ബ്രിട്ടീഷ് കോളനിവാഴ്ചയില്‍നിന്ന് സമ്പൂര്‍ണമോചനം നേടി സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കായി ഇന്ത്യ പ്രഖ്യാപിക്കപ്പെട്ടിട്ട് 61 വര്‍ഷം തികയുന്നു. രാജ്യത്തിന്റെ ഭരണഘടന ഷഷ്ടിപൂര്‍ത്തി പിന്നിട്ടിരിക്കുന്നു. പിന്നിട്ട വര്‍ഷങ്ങളില്‍ എന്തൊക്കെ നേടാനായി; നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും ആത്മാഭിമാനവും എവിടെ എത്തിനില്‍ക്കുന്നു എന്ന് പരിശോധിക്കാനുള്ള വേളകൂടിയാണ് വര്‍ണശബളിമയാര്‍ന്ന ആഘോഷങ്ങള്‍ക്കപ്പുറം റിപ്പബ്ളിക് ദിനം. ഇന്ത്യയുടെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ഇവിടെത്തന്നെയോ, ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാവുന്നുവോ, ഭരണഘടന അലംഘനീയമായി സംരക്ഷിക്കപ്പെടുന്നുവോ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.
കലുഷമായ കശ്മീര്‍ താഴ്വാരവും ഭീകരപ്രവര്‍ത്തനങ്ങളുമായുള്ള ഹിന്ദുത്വ ബന്ധങ്ങളുടെ പുതിയ തെളിവുകളും അഴിമതിയുടെ വേലിയേറ്റവും അയോധ്യാ തര്‍ക്കത്തെ സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധിയുമെല്ലാം പോയ വര്‍ഷത്തിന്റെ പ്രധാന വര്‍ത്തമാനങ്ങളാണ്. വിലക്കയറ്റം, വിശേഷിച്ച് ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധന തെല്ലും ശമിച്ചിട്ടില്ല. തൊഴിലില്ലായ്മ റെക്കോഡിലേക്കുയരുന്നു. യുഎന്‍ഡിപി മനുഷ്യവിഭവ വികസന റിപ്പോര്‍ട്ട് 2010ന്റെ കണക്കുപ്രകാരം ലോകത്തെ 169 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 119-ാമത് മാത്രമാണ്. ഇന്ത്യ ഉയര്‍ന്ന ജിഡിപി വളര്‍ച്ച കാണിക്കുന്നെങ്കിലും ദാരിദ്ര്യവും മനുഷ്യവിഭവശേഷിയുടെ വികസനവും വളരെ പിന്നണിയിലാണെന്നാണ് എച്ച്ഡിആര്‍ കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലെ ജനങ്ങളില്‍ 55 ശതമാനവും വിവിധ കാര്യങ്ങളില്‍ വളരെയധികം പിന്നോക്കാവസ്ഥയിലാണെന്നാണ് എച്ച്ഡിആര്‍ രേഖപ്പെടുത്തുന്നത്. ഒരുതരം വാശിയോടെ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന യുപിഎ സര്‍ക്കാര്‍ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നു. ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53. സമ്പന്നര്‍ അതിസമ്പന്നരാകുന്നതോ വികസനം? നൂറ് ഇന്ത്യക്കാരില്‍ 77 പേര്‍ക്കും ദിവസം 20 രൂപ ചെലവഴിക്കാനുള്ള കഴിവേയുള്ളൂ. പാവപ്പെട്ടവര്‍ കൊടുംദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നു.
'ഗരീബി ഹഠാവോ' മുതല്‍ 'ആം ആദ്മി'വരെയുള്ള ഇമ്പമേറിയ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയിട്ടുണ്ട്; പകരമായി വോട്ടുവാങ്ങിയിട്ടുമുണ്ട്. അങ്ങനെ ലഭിച്ച അധികാരം രാജ്യത്തിന്റെ പൊതുമുതല്‍ സ്വിസ് ബാങ്കുകളുടെ ഇരുട്ടറകളിലേക്ക് കടത്തിക്കൊണ്ടുപോകാനാണ് ഉപയോഗിച്ചത്. വിലക്കയറ്റം മാനം മുട്ടുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി ഉയര്‍ത്തി ജനങ്ങളുടെ മുറിഞ്ഞ ജീവിതങ്ങളിലേക്ക് ഉപ്പുവെള്ളം തേവുന്നവര്‍ അഴിമതിയുടെ ഭയാനകമായ ചരിത്രമാണ് മറുവശത്ത് രചിക്കുന്നത്.
ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി ആത്മാര്‍ഥമായും നിസ്വാര്‍ഥമായും പക്ഷപാതരഹിതമായും പ്രവര്‍ത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ കൊള്ളക്കാരും കൊള്ളയടിയുടെ സംരക്ഷകരുമായി വേഷപ്പകര്‍ച്ച നേടിയിരിക്കുന്നു. ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍, 2ജി സ്പെക്ട്രം, കോണ്‍മവെല്‍ത്ത് ഗെയിംസ്-അങ്ങനെ എത്രയെത്ര അഴിമതികള്‍ പുറത്തുവന്നു. സ്വിസ് ബാങ്കുകളില്‍ 94,55,000 കോടി രൂപയാണ് ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം നിക്ഷേപിക്കപ്പെട്ടതെന്ന് വാര്‍ത്ത വന്നിരിക്കുന്നു. ഇവിടെനിന്ന് കടത്തിയ പണംകൊണ്ട് രാജ്യത്തെ വിലയ്ക്കെടുക്കാന്‍ മാത്രമുള്ള ആസ്തി സമ്പാദിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞതോ ആറ് പതിറ്റാണ്ടിന്റെ ശേഷിപ്പ്? കൂറ്റന്‍ അഴിമതിപരമ്പരകള്‍ പുറത്തുവരുമ്പോള്‍ മറയ്ക്കാന്‍ ഒരുതുണ്ട് നാണംപോലുമില്ലാതെ വിവസ്ത്രരായി, നിര്‍ലജ്ജരായി നില്‍ക്കുകയാണ് കേന്ദ്രഭരണാധികാരികള്‍. നീര റാഡിയ ടേപ്പുകളിലൂടെ പുറത്തുവന്ന അഴിമതിയുടെയും നെറികേടുകളുടെയും ചുരുളഴിക്കാനല്ല, ആ സംഭാഷണങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന് കണ്ടെത്താനാണ് യുപിഎ സര്‍ക്കാരിന് ആധി. കള്ളപ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചുകൊണ്ട്, കൊള്ളക്കാരെ സംരക്ഷിക്കാനാണ്; രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കാനല്ല നിലകൊള്ളുന്നത് എന്ന് മന്‍മോഹന്‍സിങ് സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍തന്നെ തുറന്നടിച്ചു.
ബൊഫോഴ്സ് കോഴക്കേസില്‍ സ്വിസ് ബാങ്കിലെ 'ലോട്ടസ്' എന്ന അക്കൌണ്ടിനെക്കുറിച്ച് വിവരങ്ങള്‍ വന്നു-രാജീവ് ഗാന്ധിയുമായി ബന്ധിപ്പിച്ചുകൊണ്ട്. നരസിംഹറാവുവിന്റെ കാലത്തും വിദേശ ബാങ്ക് അക്കൌണ്ടുകളുടെ കഥകള്‍ പുറത്തുവന്നു. ഈസ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് സാമ്രാജ്യത്വവും 200 കൊല്ലംകൊണ്ട് ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയതിനേക്കാള്‍ അധികം തുക സ്വതന്ത്ര ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ ഭരണാധികാരികളും സില്‍ബന്തികളും കൊള്ളചെയ്ത് വിദേശ ബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചിരിക്കുന്നു.
എല്ലാറ്റിലുമുപരിയായി, ഇന്ത്യ എന്തുചെയ്യണമെന്ന് അമേരിക്ക തീരുമാനിക്കുകയാണ്. ആണവക്കരാറിലും ആയുധ വ്യാപാരത്തിലും തെളിഞ്ഞ ആ വിധേയത്വം അടിമത്തരൂപം പ്രാപിക്കുന്നതാണ് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഉപേക്ഷിച്ചതിലൂടെ കാണാനാകുന്നത്. അമേരിക്കയ്ക്കുവേണ്ടി ഇറാനെതിരെ വോട്ടുചെയ്തു. അമേരിക്കന്‍ ഇംഗിതത്തിനനുസരിച്ച് ഇറാനില്‍നിന്നുള്ള പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ അമേരിക്ക പറഞ്ഞു-ഇറാന്റെ എണ്ണ ഇനി വാങ്ങേണ്ടതില്ലെന്ന്. അതും അനുസരിച്ചിരിക്കുന്നു ഇന്ത്യ. കോളനി ഭരണത്തിന്റെ നുകത്തിന്‍കീഴില്‍പോലും രാജ്യത്തിന്റെ അഭിമാനം ഇതിനേക്കാള്‍ സംരക്ഷിക്കപ്പെട്ടിരുന്നു.
