കേരളത്തെ നടുക്കിയ ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തത്തിനാണ് വെള്ളിയാഴ്ച ശബരിമലയിലെ പുല്ലുമേട് സാക്ഷിയായത്. 102 ശബരിമല തീര്‍ഥാടകരുടെ ജീവനാണ് പുല്ലുമേട് ദുരന്തം കവര്‍ന്നത്. സംസ്ഥാനത്ത ഏറ്റവും വലിയ ദുരന്തം പെരുമണ്‍ തീവണ്ടി അപകടമായിരുന്നു. 1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ അപകടം. കൊല്ലം ജില്ലയിലെ പെരുമണ്ണില്‍ 107 ജീവനാണ് പൊലിഞ്ഞത്. ബാംഗ്ളൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് പെരുമ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. ട്രെയിനിലെ പത്ത് ബോഗി കായലില്‍ വീണു. 200ല്‍ ഏറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തീര്‍ഥാടനങ്ങള്‍ക്കിടെ ഇന്ത്യയിലുണ്ടാകുന്ന നാലാമത്തെ വലിയ ദുരന്തമാണ് ശബരിമലയില്‍ നടന്നത്. ശബരിമലയെ സംബന്ധിച്ച് ജനുവരി 14 വീണ്ടും വില്ലനായി എന്ന പ്രത്യേകതയും ഉണ്ട്. മുമ്പുണ്ടായ രണ്ടു വലിയ ദുരന്തവും ജനുവരി 14നു തന്നെ, 1952ലും 1999ലും. '52ല്‍ ശബരിമലയില്‍ രണ്ട് വെടിമരുന്നുശാലയ്ക്ക് തീപിടിപ്പോള്‍ 66 മനുഷ്യജീവനാണ് വെന്തമര്‍ന്നത്. 1999ല്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ തീര്‍ഥാടകരുടെ മേല്‍ മണ്ണിടിഞ്ഞു വീണും തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ടും 52 പേര്‍ മരിച്ചു. എരുമേലിക്കടുത്ത് പമ്പാവാലിയില്‍ 2009 ഫെബ്രുവരി 17ന് ബസ് മറിഞ്ഞ് 17 തീര്‍ഥാടകരും 2010 ജനുവരി 12ന് കണമലയില്‍ ലോറി മറിഞ്ഞ് 11 തീര്‍ഥാടകരും മരിച്ചു.
സംസ്ഥാനത്തുണ്ടായ വലിയ ദുരന്തങ്ങളില്‍ മറ്റൊന്ന് 2001 ജൂണ്‍ 21ലെ കടലുണ്ടിയിലുണ്ടായ തീവണ്ടി അപകടമാണ്. ചെന്നൈ- മാംഗ്ളൂര്‍ മെയില്‍ പാലം തകര്‍ന്ന് കടലുണ്ടി പുഴയിലേക്ക് മറിഞ്ഞ് 52 പേരാണ് മരിച്ചത്. നാലു ബോഗി പുഴയില്‍ വീണു. 1979 മാര്‍ച്ച് 30ന് പത്തനംതിട്ട കുമ്പളയില്‍ സ്വകാര്യബസ് മറിഞ്ഞ് 46 പേരും 2009 സെപ്തംബര്‍ 30ന് തേക്കടി തടാകത്തില്‍ സര്‍വീസ് നടത്തിയ ജലകന്യക ബോട്ട് മറിഞ്ഞ് 45 പേരും മരിച്ചു. 2002 ജൂലൈ 27ന് കുമരകം ബോട്ടപകടത്തില്‍ 29 പേരാണ് മരിച്ചത്. തട്ടേക്കാട് ബോട്ടപകടത്തില്‍ 18 വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. 1980ല്‍ കുമ്പളങ്ങി ബോട്ടപകടത്തില്‍ 29 പേരും 1983 വല്ലാര്‍പാടത്തെ ബോട്ടപകടത്തില്‍ 18 പേരും മരിച്ചു. ഇതില്‍ പെരുമ ദുരന്തവും കടലുണ്ടി ദുരന്തവും ശബരിമലയിലെ പുല്ലുമേട് അപകടവും വെള്ളിയാഴ്ചയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. രാജ്യാന്തരതലത്തില്‍ തീര്‍ഥാടനവേളയിലുണ്ടായ ഏറ്റവും വലിയ ദുരന്തം 1990 ജൂലൈ രണ്ടിന് മക്കയിലായിരുന്നു. തീര്‍ഥാടകര്‍ സഞ്ചരിച്ച ഭൂഗര്‍ഭപാതയില്‍ തിരക്കില്‍പ്പെട്ട് 1426 പേരാണ് മരിച്ചത്. 2005ല്‍ ഇറാഖിലെ ടൈഗ്രിസ് നദിക്കരയില്‍ ജിയാ തീര്‍ഥാടനത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആയിരത്തിലേറെ പേര്‍ മരിച്ചു. ഹജ്ജ് തീര്‍ഥാടനത്തിനിടെ 2004 ഫെബ്രുവരി ഒന്നിന് സൌദി അറേബ്യയില്‍ തിരക്കില്‍പ്പെട്ട് 251 പേര്‍ മരിച്ചു.
