ജനുവരി 15, 16 (ശനി, ഞായര്‍) തീയതികളില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ കൊല്‍ക്കത്തയില്‍ യോഗം ചേരുന്നു. അതിനു രണ്ടുദിവസം മുമ്പുതന്നെ ലോട്ടറി പ്രശ്നം പി ബി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വി എസിന്റെ മേല്‍ നടപടിയെടുക്കുമെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. 16 ഞായറാഴ്ച ഉച്ചയ്ക്കുശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനം നടത്തുന്നു. അതില്‍ ലോട്ടറി കാര്യം പരാമര്‍ശിക്കുന്നതേയില്ല.
രണ്ടു മലയാള മാധ്യമ പ്രതിനിധികള്‍ പി ബി സമ്മേളന വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നതായി കാണുന്നു. ജനറല്‍ സെക്രട്ടറിയുടെ പത്രസമ്മേളനത്തിനു മുമ്പു തന്നെ അവര്‍ വാര്‍ത്ത പുറത്തുവിടുന്നു - വി എസിനെ പാര്‍ട്ടിക്കുള്ളില്‍ ശാസിക്കാന്‍ പി ബി തീരുമാനിച്ചു എന്ന്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ചില മലയാള ചാനലുകളില്‍ ചര്‍ച്ച വി എസിന്റെ മേല്‍ നടപടിയെടുത്ത വിഷയം മാത്രം. പിറ്റേന്ന് പല പത്രങ്ങളും ഈ വാര്‍ത്ത 'വെണ്ടയ്ക്ക'യില്‍ വിളമ്പി.
തിങ്കളാഴ്ച പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള ദല്‍ഹിയില്‍ മലയാള പത്രപ്രതിനിധികളെ വിളിച്ച് സംസാരിച്ചു. വി എസിന്റെ മേല്‍ പാര്‍ടി നടപടി എടുക്കുന്നതിനെക്കുറിച്ച് ഈ പി ബി യോഗം ചര്‍ച്ച ചെയ്തിട്ടേയില്ല എന്നറിയിച്ചു. തങ്ങളുടെ വാര്‍ത്തയെ ശരിവെക്കുന്ന എന്തെങ്കിലും എസ് ആര്‍ പിയില്‍നിന്ന് ലഭിക്കാനായി അവര്‍ കിണഞ്ഞു ശ്രമിച്ചു. എങ്ങനെ ഇത്തരത്തില്‍ വാര്‍ത്ത വരാനിടയായി എന്നു അവര്‍ എസ് ആര്‍ പിയോടു ചോദിച്ചു. "നിങ്ങള്‍ തന്നെ കണ്ടുപിടിച്ച് ഞങ്ങളെ സഹായിക്കുക'' എന്നായിരുന്നു മറുപടി.
അന്നുതന്നെ ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി എസിന്റെ പത്രസമ്മേളനം ഉണ്ടായിരുന്നു. ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റത്തിനും അത് അഴിച്ചുവിട്ട കേന്ദ്ര ഗവണ്‍മെന്റിനും എതിരെ അദ്ദേഹം ആഞ്ഞടിച്ചു. അതിനിടെ ലോട്ടറി പ്രശ്നത്തില്‍ പി ബി അച്ചടക്ക നടപടി കൈക്കൊണ്ടുവോ എന്ന ചോദ്യം ചില പത്ര പ്രതിനിധികള്‍ ഉന്നയിച്ചു. ഈ വാര്‍ത്ത ചോര്‍ന്നതെങ്ങനെയെന്നും ചോദ്യമുണ്ടായി. ഇല്ലാത്ത വാര്‍ത്ത ചോരുന്നതെങ്ങനെ എന്ന മറുചോദ്യമായിരുന്നു ഉത്തരം.