വര്‍ഗീയതയുടെയും ഭീകര പ്രവര്‍ത്തനങ്ങളുടെയും വിപത്ത് നാള്‍ക്കുനാള്‍ ഭീതി ജനിപ്പിച്ച് വളരുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്തയെത്തന്നെ വെല്ലുവിളിച്ച്, പണംകൊണ്ടുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. മാധ്യമങ്ങള്‍ പണം വാങ്ങി ജനങ്ങളെ മയക്കിക്കിടത്തി ജനാധിപത്യത്തെ ഹിംസിക്കുന്നു. അഴിമതിയും വിലക്കയറ്റവും കൊള്ളമുതലിന്റെ സംരക്ഷണവും അവിഹിത മാര്‍ഗങ്ങളിലൂടെയുള്ള ധനസമ്പാദനവും അതിനായി ജനതയെയും പൊതുസ്വത്തിനെയും ഉപയോഗിക്കലും- ചങ്ങാത്ത മുതലാളിത്തം അതിന്റെ എല്ലാ ഫണങ്ങളും വിരിച്ചാടുകയാണിന്ന് ഇന്ത്യയില്‍. ആ വിഷനാഗത്തിന്റെ പത്തി എങ്ങനെ താഴ്ത്തണം എന്നതാകണം പ്രസക്തമായ റിപ്പബ്ളിക് ദിന ചിന്ത. ഇന്ന് ഉയര്‍ന്നിട്ടുള്ള ജനരോഷത്തെ മഹാപ്രളയമായി മാറ്റാനും രാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും ജനാധിപത്യവും എന്തു വിലകൊടുത്തും സംരക്ഷിക്കാനുമുള്ളതാകണം റിപ്പബ്ളിക് ദിന പ്രതിജ്ഞ.
ദേശാഭിമാനി മുഖപ്രസംഗം 260111
വര്‍ഗീയതയുടെയും ഭീകര പ്രവര്‍ത്തനങ്ങളുടെയും വിപത്ത് നാള്‍ക്കുനാള്‍ ഭീതി ജനിപ്പിച്ച് വളരുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്തയെത്തന്നെ വെല്ലുവിളിച്ച്, പണംകൊണ്ടുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. മാധ്യമങ്ങള്‍ പണം വാങ്ങി ജനങ്ങളെ മയക്കിക്കിടത്തി ജനാധിപത്യത്തെ ഹിംസിക്കുന്നു. അഴിമതിയും വിലക്കയറ്റവും കൊള്ളമുതലിന്റെ സംരക്ഷണവും അവിഹിത മാര്‍ഗങ്ങളിലൂടെയുള്ള ധനസമ്പാദനവും അതിനായി ജനതയെയും പൊതുസ്വത്തിനെയും ഉപയോഗിക്കലും- ചങ്ങാത്ത മുതലാളിത്തം അതിന്റെ എല്ലാ ഫണങ്ങളും വിരിച്ചാടുകയാണിന്ന് ഇന്ത്യയില്‍. ആ വിഷനാഗത്തിന്റെ പത്തി എങ്ങനെ താഴ്ത്തണം എന്നതാകണം പ്രസക്തമായ റിപ്പബ്ളിക് ദിന ചിന്ത. ഇന്ന് ഉയര്‍ന്നിട്ടുള്ള ജനരോഷത്തെ മഹാപ്രളയമായി മാറ്റാനും രാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും ജനാധിപത്യവും എന്തു വിലകൊടുത്തും സംരക്ഷിക്കാനുമുള്ളതാകണം റിപ്പബ്ളിക് ദിന പ്രതിജ്ഞ.
ReplyDelete