സമാനതയില്ലാത്ത ദുരന്തം ഉണര്‍ന്നു പ്രവര്‍ത്തിച്ച് സര്‍ക്കാര്‍
വണ്ടിപ്പെരിയാര്‍: കേരളം കണ്ട ഏറ്റവും വലിയ ദുരന്തം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ജാഗ്രതാപൂര്‍ണം. തീര്‍ഥാടനകാലത്ത് പുല്ലുമേട് മേഖലയില്‍ ഉണ്ടാകാറുള്ള ഗതാഗത കുരുക്കും സങ്കീര്‍ണ ഭൂപ്രകൃതിയും കൂരിരുട്ടും തീര്‍ത്ത പ്രതിസന്ധി മറികടക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന് മാതൃകായായി. മൃതദേഹങ്ങള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും. വെള്ളിയാഴ്ച രാത്രി 7.10ന് ശേഷം നടന്ന ദുരന്ത വാര്‍ത്ത പുറംലോകമറിയുന്നത് എട്ടരയോടെ. സംഭവം അറിഞ്ഞയുടന്‍ പൊലീസ്, വനം, ഗതാഗതവകുപ്പുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തെത്തി. രാത്രി പതിനൊന്നോടെ രണ്ട് മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സയൊരുക്കാന്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആശുപത്രികളിലെ ഡിസ്ചാര്‍ജ് ചെയ്യാറായ രോഗികളെ മാറ്റി പരിമിതി മറികടന്നു.
ശനിയാഴ്ച പുലര്‍ച്ചെ നാലിന് മന്ത്രിമാരായ തോമസ് ഐസക്കും വി സുരേന്ദ്രന്‍ പിള്ളയും വണ്ടിപ്പെരിയാറിലെത്തി. പത്തനംതിട്ട, ഇടുക്കി കലക്ടര്‍മാര്‍, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് നടപടികള്‍ ശക്തമാക്കി. ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലത്തെത്തി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കണ്ണൂരിലെ പരിപാടികള്‍ റദ്ദാക്കി ശനിയാഴ്ച രാവിലെ പ്രത്യേക ഹെലികോപ്റ്ററില്‍ സംഭവസ്ഥലത്തെത്തി. ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരനും സംഭവം അറിഞ്ഞയുടന്‍ ഇടുക്കിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി എത്തിയ ഉടന്‍ സ്ഥിതിഗതി വിലയിരുത്തി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രാലയവും പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അതത് സമയം കൈമാറി.
ദശലക്ഷങ്ങള്‍ തമ്പടിച്ച പ്രദേശമായിട്ടുകൂടി ജനങ്ങളെയും തീര്‍ഥാടകരെയും ഭയവിഹ്വലരാക്കാതെ നിയന്ത്രിച്ചു. ഉദ്ദേശം 15 മോര്‍ച്ചറി തയ്യാറാക്കി. പുലര്‍ച്ചെയോടെ പുല്ലുമേട്ടില്‍നിന്ന് മൃതദേഹങ്ങള്‍ വണ്ടിപ്പെരിയാര്‍ ആശുപത്രയിലും തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലും എത്തിച്ചു. ശനിയാഴ്ച രാവിലെ എട്ടോടെ പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു. ഒരേസമയം 20 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള സംവിധാനം ഒരുക്കി. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി നാട്ടിലേക്കയച്ചു. ഇതിന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്ന് 70 ആബുലന്‍സുകള്‍ എത്തി. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സേവനത്തിന് ഇടുക്കിയില്‍ നിന്നുമാത്രം 75 ഡോക്ടര്‍മാരെ നിയമിച്ചു. കുമളി ആരോഗ്യകേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് കാര്യക്ഷമമായി ഇടപെട്ടു. മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുമ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു റവന്യൂ ഉദ്യോഗസ്ഥനും അനുഗമിച്ചു.
