകരണ മേഖലയെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് കേന്ദ്രം നടത്തുന്നത്. സഹകരണബാങ്കില്‍നിന്ന് സേവനനികുതി പിരിക്കാനുള്ള ശ്രമവും സഹകരണചന്തകള്‍ നടത്താതെ ഇതര ബാങ്കുകള്‍ക്ക് തുല്യം പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും മറ്റും ഇതിന്റെ ഭാഗമാണ്. കേന്ദ്രത്തിന്റെ തെറ്റായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രതിപക്ഷവും തയ്യാറാകണം. ചില കുടുംബശ്രീ സംഘങ്ങള്‍ സഹകരണബാങ്കില്‍നിന്നു വായ്പകള്‍ സ്വീകരിക്കുമ്പോഴും നിക്ഷേപത്തിന് ഇതര ബാങ്കുകളാണ് തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തിനു ദോഷകരമായ ഇത്തരം സമീപനത്തിനു പിന്നില്‍ കുടുംബശ്രീക്കകത്തെ സഹകരണവിരുദ്ധരാണ്.

പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തില്‍ ഫെബ്രുവരി 15നു മുമ്പ് നടപടിയെടുക്കും. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് തടസ്സം. വിലക്കയറ്റം തടയാന്‍ പഞ്ചായത്തുകളുടെ സഹായം തേടുമെന്ന കേന്ദ്രസഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന വിഡ്ഢിത്തമാണ്. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. അതേസമയം, സഹകരണപ്രസ്ഥാനങ്ങളുടെ സഹായം തേടുമെന്നു പറയാനാണ് അദ്ദേഹം തയ്യാറാകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

എറണാകുളം ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെസിഇയു സംസ്ഥാന പ്രസിഡന്റ് വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായി. അഡ്വ. എം എം മോനായി എംഎല്‍എ, മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍, കെസിഇഎഫ് ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി, കെസിഇസി ജനറല്‍ സെക്രട്ടറി സി ചന്ദ്രബാബു, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് സംസ്ഥാന പ്രസിഡന്റ് കെ സുദര്‍ശനകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെസിഇയു സംസ്ഥാന സെക്രട്ടറിമാരായ കെ ജനാര്‍ദനന്‍ സ്വാഗതവും വി ജി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 25/26 ജനുവരി 2011

1 comment:

  1. കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് പണം അനുവദിക്കില്ലെന്ന നിലപാട് നബാര്‍ഡിന്റെ സൃഷ്ടിപരമായ ലക്ഷ്യത്തിനെതിരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപത്തിന് നികുതിചുമത്താനുള്ള കേന്ദ്രനീക്കവും കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കും. ഈ നയം കേന്ദ്രം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ടി കെ രാമകൃഷ്ണന്‍ നഗറില്‍(എറണാകുളം രാജേന്ദ്ര മൈതാനി) ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete