ഹൈദരാബാദിലെ മെക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് ഹരിദ്വാറില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതം ഹിന്ദുത്വ ഭീകരതയുടെ ആഴവും പരപ്പും എത്രയുണ്ടെന്ന് വ്യക്തമാക്കുന്നു. ആര്‍എസ്എസ് എന്ന പ്രസ്ഥാനംതന്നെ സംഘടനാപരമായും ആശയപരമായും ഈ ഹിന്ദുത്വ ഭീകരവാദത്തിന് പിറകിലുണ്ടെന്ന് അസിമാനന്ദിന്റെ കുറ്റസമ്മതത്തില്‍ സംശയത്തിനിടയില്ലാതെ തെളിയുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അസിമാനന്ദ് വെളിപ്പെടുത്തിയത്.
ഒന്ന്: 2007 ഫെബ്രുവരി 18ന് ഉണ്ടായ സംഝോത തീവണ്ടിസ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ട്.
രണ്ട്: അജ്മീര്‍ ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി അംഗവും ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിന്റെ വലംകൈയുമായ ഇന്ദ്രേഷ്കുമാറാണ് സുനില്‍ ജോഷിയെന്ന മറ്റൊരു സംഘപരിവാര്‍ അംഗത്തിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
പശ്ചിമ ബംഗാള്‍കാരനായ ജതിന്‍ ചക്രവര്‍ത്തിയാണ് പിന്നീട് സ്വാമി അസിമാനന്ദായി അറിയപ്പെട്ടത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍നിന്നാണ് 1995ല്‍ വനവാസികല്യാസമിതിയുടെ (സംഘപരിവാര്‍ ഘടകം) പ്രവര്‍ത്തകനായി അസിമാനന്ദ് ഗുജറാത്തിലെ ദാംഗ്സിലെത്തിയത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത ഹിന്ദുക്കളെ തിരിച്ച് മതപരിവര്‍ത്തനം നടത്തിക്കുകയായിരുന്നു അസിമാനന്ദിന്റെ ദൌത്യം. ഗുജറാത്തിലെ വല്‍സാദ്, നവസരി, സൂറത്ത് എന്നീ ജില്ലകളും മഹാരാഷ്ട്രയിലെ നന്ദുര്‍ബാറുമായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. മുസ്ളിം തീവ്രവാദികളില്‍നിന്നും ക്രിസ്ത്യന്‍ മിഷണറിമാരില്‍നിന്നും ഹിന്ദുമതത്തെ രക്ഷിക്കുക എന്നതായിരുന്നു ഇയാളുടെ പ്രചാരണം. ഈ വിഭാഗങ്ങളോട് തീകൊണ്ട് വേണം കളിക്കാനെന്നും അസിമാനന്ദ് ഉദ്ബോധിപ്പിക്കുമായിരുന്നു.
അസിമാനന്ദിന്റെ രംഗപ്രവേശത്തോടെയാണ് ഗുജറാത്തിലെ ഈ ആദിവാസി മേഖലകളില്‍ ശക്തമായ വര്‍ഗീയധ്രുവീകരണം ഉണ്ടാകുന്നത്. ഇതിന്റെ ഫലമായിരുന്നു ദാംഗ്സിലെ ക്രിസ്ത്യന്‍ വിരുദ്ധ കലാപം. അന്ന് ക്രിസ്ത്യാനികളുടെ 36 ആരാധനാലയമാണ് തകര്‍ത്തത്. ഇതിനുശേഷമാണ് ശബരികുംഭ് എന്ന പേരില്‍ 2006ല്‍ അസിമാനന്ദിന്റെ നേതൃത്വത്തില്‍ കുംഭമേള നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാനും മുന്‍ ആര്‍എസ്എസ് മേധാവി കെ എസ് സുദര്‍ശനും ഇപ്പോഴത്തെ മേധാവി മോഹന്‍ഭഗവതും മറ്റും ഈ മേളയില്‍ പങ്കെടുത്തു. ഈ മേളയിലാണ് ഹിന്ദുത്വ ഭീകരവാദത്തിന്റെ പേരില്‍ ഇന്ന് പുറത്തറിയപ്പെട്ടവരുടെ ആദ്യ കൂടിക്കാഴ്ച നടന്നത്. മലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ പ്രഗ്യാസിങ് താക്കൂറും സുനില്‍ ജോഷിയും രാംജി കലസാഗരെയും ലോകേഷ് ശര്‍മയും മറ്റും ഒത്തുകൂടുന്നതും സംഝോത ഉള്‍പ്പെടെയുള്ള സ്ഫോടന പരമ്പരകളെക്കുറിച്ച് ഗൂഢാലോചന നടത്തുന്നതും ഇവിടെവച്ചാണ്. ഇതിന്റെ ഫലമായാണ് 2007ല്‍ മൂന്ന് ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. മെക്ക മസ്ജിദ്, സംഝോത, അജ്മീര്‍ ദര്‍ഗ ഷെരീഫ് എന്നിവ. 2006 മാര്‍ച്ചില്‍ വാരാണസിയിലെ സങ്കടമോചര്‍ ക്ഷേത്ത്രിലുണ്ടായ ബോംബ്സ്ഫോടനത്തിന് ശേഷമാണ് പദ്ധതി തയ്യാറാക്കപ്പെട്ടത്.