സര്‍ക്കാരിന്റെ ഒരു പരിച്ഛേദം തന്നെ ശനിയാഴ്ച കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി. മന്ത്രിമാരായ എം വിജയകുമാര്‍, പി കെ ശ്രീമതി, കെ പി രാജേന്ദ്രന്‍, എന്‍ കെ പ്രേമചന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, സി ദിവാകരന്‍, കടന്നപള്ളി രാമചന്ദ്രന്‍, എന്നിവരും ഡിജിപി ജേക്കബ് പുന്നൂസ്, ഐജി ബി സന്ധ്യ, ഐജി ഹേമചന്ദ്രന്‍ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പത്തനം തിട്ട കലക്ടര്‍ എസ് ലളിതാംബിക, ഇടുക്കി കലക്ടര്‍ അശോക് കുമാര്‍ സിന്‍ഹ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ജുഡീഷ്യല്‍ അന്വേഷണം; ആശ്രിതര്‍ക്ക് 5 ലക്ഷം
വണ്ടിപ്പെരിയാര്‍: പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അപകടം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. ഇതിനായി ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ സേവനം തേടും. മൃതദേഹം പോസ്റുമോര്‍ട്ടത്തിനുവച്ച കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ മന്ത്രിമാരുമായി യോഗം ചേര്‍ന്നശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡും സംസ്ഥാനസര്‍ക്കാരും ചേര്‍ന്നാണ് അഞ്ചുലക്ഷം രൂപ നല്‍കുക. ഇതു കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഒരുലക്ഷം രൂപയും മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നിസ്സാരപരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കും. ആംബുലന്‍സ് ഓടിക്കുന്ന ഓരോരുത്തര്‍ക്കും 5000 രൂപ വീതം നല്‍കും. അയല്‍സംസ്ഥാനങ്ങളിലേക്ക് മൃതദേഹം അയക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനും റവന്യൂ ഉദ്യോഗസ്ഥനും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ പി കെ ശ്രീമതി, എം വിജയകുമാര്‍, കെ പി രാജേന്ദ്രന്‍, സി ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
സമഗ്രമായി അന്വേഷിക്കണം: സിപിഐ എം
മകരജ്യോതി കണ്ട് മടങ്ങിയ ശബരിമല തീര്‍ഥാടകര്‍ പീരുമേട് പുല്ലുമേട്ടില്‍ ദുരന്തത്തിന് ഇരയായതില്‍ സിപിഐ എം സെക്രട്ടറിയറ്റ് അഗാധമായി അനുശോചിച്ചു. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബാംഗങ്ങളെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചനം അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി സമഗ്രാന്വേഷണം വേണം. ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയും ആവശ്യമാണ്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൌകര്യവും നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അടിയന്തരനടപടി സ്വീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെല്ലാം വന്‍തോതില്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ശബരിമല വികസനത്തിനുള്ള മാസ്റര്‍പ്ളാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. നിയമസഭയുടെ പരിസ്ഥിതിസമിതി തയ്യാറാക്കിയതടക്കമുള്ള വികസനനിര്‍ദേശങ്ങളുമുണ്ട്. ഇതിനൊന്നും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
