Sunday, January 30, 2011

യുഡിഎഫിനെ മുക്കി സുനാമി

പേടിപ്പനിയില്‍ ജാഥയും മാറ്റി

കുഞ്ഞാലിക്കുട്ടി കേസ് യുഡിഎഫിനെ മുക്കുന്ന സുനാമിയായി. അതിന്റെ ആഘാതത്തിലാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്ര രണ്ടുദിവസത്തേക്ക് മാറ്റിയത്. ജാഥാനേതാവിന് അസുഖമാണെന്ന ന്യായം ജാള്യം മറയ്ക്കാനുള്ള രാഷ്ട്രീയതന്ത്രംമാത്രം. ക്യാപ്റ്റന് പനി വന്നാല്‍ ഒരു മുന്നണിയുടെ ജാഥ ഉപേക്ഷിക്കുന്നത് കേരളചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്. പനിയെ പഴിചാരി ജാഥ നിര്‍ത്താന്‍ നിര്‍ബന്ധിതമാകുംവിധം യുഡിഎഫ് ജനരോഷത്തില്‍ അകപ്പെട്ടു. കുഞ്ഞാലിക്കുട്ടിയും ബന്ധു റൌഫും നടത്തിയ വെളിപ്പെടുത്തലുകളിലൂടെ തകര്‍ന്നുവീണത് യുഡിഎഫ് മൂടിവച്ച സാമൂഹ്യവിരുദ്ധതയുടെ കഥകളാണ്. എന്നാല്‍, ഇതിനുമുന്നില്‍ കണ്ണുകെട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി എന്നീ നേതാക്കളും ലീഗ് നേതൃത്വവും കേരള മനസ്സാക്ഷിക്കുമുന്നില്‍ പ്രതിക്കൂട്ടിലാണ്. കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറഞ്ഞാല്‍ ഭരണത്തിന്റെ സ്വാദ് കൂട്ടായി നുണഞ്ഞവരും കുഴപ്പത്തിലാകുമെന്ന പേടി ഉമ്മന്‍ചാണ്ടിയെ ബാധിച്ചിട്ടുണ്ടാകാം. യുഡിഎഫ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആരോപണ- പ്രത്യാരോപണത്തില്‍ കേരളം നടുക്കത്തിലാണ്.

2004 ഒക്ടോബര്‍ 28ന് പെണ്‍‌വാണിഭക്കേസിലെ ഇര റജീന നടത്തിയ വെളിപ്പെടുത്തലിനെതുടര്‍ന്നുണ്ടായത് കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍‌വാണിഭക്കേസിന്റെ ദുര്‍മുഖമായിരുന്നെങ്കില്‍, ഇപ്പോഴത്തെ ആരോപണ- പ്രത്യാരോപണങ്ങള്‍ കേസിനെ പുതിയ പതനങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും മന്ത്രിസഭയില്‍ അംഗമായിരുന്ന്, കോടികള്‍ സമ്പാദിക്കുകയും അതിന്റെ ഭാഗമായി വിദേശത്തടക്കം വന്‍വ്യവസായങ്ങള്‍ നടത്തുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രധാനപ്പെട്ട പുതിയ ആക്ഷേപങ്ങളില്‍ ഒന്ന്. പെണ്‍‌വാണിഭക്കേസില്‍ കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിക്കാന്‍ നീതിന്യായസംവിധാനത്തെ നോക്കുകുത്തിയാക്കിയെന്നും അതിനായി വഴിവിട്ട കുതന്ത്രങ്ങളും പണമിടപാടും നടത്തിയെന്നതാണ് മറ്റൊരു ആക്ഷേപം. ഇതില്‍ പാകിസ്ഥാനില്‍നിന്ന് വന്ന കള്ളനോട്ട് ഇടപാടുമുണ്ട്.

