Sunday, January 9, 2011

ഏഷ്യയിലെ ബൃഹത്തായ കുടിവെള്ള പദ്ധതി; ഗുണഭോക്താക്കളായി ലക്ഷം പേര്‍

കൊല്ലം: ചവറ, പന്മന പഞ്ചായത്തുകളിലെ 46 വാര്‍ഡുകളിലെ ഒരു ലക്ഷം താമസക്കാര്‍ക്ക് കുടിവെള്ളം വിതരണംചെയ്യുന്ന പദ്ധതി ഒമ്പതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിക്കും. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഏഷ്യയിലെ ഏറ്റവും ബൃഹത്തായ കുടിവെള്ള വിതരണപദ്ധതിയാണിത്. വാട്ടര്‍ അതോറിറ്റിയും ജലനിധിയും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ചവറ-പന്മന സമ്പൂര്‍ണ കുടിവെള്ളപദ്ധതി. പ്രദേശത്തെ ജനങ്ങളുടെ 2036 വരെയുള്ള വരെയുള്ള കുടിവെള്ള ആവശ്യത്തിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമ്പത്തഞ്ച് കോടിയാണ് പദ്ധതിക്ക് ചെലവായത്. അതില്‍ 35 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. കേന്ദ്ര സഹായമായി 14.67 കോടി ലഭിച്ചു. 15 ശതമാനം ഗുണഭോക്തൃവിഹിതമാണ്. പദ്ധതിചെലവിന്റെ 10 ശതമാനം ചവറ, പന്മന പഞ്ചായത്തുകള്‍ നല്‍കി. പദ്ധതിയില്‍ മീറ്റര്‍ റീഡിങ് എടുക്കാനുള്ള ഉത്തരവാദിത്വം ജനകീയ സമിതികള്‍ക്കാണ്.

ശാസ്താംകോട്ട തടാകത്തില്‍നിന്ന് ശേഖരിക്കുന്ന ജലം ദേശീയ ഗുണനിലവാര നിബന്ധനകള്‍ക്ക് അനുസൃതമായി ശുദ്ധീകരിച്ച് ചവറ, പന്മന പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നുവീതം ടാങ്കുകളില്‍ സംഭരിച്ച് ഗാര്‍ഹികോപയോഗത്തിന് പൈപ്പുകള്‍ വഴി വിതരണംചെയ്യും. ദിനംപ്രതി 11.5 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാനുള്ള സൌകര്യമാണ് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്. ചവറ, പന്മന പഞ്ചായത്തുകളിലായി 600 കിലോമീറ്റര്‍ പൈപ്പിലൂടെയാണ് ജലം വിതരണം ചെയ്യുന്നത്. വികേന്ദ്രീകൃത ജലവിതരണ സംവിധാനത്തിന്റെയും ജനപങ്കാളിത്തത്തോടെയുള്ള വികസന പരിപാടിയുടെയും മികച്ച മാതൃകയായി ചവറ, പന്മന കുടിവെള്ള പദ്ധതിയെ ലോകബാങ്ക് ഉയര്‍ത്തികാട്ടുന്നു. പദ്ധതി 2007 ലാണ് നിര്‍മാണം ആരംഭിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. മാര്‍ച്ച് 15ന് മുമ്പ് പദ്ധതിയില്‍ മുഴുവന്‍ കണക്ഷനും നല്‍കും.

പദ്ധതിയില്‍ അംഗമാകാന്‍ സര്‍ക്കാര്‍ സഹായവും

കൊല്ലം: ചവറ- പന്മന കുടിവെള്ള പദ്ധതിയുടെ ഭാഗമാകാന്‍ നിര്‍ധനരായവര്‍ക്ക് സര്‍ക്കാര്‍ സഹായവും. പദ്ധതിയില്‍ 15 ശതമാനം ഗുണഭോക്തൃ വിഹിതം സമാഹരിക്കാനാണ് തീരുമനിച്ചിരുന്നത്. ചവറ പഞ്ചായത്തില്‍ ഒരു ഗുണഭോക്താവിന് കരാര്‍ അധിക തുക അടക്കം 1909 രൂപയും പന്മന പഞ്ചായത്തിലെ ഗുണഭോക്താവ് 5300 രൂപയും അടയ്ക്കണം. എന്നാല്‍ പഞ്ചായത്തുകളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഗണിച്ച് ചവറയില്‍ ഒരാളില്‍നിന്ന് 1000 രൂപയും പന്മനയില്‍ 1200 രൂപയും മാത്രമാണ് ഈടാക്കിയത്. അധിക സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. പദ്ധതിയുടെ 10 ശതമാനം വിഹിതം ചവറ, പന്മന പഞ്ചായത്തുകള്‍ നല്‍കി. വാട്ടര്‍ മീറ്റര്‍ ഉള്‍പ്പെടെ പൈപ്പ്ലൈന്‍ വലിച്ച് വീട്ടുമുറ്റത്ത് ടാപ്പ് സ്ഥാപിച്ചുനല്‍കാന്‍ ഉപഭോക്താവില്‍നിന്ന് പ്രത്യേകമായി പണം ഈടാക്കിയില്ലെന്ന പ്രത്യേകതയുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ കെഎംഎംഎല്‍, ഐആര്‍ഇ, അമൃതാനന്ദമയി മഠം എന്നീ സ്ഥാപനങ്ങളും വിവിധ സംഘടനകളും ഡോ. ബി രവിപിള്ള ഉള്‍പ്പെടെയുള്ള വ്യക്തികളും രംഗത്തെത്തി. നിലവില്‍ പൈപ്പ് കണക്ഷന്‍ ഉള്ളവര്‍ 500 രൂപ അടച്ചാല്‍ ജലനിധിയിലേക്ക് മാറാം. ഒരു വീട്ടില്‍ ഒരു വാട്ടര്‍ ടാപ്പ് എന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ സാക്ഷാല്‍കരിച്ചത്.