ബദല്‍ റോഡുകള്‍, നിലവിലുള്ള റോഡുകളുടെ വീതി വര്‍ധിപ്പിക്കല്‍, പാര്‍ക്കിങ് സ്ഥലം, ബേയ്സ് ക്യാമ്പ് തുടങ്ങിയവക്ക് മാസ്റര്‍പ്ളാന്‍ നടപ്പാക്കിയേ തീരൂ. വനഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്രം തയ്യാറാകാത്തതുകൊണ്ടാണ് പുല്ലുമേട്ടിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡുവികസനമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹൃതമാവാത്തത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുകയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് ശബരിമലവികസനത്തിനുള്ള മാസ്റര്‍പ്ളാന്‍ നടപ്പാക്കുകയുമാണ് വേണ്ടത്. ശബരിമലയില്‍ അന്യസംസ്ഥാന തീര്‍ഥാടകര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുന്നതിനും നിയന്ത്രണത്തിനും പുതിയ സാങ്കേതികവിദ്യയും സ്ഥലസൌകര്യങ്ങളുംഏര്‍പ്പെടുത്തണം. ശബരിമല തീര്‍ഥാടനകാലം ദീര്‍ഘിപ്പിക്കുക എന്ന ചില സംഘടനകളുടെ നിര്‍ദേശവും സജീവമായി ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ചചെയ്ത് പൊതുതീരുമാനം എടുക്കുന്നത് നന്നാകും-പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി 160111
കേരളത്തെ നടുക്കിയ ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തത്തിനാണ് വെള്ളിയാഴ്ച ശബരിമലയിലെ പുല്ലുമേട് സാക്ഷിയായത്. 102 ശബരിമല തീര്‍ഥാടകരുടെ ജീവനാണ് പുല്ലുമേട് ദുരന്തം കവര്‍ന്നത്. സംസ്ഥാനത്ത ഏറ്റവും വലിയ ദുരന്തം പെരുമണ്‍ തീവണ്ടി അപകടമായിരുന്നു. 1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ അപകടം. കൊല്ലം ജില്ലയിലെ പെരുമണ്ണില്‍ 107 ജീവനാണ് പൊലിഞ്ഞത്. ബാംഗ്ളൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് പെരുമ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. ട്രെയിനിലെ പത്ത് ബോഗി കായലില്‍ വീണു. 200ല്‍ ഏറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ReplyDeleteശബരിമല പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വംബോര്‍ഡ് നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ എം സുഗതന്‍ അധ്യക്ഷനും ചീഫ് എന്‍ജിനിയര്‍ കെ രവികുമാര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ കെ ശശിധരന്‍നായര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് ജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുക. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ReplyDeleteപുല്ലുമേട് ദുരന്തത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വികരിക്കേണ്ട നടപടികളെ സംബന്ധിച്ചും സമിതി പരിശോധിക്കും.
പുല്ലുമേട് ദുരന്തത്തെക്കുറിച്ചുള്ള കര്‍ണാടക മന്ത്രിയുടെ അഭിപ്രായം അബദ്ധജടിലമാണെന്ന് കെഎസ്ആര്‍ടിസി വ്യാപാര സമുച്ചയ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ദുരന്തസ്ഥലം കാണുകയോ കാര്യങ്ങള്‍ മനസ്സിലാക്കുകയോ ചെയ്യാതെയാണ് കര്‍ണാടകമന്ത്രി അഭിപ്രായം പറഞ്ഞിരിക്കുന്നത്. എല്‍ കെ അദ്വാനിയുടെ സാരിവിതരണത്തില്‍ അനേകം പേരാണ് മരിച്ചതെന്ന കാര്യം കര്‍ണാടകമന്ത്രി വിസ്മരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പുല്ലുമേട് വികസനത്തിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൈകോര്‍ത്ത് വിപുലമായ പദ്ധതിയാണ് നടപ്പാക്കേണ്ടത്. പദ്ധതിക്ക് വനംവകുപ്പാണ് മുന്‍കൈയെടുക്കേണ്ടത്. പുല്ലുമേട് പോലുള്ള പ്രദേശങ്ങളുടെ വികസനത്തിന് കേന്ദ്രത്തെ സമീപിച്ചാല്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാറില്ല.
ReplyDeleteശബരിമല മകരജ്യോതി കോടിക്കണക്കിനാളുകളുടെ ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും ഇതേക്കുറിച്ച് പരസ്യചര്‍ച്ച ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ളിം ദേവാലയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളുണ്ട്. കോടതികള്‍പോലും മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കാനാണ് പതിവ്. ശബരിമലയില്‍ സുരക്ഷിതത്വത്തോടെ ദര്‍ശനം നടത്തി മടങ്ങാനുള്ള സൌകര്യം ഉറപ്പുവരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ReplyDelete