റജീനയ്ക്കുപുറമെ ഒരുഡസന്‍ ഇരകളുണ്ടെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. ഇത് തെളിയിക്കാനുള്ള വസ്തുതകളടങ്ങുന്ന സിഡി പുറത്തുവന്നാല്‍ യുഡിഎഫ് നിലയില്ലാ കയത്തില്‍ മുങ്ങും. അതുകൊണ്ടുതന്നെ ഒരു ടിവി ചാനലിനുമാത്രമായി നല്‍കിയിരിക്കുന്ന സിഡി മുക്കാനാണ് കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ സംയുക്തമായി ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, മുമ്പ് റജീനയെ ഒതുക്കിയതുപോലെ കോടികള്‍ ഒഴുക്കി റൌഫിനെ ഒതുക്കാനുള്ള പരിശ്രമം അണിയറയില്‍ സജീവമാണ്. മൂന്നു ചാനല്‍ എഡിറ്റര്‍മാര്‍ക്ക് സിഡി കൈമാറിയെന്ന് റൌഫ് പറഞ്ഞെങ്കിലും ഇതുവരെ അത് കൈവശമുള്ളത് ലീഗ് നേതാവ് മുനീറിന്റെ ഉടമസ്ഥതയിലുള്ള ചാനലിനുമാത്രമാണെന്നാണ് അറിയുന്നത്. സിഡിയിലെ ഒരു ഭാഗംപോലും ഇതുവരെ പുറത്തുവിടാത്തത് യുഡിഎഫ് സമ്മര്‍ദത്തില്‍ മുനീറിന്റെ ചാനല്‍ വീണതുകൊണ്ടാകണം.
(ആര്‍ എസ് ബാബു)

ലീഗിന്റെ ആവശ്യപ്രകാരം മലപ്പുറത്തെ യുഡിഎഫ് ജാഥ മാറ്റി

കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലുകള്‍ മുസ്ളിംലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയിലെ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മൂന്നാംകിട സിനിമയെ വെല്ലുന്ന രംഗങ്ങള്‍ കണ്ടുംകേട്ടും അമ്പരന്ന ജില്ലയിലെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയുടെ സ്വീകരണപരിപാടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഞായറാഴ്ചത്തെ സ്വീകരണം ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി. അതിനിടെയാണ് ഉമ്മന്‍ചാണ്ടിക്ക് അസുഖമായത്. റൌഫിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന വെള്ളിയാഴ്ച വൈകിട്ട് അടിയന്തരമായി ചേര്‍ന്ന ജില്ലാ യുഡിഎഫ് യോഗമാണ് സ്വീകരണപരിപാടി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ടിയുടെ തലവന്‍ പെണ്ണുകേസില്‍ കുടുങ്ങിനില്‍ക്കുമ്പോള്‍ സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ലീഗ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ത്തന്നെ മോചനയാത്രയുടെ പ്രചാരണപരിപാടികള്‍ നിര്‍ത്തിവച്ചു. മുസ്ളിംലീഗ് നേതാക്കളും അണികളും പിന്‍വലിഞ്ഞതോടെ സ്വീകരണപരിപാടി അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രമുള്ള പ്രചാരണബോര്‍ഡുകള്‍ കോണ്‍ഗ്രസ്സുകാര്‍ എടുത്തുമാറ്റിത്തുടങ്ങി. കേരളമോചനയാത്രക്കിടെ പഴയകാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമോ എന്ന ഭയമാണ് യുഡിഎഫ് നേതൃത്വത്തിന്. 'ന്യൂനപക്ഷങ്ങളുടെ രക്ഷ ഈ കൈകളില്‍' എന്ന ബോര്‍ഡ് കുഞ്ഞാലിക്കുട്ടിയുടെ ചിത്രത്തോടെ ലീഗുകാര്‍ ചിലയിടത്ത് സ്ഥാപിക്കുന്നതാണ് മറ്റൊരു തമാശ.