ദേശാഭിമാനി 090111

2 comments:

  1. കൊല്ലം: ചവറ, പന്മന പഞ്ചായത്തുകളിലെ 46 വാര്‍ഡുകളിലെ ഒരു ലക്ഷം താമസക്കാര്‍ക്ക് കുടിവെള്ളം വിതരണംചെയ്യുന്ന പദ്ധതി ഒമ്പതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിക്കും. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഏഷ്യയിലെ ഏറ്റവും ബൃഹത്തായ കുടിവെള്ള വിതരണപദ്ധതിയാണിത്. വാട്ടര്‍ അതോറിറ്റിയും ജലനിധിയും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ചവറ-പന്മന സമ്പൂര്‍ണ കുടിവെള്ളപദ്ധതി. പ്രദേശത്തെ ജനങ്ങളുടെ 2036 വരെയുള്ള വരെയുള്ള കുടിവെള്ള ആവശ്യത്തിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമ്പത്തഞ്ച് കോടിയാണ് പദ്ധതിക്ക് ചെലവായത്. അതില്‍ 35 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. കേന്ദ്ര സഹായമായി 14.67 കോടി ലഭിച്ചു. 15 ശതമാനം ഗുണഭോക്തൃവിഹിതമാണ്. പദ്ധതിചെലവിന്റെ 10 ശതമാനം ചവറ, പന്മന പഞ്ചായത്തുകള്‍ നല്‍കി. പദ്ധതിയില്‍ മീറ്റര്‍ റീഡിങ് എടുക്കാനുള്ള ഉത്തരവാദിത്വം ജനകീയ സമിതികള്‍ക്കാണ്.

    ReplyDelete
  2. ചവറ-പന്മന പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം പേര്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ഏറ്റവും ബൃഹത്തായ ജനകീയ കുടിവെള്ള പദ്ധതിയാണ് ഞായറാഴ്ച സന്ധ്യയ്ക്ക് വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തത്. കൊല്ലം ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന രണ്ടു പഞ്ചായത്തുകളാണ് ചവറയും പന്മനയും. കേരളത്തിലെ ശുദ്ധജലവിതരണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ കേരള ജലഅതോറിറ്റിയും ജലനിധിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 55 കോടി രൂപ ചെലവായ പദ്ധതിയില്‍ 35 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. 14.67 കോടി രൂപയുടെ ധനസഹായം ലഭിച്ചു. പദ്ധതിപ്രകാരം ഗുണഭോക്തൃവിഹിതം 15 ശതമാനമാണ്. ഇതനുസരിച്ച് ഒരാളുടെ ഗുണഭോക്തൃവിഹിതം ചവറ 2101 രൂപയും പന്മന 2535 രൂപയുമാണ്. എന്നാല്‍ ചവറ-പന്മന പഞ്ചായത്തുകളിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് പദ്ധതിയില്‍ ചേര്‍ന്ന ഓരോ പുതിയ ഗുണഭോക്താവില്‍നിന്ന് ചവറയില്‍ 1000 രൂപയും പന്മനയില്‍ 1200 രൂപയും വീതമാണ് ഈടാക്കിയത്. മാതൃകാപരമായ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജലവിഭവ സംരക്ഷണത്തിലും വിതരണത്തിലും കാര്യക്ഷമതയും മികവും തെളിയിച്ച് ദേശീയപുരസ്കാരം നേടാന്‍ മന്ത്രി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ജലവിഭവവകുപ്പിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ടാപ്പ് തുറന്ന് ഒരു കെക്കുമ്പിള്‍ ജലം കുടിച്ച മുഖ്യമന്ത്രി പഞ്ചായത്ത് പ്രതിനിധികള്‍ക്ക് കുടത്തില്‍ ശേഖരിച്ച വെള്ളം കൈമാറി. ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അധ്യക്ഷനായി.

    ReplyDelete