മുസ്ളിം ഭീകരതയെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തിന്റെ പിന്നാമ്പുറം എന്തെന്നു കൂടി ഇവിടെ മറനീക്കി പുറത്തുവരുന്നുണ്ട്. ഇന്ത്യ വിഭജനകാലത്ത് പാകിസ്ഥാന്റെ കൂടെ നില്‍ക്കാന്‍ ഹൈദരബാദിലെ നിസാം തീരുമാനിച്ചതാണ് ഹൈദരാബാദിലെ മെക്ക മസ്ജിദ് ആക്രമിക്കാനുള്ള കാരണമായി അസിമാനന്ദ് കണ്ടെത്തിയത്. 80 ശതമാനം മുസ്ളിങ്ങള്‍ വസിക്കുന്ന നഗരമായതുകൊണ്ട് മലേഗാവിലും ഹിന്ദുക്കള്‍ ധാരാളമായി പോകുന്ന ആരാധനാലയമായതുകൊണ്ട് അജ്മീര്‍ ദര്‍ഗയിലും ആക്രമണം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ഹിന്ദുത്വ ഭീകരവാദത്തിന്റെ വിപുലമായ ചങ്ങലയെന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ആസൂത്രണം. മധ്യഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച ഗൂഢാലോചനയും രഹസ്യയോഗങ്ങളും നടന്നുവെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.
ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന് ഹിന്ദുത്വ ഭീകരവാദവുമായി ബന്ധമില്ലെന്ന സംഘപരിവാര്‍ അവകാശവാദത്തെ അവരില്‍പ്പെട്ട അസിമാനന്ദ് തന്നെ തുറന്നുകാണിക്കുകയുമാണ്. 2007 ഡിസംബര്‍ 29 നാണ് മധ്യപ്രദേശിലെ ദേവാസില്‍ ദുരൂഹമായ സാഹചര്യത്തില്‍ സുനില്‍ജോഷി മരണപ്പെടുന്നത്. ഇതിനു പിന്നില്‍ ഇന്ദ്രേഷ്കുമാറാണെന്നാണ് അസിമാനന്ദിന്റെ വെളിപ്പെടുത്തല്‍. നേരത്തെ മധ്യപ്രദേശ് പൊലീസ് തന്നെ സ്വന്തം ആള്‍ക്കാരാണ് സുനില്‍ജോഷിയെ വധിച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആ രീതിയില്‍ അന്വേഷണം മുന്നോട്ടു പോയില്ല. രാജസ്ഥാന്‍ എടിഎസ് നടത്തിയ അന്വേഷണത്തിലാണ് ശക്തമായ സൂചനകള്‍ ലഭിച്ചത്. മെക്കമസ്ജിദ്, അജ്മീര്‍, സംഝോത എന്നിവടങ്ങളില്‍ ബോംബ് വച്ചത് ജോഷിയായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
അസിമാനന്ദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെങ്കിലും ഇന്ദ്രേഷ്കുമാറിനെതിരെ കേസെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണം. രണ്ടു വര്‍ഷമായി ഹിന്ദുത്വ ഭീകരവാദത്തെക്കുറിച്ചുള്ള ശക്തമായ തെളിവുകളും സൂചനകളും പല അന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ചുവരുന്നു. അത് ക്രോഡീകരിച്ച് ശക്തമായ നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍മാത്രം അന്വേഷണം ശക്തിപ്പെടുത്തുന്ന രീതി ഉപേക്ഷിച്ച് മറ്റ് ഭീകരവാദത്തെ പോലെതന്നെ ഹിന്ദുത്വ ഭീകരവാദത്തെ നേരിടാന്‍ തയ്യാറാകണം. ഈ വിപത്തിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കാനും ജനങ്ങള്‍ക്കു മുമ്പില്‍ ഇത്തരം സംഘടനകളെ തുറന്നുകാണിക്കാനും കേന്ദ്രഭരണനേതൃത്വം മുതിര്‍ന്നേ തീരൂ.
ദേശാഭിമാനി മുഖപ്രസംഗം 100111
ഹൈദരാബാദിലെ മെക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് ഹരിദ്വാറില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതം ഹിന്ദുത്വ ഭീകരതയുടെ ആഴവും പരപ്പും എത്രയുണ്ടെന്ന് വ്യക്തമാക്കുന്നു. ആര്‍എസ്എസ് എന്ന പ്രസ്ഥാനംതന്നെ സംഘടനാപരമായും ആശയപരമായും ഈ ഹിന്ദുത്വ ഭീകരവാദത്തിന് പിറകിലുണ്ടെന്ന് അസിമാനന്ദിന്റെ കുറ്റസമ്മതത്തില്‍ സംശയത്തിനിടയില്ലാതെ തെളിയുന്നു
ReplyDelete