Tuesday, January 11, 2011

സോണിയ കുടുംബവുമായി ക്വട്ട്റോച്ചിക്ക് ഉറ്റബന്ധം

ബൊഫോഴ്സ് കേസിലെ മുഖ്യപ്രതി ഒട്ടാവിയോ ക്വട്ട്റോച്ചി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും സോണിയാഗാന്ധിയുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്നതായി ക്വട്ട്റോച്ചിയുടെ ഡ്രൈവറും രാജീവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ക്വട്ട്റോച്ചിയുമായി 21 വട്ടംകൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യയില്‍ ക്വട്ട്റോച്ചിയുടെ ഡ്രൈവറായിരുന്ന ശശിധരന്‍ സിബിഐക്ക് മൊഴി നല്‍കി. ബൊഫോഴ്സ് കേസില്‍ ക്വട്ട്റോച്ചി പ്രധാനപ്രതിയായ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചകള്‍. ബൊഫോഴ്സ് കേസില്‍ ക്വട്ട്റോച്ചിക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ സിബിഐ, പ്രത്യേകകോടതിയുടെ അനുമതി തേടിയിരിക്കെയാണ് ക്വട്ട്റോച്ചിയും ഗാന്ധികുടുംബവുമായുള്ള അടുത്ത ബന്ധം പുറത്തുവന്നത്.

ക്വട്ട്റോച്ചിയും വിന്‍ഛദ്ദയും ചേര്‍ന്ന് 41 കോടി രൂപ കോഴ വാങ്ങിയെന്ന് കഴിഞ്ഞദിവസം ആദായനികുതി അപ്പലെറ്റ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ശശിധരനും സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായിരുന്ന നരേഷ്ചന്ദ്ര ഗൊസൈനും 1997ല്‍ സിബിഐക്ക് നല്‍കിയ മൊഴിയിലാണ് ഗാന്ധി കുടുംബത്തിന് ക്വട്ട്റോച്ചി, ഭാര്യ മരിയ എന്നിവരുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്നത്. സ്വകാര്യ ടി വി ചാനലാണ് കഴിഞ്ഞ ദിവസം മൊഴി പുറത്തുകൊണ്ടുവന്നത്. ക്വട്ട്റോച്ചി 1993ല്‍ ഇന്ത്യയില്‍നിന്ന് ഒളിച്ചോടുന്നതുവരെ അടുത്ത ബന്ധത്തിലായിരുന്നെന്ന് ശശിധരന്‍ പറയുന്നു. ബൊഫോഴ്സ് കേസില്‍ പ്രതിയായശേഷവും ബന്ധം തുടര്‍ന്നു.

ഇറ്റാലിയന്‍ പൊതുമേഖലാ സ്ഥാപനമായ സ്നാം പ്രൊഗെറ്റിയുടെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ക്വട്ട്റോച്ചിയുടെ പേഴ്സണല്‍ ഡ്രൈവറായ ശശിധരന്‍ ഡിഐഎ 6253 എന്ന നമ്പരുള്ള മെഴ്സിഡസ് ബെന്‍സ് കാറാണ് ഓടിച്ചിരുന്നത്. ദിവസവും രണ്ടും മൂന്നും വട്ടം ക്വട്ട്റോച്ചി കുടുംബം രാജീവിന്റെ വീട്ടില്‍ പോയിരുന്നു. സോണിയയുടെ അച്ഛനോ അമ്മയോ ഇന്ത്യയില്‍ വരുമ്പോഴൊക്കെ താനാണ് അവരെ ക്വട്ട്റോച്ചിയുടെ വീട്ടില്‍ വിട്ടത്. പലപ്പോഴും മരിയ അവരോടൊപ്പം ഷോപ്പിങ്ങിന് പോകും. വര്‍ഷം നാലുംഅഞ്ചും വട്ടം സോണിയയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ വരുമായിരുന്നു. രാജീവിനെയും സോണിയയെയും കാണാന്‍ 5, 7 റേസ്കോഴ്സ് റോഡ് വസതികളിലും 10 ജന്‍പഥിലും എപ്പോഴൊക്കെ ക്വട്ട്റോച്ചി പോയിട്ടുണ്ടെന്നതിന്റെ കണക്കുകള്‍ തന്റെ ലോഗ്ബുക്കിലുണ്ട്. 1989-1993 കാലത്ത് 41 വട്ടം ക്വട്ട്റോച്ചി കാറില്‍ ഗാന്ധികുടുംബത്തെ കാണാന്‍ പോയി. 1991 മേയില്‍ രാജീവ് കൊല്ലപ്പെട്ടശേഷം 21 വട്ടം സോണിയയെ കാണാന്‍ ക്വട്ട്റോച്ചി 10 ജന്‍പഥില്‍ പോയി. 1993 ജൂലൈ 29 നാണ് ക്വട്ട്റോച്ചി ഇന്ത്യ വിട്ടത്. അന്ന് അദ്ദേഹത്തെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതും താനാണ്- ശശിധരന്‍ പറഞ്ഞു.