ഇത്രയും ആയപ്പോഴേക്ക് തലേന്നു ചിലര്‍ കൂടി കൊല്‍ക്കത്തയില്‍ പൊട്ടിച്ച പൊയ്വെടി പൊട്ടിത്തകര്‍ന്നു. ഫോളോ അപ് വിദഗ്ദ്ധന്മാര്‍ക്ക് അതു ചെയ്യാന്‍പോലും കഴിയാത്ത വിധമായിരുന്നു വാര്‍ത്താ തകര്‍ച്ച. അങ്ങനെ ഇരുപത്തിനാലു മണിക്കൂറിനപ്പുറത്ത് നുണവാര്‍ത്തകള്‍ക്ക് ആയുസ്സില്ലാതായി. ഒരു സവിശേഷത കൂടി ഈ വാര്‍ത്താ സൃഷ്ടിക്കുണ്ട്. പി ബിക്കുവേണ്ടി എസ് ആര്‍ പി നിഷേധിക്കുകയും മുഖ്യമന്ത്രി വി എസ് പഴുതില്ലാത്ത മറുപടി നല്‍കുകയും ചെയ്തതോടെ ആ പൊയ്വാര്‍ത്ത പോയ വഴി ആരും കണ്ടിട്ടില്ല.
മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊരു ഏര്‍പ്പാട് ഇല്ലെങ്കില്‍ എങ്ങനെ ഒരേ വിശദാംശങ്ങളുള്ള വാര്‍ത്ത, വസ്തുതാപരമായ ഒരടിസ്ഥാനവുമില്ലാതെ, പ്രസിദ്ധീകരിക്കപ്പെടുന്നു? തങ്ങള്‍ക്ക് ഇന്ന സ്രോതസ്സില്‍നിന്ന് കിട്ടിയ വിവരം വെച്ചാണ് വാര്‍ത്ത ചമച്ചത് എന്നു എന്തുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമവും വിശദീകരിക്കുന്നില്ല? അജ്ഞാത കേന്ദ്രത്തില്‍നിന്ന് ഉല്‍ഭവിച്ച്, ജനമധ്യത്തില്‍ ആടിക്കളിച്ച്, അജ്ഞാത വഴികളിലൂടെ ആ വാര്‍ത്ത പോയി മറഞ്ഞു.
ഇതില്‍ ഒരു പ്രത്യേകത ഉണ്ടായി. ഈ വാര്‍ത്ത സത്യമാണെന്ന് ജനങ്ങളിലാരും വിശ്വസിക്കുന്നില്ല. പാര്‍ടിയുടെ നിഷേധത്തെ ഏതെങ്കിലും തരത്തില്‍ ചോദ്യം ചെയ്യാനോ തങ്ങള്‍ പറഞ്ഞതാണ് ശരി എന്നു സ്ഥാപിക്കാനോ ഒരു മാധ്യമത്തിനും കഴിയാത്തതാണ് കാരണം. പലപ്പോഴും തങ്ങള്‍ ചമച്ച വാര്‍ത്ത കൊണ്ട് ജനങ്ങളില്‍ സംശയത്തിന്റെ പുകപടലം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വിജയിക്കാറുണ്ട്. ഇവിടെ അതുമുണ്ടായില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മാധ്യമങ്ങള്‍ തങ്ങളുടെ താല്‍പര്യമനുസരിച്ച് അതിനുവേണ്ട അരങ്ങൊരുക്കുകയാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും പോരായ്മകളുമല്ല അവ മുഖ്യ വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്നത്. വികസന കാര്യങ്ങള്‍ പരാമര്‍ശിച്ചാല്‍ ഗവണ്‍മെന്റിനും എല്‍ഡിഎഫിനും ഗുണം ലഭിച്ചേക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. ജനങ്ങള്‍ പൊതുവില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് ചെയ്ത ഒട്ടനവധി കാര്യങ്ങളില്‍ സംതൃപ്തരാണ്. ഈ വസ്തുത എല്‍ഡിഎഫിനെതിരായ നിലപാടെടുക്കുന്ന മാധ്യമങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഈ നേട്ടങ്ങളൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും സിപിഐ എമ്മിലും എല്‍ഡിഎഫിലും അനൈക്യമാണ്. അതുകൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം കാഴ്ചവെക്കാന്‍ പാര്‍ടിക്കും മുന്നണിക്കും കഴിയുന്നില്ല - ഇത്തരത്തില്‍ ഒരു കുറ്റപത്രം ചാര്‍ത്താനാണ് എല്‍ഡിഎഫ് വിരുദ്ധ നിലപാടെടുക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്.