പെണ്‍‌വാണിഭവാര്‍ത്തകള്‍ പുറത്തുവിടരുത്; മുനീറിന് ലീഗിന്റെ അന്ത്യശാസനം

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍‌വാണിഭ വാര്‍ത്തകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണംചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ എം കെ മുനീറിന് മുസ്ളിംലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അല്ലെങ്കില്‍ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം ഒഴിയണം. ഇതേരീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ പാര്‍ടിയില്‍നിന്ന് പുറത്തുപോകേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗം, കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതവും ബന്ധു കെ എ റൌഫിന്റെ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും ചര്‍ച്ചചെയ്തു. ചെയര്‍മാനായ മുനീറിന്റെ അറിവോടെയാണ് ഇന്ത്യാവിഷന്‍ ചാനല്‍ ലേഖകര്‍ ഒളിക്യാമറയിലൂടെ ഐസ്ക്രീം കേസിന്റെ അണിയറക്കഥകള്‍ വീണ്ടും ചിത്രീകരിച്ചതെന്നാണ് നേതൃത്വത്തിന്റെ നിഗമനം. ഇക്കാര്യം ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങളേയും മറ്റ് നേതാക്കളെയും അറിയിച്ചു. മുനീറിന്റെ ലക്ഷ്യം താനാണെന്നും ഇങ്ങനെ ഇനി മുന്നോട്ടുപോകാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി രൂക്ഷമായി യോഗത്തില്‍ പ്രതികരിച്ചു.

ഇന്ത്യാവിഷന്‍ ചാനല്‍ മുറിയിലുള്ള 'ബോംബ്' പുറത്തെടുക്കാന്‍ ലീഗ് നേതൃത്വം മുനീറിന് അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും കൈവശമുള്ള സുപ്രധാന രേഖകളിലൊന്ന് ശനിയാഴ്ച വൈകിട്ടോടെ ഇന്ത്യാവിഷനടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയഭാവി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടാല്‍ മുനീറിന് ലീഗില്‍ നിന്നും പുറത്തുപോകേണ്ടിവരും. ഇക്കാര്യം കുഞ്ഞാലിക്കുട്ടി നേരിട്ടുതന്നെ മുനീറിനെ അറിയിച്ചിട്ടുണ്ട്. സി എച്ച് മുഹമ്മദ്കോയയുടെ മകനാണെന്നതും സെക്രട്ടറിമാരിലൊരാളാണെന്നതും ഇനി പരിഗണിക്കില്ലെന്ന് നേതൃത്വം മുനീറിനെ അറിയിച്ചു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതെങ്ങനെ നേരിടണമെന്നതിനെ കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ അടിയന്തരമായി നിയമോപദേശം തേടും. പാണക്കാട്ടെ യോഗത്തിനുശേഷം കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ സാന്നിധ്യത്തില്‍ തലശേരിയിലും നേതാക്കള്‍ സംഭവങ്ങള്‍ വിലയിരുത്തി. ചന്ദ്രിക പത്രത്തിന്റെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനത്തിനെത്തിയ ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസമദ് സമദാനി, സി ടി അഹമ്മദലി, കെ പി എ മജീദ്, പി കെ കെ ബാവ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഒറ്റക്കെട്ടെന്ന് നേതാക്കള്‍ യോഗത്തില്‍ പറയുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ മുന്‍കൂര്‍ വാര്‍ത്താസമ്മേളനം പാര്‍ടിക്കും യുഡിഎഫിനും പരിക്കുണ്ടാക്കിയെന്നാണ് മുതിര്‍ന്ന ചില നേതാക്കളുടെ വിലയിരുത്തല്‍. വധഭീഷണിയുണ്ടെന്ന പരാതി ആരും വിശ്വസിക്കില്ലെന്നും ഐസ്ക്രീം കേസ് വീണ്ടും പൊതുജനമധ്യത്തിലെത്താന്‍ വാര്‍ത്താസമ്മേളനം ഇടയാക്കിയെന്നും നേതാക്കള്‍ പറയുന്നു.
(ആര്‍ രഞ്ജിത്)

മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് കുഞ്ഞാലിക്കുട്ടി മുങ്ങി


തലശേരി: മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാനാവാതെ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുങ്ങി. ചന്ദ്രിക പ്ളാറ്റിനംജൂബിലി ഉദ്ഘാടനവേദിയില്‍നിന്നാണ് കാത്തുനിന്ന ചാനലുകളെയും മാധ്യമപ്രവര്‍ത്തകരെയും വെട്ടിച്ച് വിവാദനായകന്‍ കടന്നുകളഞ്ഞത്. രാവിലെ സംഗമം ഓഡിറ്റോറിയത്തില്‍ ചടങ്ങിനെത്തിയ കുഞ്ഞാലിക്കുട്ടി പരിപാടി കഴിഞ്ഞു കാണാമെന്ന് പറഞ്ഞാണ് വേദിയിലേക്ക് കയറിയത്. പ്രസംഗത്തില്‍ കുഞ്ഞാലിക്കുട്ടി വിവാദങ്ങളൊന്നും പരാമര്‍ശിച്ചില്ല.

കുഞ്ഞാലിക്കുട്ടി തിരിച്ചിറങ്ങുന്നത് കാത്ത് ഓഡിറ്റോറിയത്തിന്റെ ഇരുഭാഗത്തെ വഴിയിലും ചാനല്‍സംഘങ്ങളും മാധ്യമപ്രവര്‍ത്തകരും നിലയുറപ്പിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖംകൊടുക്കാതെ കുഞ്ഞാലിക്കുട്ടി പെട്ടെന്ന് വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. രാവിലെ മുസ്ളിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ സാന്നിധ്യത്തില്‍ സംഗമം ഓഡിറ്റോറിയത്തില്‍ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഉച്ചക്കുശേഷം കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലും തലശേരിയില്‍ യോഗം ചേര്‍ന്നു.

ദേശാഭിമാനി 300111

3 comments:

  1. കുഞ്ഞാലിക്കുട്ടി കേസ് യുഡിഎഫിനെ മുക്കുന്ന സുനാമിയായി. അതിന്റെ ആഘാതത്തിലാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്ര രണ്ടുദിവസത്തേക്ക് മാറ്റിയത്. ജാഥാനേതാവിന് അസുഖമാണെന്ന ന്യായം ജാള്യം മറയ്ക്കാനുള്ള രാഷ്ട്രീയതന്ത്രംമാത്രം. ക്യാപ്റ്റന് പനി വന്നാല്‍ ഒരു മുന്നണിയുടെ ജാഥ ഉപേക്ഷിക്കുന്നത് കേരളചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്. പനിയെ പഴിചാരി ജാഥ നിര്‍ത്താന്‍ നിര്‍ബന്ധിതമാകുംവിധം യുഡിഎഫ് ജനരോഷത്തില്‍ അകപ്പെട്ടു.

    ReplyDelete
  2. ഒരു നാലാംകിട സിനിമ പോലായോ യു ഡി എഫ്??
    ഇത്തരം സില്‍മകള്‍ സൂപ്പര്‍ഹിറ്റായ ചരിത്രമാണ്, :(

    ReplyDelete
  3. അതില്‍ അത്ഭുതമില്ല!പൊതുജനം കഴുതയാണെന്ന് രാഷ്ട്രീയക്കാര്‍ പണ്ടേ പറയുന്നത്‌ അതുകൊണ്ടാണല്ലോ! അവര്‍ക്ക്‌ ഇത്തരം നാലാംകിട സാധനങ്ങള്‍ മതി. ജനാധിപത്യത്തില്‍ ജനങ്ങള്‍ അവര്‍ അര്‍ഹിക്കുന്ന ഭരണകൂടത്തെ തിരഞ്ഞെടുക്കും.തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ നോക്കി ജനങ്ങളുടെ നിലവാരം നിശ്ചയിക്കാം. അതിനു ഇനി അധികകാലമൊന്നും കാത്തിരിക്കേണ്ടല്ലോ!?

    ReplyDelete