1984-87 കാലയളവില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എസ്പിജി സംഘത്തില്‍ അംഗമായിരുന്ന ഐബി ഉദ്യോഗസ്ഥന്‍ നരേഷ്ചന്ദ്ര ഗൊസൈനിന്റെ മൊഴിയും സോണിയ- ക്വട്ട്റോച്ചി ബന്ധം വ്യക്തമാക്കുന്നതാണ്. 1987-89 കാലയളവില്‍ സോണിയയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായും ഗൊസൈന്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ട് കുടുംബവും അടുത്ത ബന്ധമായിരുന്നെന്ന് ഗൊസൈന്‍ പറയുന്നു. രാജീവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ക്വട്ട്റോച്ചിയും ഭാര്യയും പ്രധാനമന്ത്രിയുടെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നു. രാജീവ് ഗാന്ധി ടൂറില്‍ പോകുമ്പോഴെല്ലാം രാഹുലും പ്രിയങ്കയും ക്വട്ട്റോച്ചിയുടെ വീട്ടിലാണ് താമസിച്ചത്. പ്രധാനമന്ത്രിയുടെ വസതിയില്‍ സര്‍വസ്വാതന്ത്യ്രമായിരുന്നു ക്വട്ട്റോച്ചിക്കും കുടുംബത്തിനും. സാധാരണ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്വകാര്യകാറുകള്‍ അനുവദിക്കാറില്ല. അതിഥികളെ ഗേറ്റില്‍ ഇറക്കിയ ശേഷം എസ്പിജിയുടെ ഫെറി കാറുകളില്‍ കൊണ്ടുപോവുകയാണ് പതിവ്. അതും എല്ലാ സുരക്ഷാപരിശോധനകള്‍ക്കും ശേഷം. എന്നാല്‍, ക്വട്ട്റോച്ചിയും ഭാര്യയും അവരുടെ കാറില്‍ത്തന്നെ പോര്‍ച്ച് വരെ പോകും. ആരും തടയില്ല- ഗൊസൈന്‍ മൊഴിയില്‍ പറഞ്ഞു.

എം പ്രശാന്ത് ദേശാഭിമാനി 110111

1 comment:

  1. ബൊഫോഴ്സ് കേസിലെ മുഖ്യപ്രതി ഒട്ടാവിയോ ക്വട്ട്റോച്ചി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും സോണിയാഗാന്ധിയുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്നതായി ക്വട്ട്റോച്ചിയുടെ ഡ്രൈവറും രാജീവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ക്വട്ട്റോച്ചിയുമായി 21 വട്ടംകൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യയില്‍ ക്വട്ട്റോച്ചിയുടെ ഡ്രൈവറായിരുന്ന ശശിധരന്‍ സിബിഐക്ക് മൊഴി നല്‍കി. ബൊഫോഴ്സ് കേസില്‍ ക്വട്ട്റോച്ചി പ്രധാനപ്രതിയായ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചകള്‍. ബൊഫോഴ്സ് കേസില്‍ ക്വട്ട്റോച്ചിക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ സിബിഐ, പ്രത്യേകകോടതിയുടെ അനുമതി തേടിയിരിക്കെയാണ് ക്വട്ട്റോച്ചിയും ഗാന്ധികുടുംബവുമായുള്ള അടുത്ത ബന്ധം പുറത്തുവന്നത്.

    ReplyDelete