ഇതായിരുന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ ഇറക്കിയ തുരുപ്പുചീട്ട്. അതിനു യോജിച്ച അന്തരീക്ഷം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഒരുക്കുന്നതില്‍ അവര്‍ വിജയിച്ചു. അത് ആവര്‍ത്തിക്കുന്നതിനു ഒരുപറ്റം മാധ്യമങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പിനു മുമ്പുള്ള ഗണപതിക്കുറി എന്നോ 'കര്‍ട്ടന്‍ റെയ്സര്‍' എന്നോ വിശേഷിപ്പിക്കാവുന്ന രൂപത്തില്‍ നടത്തിയ പ്രയോഗമായിരുന്നു പി ബി യോഗത്തെ തുടര്‍ന്ന് ഇറക്കിയ വാര്‍ത്ത.
അത് പാളിപ്പോയി. എങ്കിലും അത് എല്‍ഡിഎഫിനു ഒരു മുന്നറിയിപ്പാണ്. ജനങ്ങള്‍ക്കൊരു സൂചനയാണ് - എങ്ങനെയാണ് യുഡിഎഫിനുവേണ്ടി, എല്‍ഡിഎഫിനെതിരായി തല്‍പര മാധ്യമങ്ങള്‍ വാര്‍ത്ത ചമയ്ക്കുക എന്നത് സംബന്ധിച്ച്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുപിഎയ്ക്കുവേണ്ടി, വിശേഷിച്ച് കോണ്‍ഗ്രസ്സിനുവേണ്ടി, ചില മാധ്യമങ്ങള്‍ പ്രയോഗിച്ച അടവായിരുന്നു പെയ്ഡ് ന്യൂസ്. പ്രതിഫലം വാങ്ങി വാര്‍ത്ത ചമച്ച് പ്രസിദ്ധീകരിക്കല്‍. തിരഞ്ഞെടുപ്പിനുശേഷം അത് തുറന്നുകാട്ടപ്പെട്ടു. ഒരു മാധ്യമത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും അതിനെ ന്യായീകരിക്കാന്‍ കഴിഞ്ഞില്ല - ആരും അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ കയറ്റപ്പെട്ടില്ലെങ്കിലും.
പെയ്ഡ് ന്യൂസിന്റെ മറ്റൊരു പതിപ്പാണ് പി ബി യോഗത്തെ ചൊല്ലി അരങ്ങേറിയത്. ആരും അതിനെ ഇപ്പോള്‍ ന്യായീകരിക്കുന്നില്ല. എന്നാല്‍, ഈ പൊയ്വാര്‍ത്താ പ്രചരണത്തെ മാധ്യമങ്ങളോ മാധ്യമ പ്രവര്‍ത്തകരോ അപലപിച്ചില്ല. ജനാധിപത്യവ്യവസ്ഥയുടെ അടിത്തറ ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് എന്ന് പലരും അവകാശപ്പെടുന്നു.
മേല്‍പറഞ്ഞ തരത്തിലുള്ള പൊയ്വാര്‍ത്തകള്‍ ജനങ്ങളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. പൊതുമണ്ഡലത്തിലുള്ള ഏത് വിവരവും അറിയാന്‍ ജനങ്ങള്‍ക്കുള്ള അവകാശത്തില്‍ ഇത്തരം പൊയ്വാര്‍ത്തകളുടെ സ്രോതസ്സ്, അവ പടച്ചുണ്ടാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പിന്നിലുള്ള താല്‍പര്യം എന്നിവ കൂടി ഉള്‍പ്പെടണം.
മാധ്യമങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ് കൌണ്‍സില്‍പോലുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ അവകാശത്തിനുനേരെ ദുഷ്ടലാക്കോടെ ചില മാധ്യമങ്ങള്‍ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും തുറന്നുകാട്ടുകയും ചെയ്ത്, ജനങ്ങളുടെ അവകാശസംരക്ഷണം നടത്തേണ്ടതാണ്.
സി പി നാരായണന്‍ ചിന്ത 280111
മാധ്യമങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ് കൌണ്‍സില്‍പോലുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ അവകാശത്തിനുനേരെ ദുഷ്ടലാക്കോടെ ചില മാധ്യമങ്ങള്‍ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുകയും തുറന്നുകാട്ടുകയും ചെയ്ത്, ജനങ്ങളുടെ അവകാശസംരക്ഷണം നടത്തേണ്ടതാണ്.
ReplyDelete